Image

മധുരം സുന്ദരം ജീവിതം (പുസ്തക നിരൂപണം: മിനി വിശ്വനാഥന്‍)

Published on 06 October, 2024
മധുരം സുന്ദരം ജീവിതം (പുസ്തക നിരൂപണം: മിനി വിശ്വനാഥന്‍)

"അല്ലൂസിനൊപ്പം" എന്ന ഈ പുസ്തകം ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഉള്ള ഒരു കുട്ടിയുടെ പിതാവിൻ്റെ കുറിപ്പുകളാണ്. അദ്ദേഹത്തിൻ്റെ രണ്ടാമത്തെ പുത്രനായ അലൻ എന്ന അല്ലുവിന് മൂന്ന് വയസാവുന്നത് വരെ താൻ ഒരു എഴുത്തുകാരനും കൂടിയാവും എന്ന് അദ്ദേഹം ചിന്തിച്ചിട്ട് പോലുമുണ്ടാവില്ല. അനുഭവങ്ങൾ മൂർച്ചപ്പെടുത്തിയ ഭാഷയും മനോഹരമായ ശൈലിയും ഈ പുസ്തകത്തിൻ്റെ ആദ്യത്തെ പ്ളസ് പോയിൻ്റാണ്.

സാബിർ എഫ് ബിയിൽ എഴുതുന്ന കുറിപ്പുകളിലൂടെ ഞാനും അല്ലൂസിനൊപ്പം യാത്ര തുടങ്ങിയിട്ട് ഏകദേശം രണ്ട് വർഷത്തോളമായിക്കാണും ഞാനാദ്യം വായിച്ചത് അല്ലൂസിൻ്റെ ഹോം സ്കൂളിങ്ങിനെപ്പറ്റിയുള്ളതായിരുന്നു. തമാശയും കാര്യവും കൂട്ടിയിണക്കിയുള്ള അദ്ദേഹത്തിൻ്റെ എഴുത്തിലൂടെ കൂടുതൽ കടന്നുപോയപ്പോഴാണ് അല്ലുക്കുട്ടൻ ആരാണെന്ന് ശരിക്കും എനിക്ക് മനസ്സിലായത്. 
കുടുംബത്തിൽ സമാന അവസ്ഥകളിലൂടെ പോവുന്ന ഒരു കുട്ടിയുള്ളത് കൊണ്ട് തന്നെ ഞാൻ സാബിർ എഴുതുന്നതൊക്കെ ഹൃദയം കൊണ്ട് വായിച്ച് തുടങ്ങി. കുറിപ്പുകൾ ഒരു പഠനസഹായി എന്നത് പോലെ ഞാൻ സൂക്ഷിച്ച് വെച്ചു. 
അല്ലു അവൻ്റെ ജീവിതത്തിൽ ഓരോരു കാര്യം നേടിയെടുക്കുമ്പോഴും ഞങ്ങൾക്ക് മുന്നിലും വഴികൾ തെളിഞ്ഞു വരുന്ന സന്തോഷമായിരുന്നു എനിക്ക്. അതുകൊണ്ട് തന്നെ അല്ലൂസിനൊപ്പം എന്ന പുസ്തകം ഞാൻ കൃത്യമായി മനസ്സ് കൊടുത്ത് വായിച്ചു.

പാരൻ്റിങ്ങ് പാഠങ്ങളൊന്നും പഠിക്കാതെയാണ് നമ്മൾ  മാതാപിതാക്കളുടെ റോൾ ഏറ്റെടുത്ത് തുടങ്ങുന്നത്.  കണ്ടും അനുഭവിച്ചും വളർന്ന തെറ്റാണോ ശരിയാണോ എന്നറിയാത്ത അച്ഛൻ വേഷങ്ങളും അമ്മ വേഷങ്ങളും ആടിത്തീർക്കുമ്പോൾ അതാണ് ശരിയെന്ന് ഓരോരുത്തരും വിശ്വസിക്കുന്നു. തിരിഞ്ഞു നോക്കുമ്പോൾ അല്പം കൂടി നന്നാക്കാമെന്ന് 
തോന്നാത്തവരില്ല. (എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.) അവിടെയാണ് ബൗദ്ധികതലത്തിൽ ഉയർന്ന് ചിന്തിക്കുന്ന ഇത്തരം കുഞ്ഞുങ്ങൾക്കൊപ്പമുള്ള ജീവിതം സമസ്യയാവുന്നത്.

തനിക്ക് ഒരു മാലാഖക്കുഞ്ഞിനെയാണ് ദൈവം സമ്മാനിച്ചതെന്ന് തിരിച്ചറിയുന്ന നിമിഷമാണ്, യഥാർത്ഥത്തിൽ സബിയിലെയും സാബിറിലെയും ഏറ്റവും മിടുക്കരായ അച്ഛനമ്മമാർ പുറത്ത് വരുന്നത്. അല്ലുവിനെക്കാൾ ഏഴ് വയസ് മൂത്ത സനുവിൻ്റെ കാര്യങ്ങളിൽ യാതൊരു നീക്കുപോക്കും വരുത്താതെയാണ് അവർ അല്ലുവിൻ്റെ സ്പെഷൽ കഴിവുകൾ കണ്ടെത്തുന്നതും, ജീവിതമെന്ന വമ്പൻ ടാസ്കുകൾ നിറഞ്ഞ ഗെയിം ആസ്വദിച്ച് കളിച്ച് തുടങ്ങുന്നതും.

ചിലപ്പോഴൊക്കെ മനസ്സിൽ ജീവിതത്തെക്കുറിച്ചുള്ള ആവലാതികളോടെയും പരാതികളോടെയും ഇരിക്കുമ്പോഴാണ് സാബിറിൻ്റെ കുറിപ്പും വീഡിയോയും കാണുക. അല്ലുവിന് സൈക്കിൾ ബാലൻസ് കിട്ടിയെന്നറിയുമ്പോഴും സ്കേറ്റിങ് സ്വായത്തമായെന്നറിയുമ്പോഴും അവൻ സ്വിമ്മിങ്ങ് പൂളിൽ പരസഹായമില്ലാതെ നീന്തിത്തുടങ്ങിയെന്നറിയുമ്പോഴും മനസ്സ് നിറയും. നിസ്സാരമായ സങ്കടങ്ങൾ പറന്നകലും. അവൻ ഇനിയും സ്വയംപര്യാപ്തനാവട്ടെ എന്ന പ്രാർത്ഥനയോടെ കണ്ണുകൾ നിറക്കും.

"അല്ലൂസിനൊപ്പം" എന്ന കൃതി ശരിക്കും ഒരു പാഠപുസ്തകമാണ്. ഓരോരു അച്ഛനുമമ്മയും മാത്രമല്ല, വിവാഹം കഴിക്കാൻ തയ്യാറെടുക്കുന്നവർ പോലും വായിച്ചിരിക്കേണ്ട ഒന്ന്. വളരെ ലളിതമായാണ് അദ്ദേഹം അല്ലുവിൻ്റെ വളർച്ചയുടെ നാൾ വഴികളും, ASD കുഞ്ഞിനെ സ്വയം പര്യാപ്തമായ രീതിയിൽ ജീവിക്കാൻ തയ്യാറാക്കുന്നതിനെപ്പറ്റിയും കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ഭാര്യയുടെ ക്ഷമാശീലവും മനസ്ഥൈര്യവും മൂത്ത കുഞ്ഞായ സനുവിൻ്റെ സപ്പോർട്ടും ഈ യാത്രയിൽ തന്നെ സഹായിച്ചതെങ്ങനെ എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ദുബായ് ഗവൺമെൻ്റ് സ്പെഷ്യൽ കുഞ്ഞുങ്ങൾക്ക് നല്കുന്ന പരിഗണനയും ഈ പുസ്തകത്തിൽ നിന്ന് മനസ്സിലാക്കാനാവും. അവരെ സമൂഹത്തിൻ്റെ മുൻനിരയിൽ കൊണ്ടുവരാനുള്ള എല്ലാ സൗകര്യങ്ങളും സ്വദേശികൾക്കെന്നപോലെ വിദേശികൾക്കും പ്രാപ്യമാവുന്നു. പലപ്പോഴും വിലപിടിച്ച ട്രെയിനിങ്ങുകൾ തീർത്തും സൗജന്യമായി ലഭിക്കുന്ന കാര്യം സാബിർ എഴുതിയപ്പോഴാണ് എനിക്ക് മനസ്സിലായത്.

നമ്മുടെ രാജ്യത്തും ഇത്തരം സംവിധാനങ്ങൾ ഉണ്ടാവേണ്ടതിൻ്റെയും ഉണ്ടെങ്കിൽ അത് സാധാരണക്കാരിലെത്തുകയും ചെയ്യണം.  ഇത്തരം കുഞ്ഞുങ്ങൾക്ക് നൂറ് ശതമാനം അച്ഛനമ്മമാരുടെ ശ്രദ്ധ വേണം. അവരുടെ സാമ്പത്തിക സ്ഥിതി കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കിടയിൽ വില്ലനാവാതെ ശ്രദ്ധിക്കേണ്ടതിൽ സർക്കാരുകൾക്കും ഒരു പങ്കുണ്ട്.

ഈ പുസ്തകം വായിച്ചപ്പോൾ ഓർമ്മയിലെത്തിയ, ഞാനേറ്റവും സങ്കടപ്പെട്ട ഒരനുഭവം കൂടി കുറിക്കട്ടെ!

കരാമയിലെ ഞങ്ങളുടെ വീടിന് മുന്നിലുള്ള ജനവാതിലിലൂടെ പുറത്തേക്ക് നോക്കി മനുഷ്യരെ കാണുക എന്നത് എൻ്റെ പതിവായിരുന്നു. അപ്പോഴാണ് അതിസുന്ദരനായ ഒരു മൂന്ന് വയസ് കാരൻ മകനും അച്ഛനും അതുവഴി പോകുന്നത് കാണാനിടയായത്.  വിടർന്ന് ചിരിക്കുന്ന സ്വർണ്ണ മുടികളുള്ള ആ കുഞ്ഞ് എപ്പോഴും വെളിച്ചത്തെ നോക്കി ചിരിച്ചു കൊണ്ടാണ് നടക്കുക.

നടത്തത്തിനിടെ കുഞ്ഞുങ്ങൾ കാട്ടുന്ന സ്വാഭാവിക വാശി പോലെ അവൻ പാതി വഴിക്ക് നിൽക്കും . അവന് മാത്രം കാണാനാവുന്ന എന്തിനെയോ വായുവിൽ നിന്ന് പിടിക്കാൻ ശ്രമിക്കും. ദൂ.ദൂ....
എന്ന് ശബ്ദമുണ്ടാക്കും. ചിലപ്പോഴൊക്കെ ഒരു ചിരി എനിക്കും കിട്ടും.

അങ്ങിനെയൊരു ദിവസം ഇവനും അമ്മയും എൻ്റെ വീട്ടിൽ വന്നു. അവൻ്റെ അമ്മക്ക് ജോലിക്ക് പോണം. മകൻ വികൃതിയാണ്. ഇവൻ അമ്മയെ വിട്ടു നിൽക്കുമോ എന്നറിയാനാണ് , ഒരാഴ്ച പകൽ ഇവിടെ നിർത്തിക്കോട്ടേ എന്ന് ചോദിക്കാനാണ് അവർ വീട്ടിലെത്തിയത്.

ആയിക്കോട്ടെ എന്നു ഞാനും പറഞ്ഞു. പരിചയ ഭാവത്തിൽ ഞാൻ ചിരിച്ച് ലാളിച്ചപ്പോൾ നിത്യം കാണുന്ന അടുപ്പം അവൻ എന്നെക്കണ്ടപ്പോൾ കാണിക്കുന്നില്ലെന്ന് എനിക്ക് സങ്കടവും വന്നു.

അടുത്ത ദിവസം വീട്ടിൽ വന്ന അവന് പരിചയക്കേടൊന്നുമില്ല. അവൻ ഒറ്റക്ക് സോഫയിൽ ഇരുന്ന് സ്വന്തം ലോകത്ത് അഭിരമിക്കും. കളിപ്പാട്ടങ്ങൾ അവനെ ആകർഷിക്കുന്നേയില്ല. പിന്നെ ജനലിനടുത്ത് പോയി സൂര്യകിരണങ്ങളെ നോക്കി കൈ കൊട്ടിച്ചിരിക്കും. എന്തോ പിടിക്കാനായി ശ്രമിക്കും. കളിപ്പാട്ടങ്ങൾ ഒറ്റ നിരയിൽ നിരത്തി വെക്കും. എന്നിട്ട് അത് നോക്കി ചിരിക്കും.

അതിനിടെ ഒരു ദിവസം എൻ്റെ കുക്കർ വിസിലടിച്ചു. അത് അവനെ വല്ലാതെ അസ്വസ്ഥനാക്കി. ചെവിയിൽ വിരൽ തിരുകിക്കൊണ്ട് അവൻ കരയുന്നതു പോലെ ഒരു വിചിത്ര ശബ്ദമുണ്ടാക്കിയപ്പോൾ എനിക്ക് പെട്ടെന്ന് ഒരു സംശയം തോന്നി. പിന്നെ അവൻ്റെ കാൽ വിരലുകൾ ഊന്നിയുള്ള നടത്തവും ഞാൻ ശ്രദ്ധിച്ചു. മിക്സി, കുക്കർ തുടങ്ങിയ ശബ്ദങ്ങളോടുള്ള പ്രതികരണം സ്വാഭാവികമല്ലെന്ന് എനിക്ക് മനസ്സിലായി. 
ഞാൻ അവൻ്റെ അമ്മയോട് സംസാരിച്ചു. അവർക്ക് കുഞ്ഞിൻ്റെ പ്രവൃത്തികളിൽ സംശയമൊന്നുമില്ല . കുറുമ്പനാണ് അവൻ എന്ന് വാത്സല്യത്തോടെ ചിരിച്ചു. ഇരുപത്തിനാലു വയസ്സുള്ള പെൺകുട്ടി വളർത്തുന്നതിൻ്റെ പ്രശ്നങ്ങളാണെന്ന് ചിരിച്ചൊഴിഞ്ഞു.

പക്ഷേ ഞാൻ വിട്ടില്ല. കരാമയിലെ പ്രശ്സ്തമായ ക്ലിനിക്കിലെ പീഡിയാട്രീഷനെ കാണിക്കാൻ നിർബന്ധിച്ചു. എൻ്റെ ശല്യം സഹിക്കാനാവാതെ അവർ ഡോക്ടറെ കണ്ടു. ഡോക്ടർ അവന് ഒരു വിറ്റാമിൻ സിറപ്പ് എഴുതി കൊടുത്തു. ചേച്ചി വെറുതെ ഞങ്ങളെ പേടിപ്പിച്ചു എന്ന് ആ അമ്മ എന്നെ നോക്കി ചിരിച്ചു. പിന്നെ അവർ ഡേ കെയറിൽ വന്നില്ല .....

പിന്നെ ഞാനവനെ കാണുന്നത് ഏകദേശം പത്തു വയസുള്ളപ്പോഴാണ് ! അപ്പോഴേക്കും.....

സ്പെഷൽ കുട്ടികളുടെ പ്രശ്നങ്ങൾ ആദ്യകാലത്ത് മനസ്സിലാവാതെ പോവുന്നതിനെക്കുറിച്ച് സാബിർ എഴുതിയത് വായിച്ചപ്പോൾ പെട്ടെന്ന് കണ്ണടച്ച് ചിരിക്കുന്ന ആ സ്വർണ്ണ മുടിക്കാരനെ ഓർമ്മ വന്നു! മനസ്സിൽ മാപ്പ് പറഞ്ഞു !
ഞാൻ എന്തൊക്കെയോ കൂടി ചെയ്യേണ്ടിയിരുന്നെന്ന് സങ്കടപ്പെട്ടു.

കൃത്യമായ ശ്രദ്ധയും, ആക്ടിവിറ്റീസും, ക്ഷമയും സമയവുമുള്ള അച്ഛനമ്മമാരും ഉള്ളപ്പോൾ ഇത്തരം കുട്ടികൾ സാധാരണ കുഞ്ഞുങ്ങളേക്കാൾ ഒരു പടി മുന്നിൽ നിൽക്കുമെന്ന് ഈ പുസ്തകം വായിച്ചാലും അല്ലുവിനൊപ്പം FB യിൽ യാത്ര ചെയ്താലും മനസ്സിലാവും...

ജീവിതം എത്രമാത്രം മനോഹരമാണെന്ന് കാണിച്ച് തന്ന അല്ലൂസ് സബി, സാബിർ, സനു എന്നിവരോടുള്ള സ്നേഹം ഒരിക്കൽ കൂടി പറയട്ടെ !

നന്മകൾ മാത്രം സംഭവിക്കട്ടെ!
പ്രാർത്ഥനകൾ കൂടെയുണ്ട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക