Image

സ്നേഹപൂർവ്വം ഇയാൻ ബേബി : പി. സീമ

Published on 09 October, 2024
സ്നേഹപൂർവ്വം ഇയാൻ ബേബി :  പി. സീമ

ഈ പേജിൽ കയറി നഗ്നതാപ്രദർശനത്തിന്  തുനിഞ്ഞു എന്ന്  എന്റെ പേരിൽ ആരും കേസ് ഒന്നും എടുക്കരുതേ എന്ന് ആദ്യമേ പറയട്ടെ.

ഇയാൻ ബേബി എന്നാണ് എന്റെ പേര്. കോഴിക്കോട് ആണ് വീട്...പൊന്നു പോലെ എടുത്ത് ഉമ്മ തന്നോണ്ടിരുന്ന ഇനായ മോൾ ആണ് എനിക്ക്  ഈ പേരിട്ടത്.  എന്റെ കാലിന് ഒരു ചെറിയ കുഴപ്പം പറ്റിയപ്പോ നിൽക്കാൻ വയ്യാണ്ടായിപ്പോയി.  കുട്ടി നിർത്തിയാൽ ഞാൻ നിൽക്കൂല്ല.   "അയ്യോ പൊത്തോ" ന്ന് മറിഞ്ഞു വീഴും.  ചിലപ്പോ കുട്ടിക്ക് ദേഷ്യം വന്നാൽ ഒരൊറ്റ ഏറാ.  എന്ത് പറയാനാ.  സർജറി ചെയ്ത് എന്റെ കാല് ശരിയാക്കാം എന്ന് കുട്ടീടെ പപ്പ പറഞ്ഞത്  കേട്ട് കുറെ നാൾ കുട്ടി ക്ഷമിച്ചു കാത്തിരുന്നതാ. മടിയിൽ കിടത്തി കാൽ ഒക്കെ തിരുമ്മി തരുമായിരുന്നു..പക്ഷെ എന്നെ ആര് സർജറി ചെയ്യാൻ.  കാര്യം നിങ്ങൾക്ക് അറിയാല്ലോ.

ബാക്കി എല്ലാരും  കുട്ടി നിർത്തുമ്പോ നിൽക്കും.  ഞാൻ മാത്രം ഇങ്ങനെ തല കുത്തി മറിഞ്ഞു  വീണുപോകുന്നത് എന്റെ കഷ്ടകാലം.  ഒരു ദിവസം ദേഷ്യം വന്നപ്പോ "നിന്നോടു കൂട്ടില്ല  ട്ടോ "എന്ന് പറഞ്ഞ് കുട്ടി എന്റെ കുപ്പായം ഊരി ദൂരെയെറിഞ്ഞു.  കൂടെ മുടീം പോയി മൊട്ടത്തലയനായി . കുപ്പായം ഇവിടെങ്ങോ ഉണ്ട്.   ഇനീപ്പോ ഇങ്ങനെ കിടക്കാം.  ഞാൻ ഒരു കുഞ്ഞല്ലേ.... പിന്നെ ആരെങ്കിലും ഇനിയും ഒരു ഓണക്കോടി വാങ്ങിച്ചു തന്നിരുന്നേൽ ഉടുത്തേനെ .  അല്ലേൽ ഏതെങ്കിലും ഒരു വാമനനോട് പറഞ്ഞ് ആ പാതാളത്തിലേക്കു ചവിട്ടിയാൽ താഴ്ന്ന് പോകാനും ഇഷ്ടാ.

പാതാളത്തിൽ ചെന്നാൽ അടുത്ത കൊല്ലം  മാവേലിയുടെ കൂടെ ഓണം കാണാൻ വരാമായിരുന്നു.   പിന്നെ എനിക്ക് ഒരു ലവ് ഒക്കെ ഉണ്ടാരുന്നു ട്ടോ ആ പോളി ബേബിയോട്. അവൾക്കു നല്ല ചെമ്പൻ മുടിയും നീലക്കണ്ണുകളും ഒക്കെ ആണ്.   വരുമ്പോ അവളേം കാണാല്ലോ. ഇപ്പൊ മുണ്ടും തുണീം ഒന്നും ല്ലാതെ കാണുന്നത് മഹാ മോശമല്ലേ .മാവേലിയുടെ കൂടെ ആകുമ്പോ കിരീടവും പപ്പടക്കുടയും ഒക്കെ ചൂടി  വരാം.. അതൊരു ഗമയല്ലേ.

ഒക്കെ ഒരു മോഹമാ.   മോഹിച്ചത് പോലെ ഒന്നും അല്ലല്ലോ  ചിലപ്പോ ജീവിതം.  മുതിർന്നവർ ചിലപ്പോൾ പുതിയ കൂട്ടുകാരെ കിട്ടുമ്പോ പഴയവരെ മറക്കാറില്ലേ.... അതുപോലെ അല്ലേ കുട്ട്യോളും.. പുതിയ കളിപ്പാട്ടം കിട്ടുമ്പോ പഴയതു വേണ്ടാതെ ആകും. സാരല്യ... എന്നാലും കുട്ടി ഒരു കുപ്പായം ഇനീം വാങ്ങി  ഇട്ടു തരുമായിരിക്കും. 

നിങ്ങൾ ആരേലും ഓൺലൈൻ വാങ്ങി അയച്ചു തന്നാലും മതി 
ഓണത്തിന്റെ പായസം ഉണ്ടേലും ഓൺലൈൻ ആയി അയച്ചു തന്നോളൂ.  എത്ര വേണേലും കുടിച്ചോളാം. ഞാൻ ഒരു പായസക്കൊതിയനാ. ആരോടും പറയണ്ടാ ട്ടോ.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക