മഴയാകാൻ
പുഴയാകാൻ
കണ്ണീർക്കടലാകാൻ
മടിയില്ല
ജലമാണേലും.
മലയാകാൻ
മനയാകാൻ
മനമാകാൻ
പടിയാകാൻ
മടിയില്ല
കരിങ്കല്ലാണേലും.
പുകയാകാൻ
പൊരിയാകാൻ
കനലാകാൻ
ചാരമൊരു
നുള്ളാകാൻ
മടിയില്ല
തീയാണേലും.
തണലാകാൻ
കുരിശാകാൻ
പ്രണയക്കത്തെഴുതേണ്ടും
താളായി
കത്താൻ
കരിയാൻ
മടിയില്ല
മരമാണേലും.
നോവാകാൻ
നേരാകാൻ
പക കാട്ടാൻ
പ്രണയിക്കാൻ
ഇരുളാകാൻ
ഒളിയാകാൻ
മടിയില്ല
നരനാണേലും.
പലതായി
ഒന്നാകാം
ഒന്നായി
പലതാകാം
സുഖമെന്നാൽ
ഒന്നായി ചേർന്നുനിന്നാൽ!