Image

റിപ്പബ്ലിക്കൻ പാർട്ടി സെനറ്റ് തിരിച്ചു പിടിച്ചേക്കും എന്ന് പ്രവചനം (ഏബ്രഹാം തോമസ്)

Published on 15 October, 2024
റിപ്പബ്ലിക്കൻ പാർട്ടി സെനറ്റ് തിരിച്ചു പിടിച്ചേക്കും എന്ന് പ്രവചനം  (ഏബ്രഹാം തോമസ്)

വാഷിംഗ്‌ടൺ: യു എസ് സെനറ്റ് സീറ്റുകൾക്കുള്ള മത്സരം ഓരോ സീറ്റിലും ഇഞ്ചോടിഞ്ച് എന്ന നിലയിലാണ്. ടെക്സസിലെ ടെഡ് ക്രൂസിന്റെ സീറ്റിൽ കോളിൻ ആൾറെഡ് വീണ്ടും വെല്ലുവിളി ഉയർത്തുന്നു. കാര്യമായി ഫണ്ടിങ് നേടി ചാനൽ പരസ്യങ്ങളുമായി ആൾറെഡ് മുന്നേറുകയാണ്. എന്നാൽ ക്രൂസിനെ പരാജയപ്പെടുത്തുക അത്ര എളുപ്പമല്ല എന്ന യാഥാർഥ്യം ദിവസം കഴിയും തോറും ഈ ഡെമോക്രാറ്റ് മനസിലാക്കുന്നു. ക്രൂസ് ജനഹിതമനുസരിച്ചല്ല വോട്ടു ചെയ്യ്തത് എന്ന് ഇയാൾ ആരോപിക്കുന്നു. പക്ഷെ ഇപ്പോഴും സെനറ്റിൽ ഭൂരിപക്ഷമുള്ള തന്റെ പാർട്ടിക്കു എന്തുകൊണ്ട് ക്രൂസിന്റെ ഒരു വോട്ടിനു മുൻപിൽ പരാജയപ്പെടണം എന്ന ചോദ്യത്തിന് മറുപടി ഇല്ല.

സെനറ്റിലെ സമവാക്യങ്ങൾ മാറിമറിയാമെന്നും റിപ്പബ്ലിക്കൻ പാർട്ടി സെനറ്റ് തിരിച്ചു പിടിക്കുമെന്നും ചിലർ പ്രവചിക്കുന്നു. മൊണ്ടാനയിലോ ഒഹായോവിലോ ഒരു സീറ്റു കൂടി നിലവിലെ സീറ്റുകൾക്കൊപ്പം പിടിച്ചാൽ വൈസ് പ്രസിഡന്റിന്റെ കാസ്റ്റിംഗ് വോട്ടിനു പ്രസക്തി ഇല്ലാതെയാവും(സമവാക്യം 50:50 എന്നതിൽ നിന്ന് 51:49 ആകും). അപ്പോൾ റിപ്പബ്ലിക്കന്മാർക്കു യഥേഷ്ടം നിയമം പാസ്സാക്കി എടുക്കുവാൻ കഴിയും എന്ന് നിരീക്ഷകർ പറയുന്നു.

റിപ്പബ്ലിക്കൻ 11, ഡെമോക്രാറ്റ് 23 സീറ്റുകളാണ് ഈ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. ഇതനുസരിച്ചായാലും റിപ്പബ്ലിക്കന്മാർ കൂടുതൽ സീറ്റുകൾ നേടാനുള്ള സാധ്യത കൂടുതലാണ്.

മൊണ്ടാനയിൽ ഒരു വ്യവസായി ആയ റിപ്പബ്ലിക്കൻ ടിം ഷീഹൈ ഡെമോക്രറ്റിക് സ്ഥാനാർഥി സെനറ്റർ ജോൺ റെസ്റ്ററിനു മേൽ മുന്നേറ്റം നടത്തും എന്നാണ് അഭിപ്രായ സർവേകൾ പറയുന്നത്. ഇത് ഏതാണ്ട് നിശ്ചയിച്ചുറപ്പിച്ച അവസ്ഥയിലാണെന്ന് നിരീക്ഷകരും പറയുന്നു. ഒഹായോവിലെ മണ്ഡലം നീലക്കോളർ വോട്ടർമാർ നിറഞ്ഞതാണെങ്കിലും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണയുള്ള  ബെർണി മൊറേനോയ്ക്കാണ് വിജയ സാധ്യത കൂടുതൽ എന്നു പോളുകൾ പറയുന്നു. എതിരാളി ഡെമോക്രാറ്റ് സെനറ്റർ ഷെറോഡ് ബ്രൗണിന്റെ സാദ്ധ്യതകൾ സർവേകൾ നിഷേധിക്കുന്നു.

വിസ്കോൺസിനിൽ ഡെമോക്രാറ്റ് സെനറ്റർ ടാമി ബാൾഡ്വിൻ റിപ്പബ്ലിക്കൻ സ്ഥാനാർഥി എറിക് ഹവിടെയുമായി ബലാബലം നിൽക്കുന്നു. മിഷിഗണിൽ മുൻ റിപ്പബ്ലിക്കൻ ജനപ്രധിനിധി മൈക്ക് റോജർസ് ഡെമോക്രറ്റിക് ജനപ്രതിനിധി  എലിസാ  സ്ലോട്ക്കിനുമായി തുറന്ന മത്സരത്തിലാണ്. കഴിഞ്ഞ 30 വർഷമായി ഒരു റിപ്പബ്ലിക്കനെ സംസ്ഥാനം സെനറ്റിലേക്കു അയച്ചിട്ടില്ല. അതിനാൽ ഈ മത്സരം ഏറെ താല്പര്യം സൃഷ്ടിച്ചിട്ടുണ്ട്. അറബ് വംശജരായ വോട്ടർമാർ ധാരാളമുള്ള ഇവിടെ ഇത്തവണ ഭരണകൂട നയങ്ങൾക്ക് അനുകൂലമായ വിധി ഉണ്ടാകുമോ എന്ന് കാണേണ്ടിയിരിക്കുന്നു.

റോജർസിന്റെ ഇസ്രായേൽ പ്രേമവും ഇത് വരെ വ്യക്തമായി അഭിപ്രായപ്രകടനം നടത്തിയിട്ടില്ലാത്ത എതിർ സ്ഥാനാർത്ഥിയുടെ നയങ്ങളുമാണ് ഏറ്റുമുട്ടുക. റോജർസ് പ്രചാരണത്തിന് ശേഖരിച്ചത് 5.3 മില്യൺ ഡോളറും സ്ലോട്ക്കിന്റെ  ഫണ്ടിംഗ് 24.1 മില്യൺ ഡോളറുമാണ്.

പെന്സിൽവേനിയയിൽ നടക്കുന്നതും വളരെ പ്രധാനപ്പെട്ട ഒരു മത്സരമാണ്-- റിപ്പബ്ലിക്കൻ ഡേവിഡ് മക്കോർമിക്കും ഡെമോക്രറ്റിക് സെനറ്റർ ബോബ് കേസിയും  തമ്മിൽ. മക്കോർമിക് സബർബുകളിലും ഗ്രാമീണ പ്രദേശങ്ങളിലും കൂടുതൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. കേസിക്കു വലിയ ഫണ്ടിങ്ങും പേരും ഉണ്ട്.

വെസ്റ്റ് വിർജിനിയയിൽ സ്റ്റേറ്റ് ഗവർണ്ണർ ജിം ജസ്റ്റിസ് റിപ്പബ്ലിക്കൻ സെനറ്റ് സ്ഥാനാർത്ഥിയാണ്. ഡെമോക്രാറ്റ് ജോ മാൻചിൻ വീണ്ടും മത്സരിക്കേണ്ട എന്ന് തീരുമാനിച്ച സാഹചര്യത്തിൽ ജസ്റ്റിസിന് ഒരു വാക്കോവർ തന്നെ ലഭിക്കും എന്ന് നിരീക്ഷകർ പറയുന്നു.

അരിസോണയിലെ സെനറ്റർ സിനിമ ഡെമോക്രാറ്റ് ആയിരുന്നു. അവർ ബൈഡനെ വിമർശിച്ചതിനെ തുടർന്ന് പാർട്ടിക്ക് അപ്രിയയായി. അവർ മത്സരിക്കുകയാണെങ്കിൽ അവർക്കു ഡെമോക്രാറ്റ്, റിപ്പബ്ലിക്കൻ എതിരാളികളെ നേരിടേണ്ടി വരും. അരിസോണ മാറിമറിയുന്ന ഒരു സംസ്ഥാനമായാണ് അറിയപ്പെടുന്നത്.

ഇവയിൽ ഏത് സംസ്ഥാനത്തെ സെനറ്റ് സീറ്റിനു വേണമെങ്കിലും നിറം മാറാം. ഏത് നിറമാണ്  കൂടുതൽ തെളിഞ്ഞു വരിക എന്ന് നവംബര് 5 നു ശേഷം അറിയാം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക