തേങ്ങി കരഞ്ഞൻറെ
വേനൽക്കാല കൃഷികൾ
മഞ്ഞിൻ വരവിനോർമയിൽ
മരവിച്ചങ്ങനെ !
പഴുത്തൊരു പാവൽ
പാടവലത്തോടോതി:-
ഏറെക്കാലമില്ലെങ്കിലും
നാളെത്ര ഉല്ലസിച്ചു നമ്മൾ!
എത്ര ചിത്രശലഭങ്ങളെത്തി
നമ്മെ തേടി ,സുന്ദരിമാരാവരുടെ
കവിൾത്തടങ്ങളിൽ
എത്രയെത്ര ചുബനങ്ങൾ നൽകി
കാറ്റുകൾ പുൽകിയ രാത്രികളിൽ
കഥകൾപറഞ്ഞു നാം ഉറങ്ങിയില്ലേ !
ചന്ദ്രനുദിച്ച നിലാവിൽ
നമ്മിൽ വിടർന്ന പൂക്കളെ തേടി
വണ്ടുകൾ വന്നതോർമ്മയില്ലേ!
മൂളിപ്പറന്നുമയക്കി നമ്മിലവർ
ബീജംവിതച്ചു പോയതോർമ്മയില്ലേ!
എങ്കിലും പരാതിയില്ല
സ്വാർത്ഥത നമ്മിലില്ല
പരസ്പര സ്നേഹം കൊടുത്തു നാം
പ്രകൃതിതൻ വരദാനമായി
മനുഷ്യരെയും സർവ ചരാചരങ്ങളെയും
നിസ്വാർത്ഥമായി സേവിക്കും നമ്മൾ !
ഈജീവിതമെത്ര ധന്യം
ഇനിയുമൊരിക്കൽക്കൂടി
ജീവിച്ചു മതിവരാൻ,
ഒരു വിത്തിലൊളിച്ചു വീണ്ടും
വരും ഞങ്ങൾ അടുത്ത സമ്മറിൽ !