Image

മഴ മഴയായി തന്നെയിരിക്കുന്നു ( കവിത : ഷലീർ അലി )

Published on 05 October, 2024
മഴ മഴയായി തന്നെയിരിക്കുന്നു ( കവിത : ഷലീർ അലി )

ഇന്നും പെയ്തു
ഒന്നും തോന്നിയില്ല
നിന്നെ കണ്ടു
ഉള്ള് നനഞ്ഞില്ല..
മഴ മഴയായി തന്നെയിരിക്കുന്നു.. 
നീ നീയും 
ഞാൻ ഞാനുമായി തന്നെയും..

ഹാ... നമ്മളുണ്ടായിരുന്നപ്പോൾ 
അത് പ്രണയമായിരുന്നല്ലോ..

ഒരു കുടക്കീഴിൽ
പപ്പാതി കുളിരാവുന്ന 
സുഖമുള്ള നനവായിരുന്നല്ലോ

അന്നൊക്കെ ലോകമാകെ
മഴയായിരുന്നിരിക്കണം..
ഇന്ന് കുറെ മരുഭൂമികളുണ്ട്.. 
പുതിയ ഭൂപടത്തിൽ പാതിയും
മണൽചിത്രങ്ങളാണ്

ഞാനിപ്പോ മഴ മർമ്മരങ്ങളെ 
ഇയർഫോണിലാക്കി 
ചെവി തിരുകാറില്ല..
അതിനും ഈയിടെ
എന്നെയുറക്കാൻ കഴിയാറില്ല..

ഇടിയൊച്ചയോടും 
മിന്നലാഴങ്ങളോടും 
അങ്ങനെ തന്നെ... 
ഒന്നും തോന്നാറില്ല..
വരും....
വെറുതെ
തെങ്ങിൽ തീ പിടിപ്പിച്ചു
പോവുമെന്നല്ലാതെ
എന്റെ മുറ്റത്തു വീഴാറില്ല..

ദാ.. പെയ്യുന്നുണ്ട്.. 
ഒന്നും തോന്നുന്നില്ല.. 
ഉള്ളിലെവിടെയോ
നീ വെറുതെ നനയുന്നുണ്ട്
ഇടി പൊട്ടിയപ്പോൾ ഞെട്ടുന്നുണ്ട്..
ഓടി വന്നില്ല
ഒട്ടിപ്പിടിച്ചില്ല.. 
തൊടിയിലെവിടെയോ
കുറെ കൂണുകൾ 
തലതോർത്താതെ
ചിരിക്കുന്നുവെന്നല്ലാതെ
ഓർക്കാൻ 
മാത്രമൊന്നുമുണ്ടാവുന്നില്ല.. 
ഇപ്പൊഴും....!!!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക