Image

മരവും ഞാനും (കവിത: മാത്യു മൂലേച്ചേരില്‍)

Published on 11 September, 2012
മരവും ഞാനും (കവിത: മാത്യു മൂലേച്ചേരില്‍)
ഒരില പോലുമില്ലാത്തൊരു
വള്ളിച്ചെടിതന്‍ തണ്ടു,നട്ടുഞാന്‍
വെള്ളവും വളവും അതിനേകി
മുകുളത്തിലേക്ക്‌ നോക്കി ദിനവുമിരുന്നു!

ദിവസങ്ങള്‍ മാസങ്ങള്‍ പലതും കഴിഞ്ഞു
കണ്ടില്ല ഒരിക്കലും അതിന്‍ കിളിര്‍പ്പുകള്‍
എങ്കിലും,ഉണങ്ങിയിട്ടില്ല പച്ചിപ്പുണ്ടുതണ്ടില്‍

എന്താണിത്‌ കിളിര്‍ക്കാത്തെ,
എന്താണതിന്‍ പ്രയാസങ്ങള്‍
ഞാന്‍ കൊടുത്ത വെള്ളവും വളവും മോശമോ
അതോയെന്‍ ഭ്രുത്യവൃത്തിതന്‍ കുറവുകളോ

പെട്ടെന്നൊരു ദിനം
ഉറക്കമുണര്‍ന്നു കണ്ടതാം കാഴ്‌ചയാല്‍
ഞാനമ്പരന്നുപോയ്‌, ഭീതിയാല്‍ വിറയലും

വള്ളിയായ്‌ വളരേണ്ടോരു ചെടിയിതാ
ഇലകളും പൂക്കളുമായൊരു വന്മരമായ്‌ നില്‍പ്പൂ
അതിന്‌ച്ചുവട്ടില്‍ ഒരുഗന്ധര്‍വ്വനും
വെള്ളവും വളവുമേകി പരിപാലിച്ചീടുന്നു

അതി ദു:ഖത്താല്‍ തലയും താണെന്റെ
കൈകളാല്‍ താങ്ങി വിങ്ങുമെന്‍ ഹൃദയത്തെ
ഏന്തിവലിഞ്ഞെത്തി ഞാനാ മരച്ചുവട്ടിലും

ചുടുചോര കണ്ണീരായ്‌ ഒഴുകി
താളം പിടിച്ചത്‌ തുള്ളികളായ്‌ മാറിലും
ബോധംമറഞ്ഞു ഞാനങ്ങുറങ്ങി

ഉണര്‍ന്നപ്പോള്‍ വീണ്ടും മഹാശ്ചര്യം
ചുറ്റിലും പൂക്കള്‍ കിടന്നതും പൂക്കളില്‍

മുകളിലേക്ക്‌ നോക്കിയാ മരത്തെകണ്ടപ്പോള്‍
അതെന്നെ നോക്കി പുഞ്ചിരിച്ചീടുന്നു
കൊമ്പുകളെല്ലാമേ ചാഞ്ചാടിയാടുന്നു

അതിനെ ഞാനപ്പോള്‍ ചുറ്റിവരിഞ്ഞു
നിറമിഴികളാല്‍ നിര്‍ത്താതെ ചുംബിച്ചു
ഒടുവില്‍ തളര്‍ന്നു അതിന്‍ ചുവട്ടിലും ചാഞ്ഞു!

ആ ഗന്ധര്‍വ്വന്‍ വന്നെന്റെ തോളില്‍തട്ടി
എന്നോടരുളി, നീയാണുത്തമന്‍, നീയാണ്‌ സ്‌നേഹം
ഞാനല്ല നീതാന്‍ ഈ മരത്തിനു ഗന്ധര്‍വ്വന്‍
മരവും ഞാനും (കവിത: മാത്യു മൂലേച്ചേരില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക