ഇന്നലെ വരെ നടന്‍ സിദ്ദിഖിന് ഉറക്കമില്ലാ രാത്രികളായിരുന്നു. മാനസിക സംഘര്‍ഷം നിറഞ്ഞ ദിനങ്ങളും. ഏതായാലും സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീം കോടതി രണ്ടാഴ്ചത്തേയ്ക്ക് തടഞ്ഞതോടെ അദ്ദേഹത്തിന്റെ ശ്വാസം നേരെയായി, തല്‍ക്കാലത്തേയ്ക്കാണെങ്കിലും. അന്വേഷണവുമായി സഹകരിക്കണമെന്ന് സിദ്ദിഖിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവന്തപുരം സ്വദേശിയായ യുവ നടിയുടെ പാരാതിയില്‍ മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടന് ഇനി കോടതി വരാന്തകള്‍ കയറിയിറങ്ങേണ്ടിവരും.
ഐ.പി.സി 376 (ബലാത്സംഗം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നിവ പ്രകാരമാണ് സിദ്ദിഖിനെതിരെ കേസെടുത്തിരിക്കുന്നത്. സിദ്ദിഖിനെതിരെ ചുമത്തിയിരിക്കുന്നത് ഗുരുതരമായ കുറ്റങ്ങളാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. പരാതി നല്‍കിയതിലെ കാലതാമസം സംബന്ധിച്ചും ഹൈക്കോടതി നിരീക്ഷണം നടത്തിയിരുന്നു. സിദ്ദിഖിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായിരുന്നു ഈ സുപ്രീം കോടതി വിധി. രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും. വിചാരണ കോടതി നടപടികളും അന്വേഷണവും പുരോഗമിക്കട്ടെ എന്ന് സുപ്രീംകോടതി വ്യക്തമാക്കി.
കേവലമായ ഒരു മുന്‍കൂര്‍ ജാമ്യ ഹര്‍ജി എന്ന നിലയിലാണ് സിദ്ദിഖിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിച്ചത് എന്നുവേണം മനസിലാക്കാന്‍. ജസ്റ്റ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലമോ അതിലെ കണ്ടെത്തലുകളോ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ വിവാദ വിസ്ഫോടനങ്ങളോ, നടിമാരുടെ വെളിപ്പെടുത്തലുകളോ അതിന്റെ ഗുരുതരമായ പശ്ചാത്തലങ്ങളോ ചര്‍ച്ചകളോ ഒന്നും സുപ്രീം കോടതിയെ ബോധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനും പരാതിക്കാരിയുടെ അഭിഭാഷകനും സാധിച്ചിട്ടില്ല.
വേണ്ടത്ര സമയം കിട്ടിയില്ല എന്നാണ് ഇക്കാര്യത്തില്‍ അവര്‍ ന്യായീകരിക്കുക. എട്ടുവര്‍ഷത്തോളം എന്ത് ചെയ്യുകയായിരുന്നുവെന്ന് സുപ്രീംകോടതി സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകയോട് ചോദിച്ചതില്‍ നിന്നും അനുമാനിക്കേണ്ടത്, കോടതിക്ക് കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട് നടന്ന സംഭവവികാസങ്ങളെക്കുറിച്ച് മതിയായ ധാരണ ഇല്ല എന്നാണ്.
മുന്‍കൂര്‍ ജാമ്യം തള്ളുന്നതുവരെ പൊതുസമൂഹത്തിന്റെ മുന്നിലുണ്ടായിരുന്ന സിദ്ദിഖ് പിന്നീട് മുങ്ങുകയായിരുന്നു. മുന്‍കൂര്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നതിന് തടസമില്ലെന്ന് പോലീസിന് നിയമോപദേശം ലഭിച്ചെങ്കിലും അന്വേഷണ സംഘം അതിന് മുതിര്‍ന്നില്ല. തന്‍മൂലം പോലീസിന് കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. കൊച്ചിയില്‍ തന്നെ സിദ്ദീഖ് ഉണ്ടായിട്ടും, ലൊക്കേറ്റ് ചെയ്തിട്ടും പോലീസ് പിടിക്കുന്നില്ല എന്നായിരുന്നു വ്യാപകമായ ആരോപണം.
മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി പ്രതികൂലമായാല്‍ മാത്രം അറസ്റ്റ് മതി എന്ന് 'മുകളില്‍' നിന്ന് പോലീസിന് നിര്‍ദേശം ലഭിച്ചിട്ടുണ്ടാവണം. സിദ്ദിഖിനായി എല്ലായിടത്തും വലവിരിച്ചിട്ടുണ്ട് എന്നും ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കിയതിനാല്‍ വിദേശത്ത് കടന്നിട്ടില്ല എന്നുമാണ് പൊലീസിന്റെ കഴിഞ്ഞ ദിവസങ്ങളിലെ വാദം. ഇപ്പോഴും സിദ്ദിഖ് ഒളിവിലാണ്. ഫോണ്‍ സ്വിച്ച്ഡ് ഓഫും.
സിദ്ദിഖിന്റെ സുഹൃത്തുക്കളുടേയും മറ്റും വീടുകളിലും ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. സിദ്ദിഖിന്റെ മകന്‍ ഷഹീന്റെ സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തി വിട്ടയച്ചു എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇവര്‍ കസ്റ്റഡിയില്‍ തന്നെയാണ് ഉള്ളത് എന്നാണ് ബന്ധുക്കളുടെ ഭാഷ്യം. സിദ്ദീഖ് ഉന്നതരുടെ തണലില്‍ ഒളിവില്‍ കഴിയുകയാണ് എന്നും നിയമത്തെ വെല്ലുവിളിക്കുകയാണ് എന്നും ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
തനിക്കെതിരായ കേസില്‍ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിന്റെ വാദം. മലയാള സിനിമയിലെ സംഘടനകളായ അമ്മയും ഡ.ബ്ല്യു.സി.സിയും തമ്മിലുള്ള പോരിന്റെ ഇരയാണ് താന്‍ എന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ് പറഞ്ഞിരിക്കുന്നത്. സിദ്ദിഖ് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്നാണ് യുവനടിയുടെ പരാതിയില്‍ പറയുന്നത്. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളുടേയും പശ്ചാത്തലത്തിലാണ് നടി പരാതി നല്‍കിയത്. ഇതോടെ സിദ്ദീഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു.
സിദ്ദിഖിനെതിരെ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ഉണ്ട് എന്നാണ് പൊലീസ് പറയുന്നത്. നടിയുടെ പരാതിയില്‍ ബലാല്‍സംഗ കേസ് എടുത്തതിന് പിന്നാലെ സിദ്ദിഖ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും ഡി.ജി.പിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ പരാതിയിലെ വിവരങ്ങളാണ് സിദ്ദിഖിനെ കുരുക്കിയത്. നടിയെ മാസ്‌കോട്ട് ഹോട്ടലിലേയ്ക്ക് വിളിച്ചുവരുത്തിയതും മുറിയില്‍ കണ്ടതും ഒഴിവാക്കിയ സിദ്ദിഖ് തിയേറ്ററില്‍ വച്ച് കണ്ടതും സംസാരിച്ചതും അവസരം നല്‍കാമെന്ന് പറഞ്ഞതും പരാതിയില്‍ ശരിവയ്ക്കുന്നു. സിദ്ദിഖ് പറഞ്ഞിടത്തുനിന്ന് തന്നെ അന്വേഷണം തുടങ്ങിയ പ്രത്യേക പോലീസ് സംഘം യുവനടിയുമായി ഹോട്ടലിലെത്തി തെളിവെടുക്കുകയുണ്ടായി.
2016 ജനുവരി 28-ാം തീയതി തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ വച്ച് സിദ്ദിഖ് തന്നെ ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു നടിയുടെ പരാത്. കഴിഞ്ഞ ഒന്നര മാസത്തിനിടയിലെ അന്വേഷണത്തില്‍ പരാതിക്കാരിയുടെ ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ള തെളിവുകളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. 101 ഡി നമ്പര്‍ മുറിയില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചൊന്നും ഗ്ലാസ് ജനലിന്റെ കര്‍ട്ടന്‍ മാറ്റി പുറത്തേയ്ക്ക് നോക്കിയാല്‍ സ്വിമ്മിങ് പൂള്‍ കാണാമെന്നും നടി പറഞ്ഞിരുന്നു. ഇതിന്റെ വെളിച്ചത്തില്‍ നടിനൊപ്പം നടത്തിയ തെളിവെടുപ്പില്‍ അന്വേഷണസംഘം ഇക്കര്യം സ്ഥിരീകരിക്കുകയുണ്ടായി.
അച്ഛനും അമ്മയും കൂട്ടുക്കാരിയും ചേര്‍ന്നാണ് തന്നെ ഹോട്ടലില്‍ എത്തിച്ചതെന്ന പരാതിക്കാരിയുടെ മൊഴി മൂവരും ശരിവച്ചിട്ടുണ്ട്. 2016 ജനുവരി 27-ന് രാത്രി 12 മണിക്ക് മുറി എടുത്ത സിദ്ധിഖ് പിറ്റേന്ന് വൈകിട്ട് 5 മണി വരെ ഹോട്ടലില്‍ ഉണ്ടായിരുന്നതായി ഹോട്ടല്‍ രേഖകളില്‍ നിന്ന് നേരത്തെ തന്നെ പോലീസിന് ബോധ്യമായിട്ടുണ്ട്. ചോറും മീന്‍ കറിയും തൈരുമാണ് സിദ്ദിഖ് കഴിച്ചതെന്ന നടിയുടെ മൊഴി ശരിവയ്ക്കുന്ന തരത്തിലുള്ള രേഖകളും അന്വേഷണ സംഘത്തിന് ഹോട്ടലില്‍നിന്ന് ലഭിച്ചിട്ടുണ്ട്. പീഡനം നടന്ന് ഒരു വര്‍ഷത്തിന് ശേഷം നടി ഇക്കാര്യം ഒരു സുഹൃത്തിനോട് പറഞ്ഞിരുന്നു. അവരും പോലീസിന് മുന്നില്‍ ഇത് ശരിവച്ചു.
''പ്ലസ് ടൂ കഴിഞ്ഞ സമയത്താണ് മോശം അനുഭവം ഉണ്ടാകുന്നത്. ഫേസ്ബുക്കില്‍ മെസേജ് അയക്കുകയായിരുന്നു. ആ അക്കൗണ്ട് വഴി പലര്‍ക്കും ഇയാള്‍ മെസേജ് അയച്ചിട്ടുണ്ട്. നിള തീയേറ്ററില്‍ സിദ്ദിഖിന്റെ 'സുഖമറിയാതെ' എന്ന സിനിമയുടെ പ്രിവ്യൂവിന് ശേഷം തിരുവനന്തപുരത്ത് മാസ്‌കോട്ട് ഹോട്ടലിലേക്ക് വരാന്‍ പറയുകയായിരുന്നു. അവിടെവെച്ചാണ് മോശം അനുഭവമുണ്ടായത്...'' നടി പറയുന്നു.
''എനിക്ക് 21 വയസ്സ് ഉള്ളപ്പോഴാണ് സംഭവം. മോളെ എന്ന് വിളിച്ചായിരുന്നു ആദ്യ സമീപനം. അപ്പോഴൊരിക്കലും ഇയാള്‍ മോശമായി പെരുമാറുമെന്ന് കരുതുന്നില്ല. അവിടെ വെച്ചാണ് ലൈംഗികമായി പീഡിപ്പിക്കുന്നത്. അയാള്‍ ഇന്ന് പറയുന്ന പല കാര്യങ്ങളും പച്ചക്കള്ളമാണ്. അയാള്‍ അടിക്കുകയും ഇടിക്കുകയും ചെയ്തു. ഞാന്‍ ഒറ്റയ്ക്കായിരുന്നു. ഒരു തമിഴ് സിനിമയുടെ ഡിസ്‌കഷനായിരുന്നു. ഞാന്‍ ട്രാപ്ഡ് ആയെന്ന് പിന്നീടാണ് മനസിലായത്. അവിടെ ആ ഹോട്ടലില്‍ നിന്ന പലര്‍ക്കും ഇത് അറിയാം. അവിടെ സ്ഥിരമായി ഇത് നടക്കുന്നുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്. ഈ സംഭവം കഴിഞ്ഞിട്ടും അയാള്‍ ഒരു ഉളുപ്പുമില്ലാതെ എന്റെ മുന്‍പില്‍ വന്ന് നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. അതില്‍ പോലും അയാള്‍ ലൈംഗിത ചുവയോടെ സംസാരിച്ചു. വൈരുധ്യമുള്ള ഭക്ഷണമാണ് എനിക്ക് ഇഷ്ടം എന്നാണ് പറഞ്ഞത്. ഞാന്‍ രക്ഷപ്പെട്ട് പോകുകയായിരുന്നു. ചികിത്സയൊക്കെ എടുത്താണ് ആ ട്രോമയില്‍ നിന്നും പുറത്തുവന്നത്...''
പീഡനത്തിനു പിന്നാലെയുണ്ടായ മാനസിക ആഘാതത്തെത്തുടര്‍ന്ന് കൊച്ചി, കാക്കനാട്ടും പനമ്പിള്ളി നഗറിലുമുള്ള വനിതാ സൈക്യാട്രിസ്റ്റുകളുടെ ചികിത്സയില്‍ കഴിഞ്ഞുവെന്ന നടിയുടെ മൊഴി രണ്ട് ഡോക്ടര്‍മാരും ഇക്കാര്യം ശരിവച്ച് പൊലീസിന് മൊഴി നല്‍കുകയും ചികിത്സാ രേഖകള്‍ കൈമാറുകയും ചെയ്തു. സംഭവ ദിവസം യുവതി ധരിച്ച വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഹോട്ടലില്‍ നടി ഒപ്പിട്ട സന്ദര്‍ശക രജിസ്റ്ററിന് വേണ്ടിയുള്ള അന്വേഷണം എങ്ങുമെത്തിയിട്ടില്ല.