Image

'കഥ ഇന്നുവരെ' ഇന്നുവരെ കാണാത്ത ഒരു പ്രണയകഥ (ലാലി ജോസഫ്)

Published on 02 October, 2024
'കഥ ഇന്നുവരെ'  ഇന്നുവരെ കാണാത്ത ഒരു പ്രണയകഥ (ലാലി ജോസഫ്)

വിഷ്ണു മോഹന്‍ എഴുതി സംവിധാനം ചെയ്ത സിനിമയാണ്'കഥ ഇന്നു വരെ'  2024 സെപ്റ്റംബര്‍ 20ാം തീയതി പടം തീയേറ്ററില്‍ എത്തുന്നു. 25ാം തീയതി ടെക്‌സാസ്, ലൂവിസ്‌വില്ലാ സിനിമാര്‍ക്ക് തീയേറ്ററില്‍ പോയി പടം കണ്ടു. 27ാം തീയതി അവധി ആയതു കൊണ്ടും പടം ഇഷ്ടപ്പെട്ടതിനാലും ഒന്നു കൂടെ കാണുവാന്‍ തീരുമാനിച്ചു. നിര്‍ഭാഗ്യവശാല്‍ ആ പടം തീയേറ്ററില്‍ നിന്ന് പോയി കഴിഞ്ഞിരുന്നു.

സിനിമയുടെ ക്ലൈമാക്‌സിന് ഒരു ബിഗ് സല്യൂട്ട്. നര്‍ത്തകിയായ മേതില്‍ ദേവിക ആദ്യമായി നായിക കഥാപാത്രമായി എന്ന ഒരു പ്രത്യേകതയും ഈ സിനിമക്ക് കൊടുക്കാം. 1985 ല്‍ ജോഷി സംവിധാനം ചെയ്ത് മമ്മൂട്ടി സുഹാസിനി ജോഡി ആയി അഭിനയിച്ച'കഥ ഇതുവരെ' എന്ന പേരിന്റെ'ത' മാത്രം മാറ്റി'ന്ന' ആക്കിയതില്‍ ഒരു ചെറിയ കൗതുകം തോന്നി.

പ്രണയം ഇല്ലാത്ത സിനിമകള്‍ വളരെ വിരളമാണ്. എന്നാല്‍  ഈ സിനിമ അതില്‍ നിന്നും വളരെ വ്യത്യസ്തമായ രീതിയിലുള്ള അവതരണം ആണ് കാഴ്ച വച്ചിരിക്കുന്നത്. നാല് വ്യത്യസ്ത പ്രയത്തിലുള്ള പുരുഷന്‍മാരുടെ പ്രണയാനുഭവങ്ങള്‍ നാലു സ്ഥലങ്ങളിലായിട്ടാണ് ഈ പ്രണയ രംഗങ്ങള്‍ ചിത്രികരിച്ചിരിക്കുന്നത്.

സ്‌ക്കൂള്‍ കുട്ടിയായ രാമന് തന്റെ ക്ലാസില്‍ തന്നെ പഠിക്കുന്ന ജാനകിയോട് അടുപ്പം തോന്നുന്നു. നന്നായി പാടാന്‍ കഴിയുന്ന ജാനകിക്ക് വേദിയില്‍ കയറി പാടാന്‍ ഒരു ഭയം അവിടെ എല്ലാവിധ പിന്തുണയും രാമന്‍ കൊടുക്കുന്നു. ജാനകി സേ്റ്റജില്‍' ദേവദാരു പൂത്തു എന്‍ മനസില്‍ താഴ്‌വരയില്‍'എന്ന ഗാനം മനോഹരമായി ആലപിച്ചു. അപ്പന്‍ മകളുടെ പാട്ടു കേള്‍ക്കുകയും ആ പാട്ടിന്റെ അര്‍ത്ഥം എടുത്തു കൊണ്ട് മകള്‍ ചീത്തയാകും എന്ന ഈഗോ ഉണ്ടാവുകയും മാത്രവുമല്ല മകളെ  വേദിയില്‍ നിന്ന് പിടിച്ചിറക്കി കൊണ്ടു പോകുന്നു അതുമല്ല കുട്ടിയെ വേറെ സ്‌ക്കൂളിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് രാമന്‍ ഈ പെണ്‍കുട്ടിയെ അന്വേഷിച്ച് വീട്ടീല്‍ ചെല്ലുമ്പോള്‍ പെണ്‍കുട്ടിയുടെ  അപ്പന്‍  മാന്യമായ പെരുമാറ്റം പോലും രാമന് കൊടുക്കുന്നില്ല. അവിടെ അവസാനിക്കുന്നു ആ പ്രണയ കഥ. ആ സത്യം വേദനയോടു കൂടി ഉള്‍ക്കൊണ്ട് രാമന്‍ അവിടെ നിന്ന് ഇറങ്ങി പോകുന്ന സീന്‍ എല്ലാവരിലും വിഷമം ഉണ്ടാക്കുന്ന ഒന്നായിരുന്നു.

രാമന്‍ ദിവസവും അപ്പന്‍ ഉണ്ടാക്കിയ ദേവന്റെ വിഗ്രഹത്തിന് മുന്‍മ്പില്‍ അവന്റെ പ്രണയം വിജയിക്കുവാന്‍ വേണ്ടി പ്രര്‍ത്ഥിക്കാറുണ്ടായിരുന്നു. പ്രാര്‍ത്ഥന ഫലിച്ചില്ല എന്നു കണ്ട നിമിഷം ആ ദേവന്റെ  വിഗ്രഹം തന്നെ കല്ല് എറിഞ്ഞ് പൊട്ടിച്ചു കളയുന്നുണ്ട്. രാമന്റെ അപ്പന്‍ പണിത വിഗ്രഹം വാങ്ങിക്കാന്‍ വരുന്ന അമ്പല കമ്മറ്റിക്കാരുടെ മുന്‍മ്പില്‍ സ്വന്തം മകനാണ് വിഗ്രഹത്തിന് കേടു വരുത്തിയത് എന്നറിയാതെ അപ്പന്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം പിന്നീട്  വിഗ്രഹത്തിന്റെ മുന്‍മ്പില്‍ വിഗ്രഹം നിര്‍മ്മിച്ച ആള്‍ മരത്തില്‍ കെട്ടി തൂങ്ങി ജീവന്‍ അവസാനിപ്പിക്കുമ്പോള്‍ തീയേറ്ററില്‍ കാണികളില്‍ ഉണ്ടായ വീര്‍പ്പുട്ട് ഞാന്‍ തൊട്ടറിഞ്ഞു.

രണ്ടാമത്തെ പ്രണയം ജോസഫും ഉമയും, തമ്മിലായിരുന്നു. ഇവിടെ രണ്ട് മതങ്ങള്‍ തമ്മിലുള്ള പ്രണയം ആയതു കൊണ്ടു തന്നെ ഉമയുടെ പിതാവ് ശക്തമായി എതിര്‍ക്കുകയും താന്‍ അമ്മ മരിച്ചിട്ടും രണ്ടാമത് വിവാഹം കഴിക്കാതെ വളര്‍ത്തി വലുതാക്കിയ കഥ പറഞ്ഞ് മകളുടെ മനസ് മാറ്റുന്നു. ഇവിടെയും പിടിവാശിയായ ഒരു അപ്പനെയാണ് കാണുവാന്‍ സാധിച്ചത്.

മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട ഒരു സത്യം ഉണ്ട്. അപ്പനമ്മമാര്‍ക്ക് മാത്രമല്ല വികാരങ്ങള്‍ ഉള്ളത് കുട്ടികളുടെ ഇഷ്ടങ്ങളും അറിഞ്ഞിരിക്കണം. നമ്മള്‍ വളര്‍ത്തി വലുതാക്കി, നിനക്കു വേണ്ടി ഞാന്‍ അതു ചെയ്തു ഇതു ചെയ്തു എന്നൊക്കെ പറഞ്ഞു അവരുടെ ഇഷ്ടങ്ങളെ ബലി കഴിപ്പിക്കുന്നവര്‍ ഈ സമൂഹത്തില്‍ ഉണ്ട് എന്ന് ഇവിടെ വ്യക്തമായ വരച്ചു കാണിക്കുണ്ട്.

നമ്മളുടെ ആഗ്രഹങ്ങളെ മാത്രം മുന്‍തൂക്കം കാണുന്ന മാതാപിതാക്കള്‍ എത്രയോ കഷ്ടം ആണ്. ചില കുട്ടികള്‍ മാതാപിതാക്കളെ അനുസരിക്കാതെ സ്വന്തം ആഗ്രഹ സാക്ഷാക്ാരം പൂര്‍ത്തികരിച്ച് പോകുന്നു അവിടെ അവര്‍ തമ്മിലുള്ള ബന്ധം മുറിഞ്ഞു പോയിരിക്കുന്ന എത്രയോ ഉദ്ദാഹരണങ്ങള്‍ നമ്മുടെ ചുറ്റിലും കാണുവാന്‍ സാധിക്കും. കുട്ടികളെ വളര്‍ത്തുക എന്നുള്ളത് മാതാപിതാക്കളുടെ കടമയല്ലേ?  അതു വച്ചു കൊണ്ട് കുട്ടികളെ വിഷമിപ്പിക്കുന്നത് ശരിയാണോ? അവരുടെ വികാരങ്ങളെ മാനിക്കണം എന്ന് മാതാപിതാക്കളും അറിഞ്ഞിരിക്കണം.

മൂന്നാമത്തെ പ്രേമം ആണ് എല്ലാത്തിലും വ്യത്യസ്തമായതും ഇന്നു വരെ കാണാത്ത തരത്തിലുള്ള പ്രണയം.താന്‍ സ്നേേഹിക്കുന്ന പെണ്ണ് ശരീരം വിറ്റു ജീവിക്കുന്നതാണ് എന്ന് അറിഞ്ഞിട്ടും വിട്ടു മാറാത്ത സ്‌നേഹം. നിന്റെ കണ്ണിനെയാണ് ഞാന്‍ സ്‌നേഹിച്ചത് എന്നു പറയുകയും കല്ല്യാണ ദിവസം തന്നെ അവളുടെ മതത്തില്‍പ്പെട്ടവരുടെ കൈയ്യില്‍ നിന്ന് മരണം ഏറ്റു വാങ്ങിയ നസീബ കാണികളില്‍ ഒരു വല്ലാത്ത വേദന സമ്മാനിച്ചു.

കൊന്ത കൈയ്യില്‍ പിടിച്ചു നടന്നിരുന്ന ജോസഫ് പ്രണയം പരാജയപ്പെട്ടപ്പോള്‍ കൊന്തയില്‍ ഉള്ള വിശ്വാസം നഷ്ടപ്പെട്ട് വെള്ളത്തില്‍ എറിഞ്ഞു കളയുന്നു. പ്രാര്‍ത്ഥന, ദൈവവിശ്വാസം ഇതിനെ കുറിച്ച് ബിജു മേനോന്‍ കൊടുക്കുന്ന ഒരു മറുപടി ക്യത്യമായി ആ ഡയലോഗ് ഓര്‍ത്ത് എടുക്കുവാന്‍ സാധിക്കുന്നില്ല അതിന്റെ സാരം ഇതാണ്. ഞാന്‍ ദൈവത്തെ അന്വേഷിച്ച് അമ്പലങ്ങളില്‍ പോകാറില്ല. എന്റെ ദൈവം എന്നെ സഹായിക്കുന്ന എന്റെ കൂട്ടുകാരും സഹപ്രവര്‍ത്തകരുമാണ്.

ഏറ്റവും രസകരമായ ഒരു പ്രണയം ഇതില്‍ കാണുവാന്‍ സാധിച്ചത് പതിവ്യതയായ ഭാര്യയെ ആഗ്രഹിക്കുന്ന കേരളത്തില്‍ ഒരു ചെറുപ്പക്കാരന്‍ സ്നേേഹിക്കുന്ന പെണ്ണ് ശരീരം വിറ്റു ജീവിക്കുന്നു എന്ന് അറിഞ്ഞിട്ടും അവളുടെ ഇഷ്ടത്തിന് വേണ്ടണ്ടി ആ ജോലി ചെയ്യുവാന്‍ അനുവദിക്കുകയും ചെയ്യുന്ന ഒരു തീഷ്തമായ പ്രേമം ഇവിടെ വരച്ചു കാട്ടുന്നുണ്ട്.

നാടന്‍ പാട്ട് ഉണ്ട്. തേയിലക്കാടിന്റെ പച്ചപ്പ്. ആലപ്പുഴയിലെ ബാക്ക് വാട്ടര്‍, പാലക്കാടിന്റെ സൗന്ദര്യം ഇതെല്ലാം ഈ സിനിമയില്‍ ഉണ്ട്. ഇതില്‍ മതം, പ്രണയം, പ്രാര്‍ത്ഥന എല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു അടിപൊളി പടം ആണ്. പടം തീയേറ്ററില്‍ തന്നെ പോയിരുന്ന് കാണണം. മിസ്സ് ചെയ്യരുത് ബോറടിപ്പിക്കാത്ത ഒരു നല്ല സിനിമ. യുവസംവിധായന്‍ വിഷ്ണു മോഹന്‍. സിനിമാഗ്രാഫി ചെയ്ത ജോമോന്‍. ടി. ജോണിനും മറ്റു ആര്‍ട്ടിസ്റ്റുകള്‍ക്കും അഭിനന്ദനങ്ങള്‍. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക