Image

വാക്കിലപ്പച്ച (രമാ പിഷാരടി)

Published on 14 October, 2024
വാക്കിലപ്പച്ച (രമാ പിഷാരടി)

കണ്ണിലിറ്റും വെളിച്ചത്തിലേക്ക്
വന്ന് വീഴുന്ന പാഴ്നിഴൽക്കൂട്ടം
മങ്ങിമങ്ങിയതിൽ മേഘസന്ധ്യ
മൺചെരാതിലൊരറ്റനക്ഷത്രം..

നീണ്ട പാത തുലാവർഷമേഘം
കാരിരുമ്പഴിക്കൂടിൽ തുരുമ്പ്
മെല്ലെമെല്ലെയടർത്തിയിരുട്ടിൻ
ചില്ലകൾ ചാഞ്ഞ നാട്ടുവെട്ടത്തിൽ

പണ്ടിതേപോലെ പാതിരാപ്പക്ഷി
കൊണ്ട് വന്നിട്ട  ഗാനത്തിനുള്ളിൽ
മേഘമൽഹാർ, മഴക്കാലരാഗം
പ്രാണനൊമ്പരം, ചെമ്പകപ്പൂക്കൾ

ബാല്യകാലം വിരൽ തൊട്ട മണ്ണിൽ
ഭൂമിയേറ്റും സ്മൃതിപ്പെട്ടിയൊന്നിൽ
ഓലഞ്ഞാലികൾ കൂടുകൂട്ടുമ്പോൽ
കാറ്റ് നെയ്തയിളം മുളപ്പച്ച

തീക്കനലാറ്റി രാത്രി പോകുമ്പോൾ
പൂക്കളഗ്നിപൂജയ്ക്കൊരുങ്ങുമ്പോൾ
ഓർത്തുവയ്ക്കാനുഷസ്സിൻ്റെ ദീപം
വാക്കിലയിലായക്ഷരക്കൂട്ട്..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക