"പുതുമഴക്ക് മുമ്പ് തിണ്ടുമ്മല് വരിക്കയുടെ ചക്ക മൂത്ത് വരട്ടാൻ പാകമായാൽ മതിയായിരുന്നു. മഴയുടെ ഒരു തുള്ളി തട്ടിയാൽ മതി ചക്കയുടെ രുചി പോവാൻ, പ്രത്യേകിച്ച് വരട്ടാനുള്ള
ചക്കയുടെ" ! ആകാശത്തെവിടെയെങ്കിലും മഴക്കാറിൻ്റെ മിന്നായം ഉണ്ടെന്ന് തോന്നിയാൽ മതി, അച്ഛമ്മക്ക് വെപ്രാളം തുടങ്ങാൻ.
ഏപ്രിൽ മെയ് മാസങ്ങളിൽ അച്ഛമ്മയും ജാനു അമ്മയും തമ്മിലുള്ള സംഭാഷണങ്ങളിലെ മുഖ്യ വിഷയം ചക്കയായിരിക്കും. പടിഞ്ഞാറെ പിലാവിൻ്റെ ചക്കകൾ ഇടിച്ച്കുത്തിപ്പുഴുങ്ങാനും, ഇരട്ടപ്പിലാവിൻ്റെ ചക്കകൾ ചിള്ളി വറുക്കാനും മീത്തലെ പറമ്പത്തെ വരിക്കയും തിണ്ടുമ്മല് വരിക്കയും വരട്ടാനും ഉള്ളതാണെന്ന് അലിഘിത നിയമമാണ്.
വീട്ടിലെ എല്ലാ പ്ലാവുകൾക്കും വിചിത്രമായ വിളിപ്പേരുകൾ ഉണ്ടായിരുന്നു. കിഴക്ക് ഭാഗത്ത് നിവർന്നു നില്കുന്ന പ്ലാവിൻ്റെ പേരാണ് പടിഞ്ഞാറെപ്പിലാവ് എന്നത്. പറമ്പിൻ്റെ ഒത്ത മദ്ധ്യത്തിൽ ശാഖോപശാഖകളായി വിലസുന്നവനാണ് തിണ്ടുമ്മലെ വരിക്ക. പണ്ടെപ്പോഴോ തിണ്ടുമ്മലും പടിഞ്ഞാറു ഭാഗത്തും ഉണ്ടായിരുന്ന പ്ലാവുകളുടെ വിത്തിൽ നിന്ന് പൊടിച്ചത് കൊണ്ടാണത്രെ അവരീ പേരുകളിൽ അറിയപ്പെടുന്നത്. ഇരട്ടപ്പിലാവിന് മാത്രമാണ് അല്പമെങ്കിലും അന്വർത്ഥമായ പേരുള്ളത്. രണ്ട് കുരുക്കൾ ഒന്നിച്ച് പൊടിച്ച് വളർന്നുണ്ടായത് കൊണ്ട് പരസ്പരം ചേർന്ന് നില്ക്കുന്ന വലിയ പ്ലാവാണ് ഈ ഇരട്ടപ്പിലാവ്. അതിലെ ചക്കകൾ ചെറുതും നല്ല ഉരുണ്ട ഷേപ്പിൽ ഉള്ളതുമാണ്.
ചക്കക്കുരു പുറ്റുമണ്ണിൽ പെരക്കി സീസൺ കഴിഞ്ഞാൽ ഉപയോഗിക്കാനായി വലിയ കലമുണ്ട്. അക്ഷയപാത്രം പോലെയാണ് അത്. ഏത് സീസണിലും ചക്കക്കുരു ഉണ്ടാവും. അന്യനാട്ടിൽ പോയ മക്കൾ അവധിക്ക് വരുമ്പോൾ ചക്കസീസൺ അനുഭവിപ്പിക്കാനാണ് കുരു പ്രിസർവ് ചെയ്ത് സൂക്ഷിക്കുന്നത്. അവർക്ക് ചക്കപ്പുഴുക്ക് കൂട്ടാൻ പറ്റാത്തതിൻ്റെ സങ്കടം തീർക്കാനാണ് ചക്കക്കുരു ഉപ്പേരി ഉണ്ടാക്കി ചോറിനൊപ്പം വിളമ്പുന്നത്!
അതിനും വരിക്കപ്പിലാവിൻ്റെ കുരു തന്നെയാണ് നല്ലത്. വീട്ടിൽ ആകെ ഒരു പിലാവ് മാത്രമെ പഴംചക്ക (കൂഴച്ചക്ക) വിളയുന്നതുള്ളൂ. കക്കൻ പിലാവ് എന്ന് ആ പിലാവിനിട്ട പേരിൽ പോലുമുണ്ട് ഒരസ്പൃശ്യത. പഴം ചക്കകൾ ഇളം മൂപ്പിൽ തേങ്ങ ധാരാളമിട്ട് ഉപ്പേരി വെക്കാനും ഇടിച്ചക്ക തോരൻ ഉണ്ടാക്കാനും മാത്രമാണ് അച്ഛമ്മ ഉപയോഗിച്ചിരുന്നത്. ആരുടെയും കണ്ണിൽപ്പെടാതെ ഒളിച്ച് പഴുക്കുന്ന പഴംചക്ക കടലപ്പരിച്ച് ചേർത്ത് പായസം വെക്കും. എനിക്കാണെങ്കിൽ കൊഴുകൊഴുത്ത ആ പായസവും അതിലെ ചുക്ക് പൊടിച്ചിട്ട മണവും തേങ്ങാക്കൊത്തിൻ്റെ കറുമുറുപ്പും വല്യ ഇഷ്ടവുമായിരുന്നു.
വരട്ടാനുള്ള ചക്കകൾക്ക് ഒരു അധീശത്വഭാവമുണ്ട്. കാരണം അവ സാധാരണ പോലെ പറിച്ച് താഴത്തേക്കിടില്ല. സുക്ഷ്മതയോടെ
കയറിൽ കെട്ടി താഴ്തിയാണ് താഴെ ഇറക്കുക. ഭൂമിയിൽ എത്തിയാലും ആവശ്യത്തിൽ കൂടുതൽ ഭയഭക്തിബഹുമാനങ്ങൾ വരട്ടാനുള്ള ചക്കക്ക് അച്ഛമ്മ നൽകും. വിളഞ്ഞ് മൂത്ത് പാകമായ ചക്കകൾ തൊട്ടും പിടിച്ചും നോക്കി, ഈ കൊല്ലം കാര്യമായി ചക്കകൾ ഉണ്ടായില്ലെന്ന് സങ്കടം പറയും.
പറിച്ചെടുത്ത ഉടൻ ചാക്കിൽ പൊതിഞ്ഞ് കുഞ്ഞകത്ത് സൂക്ഷിക്കുന്ന ചക്ക പഴുത്ത് തുടങ്ങുമ്പോൾ അടുക്കളയും വടക്കുപുറവും മധുരമുള്ള സുഗന്ധത്താൽ നിറയും. ആ ഗന്ധത്തിൽ നിന്നാണ് പഴുപ്പിൻ്റെ പാകം അച്ഛമ്മ ഗ്രഹിക്കുക. ചക്ക പാകത്തിന് പഴുത്ത് കഴിഞ്ഞാൽ എല്ലാവരും വടക്ക് പുറത്ത് നിരന്നിരിക്കും. ജാനു അമ്മ ചക്കച്ചെത്തുകൾ നിരത്തി വെക്കും. അതിൽ നിന്ന് രണ്ടോ മൂന്നോ ചുളകൾ രുചി നോക്കാൻ എല്ലാവർക്കുമായി പങ്കുവെക്കും. ചക്കച്ചുള തിന്നുകൊണ്ട് അച്ഛമ്മ പറമ്പ് നിറയെ തേൻ വരിക്ക പ്ലാവുകൾ നട്ട് വെച്ച പൂർവ്വ പിതാമഹൻമാരെ നന്ദിയോടെ സ്മരിക്കും. അവരുടെ പേരുകൾ ഓർത്തെടുക്കാൻ ശ്രമിക്കും.
ഇരിഞ്ഞിട്ട ചതച്ചുളകൾ എല്ലാവരും കൂടി വളരെ ചെറുതായി അരിഞ്ഞ് ഉരുളിയിൽ നിറക്കും. അപ്പേഴേക്ക് ജാനു അമ്മയുടെ നേതൃത്വത്തിൽ വലിയമ്മ വലിയ മൂന്ന് കല്ല് ചേർത്ത് വെച്ച് വടക്കേപ്പുറത്ത് താത്കാലിക അടുപ്പ് ഉണ്ടാക്കിയിട്ടുണ്ടാവും. കനൽ ഉണ്ടാവുന്ന വലിയ വിറകുകൾ മാത്രമെ അവർ ചക്കവരട്ടാനുള്ള അടുപ്പിൽ ഉപയോഗിക്കാറുള്ളൂ. ഈ വിറകുകളും കാലേകൂട്ടി സൂക്ഷിച്ചു വെച്ചിട്ടുണ്ടാവും.
അകത്തെ അടുപ്പിൽ കുറുക്കിയ ശർക്കരപ്പാനി തയ്യാറാക്കുന്ന പണിയും വല്യമ്മയുടേതാണ്. പഴുത്ത ചക്കക്കഷണങ്ങൾ വെന്തു തുടങ്ങുമ്പോൾ പരിസരം മുഴുവൻ ആ ഗന്ധത്താൽ നിശബ്ദമാവും. അവ വെന്ത് പാകമായിത്തുടങ്ങുമ്പോൾ വെള്ളം പൊട്ടിത്തെറിക്കും. അതിനാൽ വലിയ കൈ നീളമുള്ള ഒരു ചട്ടുകമുണ്ട്. അതു വെച്ച് പെണ്ണുങ്ങൾ മാറി മാറി ഇളക്കും . ഇടക്കിടെ അതിലേക്ക് നൈ ഒഴിച്ച് കൊടുക്കും. ചക്കപ്പഴങ്ങൾ വെന്ത് പാകമായി നല്ല ലൂസായി വരുമ്പോൾ ശർക്കരപ്പാവും പൊടിച്ച ഏലക്കയും ചേർത്തിളക്കിത്തുടങ്ങും. നൈപ്പാത്രങ്ങൾ അതിനിടെ കാലിയാവുന്നുണ്ടാവും.
ചക്കയും ശർക്കരയും ചെറുതീയിൽ പരസ്പരം യോജിച്ച് സ്നേഹിച്ച് തുടങ്ങുമ്പോഴാണ് ഇളക്കാനായി കരുണേട്ടനും അമ്മാവനും പ്രത്യക്ഷപ്പെടുന്നത്. അപ്പോഴേക്ക് വരണ്ട് വരണ്ട് ഇളം ബ്രൗൺ നിറത്തിലായിട്ടുണ്ടാവും ചക്ക. ശർക്കരയും നൈയും ഏലക്കായും കൂടി ചേർന്ന് ചക്കയുടെ ഗന്ധം അവിടം മുഴുവൻ പടർന്ന് വിലസും. ചക്ക പാകമാവുന്നതിനിടെ പല തവണ ഗന്ധങ്ങൾ മാറി മറിഞ്ഞ് വരും. അവ മൂക്കിൽ ആവാഹിച്ച് വരട്ട് പാകം കൃത്യമെന്ന് അച്ഛമ്മ സംതൃപ്തയാവും.
തീയുടെ പാകം നോക്കുന്നത് അച്ഛമ്മ തന്നെയാണ്. ഉരുളിയിൽ എല്ലായിടത്തും തുല്യമായിരിക്കണമത്രേ തീച്ചൂട്. ഓലക്കണ്ണി തീ പിടിപ്പിക്കാൻ മാത്രമെ ഉപയോഗിക്കൂ. ബാക്കിയൊക്കെ കനപ്പിടിപ്പിള്ള വിറകുകൾ ആണ്.
അങ്ങിനെ ഇളക്കിയിളക്കി എല്ലാവരും തളർന്ന് തുടങ്ങുമ്പോൾ ചക്ക ഉരുളിയിൽ ഉരുണ്ടു തുടങ്ങും. അപ്പോൾ വീണ്ടും നൈ കോരിയൊഴിക്കും. നെയ്യിൽ വരണ്ട് പാകമായ ചക്കയെ സൂക്ഷ്മമായി നിരീക്ഷിച്ച് അച്ഛമ്മ നിറുത്താൻ ആഗ്യം കാണിക്കും. ഉടനെ തീ താഴ്തി , ഉരുളി അടുപ്പിൽ നിന്നിറക്കും. എന്നാലും കുറച്ച് സമയം കൂടി ഇളക്കി പാകം വരുത്തും.
ചട്ടുകത്തിൽ പറ്റിയത് ഊതിയൂതി ചൂടാറ്റി അച്ഛമ്മ രുചി നോക്കും. സംതൃപ്തിയോടെ ചിരിക്കും. തുടച്ച് വെച്ച വാഴയിലയിൽ അല്പം പകർന്ന് വെക്കും. ഇപ്പോൾ എല്ലാവർക്കും പങ്കുവെക്കാനുള്ളതാണ് അത്. ശേഷം ബാക്കി ഉണക്കിത്തുടച്ച് വെച്ച കുഞ്ഞുരുളിയിലേക്ക് മാറ്റും. അടുത്ത കൊല്ലം വരെ ഉപയോഗിക്കാനുള്ള ചക്കവരട്ടിയാണ് ഉരുളിയിലുള്ളത്. നന്നായി തണുത്തതിന് ശേഷമേ ഭരണികളിൽ പകരൂ.
ചക്കവരട്ടിയതിൻ്റെ പൊട്ടും പൊടിയും അവശേഷിക്കുന്ന ഉരുളി വീണ്ടും അടുപ്പിൽ കയറും. ആദ്യമേ തയ്യാറാക്കി വെച്ച തേങ്ങാപ്പാലും , ഉരുക്കിയ ശർക്കരയും കഴിഞ്ഞ കൊല്ലത്തെ ബാക്കിയായ വരട്ടിയ ചക്കയും ചേർത്ത് വീണ്ടും ഇളക്കൽ പരിപാടി തുടരും.. അതിങ്ങനെ വെന്ത് കുറുകുമ്പോൾ നൈയ്യിൽ വറുത്ത തേങ്ങാക്കൊത്തുകളും ഏലക്കായ പൊടിയും വിതറും! എന്നിട്ട് തീക്കനലുകൾ തളർത്തിയിടും. വറവിടൽ കഴിഞ്ഞാൽ തീച്ചൂടിൻ്റെ ആവശ്യമില്ല!
ഞങ്ങൾ കുട്ടികൾ രംഗപ്രവേശനം ചെയ്യുന്നത് അപ്പോഴാണ്. രാവിലെ മുതലുള്ള മധുരമണത്താൽ പൊറുതിമുട്ടിയ ഞങ്ങൾ പായസ ഉരുമിക്ക് ചുറ്റും സ്ഥാനം പിടിക്കും. വാഴയില കിണ്ണത്തിൽ വെച്ച് ഞങ്ങൾക്ക് അച്ഛമ്മ പായസം ഒഴിച്ച് തരും.
തൊട്ട് നക്കി രുചിയറിഞ്ഞ്, തേങ്ങാ കൊത്ത് ചവച്ച് ഞങ്ങളത് സമയമെടുത്ത് ആസ്വദിച്ച് കുടിക്കും. പായസം കുടിച്ചു കൊണ്ടിരിക്കുമ്പോൾ തിണ്ടുമ്മല് വരിക്കയോട് എന്തെന്നില്ലാത്ത സ്നേഹം വരും! പിന്നെ മധുരവും രുചിയും കിറുകൃത്യമായി ചേരുവ കൂട്ടിയ അച്ഛമ്മയോടും !
കാലം ഇത്രയൊക്കെ കഴിഞ്ഞിട്ടും ആ രുചിയും മണവും ഇന്നും മനസ്സ് നിറയെയുണ്ട്. അച്ഛമ്മ പോയതിനു ശേഷവും ചക്ക വരട്ടി വെക്കാറുണ്ട്. മിക്സിയിൽ അരച്ച് എളുപ്പപ്പണിയിലുണ്ടാക്കുന്ന ചക്കവരട്ടിയതിന് രുചിയുണ്ടാവുമെങ്കിലും ഓർമ്മകൾ ഉണ്ടാവില്ല !
പാറു അമ്മയും ജാനു അമ്മയും കരുണേട്ടനും , കൂട്ടത്തിൽ തിണ്ടുമ്മല് വരിക്കയും ഓർമ്മകൾ മാത്രമായി!
പക്ഷേ ഞാനും അതിൻ്റെ രണ്ട് കുരുക്കൾ വടക്കേപ്പുറത്ത് നട്ടു വെച്ചിട്ടുണ്ട്.....
തലമുറകൾക്കപ്പുറം എൻ്റെ ജീവിതം അടയാളപ്പെടുത്താൻ ആ പ്ലാവെങ്കിലും ഉണ്ടാവട്ടെ....