Image

പുന്നമടയ്ക്കു പുളകം, ടൂറിസത്തിനു വീണ്ടുമൊരങ്കത്തിനു ബാല്യം(കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 28 September, 2024
പുന്നമടയ്ക്കു പുളകം, ടൂറിസത്തിനു വീണ്ടുമൊരങ്കത്തിനു ബാല്യം(കുര്യന്‍ പാമ്പാടി)

വില്ലിങ്ടന്‍ ദ്വീപില്‍ പന്ത്രണ്ടാമത് കേരള ട്രാവല്‍ മാര്‍ട്ടിനു വന്നെത്തിയ വിദേശ പ്രതിനിധികളെ കുളിരണിയിച്ചു ആലപ്പുഴ പുന്നമടക്കായലില്‍ അരങ്ങേറിയ  എഴുപതാമതു നെഹ്റു ട്രോഫി ജലോത്സവത്തില്‍ 19 ചുണ്ടന്‍ അടക്കം എഴുപതിലേറെ കളിവള്ളങ്ങള്‍ മാറ്റുരച്ചു.

ഒന്നാം ഹീറ്റ്‌സില്‍ ഒന്നാമതെത്തിയവര്‍  

തീരദേശപരിപാലനനിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനാല്‍ കേരളത്തില്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ പതിനായിരം ഹോട്ടല്‍ മുറികള്‍ കൂടി നിര്‍മ്മിക്കപ്പെടുമെന്ന പ്രതീക്ഷ കേരളടൂറിസം മേഖലക്ക്  പുത്തന്‍ ഉണര്‍വ് നല്‍കുന്ന  പശ്ചാത്തലത്തിലാണ് നെഹ്റു ട്രോഫി അരങ്ങേറിയത്.

കൊച്ചിയില്‍ ഞായറാഴ്ച  സമാപിക്കുന്ന ട്രാവല്‍ മാര്‍ട്ടില്‍  പങ്കെടുക്കാന്‍ എത്തിയ വിദേശിയെ ടൂറിസ്റ്റുകളില്‍ നല്ലൊരു പങ്കും  ആലപ്പുഴയില്‍ ജലമേള കാണാന്‍ ഹാജരായി.

വില്ലിങ്ടന്‍ ദ്വീപില്‍ കേരള ട്രാവല്‍ മാര്‍ട്ട്
ജലമേള നടക്കുമോ എന്ന് വരെയുള്ള  സന്ദേഹനങ്ങള്‍ക്കൊടുവില്‍ ടൂറിസം വകുപ്പ്  ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു  പുനരുജ്ജീവിപ്പിച്ച മത്സരം  കേരള ട്രാവല്‍ മാര്‍ട്ടിന് നടുവില്‍ വന്നെത്തി എന്നതാണ് അപൂര്‍വ സൗഭാഗ്യം.


എല്ലാ രണ്ടു വര്‍ഷം കൂടുമ്പോഴും അരങ്ങേറുന്ന ട്രാവല്‍ മാര്‍ട്ടിനോടനുബന്ധിച്ച് നെഹ്റു ട്രോഫിയും അരങ്ങേറുന്നത്  രണ്ടിനും പ്രയോജനം ചെയ്യുമെന്ന് സംഘാടകര്‍ക്കും ടൂറിസം അധികൃതര്‍ക്കും ബോധ്യമായി എന്ന് ഉറപ്പാണ്.

തെയ്യം-ട്രാവല്‍ മാര്‍ട്ടിലേക്കു  സ്വാഗതം

കോവിഡിന് ശേഷം നിലംപൊത്തിയ സഞ്ചാരികളുടെ വരവ് ക്രമാനുഗതമായി കൂടി വരുന്നുണ്ട്. ഇത്തവണത്തെ ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കുന്നത്  2839  ബയേഴ്സാണ്-ഒരു സര്‍വകാല റിക്കാര്‍ഡ്. 247 സ്റ്റാളുകള്‍. ഇന്ത്യക്കുള്ളില്‍ നിന്നുള്ളവ കഴിച്ചാല്‍ 76  രാജ്യങ്ങളില്‍ നിന്ന് 804 ബയര്‍ സ്റ്റാളുകള്‍.


കേരളത്തില്‍ കഴിഞ്ഞ വര്‍ഷം  2.18 കോടി ആഭ്യന്തര സഞ്ചാരികള്‍ എത്തി-15.92 ശതമാനം അധികം. വിദേശികള്‍ 6.49  ലക്ഷം-മുന്‍ വര്‍ഷത്തേക്കാള്‍ 83 ശതമാനം അധികം. റെസ്‌പോണ്‍സിബിള്‍ ടൂറിസം, എക്‌സ്പീരിയന്‍സ് ടൂറിസം,  അഡ്വഞ്ചര്‍ ടൂറിസം മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കൂടുതല്‍ പേരെ ആകര്‍ഷിക്കാനാണ് പദ്ധതി.

വിദേശ സഞ്ചാരികള്‍ കുട്ടനാട്ടില്‍

ഉത്തരവാദ ടൂറിസം പദ്ധതി നടപ്പാക്കിയതിന്റെ പേരില്‍ യുഎന്‍ ഉള്‍പ്പെടെയുള്ള  ആഗോള പ്രസ്ഥാനങ്ങളില്‍നിന്നു കേരളത്തിന് പല പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

 

രണ്ടിടങ്ങളിലായാണ് കേരള ടൂറിസം സൊസൈറ്റിയുടെ വാര്‍ഷിക സംഗമം സംഘടിപ്പിച്ചത്. ഒന്ന് ലേമെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ അവിടെ നടന്ന സമ്മേളനത്തില്‍ വച്ച് പന്ത്രണ്ടാം  ട്രാവല്‍ മാര്‍ട്ടിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു.

എല്ലാം മറന്ന്  വേമ്പനാട് കായലിലൂടെ

മുന്‍ ചീഫ് സെക്രട്ടറി വി. വേണുവിനു ടൂറിസം മേഖലയില്‍ നല്‍കിയ സംഭാവനയുടെ അംഗീകാരവുമായി സൊസൈറ്റിയുടെ പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിച്ചു. കേരള ടൂറിസം സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ് ജോസ് ഡൊമിനിക്കിനെയും സമ്മേളനം ആദരിച്ചു. ടൂറിസം  മന്ത്രി മഹമ്മദ് റിയാസ്,സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ്, സെക്രട്ടറി എസ്. സ്വാമിനാഥന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പുന്നമടയില്‍ ആവേശ നൃത്തം  

കേരളത്തിന്റെ സാംസ്‌കാരിക കലാ പാരമ്പര്യത്തിന്റെ തനതു  പ്രതിഫലനമായി ചെണ്ടമേളം, കഥകളി,  തെയ്യം, മോഹിനിയാട്ടം, മാര്‍ഗംകളി, ഒപ്പന  തുടങ്ങിയവയുടെ ആവിഷ്‌ക്കാരത്തോടെ സംഗമത്തിന് തിരശീല വീണു.

വിദേശ വ്ളോഗര്‍മാര്‍ കേരളത്തില്‍

അറുപതു കലാകാരന്‍മാരും കലാകാരികളും അണിനിരന്ന കലാസദിരില്‍ 'കാവാലം ചുണ്ടനി'ലെ

കുട്ടനാടന്‍ പുഞ്ചയിലെ

കൊച്ചു പെണ്ണെ കുയിലാളേ

കൊട്ടുവേണം  കുഴല്‍വേണം കുരവവേണം

ഓ തിത്തിത്താരാ തിത്തിത്തെയ്

തിത്തൈ തിത്തൈ  തകതെയ്

എന്ന ഗാനം വൈക്കം വിജയലക്ഷ്മി ഹൃദ്യമായി അവതരിപ്പിച്ചപ്പോള്‍ പശ്ചാത്തലത്തിലെ തിരശീലയില്‍  ചുണ്ടന്‍ വള്ളങ്ങള്‍ ആവേശത്തുഴയെറിഞ്ഞു  മുന്നേറുന്നരംഗങ്ങള്‍  ഓടിവന്നു. ഡെലിഗേറ്റുകള്‍ എങ്ങിനെ ആലപ്പുഴയ്ക്ക് വച്ച് പിടിക്കാതിരിക്കും? നെഹ്റു ട്രോഫിമത്സരത്തിന്റെ തിരയോട്ടമായിരുന്നു ലേമെറിഡിയനിലെ കലാശക്കൊട്ട്.

ജലമേളയുടെ മാസ്‌കോട് ഡിസൈന്‍ ചെയ്ത കെ വി ബിജിമോള്‍

വില്ലിങ്ടന്‍ ദ്വീപില്‍ പോര്‍ട്ട് ട്രസ്‌റ് വക  സാഗരിക കണ്‍വന്‍ഷന്‍  സെന്ററില്‍ നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ട് ഞായറാഴ്ച്ച സമാപിക്കും.

 

ഭാഗ്യചിഹ്നം  പുറത്തിറക്കിയ കുഞ്ചാക്കോ ബോബന്‍

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക