ഒരു വശത്ത് ഹെലൻ ചുഴലിക്കാറ്റിൻറെ പശ്ചാത്തലത്തിൽ, വിതരണ ശൃംഖലയിലെ തകരാറുകൾ ഉയർത്തുന്ന വെല്ലുവിളികൾ; മറുവശത്ത് അമേരിക്കയിലെ സമുദ്ര ഇറക്കുമതിയുടെ നല്ലൊരു പങ്കും കൈകാര്യം ചെയ്യുന്ന ന്യൂയോർക്ക്, ബാൾട്ടിമോർ, ഹ്യൂസ്റ്റൺ എന്നിവയുൾപ്പെടെ 36 തുറമുഖങ്ങളിൽ 45,000 ജോലിക്കാരുടെ പണിമുടക്ക്!
തുറമുഖങ്ങൾ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയാണ്, അവ അടച്ചുപൂട്ടുമ്പോൾ, അതിൻറെ അലയൊലികൾ സ്റ്റോർ ഷെൽഫുകളിൽ ന്യായമായും പ്രതിഫലിക്കും. ഇലക്‌ട്രോണിക്‌സും, വസ്ത്രവും മുതൽ ഭക്ഷണവും, ശുചീകരണ സാമഗ്രികളും അടക്കം സ്റ്റോർ ഷെൽഫുകളിലെ പല ഉൽപ്പന്നങ്ങളുടെ ലഭ്യതയും തുറമുഖങ്ങളെ ആശ്രയിച്ചാണ്!
ഒരു തുറമുഖ പണിമുടക്ക്, കപ്പലുകളിൽ വരുന്ന സാധനങ്ങൾ കരയിലേക്ക് ഇറക്കുന്നത് നിർത്തുന്നു; ഇത് വിതരണ കേന്ദ്രങ്ങളിലും ആത്യന്തികമായി സ്റ്റോറുകളിലും സാധനങ്ങൾ എത്തുന്നത് തടയുന്നു!!
ചൂടു വെള്ളത്തിൽ വീണ പൂച്ച, പച്ച വെള്ളം കണ്ടാലും പേടിക്കും! പണിമുടക്കിനെക്കുറിച്ചുള്ള വാർത്തകൾ പരന്നതോടെ പരിഭ്രാന്തിയുള്ള വാങ്ങി കൂട്ടലും ആരംഭിച്ചു! കോവിഡ് സമയത്തെ അനുഭവം മനസ്സിൽ വെച്ച് ഉപഭോക്താക്കൾ പലപ്പോഴും പരിഭ്രാന്തരാവുകയും അവശ്യവസ്തുക്കൾ വാങ്ങി സംഭരിക്കുകയും ചെയ്യാൻ തുടങ്ങി!
അവശ്യവസ്തുക്കൾക്കായി വലയേണ്ട അവസ്ഥയുണ്ടാകുമോ, സാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകുമോ, ഉണ്ടായാൽ അത് എത്രത്തോളം നീണ്ടുനിൽക്കും എന്ന അവ്യക്തത, ആളുകളെ ആവശ്യമില്ലാത്ത സാധനങ്ങൾ പോലും വാങ്ങിക്കൂട്ടാൻ പ്രേരിപ്പിക്കുന്നു
രണ്ടു ദിവസമായി തുറമുഖത്ത് നടന്നുകൊണ്ടിരിക്കുന്ന സമരത്തിൻറെ ആഘാതം, Costco പോലുള്ള കടകളിൽ പോയാൽ നേരിൽ കാണാൻ പറ്റും! പല കോസ്റ്റ്‌കോ-കളിലും വെളിച്ചെണ്ണ, വെള്ളം, മീൻ, ടിഷ്യു പേപ്പർ, ടോയ്‌ലറ്റ് പേപ്പർ പോലുള്ള അവശ്യ സാധനങ്ങൾ കാണാനില്ല!
സ്റ്റോറിൽ പ്രവേശിക്കുമ്പോൾ, ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നത് നിത്യോപയോഗ സാധനങ്ങൾ സംഭരിച്ചിരുന്ന സാധാരണ ഇടനാഴികളല്ല, മറിച്ച് വിതരണ ശൃംഖലകൾ എത്രമാത്രം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഓർമ്മിപ്പിക്കുന്ന പാതി ശൂന്യമായ ഷെൽഫുകളാണ്.
അമേരിക്കൻ ടോയ്‌ലറ്റ് പേപ്പറിൻറെ ഏകദേശം 90% ഉൽപ്പാദിപ്പിക്കുന്നത് അമേരിക്കയിൽ! എന്നിട്ട് പോലും വെള്ളവും ടോയ്‌ലറ്റ് പേപ്പറും പോലുള്ള അവശ്യ സാധനങ്ങൾ ഒറ്റരാത്രികൊണ്ട് അലമാരയിൽ നിന്ന് അപ്രത്യക്ഷമായത്, കോവിഡ് പകർച്ചവ്യാധിയുടെ ആദ്യ നാളുകളെ ഓർമ്മിപ്പിക്കുന്നു.
നിലവിലെ സാഹചര്യം, വെല്ലുവിളിയാണെങ്കിലും, താൽക്കാലികമാണ്! അടുത്ത വാങ്ങൽ നടത്തുന്നതിന് മുമ്പ് ഒരു നിമിഷം ശാന്തമായും യുക്തിസഹമായും ചിന്തിക്കുക, സ്വയം ചോദിക്കുക: "എനിക്ക് ഇത് ശരിക്കും ആവശ്യമുണ്ടോ? ഇത് എൻറെ കുടുംബത്തിന് ഗുണം ചെയ്യുമോ, അതോ ഞാൻ ഭയത്തോട് പ്രതികരിക്കുകയാണോ?