Image

സന്മതി (കവിത: വേണു നമ്പ്യാർ)

Published on 02 October, 2024
സന്മതി (കവിത: വേണു നമ്പ്യാർ)

കാക്ക കാഷ്ഠിക്കും
വെങ്കലപ്രതിമകൾ
നഗരമാലിന്യങ്ങൾക്ക്
നോക്കുകുത്തികൾ

തുപ്പൽ പറ്റിച്ചെണ്ണും
മുഷിഞ്ഞ കറൻസിയിൽ
പാപക്കറ പുരണ്ടതാം
നിഷ്കളങ്കച്ചിരികൾ

നീതി കിട്ടാതെയലയും
വ്രണിതമാം
ആത്മാക്കൾ
നിർഭയമാർ അഭയകൾ

പുരോയാനത്തിലും
നിഷ്ഠുരം പിൻതള്ളപ്പെടും
ചൂഷിതർ അനാഥർ
ആത്മാവടിയറ-
വെച്ചുപജീവിക്കുന്നോർ

വെറുപ്പിനെ
വെറുപ്പാലെതിർക്കും
മാനുഷർ; അശാന്തിയിൽ
നീറുന്ന കണ്ണീരിൻ
ഉപ്പുപാടങ്ങൾ
കണ്ണിനു കണ്ണെന്ന 
കാട്ടുനീതിയിൽ
ഭൂമിയെയിരുട്ടിൽ ചവിട്ടിത്താഴ്ത്തും
അഭിനവ വാമനന്മാർ
ആത്മാവിനെ പട്ടിണിക്കിടും
അധുനാതനകുബേരന്മാർ

സ്വാതന്ത്ര്യത്തിൻ
വിലയറിയാതെ
ചരിത്രവിസ്മൃതിയിൽ
മയക്കുമരുന്നിൻ സൂചിയിൽ
കോർത്ത ശപ്തകൗമാരങ്ങൾ

പൈതൃകം മറന്നന്യദേശങ്ങളിൽ
സുവർണ്ണഭാഗ്യം പരീക്ഷിക്കും
ധിക്കൃതയൌവനങ്ങൾ
നവനീഡങ്ങളെ പുൽകാൻ
വെമ്പിടും ദേശാടനക്കിളികൾ

ചോര ചീന്തി
നാടിനെ പകുത്തതാം
മുഴുഭ്രാന്തിന്റെ
ശേഷിക്കും
ചങ്ങലക്കിലുക്കങ്ങൾ

അധികാരത്തിൻ
ഇരുണ്ടയിടനാഴിയിൽ
'അപ്പം' കട്ടു ഭുജിക്കും
പുതിയ എമ്പ്രാന്തിരിമാർ

വരിയിലങ്ങേയറ്റം
നിൽപ്പവന്റെ 
വിലാപങ്ങൾ
സമസ്യകളായി മുഴങ്ങിടും 
പ്രഭാശൂന്യമാം ആകാശം
മുക്തി കൊണ്ട്
നേടിയതൊക്കെ
പാരതന്ത്ര്യത്തിൻ
പുത്തനാം കൂച്ചുവിലങ്ങുകൾ
അടിമത്തം ജന്മസിദ്ധമാം
അവകാശമെന്നു നണ്ണി
ഇരുളിലിഴഞ്ഞിടും ദുർബ്ബലർ
സ്വയംപീഡിതർ

സന്മനസ്സേവർക്കും
കൊടുക്കണേയെന്നുരുകി
പ്രാർത്ഥിച്ചു വിട ചൊല്ലിയ
തേജോമയൻ ദയാലു
അർദ്ധനഗ്നനാം
യതിവര്യനിന്ന്
തിരിച്ചു വരുകിൽ,
മനം നൊന്ത് കാണേണ്ടി
വരിക, യിന്ത്യയിൽ
ഇന്നിതൊക്കെയാവില്ലേ?

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക