Image

ചുമരുകളടരുമ്പോൾ ; അനുഭവക്കുറിപ്പ് : മിനി സുരേഷ്

Published on 18 October, 2024
ചുമരുകളടരുമ്പോൾ ;  അനുഭവക്കുറിപ്പ് : മിനി സുരേഷ്


മനുഷ്യനെ ഒറ്റയ്ക്കു ജീവിക്കുവാനല്ല ദൈവം ഭൂമിയിൽ സൃഷ്ടിച്ചത്.ചുറ്റിനും വസിക്കുന്നവരോടും ,സമൂഹത്തോടുമെല്ലാം അവന്
പ്രതിബദ്ധതയുണ്ട്.വിഭജനത്തിന്റെ മാനസികാഘാതങ്ങളും ,ദുരിതങ്ങളുമൊക്കെ യുദ്ധങ്ങൾ നടക്കുന്ന രാജ്യങ്ങൾ എന്നും ഏറ്റു വാങ്ങുന്നു.
മുറവിളികൾ ഇന്നും അടങ്ങിയിട്ടില്ല.യുദ്ധങ്ങൾ നാശം വിതക്കുമ്പോൾ തകർന്നടിയുന്ന കെട്ടിടങ്ങളോടൊപ്പം മണ്ണടിയുന്നത് പലരുടെയും
സ്വപ്നങ്ങളും ,പ്രതീക്ഷകളും ,സ്മരണകളുമാണ്. ഈയൊരു ചിന്തയിൽ പ്രഭാതത്തിൽ മെത്ത വിട്ടെഴുനേൽക്കാതെ കിടക്കുമ്പോൾ എന്തൊക്കെയോ തകർന്നു വീഴുന്ന ശബ്ദങ്ങൾ പുറത്തു കേട്ടു.

ജനാല തുറന്നു നോക്കി.ദൃഷ്ടിയുടെ നേർരേഖയിൽ നിൽക്കുന്നവൃക്ഷങ്ങൾക്കപ്പുറം  പൊളിച്ചടുക്കുവാൻ വീണ്ടും തയ്യാറെടുപ്പുകൾ നടത്തുന്ന ജെ.സി.ബി യുടെ കൂർത്ത നഖങ്ങളാണ് കണ്ടത്.  വെട്ടുകല്ലുകൾക്കൊപ്പം കണ്ണുനീർ പൊഴിച്ചുകൊണ്ട് കുമ്മായ അടരുകളും നിലം പതിക്കുന്നുണ്ട്. വലിയ മുത്തശ്ശി പണി കഴിപ്പിച്ച ഭവനമാണ്.  അമ്മയുടെ അമ്മാവനാണ് വീതമായത് ലഭിച്ചത്. വില്പനയായതറിഞ്ഞിരുന്നു. വാങ്ങിയവർ പഴയവീട് പൊളിച്ച് കളഞ്ഞ് പുതിയ കെട്ടിടം പണിയുവാനുള്ള പുറപ്പാടിലാണ്.
വല്യമ്മായിയുമായി അമ്മ അത്ര രസത്തിൽ അല്ലായിരുന്നു.ചെറുപ്പത്തിൽ ആ വീട്ടിലേക്ക്
പോകുവാൻ അനുവാദമുണ്ടായിരുന്നില്ല.ഒരിക്കൽ ബന്ധുക്കളായ സമപ്രായക്കാർ അവിടെ ഒത്തുകൂടി
കളിക്കുന്നതിനിടയിലേക്ക് കൊതിയോടെ ഓടിച്ചെന്നതിന് നല്ല അടിയും അമ്മയുടെ കയ്യിൽ
നിന്ന് കിട്ടിയിട്ടുണ്ട്. 


നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ മനസ്സുകളിൽ പകയുടെയും ,വിദ്വേഷത്തിന്റെയും മതിലുകൾ കോട്ട പോലെ ഉയർത്തുന്നത് മുതിർന്നവരാണ്. നല്ല ശീലങ്ങളും ,ഗുണങ്ങളും ചേർത്തടുക്കുമ്പോൾ
മാത്രമേ കുഞ്ഞുങ്ങളുടെ മനസ്സുകളിലും സത് ചിന്തകൾ നിറയുകയുള്ളൂ.മറ്റുള്ളവർക്ക്
തകർക്കുവാൻ സാധിക്കാത്ത വിധം ആത്മ വിശ്വാസം കുഞ്ഞുമനസ്സുകളിൽ വളർത്തണം. പരാജയങ്ങൾ ഉണ്ടാകുമ്പോൾ
തളർന്നു പോകാതെ വിജയത്തിന്റെ ചുമരുകൾ വീണ്ടും പടുതുയർത്തുവാനുള്ള മാനസ്സികോർജ്ജമുള്ളവർ മാത്രമേ ജീവിത വിജയം
കരസ്ഥമാക്കിയിട്ടുള്ളൂ.


'ഒരു ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ
അഭ്യസിപ്പിക്ക ,അവൻ വൃദ്ധനായാലും അത്
വിട്ടു പോകയില്ല' വിശുദ്ധ ബൈബിൾ വാക്യമാണ്.
പുരാണങ്ങളിലും ,മതഗ്രന്ഥങ്ങളിലുമെല്ലാം മനുഷ്യനന്മക്കുതകുന്ന ധാരാളം കാര്യങ്ങൾ
എഴുതിയിട്ടുണ്ട്. കുഞ്ഞുങ്ങളിൽ പരസ്പരവിദ്വേഷം വളർത്തുവാൻ മാത്രമുതകുന്ന കുത്തിവയ്പുകളാണ് ഇന്ന് പല മത പഠനശാലകളിലും നടക്കുന്നത് എന്നത് ഖേദകരമായ വസ്തുതയാണ്.

ചൈനയിലെ വന്മതിൽ കാണുവാൻഅവസരം ലഭിച്ചപ്പോഴും ഇതേ ചിന്തയാണെന്നെ അലട്ടിയത്.കേരള അസോസിയേഷൻ ഓഫ്
എഞ്ചിനിയേഴ്സ് സംഘടിപ്പിച്ചിട്ടുള്ള  ടൂർ ഗ്രൂപ്പിനൊപ്പം നാലഞ്ച് വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഏറെ പ്രിയംകരമായി
തോന്നിയത് ഇന്ത്യയുടെ മിത്രമല്ലാത്ത ദേശത്തേക്കുള്ള യാത്രയായിരുന്നു.കൊറോണയുടെ
വിത്ത് മുളപ്പിച്ച  നാടായിവെറുപ്പിന്റെ പരാഗങ്ങൾ പടരുമ്പോഴും ഹുയാങ്ങ് സാങ്ങിന്റെ നാടും ,വലിയ
റോസ പുഷ്പങ്ങൾ നിറഞ്ഞു നിന്നിരുന്ന അവിടുത്തെ പാതയോരങ്ങളുമെല്ലാം  മുഖാവരണമിടാത്ത ആഹ്ളാദസ്മരണകൾ സമ്മാനിച്ച് മനസ്സിൽ നിറഞ്ഞു നിന്നിരുന്നു.

നമ്മുടെ പാതിരാത്രിയിലാകണം  അവിടെ സൂര്യനുദിക്കുന്നത്. പുലർച്ചേ നാലു മണിക്ക് ഉണർന്ന് ജനാലയിലൂടെ നോക്കിയപ്പോൾ 
നാട്ടിലെ 11 മണിയുടെ പ്രഭയോടെ വെയിൽ തിളങ്ങി നിൽക്കുന്നു.  ഓഫീസ് ടൈമുകൾ എന്ന് നമ്മൾ ഓമനപ്പേരുകളിൽ വിളിക്കുന്ന ഗതാഗതക്കുരുക്കുകളിൽ കുരുങ്ങുവാൻ ഒറ്റ വാഹനങ്ങളും നിരത്തുകളിലില്ല. ഒരു പക്ഷേ
അവിടുത്തെ ജനങ്ങളെല്ലാം  ജോലി സ്ഥലങ്ങളിൽ കർമ്മനിരതരായി വർത്തിക്കുകയാവാം.
ശുചിത്വത്തിന്റെ പര്യായങ്ങളായ ബുള്ളറ്റ് ട്രെയിനുകളിലും ,മാളുകളിലും മറ്റും ജോലി ചെയ്യുന്ന സാധാരണക്കാരുടെ മുഖത്ത് സന്തോഷത്തിന്റെ നേരിയ നിഴലാട്ടം പോലുമില്ലായിരുന്നു.എങ്കിലും ചുരിദാറും ,സാരിയുമൊക്കെ ധരിച്ച അയൽനാട്ടുകാരെ കണ്ടപ്പോൾ ആഹ്ലാദത്തോടെ സെൽഫിയെടുക്കുവാൻ അവർ ഓടിക്കൂടുമായിരുന്നു.കൂടുതൽ താരപരിവേഷം
ലഭിച്ചത് സാരിയണിഞ്ഞവർക്കായിരുന്നു. അതിൽ ഏതെങ്കിലും ചൈനാക്കാർ "ദാ ഇന്ത്യാക്കാരുടെ കൂടെയുള്ള ചിത്രം കണ്ടോ"എന്നൊക്കെ പറഞ്ഞ് എന്റെയും ഫോട്ടോ  അവരുടെ മിത്രങ്ങളെ കാണിക്കുന്നുണ്ടാകണം.

ശാഖകളടക്കം 6325 കി.മീ നീളമുള്ള ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത വസ്തുവായ
ചൈനയിലെ വന്മതിലിൽ കയറുന്നത് വരെ നമ്മുടെ നാട്ടിലെ രണ്ടു വീടുകൾക്കിടയിൽ പടുതയർത്തുന്ന വെറുമൊരു ഭിത്തിപോലെ ചൈനയിലുള്ള ഒരു മതിൽ മാത്രമാണതെന്നായിരുന്നു എന്റെ മിഥ്യാധാരണ.ക്വിൻ ഷി ഹുയാങ്ങ് എന്ന ചക്രവർത്തിയുടെ ഭരണകാലത്ത് പ്രാകൃതന്മാരായ ക്സിയോഗ്നു വംശജരായ  ആട്ടിടയന്മാർ കൂട്ടമായി വന്ന് സാമ്രാജ്യത്തിൽ നുഴഞ്ഞു കയറ്റം നടത്തിയിരുന്നു.യുദ്ധത്തേക്കാളേറെ തലവേദന സൃഷ്ടിക്കുന്ന പ്രശ്നത്തിന് പരിഹാരമായാണ് വന്മതിലിന്റെ നിർമ്മാണം ആരംഭിച്ചത്.കുറ്റവാളികളും ,കർഷകരുമടങ്ങിയ  ദശലക്ഷക്കണക്കിനാളുകളുടെ  നൂറു വർഷക്കാലത്തിലധികമുള്ള ശ്രമഫലമായാണ് നിർമ്മാണം പൂർത്തിയായത്.അമിതജോലിഭാരവും ,അപകടങ്ങളും മൂലം ജീവൻ വെടിയേണ്ടി വന്നിട്ടുള്ളവരുടെ
കഷ്ടപ്പാടുകളുടെ ആരും കേൾക്കാത്ത കഥകൾ എല്ലാ ചരിത്രസ്മാരകങ്ങളുടെയും ശിലകൾക്ക്
പറയുവാനുണ്ടാകും.വലിയ വാഹനങ്ങൾക്കു പോലും സഞ്ചരിക്കാവുന്ന വന്മതിലിനെക്കുറിച്ചും ,കാഴ്ചകളെക്കുറിച്ചും ധാരാളം പറയുവാനുണ്ട്. അവിടെ ഒരു ഭാഗത്ത്  പൂട്ടിക്കിടക്കുന്ന നിലയിൽ ധാരാളം താഴുകൾ
കണ്ടു.പൈശാചിക ശക്തികളെ ബന്ധിച്ചിടുന്നതായാണത്രേ വിശ്വാസം.മനുഷ്യമനസ്സുകൾക്കിടയിൽ സ്പർദ്ധയും,വിദ്വേഷവും നിറക്കുന്ന വന്മതിലുകൾ പണിയുവാൻ മെനക്കെട്ട് സമൂഹത്തിൽ നടക്കുന്ന പൈശാചിക ശക്തികളെ ബന്ധിച്ചിടേണ്ടത് ഭാരതത്തിനും ഇന്ന്അത്യാവശ്യമായിരിക്കുകയാണ്.

പഴക്കം ചെല്ലുന്ന വീടുകളെ പുനരുദ്ധരിക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണ്.എങ്കിലും
എത്ര ക്ലേശിച്ചാണ് പണം സ്വരുക്കൂട്ടി ആ വീടുകളുടെ ഓരോ ചുമരുകളും മെനഞ്ഞതെന്ന് പുതിയ തലമുറ ഓർക്കുന്നത് നന്ന്. അച്ന്റെ സഹപ്രവർത്തകരായിരുന്ന രണ്ട് അദ്ധ്യാപക ദമ്പതികൾ മക്കളെയൊക്കെ പഠിപ്പിച്ച് നല്ല നിലയിലാക്കി.പെൻഷനാകാറായ കാലത്ത് ലോണൊക്കെയെടുത്ത് വളരെ ക്ലേശിച്ച് നഗരമദ്ധ്യത്തിലുണ്ടായിരുന്ന സ്ഥലത്ത് ഒരു കൊച്ച്
വീടുമുണ്ടാക്കി. അധികകാലം  കഴിയുന്നതിന് മുൻപ് തന്നെ ആ വീട് പൊളിച്ചു കളഞ്ഞ് താഴെ ഷോപ്പിംഗ് കോംപ്ലക്സും ,മുകളിലത്തെ നിലകളിൽ അപ്പാർട്ട്മെൻറുകൾ പോലെയുള്ള സൗകര്യങ്ങളുമായി കൂറ്റൻ കെട്ടിടം ഉയരുന്നത് കണ്ടു. അച്ഛനുമമ്മയും  പണി കഴിപ്പിച്ച കൊച്ച് വീട് അതു പടി നില നിർത്താമായിരുന്നു ,അവരുടെ മനസ്സ് എത്ര വേദനിച്ചു കാണും എന്നൊക്കെ
ആളുകൾ പറയുന്നുണ്ടായിരുന്നു. ജനങ്ങൾക്ക് പിന്നെ എന്തും പറയാമല്ലോ .നഗര മദ്ധ്യത്തിൽ
പുതിയൊരു സ്ഥലം വാങ്ങണമെങ്കിൽ കോടികൾ മുടക്കണം. പഴയ വീട് പൊളിച്ചു കളയുന്നതാണെന്ന് അതിലും ബുദ്ധിയെന്ന് ഡോക്ടർക്കറിയാമല്ലോ..

അമ്മയുടെ അമ്മാവന്റെ വീട് വാങ്ങിയത് ഗൗഡ സാരസ്വത ബ്രാഹ്മണ വിഭാഗത്തിൽ പെട്ട ഒരു കുടുംബമാണ്.മത്‌സ്യവും ,മാംസവുമൊന്നും
നിഷിദ്ധമല്ലാത്ത അയൽക്കാർക്കിടയിൽ ആചാരാനുഷ്ഠാനങ്ങൾ വെടിയാതെ സന്തോഷമായി പുതിയ വീട്ടിൽഅവരുമുണ്ട്.രക്തബന്ധത്തിന്റെ നൂൽചരടുകൾക്കിടയിൽ യോജിച്ചു നിൽക്കുന്ന അയൽക്കാരായ ഞങ്ങൾ സ്നേഹ
സൗഹാർദ്ദമലരുകൾ കൊണ്ട് ജാതിവൈജാത്യങ്ങളില്ലാതെ അവരെ ചേർത്തു പിടിക്കുന്നു.

അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം എന്ന് ക്രിസ്തുദേവൻ പറഞ്ഞതിന്റെ പൊരുൾ ഇവിടെ എല്ലാവരും ഉൾക്കൊണ്ടിട്ടുണ്ട്. ശാന്തിയും ,സമാധവും നില നിൽക്കുന്ന സ്ഥലത്ത് താമസിക്കുവാൻ സാധിക്കുന്നത് തന്നെ ഭാഗ്യമാണ്. ലോകത്ത് യുദ്ധം നാശം വിതച്ചിട്ടുള്ള പലപ്രദേശങ്ങളിലും ബുദ്ധിമുട്ടനുഭവിക്കുന്നത് സാധാരണക്കാരാണ്.രണ്ടാംലോക മഹായുദ്ധം തകർത്തെറിഞ്ഞ അവസ്ഥയിൽ നിന്നാണ്
ജപ്പാൻ കുതിച്ചുയർന്നത്.
തകർച്ചകളും ,ഉയർത്തെഴുന്നേൽപ്പുകളും  പര്യവസാനിക്കേണ്ടത് എപ്പോഴും നന്മയിലേക്കാവണം.

Join WhatsApp News
Jayan varghese 2024-10-19 19:31:46
കല്ല് കൊണ്ടും മണ്ണ് കൊണ്ടും മതിലുകൾ കെട്ടിയ പ്രാകൃത മനുഷ്യന്റെ ജന്മ ശീലം ശാസ്ത്ര പുരോഗതിയുടെ കുളമ്പടികളിൽ അടി പിണയുന്ന ആധുനിക ലോകത്തും മനുഷ്യനെ വേർ തിരിക്കുന്നു. ജാതിയുടെയും മതത്തിന്റെയും വർഗ്ഗത്തിന്റെയും വർണ്ണത്തിന്റെയും മതിലുകൾ മനസ്സിൽ കെട്ടിപ്പൊക്കി ജീവിത സുഖം തേടിപ്പോകുന്നവർക്ക്‌ തങ്ങളെ ഒളിപ്പിക്കുന്നതിനുള്ള മുഖം മൂടികൾ മാത്രമാണ് സ്വതന്ത്ര ചിന്തയെന്നും ആധുനിക ജനാധിപത്യ ബോധമെന്നും ഒക്കെ പേരിട്ടു വിളിക്കുന്ന തരികിട പരിപാടികൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക