നിഗൂഢമായൊരു മടി
ആലസ്യത്തിൻ്റെ പുറത്തിരുന്ന്
നോക്കുന്നു
എകാന്തത
ഒരു തടവുകാരനെ പോലെ
എന്നെ പാനം ചെയ്യുന്നു.
കവിത
അകന്നകന്ന് ജീവിതത്തെ
അതിസങ്കീർണ്ണമായ വഴിത്തിരിവിൽ കൊണ്ടു നിർത്തുന്നു
വാക്കിൽനിന്നും
അമർച്ച ചെയ്യപ്പെട്ട ഭാഷയ്ക്ക്
വിക്ക് അനുഭവപ്പെടുന്നു.
ജീവിതം
ഞാണിന്മേൽ കളിയായി
എന്നെ പുതയ്ക്കുന്നു
തണുത്ത പ്രകൃതി
എന്നെ മരവിപ്പിച്ച് രസിയ്ക്കുന്നു
ഞാൻ ശൂന്യമായൊരു
വൃത്തമായി
മാറുന്നു
കതിർ പാട്ടിലെ
കിളിയ്ക്ക് ചിറകൊടിഞ്ഞിരിക്കുന്നു
നമ്മുടെ വയലുകൾ
തരിശാക്കപ്പെടുന്നു
കിനാവിൻ്റെ പുസ്തകം
കലക്കവെള്ളത്തിൽ മുങ്ങിയിരിക്കുന്നു
ഉണക്കാൻ
സൂര്യനില്ലാത്ത വെയിലുകൾ
ഉച്ചത്തിൽ കരയുന്നു
ഞാനൊരു തന്മാത്രയായി
പ്രകൃതിയിൽ ലയിക്കന്നു.