Image

യുഎസ് തുറമുഖ തൊഴിലാളികൾ ചൊവാഴ്ച പണിമുടക്ക് ആരംഭിച്ചു; അര നൂറ്റാണ്ടിൽ ആദ്യം (പിപിഎം)

Published on 01 October, 2024
യുഎസ് തുറമുഖ തൊഴിലാളികൾ ചൊവാഴ്ച പണിമുടക്ക് ആരംഭിച്ചു; അര നൂറ്റാണ്ടിൽ ആദ്യം (പിപിഎം)

യുഎസ് ഈസ്റ്റ്-ഗൾഫ് തീരങ്ങളിൽ 50 വർഷത്തിൽ ആദ്യമായി തുറമുഖ തൊഴിലാളികൾ ചൊവാഴ്ച പണിമുടക്ക് ആരംഭിച്ചു. പ്രധാനപ്പെട്ട യുഎസ് തുറമുഖങ്ങളെല്ലാം സ്തംഭിക്കുന്ന പണിമുടക്ക് സമ്പദ് വ്യവസ്ഥയെയും തകരാറിലാക്കുമെന്നാണ് ആശങ്ക. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബൈഡൻ ഭരണകൂടത്തിനും പ്രസിഡന്റ് സ്ഥാനാർഥിയായ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും ഇതൊരു വെല്ലുവിളി ആയേക്കാം.

ഇന്റർനാഷനൽ ലോംഗ്ഷോർമെൻസ് അസോസിയേഷന്റെ (ഐ എൽ എ) നേതൃത്തിലാണ് മെച്ചപ്പെട്ട സേവന വ്യവസ്ഥകൾക്കായി 14 തുറമുഖങ്ങളിൽ സമരം ആരംഭിച്ചത്. സമരം ഒഴിവാക്കാനുള്ള ചർച്ചകൾ പരാജയപ്പെട്ടപ്പോൾ 45,000 അംഗങ്ങളുള്ള യൂണിയൻ പണിമുടക്ക് പിക്കറ്റുകൾ ഉയർത്തി.

കപ്പലുകളിൽ നിന്ന് കണ്ടെയ്‌നറുകൾ ഇറക്കി മറ്റു വാഹനങ്ങളിൽ കയറ്റുന്നവരാണ് ഇവർ. ന്യൂ ജേഴ്സിയിൽ യൂണിയൻ പ്രസിഡന്റ് ഹാരോൾഡ്‌ ജെ. ദാഗെറ്റ് പറഞ്ഞു: "ഞങ്ങളെ ആർക്കും തടയാൻ ആവില്ല, ആർക്കും."

വേതന വർധനയ്ക്കു പുറമെ തുറമുഖത്തെ പുതിയ സാങ്കേതിക വിദ്യയും തർക്ക വിഷയമാണെന്നു റിപ്പോർട്ടുകളിൽ കാണുന്നു.

സമരം സമ്പദ് വ്യവസ്ഥയെ ഞെരുക്കിയാൽ 2002ൽ പ്രസിഡന്റ് ബുഷ് ചെയ്തതു പോലെ ഫെഡറൽ നിയമം ഉപയോഗിച്ച് 80 ദിവസത്തെ നിരോധനം കൊണ്ടു വരാൻ ബൈഡനു അധികാരമുണ്ട്. എന്നാൽ അദ്ദേഹം അക്കാര്യം ആലോചിച്ചിട്ടില്ല എന്നാണ് വൈറ്റ് ഹൗസ് പറയുന്നത്.


ഈസ്റ്റ്-ഗൾഫിലെ ന്യൂ യോർക്ക്, ന്യൂ ജേഴ്സി തുടങ്ങിയ തുറമുഖങ്ങളിലൂടെയാണ് അഞ്ചിൽ മൂന്ന് കണ്ടെയ്‌നർ ഗതാഗതവും നീങ്ങുന്നത്. പണിമുടക്ക് വലിയ വെല്ലുവിളി ആണെന്നു ന്യൂ യോർക്ക് ഗവർണർ കാത്തി ഹോക്കൽ പറഞ്ഞു. എന്നാൽ വിപണിയിൽ ദൗർലഭ്യം ഉണ്ടാവുമെന്നു അവർ പ്രതീക്ഷിക്കുന്നില്ല.

മണിക്കൂറിൽ $39 ലഭിക്കുന്ന യൂണിയൻ അംഗങ്ങൾ അതിൽ അടുത്ത ആറു വർഷത്തേക്ക് വർഷം തോറും $5 വർധനയാണ് ആവശ്യപ്പെടുന്നത്. കപ്പലുടമകൾ, തുറമുഖ സംഘടനകൾ എന്നിവരുടെ യുഎസ് മാരിടൈം അലയൻസ് പറയുന്നത് അവർ വേതനം 50% കൂട്ടാൻ തയാറാണ് എന്നാണ്.

Port workers strike work in US

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക