പ്രശസ്ത മനഃശാസ്ത്രജ്ഞന്റെ നിർദ്ദേശം അനുസരിച്ചാണ് അവർ ‘സ്ലീപ് ഡിവോഴ്സ്’ നടത്താൻ തീരുമാനിച്ചത്. ഡോക്ടറുടെ നിർദ്ദേശത്തെ ഒരു എതിർപ്പും കൂടാതെ ഭാര്യ സമ്മതിച്ചതിൽ അയാൾക്ക് അൽഭുതം തോന്നി. എന്തിനെയും ആദ്യം ഒന്ന് എതിർക്കുന്നതാണല്ലോ അവളുടെ സാധാരണ രീതി!
രണ്ടു മുറികളിൽ ഉറങ്ങിക്കൊണ്ടുള്ള ‘ഉറക്ക വിവാഹമോചനം’ അയാളെ സന്തുഷ്ടനാക്കി. രാത്രി ഏറെ വൈകിയും ഒരു ശല്യവും ഇല്ലാതെ മണിക്കൂറുകളോളം വിദേശ കസ്റ്റമേഴ്സിനെ വിളിക്കാനും ഡീൽ ഉറപ്പിക്കാനും കഴിയുന്നതിൽ അയാൾ ആഹ്ലാദിച്ചു.
എന്നും എപ്പോഴും ഉറക്കമില്ലായ്മയും ‘മൂഡ് ഔട്ടും’ പറഞ്ഞുകൊണ്ടിരുന്ന ഭാര്യയെ പണ്ടേതന്നെ ഈ ഡോക്ടറെ കാണിക്കേണ്ടതായിരുന്നു എന്ന് അയാൾക്ക് തോന്നി. എങ്കിൽ കുറച്ചുകൂടി ബിസിനസ് വളരുമായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ!
ബിസിനസ്സിൽ ഉയരങ്ങൾ കീഴടക്കുകയും, വസ്തുവകകൾ വാങ്ങിക്കൂട്ടുകയുമായിരുന്നു അയാളുടെ ജീവിതലക്ഷ്യം. അതിൽ അയാൾ വിജയിച്ചതോടെ അതിന്റെ ഉന്മാദത്തിൽ അയാൾ രാവും പകലും ജോലി ചെയ്തുകൊണ്ടേയിരുന്നു.
അയാൾക്ക് ഭാര്യയെ വളരെ ഇഷ്ടമായിരുന്നു. തനിക്ക് കിട്ടുന്ന സമ്മാനങ്ങളും ഷാളുകളും സർട്ടിഫിക്കറ്റുകളും അയാൾ അന്നു തന്നെ ഭാര്യയെ ഏൽപ്പിക്കുമായിരുന്നു. അവൾ അത് അയാൾക്ക് കാണാവുന്ന രീതിയിൽ തന്നെ ഷോക്കേസിൽ നിരത്തി വയ്ക്കും. അതുകണ്ട് അയാൾ ഹർഷപുളകിതനാകും!
എത്ര വൈകി ഉറങ്ങിയാലും അതിരാവിലെ തന്നെ എഴുന്നേറ്റ് തന്റെ മാർക്കറ്റിംഗ് ആരംഭിക്കുക എന്നത് അയാളുടെ ശീലമായിരുന്നു. പത്രങ്ങളുടെ ആദ്യ പേജിലെ തലക്കെട്ടുകൾ വായിക്കാൻ മാത്രമേ രാവിലെ സമയം കിട്ടുകയുള്ളു എന്ന് അഭിമാനത്തോടെയാണ് ആയാൾ പറഞ്ഞിരുന്നത്!
അന്നും രാവിലെ പതിവുപോലെ അയാൾ കാപ്പി കുടിക്കാനായി ഡൈനിങ് ഹാളിലെത്തി. കാപ്പിയും പലഹാരങ്ങളുമായി കാത്തിരിക്കുന്ന ഭാര്യയെ അയാൾ കണ്ടില്ല. മേശപ്പുറത്ത് അയാൾ സ്ഥിരമായി ഭക്ഷണം കഴിക്കുന്ന വെള്ളി പാത്രത്തിൽ ഒരു ലോങ് കവർ ഇരിക്കുന്നത് അയാൾ ശ്രദ്ധിച്ചു. അത്ഭുതത്തോടെ അയാൾ അതെടുത്ത് തുറന്നു. ഭാര്യയുടെ മനോഹരമായ കയ്യക്ഷരത്തിലുള്ള കത്ത്! വളരെ വേഗത്തിൽ അയാൾ അത് വായിച്ചു തുടങ്ങി:
“ഞാൻ ഇന്നലെ വീണ്ടും ഡോക്ടറെ കണ്ടിരുന്നു. എന്റെ പ്രശ്നങ്ങൾ അയാൾ വിശദമായി കേട്ടു...
ദുസ്വപ്നം കണ്ട് ഉണരുമ്പോൾ ഒന്ന് കെട്ടിപ്പിടിക്കാൻ, വെറുതെ കാലൊന്ന് ദേഹത്ത് പൊക്കി വെക്കാൻ, തരളിത തലയണമന്ത്രങ്ങൾ ചൊല്ലാൻ എനിക്കാവില്ലല്ലോ. കാരണം നമ്മൾ ‘ഉറക്ക വിവാഹമോചിതർ’ അല്ലേ…
പ്രശ്നങ്ങളെല്ലാം വിശദമായി കേട്ടതിനു ശേഷം ഡോക്ടർ തന്നെ പുതിയൊരു നിർദ്ദേശം വെച്ചു. പൂർണ്ണമായ ഡിവോഴ്സ് തന്നെ നടത്തുന്നതാണ് നല്ലത് എന്ന്. നിങ്ങൾക്ക് ഏറെ വിശ്വാസമുള്ള ആ ഡോക്ടറുടെ നിർദ്ദേശം ഞാൻ സ്വീകരിക്കുന്നു…
ഇതിനോടൊപ്പമുള്ള വിവാഹമോചനത്തിനുള്ള പരസ്പര സമ്മതപത്രം ഒപ്പിട്ട് നൽകണമെന്ന് അപേക്ഷിക്കുന്നു.
നിങ്ങൾ എന്നും പറയാറുള്ളത് പോലെ നിങ്ങളുടെ ബിസിനസ് ഉയരങ്ങളിലേക്ക്, മലനിരകൾക്കും മീതെ ആകാശങ്ങളിലേക്ക്, വളരട്ടെ എന്ന് ആശംസിക്കുന്നു. നിങ്ങളുടെ വിജയാഹ്ലാദ പ്രസംഗങ്ങൾ കേൾക്കാൻ ഒരു സുഹൃത്തായി ഞാൻ എന്നും ഉണ്ടാവും, നിങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറുടെ വീട്ടിൽ!”
പെട്ടെന്ന് മൊബൈൽ റിംഗ് ചെയ്തു. അയാൾ ഫോൺ എടുത്തു. ഗൾഫിൽ നിന്നുള്ള ഒരു കസ്റ്റമർ ആണ്. “ഹലോ പറഞ്ഞോളൂ” എന്ന് പറഞ്ഞുകൊണ്ട് അയാൾ വേഗം ഓഫീസ് മുറിയിലേക്ക് നടന്നു.