കോടമഞ്ഞിൻ കുളിരിൽ
പുതയുന്ന കുടജാദ്രി സാനുവിൽ
നിറസന്ധ്യ പൂക്കുന്നു
ഗഗന തീരങ്ങളുമ്മ -
വയ്ക്കുന്ന മലനിരകളിൽ
കുങ്കുമ ചാർത്തുകൾ ...
കാൽച്ചിലങ്കകൾ
നൃത്തം ചവിട്ടുന്ന
സൗപർണ്ണികയുടെ
തെളിനീരൊഴുക്കിൽ
മിന്നിത്തെളിയുന്നു
മഴവില്ലു ശോഭപോൽ
വെള്ളാരം കല്ലിലെ
സൂര്യ കിരണങ്ങൾ ...
അകതാരിൽ വിദ്യക്ക്
അഗ്നിപകരുന്ന
ചുറ്റമ്പലത്തിലെ
അക്ഷര മണ്ഡപം..
ഹരിശ്രീ വിടരുന്ന
നാവിന്റെ തുമ്പിൽ
വരപ്രസാദമായ്
ദേവി മൂകാംബിക ...
ഇളം കാറ്റിലുതിരുന്ന
ഹിമകണം വദനത്തിൽ
അശ്രുബിന്ദുക്കളാൽ
ചെഞ്ചായം പൂശുന്നു
പ്രദക്ഷിണ വഴിയിലെ
നാമ ജപങ്ങൾക്ക്
ശ്രുതിപദം പകരുന്ന
ശംഖുനാദങ്ങളും ...
അക്ഷരദീപങ്ങൾ
വെളിച്ചം പകരുന്ന
അകമണ്ഡപത്തിലെ
കരിമഷി വിളക്കിലേ -
ക്കിത്തിരി നറുനെയ്യ്
പകരട്ടെ ഞാനുമീ -
ഇരുൾ പരക്കുന്ന
നവരാത്രി സന്ധ്യയിൽ ...