Image

ലോറന്‍സ് ബിഷ്ണോയ് പുതിയ മുബൈ ഡോണ്‍; അടുത്ത ഇര നടന്‍ സല്‍മാന്‍ ഖാന്‍(എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 15 October, 2024
ലോറന്‍സ് ബിഷ്ണോയ് പുതിയ മുബൈ ഡോണ്‍; അടുത്ത ഇര നടന്‍ സല്‍മാന്‍ ഖാന്‍(എ.എസ് ശ്രീകുമാര്‍)

ഒക്ടോബര്‍ 12 ശനിയാഴ്ച രാത്രി ദസറ ആഘോഷത്തിനിടെ മുംബൈ ബാന്ദ്രയിലെ ഓഫീസിന് പുറത്ത് എന്‍.സി.പി നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ ബാബ സിദ്ദിഖ് വെടിയേറ്റ് മരിക്കുകയും പിന്നീട് കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്ണോയ് സംഘം ഏറ്റെടുക്കുകയും ചെയ്തതോടെ മുംബൈ അധോലോകം കൊലവിളി നടത്തി സജീവമാവുകയാണ്. ഏക്കാലത്തും അധോലോക നായകന്മാരുടെ ഇഷ്ട കേന്ദ്രമായ മുംബൈയില്‍ വീണ്ടും ചോരപ്പുഴയൊഴുകാന്‍ തുടങ്ങിയിരിക്കുന്നു. ഹാജി മസ്താന്‍, വരദരാജ മുതലിയാര്‍, കരീം ലാല, ചോട്ട ഷക്കീല്‍, അരുണ്‍ ഗാവ്ലി, ഛോട്ടാ രാജന്‍, അബു സലിം, ടൈഗര്‍ മേമന്‍ പിന്നെ സാക്ഷാല്‍ ദാവൂദ് ഇബ്രാഹിം എന്നിവരുടെ പിന്‍ഗാമിയായി ലോറന്‍സ് ബിഷ്ണോയ്യുടെ ഗ്യാങ്ങ് മുംബൈയില്‍ ചുവടുറപ്പിക്കുകയാണ്.

പഞ്ചാബ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍ അക്രമം അഴിച്ചുവിട്ടിരുന്ന ബിഷ്ണോയ്, ബാബ സിദ്ദിഖിന്റെ കൊലപാതകത്തോടെ തന്റെ ഹിറ്റ്ലിസ്റ്റിലുള്ളവരെ വകവരുത്താന്‍ മുംബൈയിലേയ്ക്ക് തോക്കിന്‍കുഴല്‍ തിരിച്ചുവച്ചിരിക്കുന്നു. 2022-ല്‍ പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവും ഗായകനുമായ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിലൂടെയാണ് ബിഷ്ണോയ് പേടിസ്വപ്നമായിമാറിയത്. സൗത്ത് ഡല്‍ഹിയില്‍ ജിം ഉടമയെ കൊലപ്പെടുത്തിയതിന്റെ പേരില്‍ ഇയാള്‍ ഇപ്പോള്‍ ഗുജറാത്തിലെ സബര്‍മതി സെന്‍ട്രല്‍ ജയിലിലാണ്.

ബിഷ്ണോയ് തടവിലാണെങ്കിലും യു.എസ്.എ, കാനഡ എന്നിവിടങ്ങളിലുള്ള സഹോദരന്‍ അന്‍മോന്‍ ബിഷ്ണോയിയും ഗോള്‍ഡി ബ്രാര്‍, രോഹിത് ഗൊദാര എന്നിവരുമാണ് ഇപ്പോള്‍ സംഘത്തെ നയിക്കുന്നത്. കനേഡിയന്‍ പോലീസും ഇന്ത്യന്‍ ഏജന്‍സികളും കുറ്റവാളിയായി പ്രഖ്യാപിച്ച ഗോള്‍ഡി ബ്രാര്‍ എന്ന സത്വിന്ദര്‍ സിങ് ആണ് ലോറന്‍സ് ബിഷ്ണോയി സംഘത്തിന്റെ അമരക്കാരന്‍. 11 സംസ്ഥാനങ്ങളിലായി 700-ലധികം അന്താരാഷ്ട്ര ബന്ധമുള്ള ഷൂട്ടര്‍മാര്‍ ഉള്‍പ്പെടുന്ന ബിഷ്ണോയ് സംഘത്തിന്റെ വിപുലമായ ശൃംഖല ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിക്ക് സമാനമാണ്. ഷൂട്ടര്‍മാരില്‍ 300 പേര്‍ പഞ്ചാബില്‍ നിന്നുള്ളവരാണ്. 2020-'21 കാലയളവില്‍ കൊള്ളകള്‍ നടത്തിയാണ് സംഘം കോടിക്കണക്കിന് രൂപ സമ്പാദിച്ചത്.

പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയിലെ ധട്ടരന്‍വാലി ഗ്രാമത്തില്‍ നിന്നുള്ള ഒരു സമ്പന്ന കര്‍ഷകന്റെ മകനാണ് 31 കാരനായ ബിഷ്ണോയ്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ബിഷ്ണോയി സമുദായത്തില്‍ പെട്ടയാളാണ് ഈ കുറ്റവാളി. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം 2010-ല്‍ കോളേജിനായി ചണ്ഡിഗഡിലേക്ക് മാറി. ഡി.എ.വി കോളേജില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ട ഇയാള്‍ 2011 മുതല്‍ 2012 വരെ പഞ്ചാബ് സര്‍വകലാശാലയിലെ സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്റെ പ്രസിഡന്റായിരുന്നു. രാഷ്ട്രീയ നേതാക്കളുടെയും മറ്റുള്ളവരുടെയും കൊലപാതകങ്ങള്‍ ഉള്‍പ്പെടെ രണ്ട് ഡസനിലധികം കേസുകള്‍ ഈ കൊടും ക്രിമിനലിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആയുധക്കടത്ത്, കൊലപാതകികളെ സംരക്ഷിക്കല്‍, മദ്യവില്‍പ്പന തുടങ്ങിയവയാണ്  പ്രധാന ഏര്‍പ്പാടുകള്‍.

നേരത്തെ പഞ്ചാബില്‍ മാത്രം ഒതുങ്ങിയ ബിഷ്ണോയി സംഘം ഗോള്‍ഡി ബ്രാറന്റെ സഹായത്തോടെ ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് കൂടി നെറ്റ്വര്‍ക്ക് വ്യാപിപ്പിച്ചു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലും സംഘത്തിന് സ്വാധീനമുണ്ട്. സംഘത്തിലേക്ക് ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യാന്‍ സോഷ്യല്‍ മീഡിയ അടക്കം ബിഷ്ണോയി ഉപയോഗിക്കുന്നുണ്ട്. കാനഡ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് എത്തിക്കാമെന്ന് വാഗ്ദാനം ചെയ്താണ് യുവാക്കളെ സംഘം ആകര്‍ഷിക്കുന്നത്.

ബാബ സിദ്ദിഖിയെ വധിച്ച ബിഷ്ണോയ് സംഘം അടുത്തതായി ഉന്നമിട്ടിരിക്കുന്നത് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സന്‍മാന്‍ ഖാനെയാണ്. ബാബ സിദ്ദിഖിയുടെ ഉറ്റ മിത്രമാണ് സല്‍മാന്‍ ഖാന്‍. സല്‍മാന്റെ വീട്ടിലെ പതിവ് സന്ദര്‍ശകരായിരുന്നു ബാബാ സിദ്ദിഖിയും മകന്‍ സീഷാനും. സന്‍മാനുമായുള്ള അടുപ്പമാണ് സിദ്ദിഖിയുടെ കൊലപാതകത്തിന് നോറന്‍സിനെ പ്രേരിപ്പിച്ചത്. വെടിയേറ്റ സിദ്ദിഖിയെ കാണാന്‍ 'ബിഗ് ബോസ്' റിയാലിറ്റി ഷോയുടെ ഷൂട്ടിങ് നിര്‍ത്തിവച്ച് സല്‍മാന്‍ മുംബൈ ലീലാവതി ആശുപത്രിയിലെത്തിയിരുന്നു.

സല്‍മാനും കുടുംബവും താമസിക്കുന്ന മുംബൈയിലെ ഗ്യാലക്സി അപ്പാര്‍ട്ട്മെന്റിനുനേരെ കഴിഞ്ഞ ഏപ്രില്‍ 14-ന് ബിഷ്ണോയ് സംഘം വെടിയുതിര്‍ത്തിരുന്നു. അദ്ദേഹത്തിനുനേരെ നടക്കുന്ന തുടര്‍ച്ചയായ വധഭീഷണിയുമായി ചേര്‍ത്തുവായിക്കുമ്പോള്‍ താരത്തിന്റെ ജീവന്‍ അപകടത്തിലാണെന്ന് തീര്‍ച്ച. ബിഷ്ണോയ് സംഘം വെടിയുതിര്‍ത്ത് അദ്ദേഹത്തിള്ള മുന്നറിയിപ്പാണ്. സല്‍മാനെതിരെയുള്ള വധഭീഷണിയാണ് ലോറന്‍സ് ബിഷ്ണോയിയെ ദേശീയ ശ്രദ്ധയിലെക്ക് കൊണ്ടുവന്നത്.

1998-ല്‍ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന സംഭവത്തിലായിരുന്നു ബിഷ്ണോയിയുടെ ഭീഷണി. ലോറന്‍സിന്റെ ബിഷ്ണോയ് സമുദായം ആദരിക്കുന്ന മൃഗമാണ് കൃഷ്ണമൃഗം. തന്നെ വെറുതെവിടാന്‍ സല്‍മാന്‍ ലോറന്‍സിന് പണം വാഗ്ദാനം ചെയ്തെങ്കിലും പണമല്ല തനിക്ക് വേണ്ടതെന്ന് ഇയാള്‍ വ്യക്തമാക്കിയിരുന്നു. വധഭീഷണിക്ക് പിന്നാലെ സല്‍മാന്റെ വൈ പ്ലസ് സുരക്ഷ മുംബൈ പോലീസ് വര്‍ധിപ്പിക്കുകയുണ്ടായി. സല്‍മാന്റെ വീട്ടില്‍ നിരീക്ഷണം നടത്താന്‍ നോറന്‍സ് ബിഷ്ണോയ് തന്റെ സഹായിയായ സമ്പത്ത് നെഹ്റയെ അയച്ചിരുന്നവെങ്കിലും ഇയാളെ ഹരിയാന പോലീസ് സ്പെഷല്‍ ടാസ്‌ക് ഫോഴ്സ് അറസ്റ്റ് ചെയ്തതോടെ പദ്ധതി പരാജയപ്പെടുകയായിരുന്നു.

സല്‍മാന്‍ ഖാനുമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളുടെ പേരില്‍ പഞ്ചാബി ഗായകന്‍ ജിപ്പി ഗ്രെവാളിന്റെ കാനഡയിലെ വീടിന് പുറത്ത് ലോറന്‍സ് ബിഷ്ണോയിയുടെ സംഘം വെടിയുതിര്‍ത്തിരുന്നു. തുടര്‍ന്ന്, താന്‍ സല്‍മാന്റെ സുഹൃത്തല്ലെന്നും ഒരുമിച്ച് ചില പ്രോജക്ട്ടുകളില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നും ഗായകന് പ്രസ്താവനയിറക്കേണ്ടി വന്നു. ഗായകന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്ണോയി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

കൊല്ലപ്പെട്ട പഞ്ചാബി ഗായകന്‍ സിദ്ധു മൂസ് വാലയുടെ മാനേജര്‍ ഷഗന്‍പ്രീത് സിംഗ് ആണ് ബിഷ്ണോയിയുടെ പട്ടികയിലെ മറ്റൊരു ലക്ഷ്യം. 2021 ഓഗസ്റ്റില്‍ മൊഹാലിയില്‍ വെടിയേറ്റ് മരിച്ച തന്റെ അടുത്ത അനുയായിയായ വിക്കി മിദ്ദുഖേരയുടെ കൊലയാളികള്‍ക്ക് ഷഗന്‍പ്രീത് അഭയം നല്‍കിയെന്ന് ബിഷ്‌ണോയി വിശ്വസിക്കുന്നു.

ഒളിവിലുള്ള ഗുണ്ടാസംഘം ഗൗരവ് പടിയാലിന്റെ സഹായിയായ മന്‍ദീപ് ധരിവാള്‍, വിക്കി മിദ്ദുഖേരയുടെ കൊലയാളികളെ സഹായിച്ചതിലൂടെ ബിഷ്ണോയിയുടെ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിട്ടുണ്ട്. നിലവില്‍ ഗുരുഗ്രാം ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാസംഘം കൗശല്‍ ചൗധരിയെയും ബിഷ്‌ണോയ് ലക്ഷ്യമിട്ടിരുന്നു. മിദ്ദുഖേരയുടെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട അമിത് ദാഗറും ഹിറ്റ്ലിസ്റ്റിലുണ്ട്.

ബാബാ സിദ്ദിഖിയുടെ കൊലപാതകം ഒട്ടേറെ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. ഇടക്കാലത്ത് കൊള്ളയും കൊലപാതകങ്ങളും തേര്‍വാഴ്ചയും അവസാനിച്ചുവെന്ന് കരുതിയ മുംബൈ അധോലോകം മാറുകയാണ്. അവിടെ കൊലവിളികളുടെ ഭീതിത ശബ്ദം നാലുദിക്കിലും മാറ്റൊലി കൊള്ളുന്നു. പട്ടാപ്പകലും ഇനി വെടിയൊച്ച കേള്‍ക്കാം. രക്തപ്പുഴ ചാലുകീറിയേക്കാം. സമാധാന പ്രിയര്‍ക്ക് ഉറക്കം നഷ്ടപ്പെടാന്‍ വേറെയൊന്നും വേണ്ടല്ലോ.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക