മുഖംമൂടിയുള്ള നീ തന്നെ വേണം
മുഖമില്ലാത്ത എന്നെ
കുറ്റം പറയുവാൻ!
ചിലപ്പോൾ എന്നെ നീ
അന്തർമുഖനെന്ന് വിളിക്കും
എനിക്കൊരു
ബഹിർമുഖമുണ്ടെന്ന കാര്യം
നീ വിസ്മരിക്കുന്നു
അതിൽ സൂര്യനും ചന്ദ്രനും
നക്ഷത്രവും അഗ്നിപർവ്വതവും
നെയ്യാമ്പലും പുഴയും
തിരസ്ക്കാരവും സ്വീകാരവുമുണ്ട്
അതൊക്കെ കാണാൻ
ദൈവം തന്നെ തരട്ടെ നിനക്ക്
ഒരു ജോഡി പുതിയ കണ്ണുകൾ.
3
എന്റെ വാമൊഴി
തികച്ചും ദുർഗ്രഹമെന്ന്
നീ കുറ്റപ്പെടുത്തുന്നു
എന്റെ നാക്ക്
മാറ്റി വെക്കാൻ കഴിയില്ല
ആകയാൽ മനസ്സിലാക്കാൻ
കഴിയുന്ന ഒരു ഹൃദയം
നിനക്ക് തരണേയെന്ന്
ദൈവത്തോട് യാചിക്കാം
ദൈവം ബധിരനാണെന്നു
കരുതുന്നില്ല
ചില നേരങ്ങളിൽ അങ്ങുന്ന്
ചെവി പൂട്ടി വെച്ച് ഉറങ്ങുമായിരിക്കും
അത് വാഴ്ത്തപ്പെടേണ്ട അനിഷേധ്യമായ ഒരു സ്വകാര്യതയല്ലോ!
4
ഏകാകിതയ്ക്കും
പ്രണയത്തിനും
ഏകാന്തതയ്ക്കുമപ്പുറം
എനിക്കൊരു
കൈവല്യമുഖമുണ്ട്
ജനിമൃതി തീണ്ടാത്ത
ആദിമമനസ്സിന്റെ ദൈവമുഖം
അത് കാണാൻ എനിക്ക്
നിന്റെ കണ്ണാടിയെന്തിന്!
5
എന്റെ ബലഹീനതകൾ
വെണ്ണപ്പുടവമോഷണങ്ങൾ
പൊലിപ്പിച്ചു കാട്ടുന്ന നിന്റെ വേദിയിൽ
ബധിരർക്കും കിട്ടുന്നുവല്ലോ
കേൾപ്പാനുള്ള ത്രാണി
കുരുടർക്കും കിട്ടുന്നുവല്ലോ
കാണ്മാനുള്ള കഴിവ്!
6
കാഴ്ചയെ കാഴ്ചയിലും
കേൾവിയെ കേൾവിയിലും
മണത്തെ മണത്തിലും
സ്പർശത്തെ സ്പർശത്തിലും
രസത്തെ രസത്തിലും
ഉപേക്ഷിക്കാൻ ശീലിക്കൂ
മരണത്തിനു മുന്നെ തന്നെ
നിനക്ക് സ്വർഗ്ഗത്തിലൊരു
മുറി ലഭിക്കും
എന്നാൽ അതിന്റെ താക്കോൽ
ഭൂഗോളമുറിയിൽ കഴിയുന്ന
എന്റെ കയ്യിലായിരിക്കും
നീ എന്നെ ഫാസിസ്റ്റ് എന്ന് വിളിച്ചാലും എനിക്കൊരു കുഴപ്പവുമില്ല.
7
ശർക്കരയുടെ മരം തേടി
ഞാൻ ഒരു കരിമ്പു പാടത്തെത്തിയില്ലേ;
ഇനിയെങ്കിലും എന്നെ നീ
ലക്ഷ്യബോധമില്ലാത്തവനെന്ന്
വിളിച്ചേക്കരുത്.