കൊമ്പൂതാൻ
തൊടിയിലെങ്ങാനും
ഒരു ചെമ്പോത്തുണ്ടൊ
ഇലത്താളം പിടിക്കാൻ
തൊടിയിലെങ്ങാനും
ഒരു അണ്ണാരക്കണ്ണനുണ്ടൊ
മദ്ദളം കൊട്ടാൻ
തൊടിയിലെങ്ങാനും
ഒരു മരംകൊത്തിയുണ്ടൊ
തിമിലയുടെയും
ഇടയ്ക്കയുടെയും
ബദൽവാദ്യക്കാരായ
മറ്റു പക്ഷികളെല്ലാം
വേനലറുതിയിലേ
കൂടുപേക്ഷിച്ചിരുന്നു.
ശൂന്യമായ പക്ഷിക്കൂടുകൾ
പേറുന്ന കവരങ്ങളുടെ
ഈറൻ മൗനത്തിനിടെ
സെൽഫോൺ ഓണാക്കി
യു ട്യൂബ് ഐക്കണിൽ
വിരലമർത്തി .
ഉത്സവരഹിതമായ
അപരാഹ്നത്തിൽ
ഉച്ചസ്ഥായിയിൽ ഉയരുകയാണ്
ഒരു പഞ്ചവാദ്യസിംഫണി.
കാറ്റിന്റെ തനിയാവർത്തനവേള
പ്രപഞ്ചസംഗീതത്തിന്റെ അലയൊലി
മുറ്റത്തെ ചെമ്പകമരത്തിലെ
ഇലകൾ താളത്തിൽ ഇളകിയാടി.
കൊട്ടുഭാഷയുടെയും
നാദഭംഗിയുടെയും മേളനത്തിൽ
ഉള്ളിലെ ഇരുണ്ട മൗനത്തിനു ലഭിച്ചതു
അർക്കചുംബിതമായ
പുതുവാതായനങ്ങൾ !
സാന്ദ്രരസമയധ്വനിയിൽ
താളവട്ടങ്ങൾ കൊഴുക്കവെ
ഹ്രസ്വവും ദീപ്തവുമായ
അനാച്ഛാദനം - അന്തരാത്മാവിന്റെ!
കേൾക്കാതെ ഞാൻ കേട്ടു
നാദത്തിലെ നിശ്ചലതയും
നിശ്ശബ്ദതയിലെ സംഗീതവും
നാലു സെക്കൻഡ് നേരം
സ്രഷ്ടാവിന്റെ കരങ്ങളിലെ ഏകസുഷിരവാദ്യമായി ഞാൻ!
അപ്രത്യാശിതമായി
ധ്യാനപൂർണ്ണത എന്നിലേക്കൊരു
നവജാലകം തുറന്നു വെക്കുകയാണൊ?
ഞാൻ ഒറ്റയാൻ
എങ്കിലും അസ്തിത്വത്തിൽ നിന്നും വേറിട്ടൊരു അസ്തിത്വം എനിക്ക്
ആശിക്കാമൊ?
നൈമിഷികബോധോദയത്തിന്റെ
വേളയിലും ഞാൻ എന്നത്തേയും പോലെ
ദു:ഖമഗ്നൻ ആശങ്കാകുലൻ.
ഇപ്പോഴും
ഏകാകിതയെ നേരിടാൻ
അസമർത്ഥൻ.
അനാഥത്വം ആകാശത്തിൽ
ഉരുണ്ടു കൂടി നിൽക്കുന്ന
മിഥുനത്തിലെ അപരാഹ്നത്തിൽ
ഈ തിരിച്ചറിവ് ഒരു ചെറിയ കാര്യമല്ല.