Image

പിണറായിയുടെ ചങ്കിലേക്ക് ആക്ഷേപ ശരമെയ്ത് അന്‍വറിന്റെ കൊടുംയുദ്ധം (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 27 September, 2024
പിണറായിയുടെ ചങ്കിലേക്ക് ആക്ഷേപ ശരമെയ്ത് അന്‍വറിന്റെ കൊടുംയുദ്ധം  (എ.എസ് ശ്രീകുമാര്‍)

പിണറായി വിജയന്‍ എന്ന സൂര്യന്‍ കെട്ടുപോയെന്നും അദ്ദേഹത്തിന്റെ ഗ്രഫ് നൂറില്‍ നിന്ന് പൂജ്യമായെന്നും തട്ടിപ്പുകാരനായ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെ മുഖ്യമന്ത്രി താലത്തില്‍ കൊണ്ട് നടക്കുകയാണെന്നും ആക്ഷേപിച്ചുകൊണ്ട് ഇന്നലെ തന്റെ രണ്ട് മണിക്കൂര്‍ നീണ്ട വാര്‍ത്താ സമ്മേളനത്തില്‍ നിലമ്പൂരിന്റെ  ഭരണകക്ഷി എം.എല്‍.എ പി.വി അന്‍വര്‍ പൊട്ടിച്ച രാഷ്ട്രീയ ബോംബ് മുഖ്യമന്ത്രി പിണറായി വിജയമുമായി നേരിട്ടുള്ള പോര്‍മുഖം തുറക്കലിന്റെ കൃത്യമായ അടയാളമാണ്.

പിണറായി വിജയനെതിരെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ച പി.വി അന്‍വര്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ബ്ലോക്കുകള്‍ ഉപേക്ഷിച്ച് ഒറ്റയാനായി നടുക്ക് ഇരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം സ്വതന്ത്രനായി നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അന്‍വര്‍ ശരിക്കും 'സ്വതന്ത്രന്‍' ആയിമാറി. പരസ്യപ്രസ്താവന പാടില്ലെന്ന പാര്‍ട്ടി ഇണ്ടാസ് ലംഘിച്ചുകൊണ്ട് നിലമ്പൂര്‍ ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അന്‍വര്‍ അനിവാര്യമായ യുദ്ധപ്രഖ്യാപനം നടത്തിയത്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍ അജിത്കുമാര്‍ എന്നിവര്‍ക്കെതിരെ തെളിവുകളുടെ ബലത്തില്‍ കടുത്ത ആഴിമതി ആരോപണങ്ങളാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളായി അന്‍വര്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും സി.പി.എമ്മും തന്നെ തള്ളിപ്പറയുകയും പി ശശി, അജിത്കുമാര്‍ എന്നിവരെ വാര്‍ത്താ സമ്മേളനത്തില്‍ പിണറായി വിജയന്‍ 'വിശുദ്ധന്‍'മാരായി പ്രഖ്യാപിക്കുകയും ചെയ്തതാണ് അന്‍വറിനെ പ്രകോപിതനാക്കിയത്. മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും ചങ്കില്‍ തറയ്ക്കുന്ന അന്‍വറിന്റെ രൂക്ഷ പരാമര്‍ശങ്ങളുടെ പ്രസക്ത ഭാഗങ്ങള്‍ ഇപ്രകാരം...

''എന്നെ മുഖ്യമന്ത്രി ചതിച്ചു. കള്ളക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന രീതിയില്‍ പറഞ്ഞു. എന്നെ കുറ്റവാളിയാക്കാനുള്ള ശ്രമം പാര്‍ട്ടി തിരുത്തുമെന്ന് കരുതി. അതുണ്ടായില്ല. ഞാന്‍ ഉന്നയിച്ച ആരോപണങ്ങളും പരാതികളും  അന്വേഷിക്കുമെന്ന പാര്‍ട്ടിയുടെ വാക്ക് പാലിച്ചില്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് പോലും അഭിപ്രായ സ്വാതന്ത്ര്യമില്ല. കേരളത്തില്‍ ഉന്നതരായ നേതാക്കന്‍മാര്‍ക്ക് എന്തഴിമതിയും നടത്താം. എനിക്കിനി പ്രതീക്ഷ കോടതി. ഇനി ഹൈക്കോടതിയിലേക്ക്...''

''പൊതുപ്രവര്‍ത്തകര്‍ക്കുള്ള പ്രശ്നങ്ങള്‍ ഉന്നയിക്കാനുള്ള എല്ലാ അവകാശങ്ങള്‍ക്കും മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടതാണ് ഇടതു സര്‍ക്കാരിന്റെ എട്ട് വര്‍ഷത്തെ ഭരണത്തിന്റെ ഏറ്റവും വലിയ ഫലം. തട്ടിപ്പുകാരനായ പി ശശിയെ മുഖ്യമന്ത്രി താലത്തില്‍ വച്ചുകൊണ്ട് നടക്കുകയാണ്. എ.ഡി.ജി.പി എഴുതിക്കൊടുക്കുന്ന വാറോല വായിക്കേണ്ട സ്ഥിതിയിലേക്ക് മുഖ്യമന്ത്രി എത്തിയോയെന്ന് പാര്‍ട്ടിയും സഖാക്കളും ആലോചിക്കണം...''

''മടിയില്‍ കനമില്ലെന്ന് പിണറായി പറഞ്ഞാല്‍ ആരും വിശ്വസിക്കുകയില്ല. മുഹമ്മദ് റിയാസും ശശിയും അജിത്കുമാറും ഉള്‍പ്പെട്ട കോക്കസ് പറയുന്നത് മാത്രമാണ് മുഖ്യമന്ത്രി കേള്‍ക്കുന്നത്. സി.പി.എമ്മിലെ ഉന്നത നേതാക്കളുമായി പോലും ആശയവിനിമയമില്ല...''

''ഈ പോക്കുപോയാല്‍ പിണറായി വിജയന്‍ കേരളത്തിന്റെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും. ഒരുനിമിഷം പോലും ആഭ്യന്തര മന്ത്രി സ്ഥാനത്ത് തുടരാന്‍ പിണറായിക്ക് അവകാശമില്ല. എന്നെ കേസില്‍ കുടുക്കി പൂട്ടാന്‍ വരട്ടെ. അപ്പോള്‍ വിവരമറിയും. ഒരു കൊമ്പനും കുത്താന്‍ വരേണ്ട...''

മുഖ്യമന്ത്രിയുടെയും മരുമകന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെയും മറ്റും മര്‍മത്താണ് അന്‍വര്‍ അടിച്ചിരിക്കുന്നത്. പിണറായിയുടെ അതേ ഭാഷയില്‍ ''വിരട്ടല്‍ ഇങ്ങോട്ട് വേണ്ട...'' എന്ന ശൈലിയിലായിരുന്നു അന്‍വറിന്റെ വാര്‍ത്താ സമ്മേളനം. സി.പി.എമ്മിന്റെ മുന്നറിയിപ്പ് അവഗണിച്ച് പിണറായി വിജയനെതിരെ അന്‍വര്‍ പരസ്യയുദ്ധത്തിനിരങ്ങിപ്പുറപ്പെട്ടതോടെ അദ്ദേഹത്തിനെതിരെ സര്‍ക്കാര്‍ കടുത്ത നടപടികളെടുക്കുമെന്ന് ഉറപ്പായി.

പി.സി ജോര്‍ജ്, മാത്യു കുഴല്‍നാടന്‍, കെ.എം ഷാജി തുടങ്ങിയവര്‍ക്കെതിരെയെന്ന പോലെ അന്‍വറിനെതിരെയും പ്രതികാര നടപടി ഉടന്‍ പ്രതീക്ഷിക്കാവുന്നതാണ്. പിണറായിക്കെതിരെ ഉരിയാടുന്ന നേതാക്കളെ കേസില്‍പ്പെടുത്തുന്നതാണ് ഈ സര്‍ക്കാരിന്റെ ഒരു ലൈന്‍. അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് ഇരയായ എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിന്റെ പരാതി ലഭിച്ചാലുടന്‍ അന്വേഷണം പ്രഖ്യാപിക്കുമെന്നാണറിയുന്നത്. അന്‍വറിന്റെ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് ഇതിനോടകം ശേഖരിച്ചു വച്ചിട്ടുണ്ട്. മലപ്പുറത്തെ സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി അന്‍വറിന് ബന്ധമുണ്ടെന്നാണ് പോലീസിലെ ഒരു വിഭാഗം മുഖ്യമന്ത്രിയെ ധരിപ്പിച്ചിരിക്കുന്നത്.

നടപടികളുടെ ഭാഗമായി അന്‍വറിനെ സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കും. അദ്ദേഹത്തെ സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടിയുടെ ബ്ലോക്കില്‍ നിന്ന് ഒഴിവാക്കാന്‍ സി.പി.എം നിയമസഭാ സ്പീക്കറോട് ആവശ്യപ്പെടും. സഭയില്‍ എല്‍.ഡി.എഫ് സ്വതന്ത്രന്‍ തന്നെയായ അന്‍വറിനെ പാര്‍ലമെന്ററി പാര്‍ട്ടി അംഗമായാണ് സി.പി.എം വിശേഷിപ്പിക്കുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ നിയമസഭാ കക്ഷി സഹകരിപ്പിക്കാന്‍ തിരുമാനിച്ച സ്വതന്ത്രന്‍മാരുടെ പട്ടികയിലാണ് അന്‍വറിന്റെ സ്ഥാനം.

നിലമ്പൂര്‍ മണ്ഡലത്തില്‍ പാര്‍ട്ടി ചിഹ്നത്തിന് പകരം ഓട്ടോറിക്ഷാ ചിഹ്നത്തിലാണ് അദ്ദേഹം 2021-ലെ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വിജയിച്ചത്. നിയമസഭയില്‍ സ്വതന്ത്രന്‍ ആകയാല്‍ സി.പി.എമ്മിന്റെയോ ഇടതു മുന്നണിയുടെയോ വിപ്പ് അനുസരിക്കേണ്ട ബാധ്യത അന്‍വറിനില്ല. പക്ഷേ, മറ്റൊരു പാര്‍ട്ടിയില്‍ ചേരാന്‍ അദ്ദേഹത്തിന് സാധിക്കുകയുമില്ല. കാരണം കൂറുമാറ്റ നിരേധന നിയമപ്രകാരം അയോഗ്യത കല്‍പ്പിക്കപ്പെടും. വേറെ പാര്‍ട്ടിയില്‍ ചേരണമെങ്കില്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കുകയേ നിവര്‍ത്തിയുള്ളൂ.

ഇപ്രകാരമൊന്നും സംഭവിച്ചില്ലെങ്കില്‍ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്‍വറിന് കോണ്‍ഗ്രസുകാരനായി ജനവിധി തേടാം. അതില്‍ ഒട്ടും അത്ഭുതമില്ല. കാരണം അന്‍വറിന്റെ കുടുംബ പാരമ്പര്യം കോണ്‍ഗ്രസിന്റേതാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു താമസിച്ച മലപ്പുറം എടവണ്ണ ഒതായിയിലെ പുത്തന്‍വീട്ടില്‍ എ.ഐ.സി.സി അംഗവും, സ്വതന്ത്ര സമര സേനാനിയുമായിരുന്ന പി.വി ഷൗക്കത്തലിയുടെയും മറിയുമ്മയുടെയും രണ്ടാമത്തെ മകനായാണ് അന്‍വറിന്റെ ജനനം. വല്യുപ്പ മുഹമ്മദ് ഹാജിയും സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. മഹത്തായ സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി വളരെ അടുത്ത് നിന്നിരുന്ന മലബാറിലെ പുരാതന കുടുംബങ്ങളിലൊന്നാണ് പുത്തന്‍വീട്ടില്‍ കുടുംബം. അന്‍വറും അതേ ആശയത്തില്‍ ആകൃഷ്ടനായി, ഇപ്പോഴും അതിനോട് ചേര്‍ന്നു നില്‍ക്കുന്നുവെന്നത് സത്യവുമാണ്.

പിണറായി സര്‍ക്കാറിന്റെ അഭ്യന്തരവകുപ്പിലെ അഴിമതിയെ കുറിച്ചും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ കറിച്ചും തുറന്ന് സംസാരിക്കുകയും എ.ഡി.ജി.പി എം.ആര്‍ അജിത്ത്കുമാറിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് വഴിമരുന്നിട്ടത്. പ്രസ്തുത പരാതിയുടെ അടിസ്ഥാനത്തില്‍ ഡി.ജി.പി ഷൈഖ് ദര്‍വേഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കാനും ഇതിടയാക്കി. എം.ആര്‍  അജിത്കുമാര്‍ ആര്‍.എസ്.എസ് നേതാവ് രാം മാധവുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തയും ഈ സമയത്ത് പുറത്ത് വന്നതോടെ കോണ്‍ഗ്രസ് ഈ വിഷയം ഇടതുപക്ഷവും ആര്‍.എസ്.എസും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവാണെന്ന് ആരോപണവുമായി രംഗത്ത് വരികയായിരുന്നു.

എന്നാലുമെന്റെ സിയെമ്മേ...

പിണറായി സിയെമ്മിനെ പേടിച്ച് നിക്കറില്‍ നമ്പര്‍ വണ്‍ നടത്തിയവര്‍ ഇത്രയും നാള്‍ അടക്കം പറഞ്ഞിരുന്ന അരമന രഹസ്യങ്ങള്‍ പച്ചയ്ക്ക് പറഞ്ഞ പി.വി അന്‍വറിനെ സി.പി.എം കൈവിട്ടാലും ഈ മലപ്പുറം ഇക്ക ഉയര്‍ത്തിയ വിഷയങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തില്‍, കൊടും കാറ്റും ഇടിമിന്നലോടും കൂടി പെയ്യാനുള്ള പേമാരിയുടെ പൈലറ്റ് കാര്‍മേഘമായി നിലകൊള്ളും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക