Image

ജാലകക്കണ്ണാടി (കവിത: വേണുനമ്പ്യാർ)

Published on 06 October, 2024
ജാലകക്കണ്ണാടി (കവിത: വേണുനമ്പ്യാർ)

കിളിക്കൂടുകളിലെ ഗായകർ 
പുലരിയുടെ മൌനത്തെ
കണിശമായി ചിട്ടപ്പെടുത്തുമ്പോൾ....

നിന്റെ നീൾമിഴികൾ
ഹൃദയത്തിന്റെ ഊഷരതയെ
നിഷ്കരുണം തുറന്നു കാട്ടുമ്പോൾ.....

ഒറ്റപ്പെട്ട കണ്ണൂനീർത്തുള്ളിയിൽ
ഒരു സങ്കടക്കടലത്രയും വീർപ്പുമുട്ടുമ്പോൾ.......

ഏതൊ അനാഥനു വേണ്ടി
ആകാശച്ചെരിവിൽ ഒരു നക്ഷത്രം
കണ്ണു ചിമ്മുമ്പോൾ.......

കവരങ്ങളിലുറങ്ങുന്ന പക്ഷിക്കൂടുകൾക്കൊപ്പം 
ഒരു പച്ചിലക്കൊട്ടാരം മണ്ണിൽ
അറത്തു വീഴ്ത്തപ്പെടുമ്പോൾ.......

സ്വർഗ്ഗത്തിലെ അവസാനത്തെ
ശ്വാനനും ധർമ്മപ്പശുവിനു നേരെ
ചീറിയടുക്കുമ്പോൾ.......

ശൈശവശാപങ്ങൾ മനസ്സിൽ
ഉയിർത്തെഴുന്നേറ്റ്
അണയാത്ത ജീവന്റെ
അനുഗ്രഹം ചൊരിയുമ്പോൾ.....

യാഥാർത്ഥ്യം മുടന്തുകാലുമായി
കാരമുള്ളുകളുടെ മെത്തയിൽ
നൃത്തം ചവിട്ടുമ്പോൾ.......

ജീവിതത്തിൽ പ്രണയം ഹ്രസ്വവും 
മറവി സുദീർഘവും 
ആകസ്മികതകൾ സുസ്ഥിരമായ ചമത്ക്കാരവുമാകുമ്പോൾ.......

സന്ധ്യയ്ക്ക് ആരൊ
ഉയർത്തി വിട്ട 
സ്വപ്നങ്ങളുടെ വർണ്ണപ്പട്ടങ്ങളായി നമ്മളൊക്കെ ശൂന്യതയിൽ തലയിട്ടടിക്കുമ്പോൾ......

ദുർബ്ബലനായ ഒരു കവിക്ക് മാത്രമായി
എന്തു ചെയ്യാൻ കഴിയും?

ഒന്നുകിൽ നിരന്തരമെഴുതിക്കൊണ്ട്,
സമയത്തെ ഗൌനിക്കാതെ,
ഉടലിൽ ഉടനീളം നീളുന്ന 
രതിമൂർച്ഛയ്ക്കതീതമായി ഉയർന്ന്
അയാൾക്ക് കവിതയെ ജാലകമാക്കാം
അല്ലെങ്കിൽ കണ്ണാടിയാക്കാം

അതുമല്ലെങ്കിൽ അയാൾക്ക്,
ഇരുണ്ട ജീവതാളങ്ങൾക്ക് വശംവദനായി,
ആത്മഹത്യ ചെയ്യാം
സിൽവിയാ പ്ലാത്തിനെപ്പോലെ!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക