Image

ടാർസനും രാമദാസനും (കഥ: വേണുനമ്പ്യാർ)

Published on 19 October, 2024
ടാർസനും രാമദാസനും (കഥ: വേണുനമ്പ്യാർ)

രാമദാസൻ കുഞ്ഞുന്നാളിൽ 
കലശലായി ആഗ്രഹിച്ചിരുന്നു
ടാർസനാകുവാൻ.
വിധിവൈപരീത്യമെന്നേ പറയേണ്ടൂ,
മുതിർന്നപ്പോൾ അയാൾ
ഒരു ടാറിങ് പണിക്കാരനായി!

നിയതി തന്ന വേഷത്തോട്  
സമരസപ്പെട്ടുവെങ്കിലും രാമദാസൻ കണ്ടത് റോഡ് റോളറെ ആനയായിട്ടും
ജെ സി ബി യെ ദിനോസറായിട്ടും
താർവീപ്പകളെ കരടിക്കൂട്ടങ്ങളായിട്ടും.

ഉരുകിത്തിളയ്ക്കുന്ന കറുത്ത റോഡിനു മീതെ പിടിച്ചു തൂങ്ങി പറക്കാൻ പാകത്തിൽ ഒരു മരവള്ളിയുമില്ല.
ജീവിതത്തിൽ അണിയാൻ ഒരു പൂവള്ളിയുമില്ല ആശ കെട്ട രാമദാസന്.

രാമദാസന്റെ ഭാഷ ഏതൊ മലയിടുക്കിൽ പാർക്കുന്നഒരു വനവാസിയുടെ. പക്ഷെ കാടിന്റെ വ്യാകരണം അവൻ മറന്നു പോയിരുന്നു. നഷ്ടപ്പെട്ട കന്യാവനങ്ങളുടെ ഹരിതകാന്തി അവന്റെ സ്വകാര്യതയിൽ
സ്വപ്നങ്ങളായി തളിർത്തു കൊണ്ടിരുന്നു. കാട് സ്വകാര്യ ദു:ഖങ്ങൾക്കുള്ള ഒരു ഔഷധമായി
അവൻ ഹൃദയത്തിൽ കൊണ്ടു നടന്നു.
മനുഷ്യരെക്കാളേറെ അവൻ മൃഗങ്ങളെ
സ്നേഹിച്ചു. കിനാവുകളിൽ
മൃഗങ്ങൾ അവനെയും അവൻ മൃഗങ്ങളെയും മെരുക്കിയെടുത്തു.


ഒരുച്ചയ്ക്ക് ഇല്ലാത്ത മരവള്ളിയും
പിടിച്ച് രാമദാസൻ ആരാദ്ധ്യനായ ടാർസനെപ്പോലെ
വർട്ടിക്കലായി പറക്കാൻ മുതിർന്നു.

യാത്ര ചരിത്രാതീത കാലത്തെ
ഒരു ദിനോസറിന്റെ വായിലേക്ക്!

"എന്റെ സ്റ്റിയറിങ്ങിലൊ മറ്റൊ തൊട്ടാൽ
കൈ വെട്ടും ഞാൻ!
ഇറങ്ങെടാ ഹമുക്കേ വണ്ടീന്ന്. "


റോഡ് റോളർ ഡ്രൈവറെ ഒരന്യഗ്രഹജീവിയെ പോലെയാണ്
ടാർസൻ എന്ന രാമദാസൻ കണ്ടത്.

മഹത്വാകാംക്ഷയുടെ ഭ്രാന്ത്! കംപൽ സീവ് ന്യൂറോസിസ്സ് ഡിസ്ഓർഡർ!
അല്ലാതെന്ത് പറയാൻ; അല്പം
മനോജ്ഞാനമുള്ള കോൺട്രാക്ടർ പിറ്റേ ദിവസം രാമദാസനെ പിരിച്ചു വിട്ടു.

തുടർന്നും രാമദാസൻ  
ടാർസനായി ഒറ്റപ്പെട്ട് ജീവിച്ചു.
പാൻക്രിയാസ് പണിമുടക്കിയപ്പോൾ
അതിന്റെ അസ്കിതയും വേവലാതികളും ടാർസനും രാമദാസനും ഒരു പോലെ പങ്കിട്ടെടുത്തു.

ആഴത്തിൽ മുറിവേൽപ്പിക്കപ്പെട്ട
ഒരു ദുരന്ത സ്വപ്നമായി
രാമദാസൻ രോഗവും പട്ടിണിയും അനുഭവിച്ച് നാളുകൾ തള്ളി നീക്കി.
പിന്നീടെന്നോ ഒരു ദിനം 
കണ്ടൽക്കാട്ടിലെ വള്ളിക്കുരുക്കിൽ
സ്വേച്ഛയാ .... ......


രാമദാസന്റെ ആത്മഹത്യാക്കുറിപ്പ്
വായിച്ചത് ടാർസന്റെ അദൃശ്യമായ
കണ്ണുകളായിരുന്നു :

ജീവിതം കഠിനമൊ
മരണം സരളമൊ എന്നറിയില്ല.
സരളമാണെന്ന് കണ്ടെത്താൻ
വളരെ ബുദ്ധിമുട്ടേണ്ടി വന്നു. അതാണെന്റെ ബലഹീനത! ദൈവത്തിന്റെ കണക്കുകൂട്ടലിലെ കവിത വായിക്കുവാൻ കഴിഞ്ഞില്ല. അതാണെന്റെ പരാജയം!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക