Image

കനല്‍വഴിയിലൂടെ 101-ഉം കടന്ന്, നിലയ്ക്കാത്ത സമരബോധത്തിന്റെ വിപ്ലവ ജ്വാല(എ.എസ് ശ്രീകുമാര്‍)

Published on 20 October, 2024
കനല്‍വഴിയിലൂടെ 101-ഉം കടന്ന്, നിലയ്ക്കാത്ത സമരബോധത്തിന്റെ വിപ്ലവ ജ്വാല(എ.എസ് ശ്രീകുമാര്‍)

കക്ഷിരാഷ്ട്രീയത്തിനതീതമായി കേരള ജനതയുടെ ഹൃദയവികാരം വിപ്ലവമാക്കിയ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ് അച്യുതാനന്ദന്‍ പ്രായത്തിന്റെ 'വേലിക്കകത്തേയ്ക്ക്' ഒതുങ്ങുന്നില്ല. ചെങ്കൊടി നെഞ്ചിലേറ്റിയ ഈ സഖാവിന് ഇന്ന് (ഒക്ടോബര്‍ 20) 101-ാം പിറന്നാള്‍. ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായ ഈ പുന്നപ്ര-വയലാര്‍ സമരനായകന്‍ തിരുവനന്തപുരത്തെ ബാള്‍ട്ടണ്‍ ഹില്ലില്‍ മകന്‍ അരുണ്‍കുമാറിന്റെ വീട്ടില്‍ രാഷ്ട്രീയ തിരക്കുകളില്‍നിന്നെല്ലാം വിട്ട് വിശ്രമ ജീവിതത്തിലാണ്.  

വി.എസ് തന്റെ ജന്‍മദിനം ആഘോഷിക്കാറില്ലെങ്കിലും ഭാര്യ വസുമതി സിസ്റ്ററും മകനും കുടുംബസമേതമെത്തിയ മകള്‍ ആശയും ചേര്‍ന്ന് കേക്ക് മുറിച്ചു. പായസത്തിന്റെ അകമ്പടിയോടെ ഉച്ചയ്ക്ക് ഊണും കഴിച്ചു. അങ്ങനെ ലളിതമായിരുന്നു ഈ പിറന്നാള്‍ ദിന ആഘോഷം. എണ്ണമറ്റ ജനകീയ സമരങ്ങളുടെ തീച്ചൂളയില്‍ നിന്ന് സ്ഫുടം ചെയ്തെടുത്ത കരുത്തുമായാണ് 101-ന്റെ ചെറുപ്പത്തിലും വി.എസിന്റെ ചുവടുപിഴയ്ക്കാത്ത കമ്മ്യൂണിസ്റ്റ് പ്രയാണം.

കര്‍ഷകത്തൊഴിലാളി സമരങ്ങളുടെ ഈറ്റില്ലമായ ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20-ന് ജനിച്ചു. നാലു വയസ്സുള്ളപ്പോള്‍ അമ്മയും പതിനൊന്നാം വയസ്സില്‍ അച്ഛനും മരിച്ചതിനെത്തുടര്‍ന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളര്‍ത്തിയത്. പിതാവ് മരിച്ചതോടെ ഏഴാം ക്ളാസ്സില്‍ വച്ച് പഠനം അവസാനിപ്പിച്ച ഇദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയില്‍ തയ്യല്‍ ജോലി നോക്കി. തുടര്‍ന്ന് കയര്‍ ഫാക്ടറിയിലും ജോലി ചെയ്തു.

അവിടെ വെച്ചാണ് തൊഴിലാളികളുടെ ദുരിതം തനേരിട്ട് മനസ്സിലാക്കുന്നത്. നിവര്‍ത്തന പ്രക്ഷോഭം നാട്ടില്‍ കൊടുമ്പിരികൊണ്ടിരുന്ന കാലമായിരുന്നു അത്. ഇതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട അച്യുതാനന്ദന്‍ 1938-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗമായി. തുടര്‍ന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. പിന്നീട് തീപാറുന്ന പടയോട്ടമായിരുന്നു.

ഉചിതമായ സമയത്ത് കൃത്യമായ രീതിയില്‍ ഓരോ വിഷയങ്ങളിലും ഇടപെടാനുള്ള രാഷ്ട്രീയ സന്നദ്ധതയും കാര്യശേഷിയുമാണ് വി.എസ് എന്ന ജനകീയ നേതാവിനെ വേറിട്ടു നിര്‍ത്തുന്നത്. ആ സാന്നിദ്ധ്യം നാട്ടില്‍ ഉണ്ടായിരിക്കുന്നിടത്തോളം കാലം അദ്ദേഹം കേരള രാഷ്ട്രീയത്തില്‍ നിരന്തരമായി, സക്രിയമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. ഇപ്പോള്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും മനസിന് ആ പഴയ വിപ്ലവത്തിന്റെ കരുത്തുണ്ട്.

ജനകീയ പ്രശ്നങ്ങളിലും പൊതുതാത്പര്യമുള്ള വിഷയങ്ങളിലും നിര്‍ഭയം പ്രതികരിച്ചുകൊണ്ടാണ് വി.എസ് ജനഹൃദയങ്ങളില്‍ അംഗീകാരത്തിന്റെയും ആദരവിന്റെയും കൂടുകൂട്ടിയത്. മിച്ചഭൂമി സമരങ്ങളിലൂടെ, പട്ടയസമരങ്ങളിലൂടെ,  കുടിയൊഴിപ്പിക്കല്‍ സമരങ്ങളിലൂടെ, നേഴ്സുമാരുടെ അവകാശപ്പോരാട്ടങ്ങളിലൂടെ, തൊഴിലാളി-സര്‍വീസ് മേഖലയിലെ സമരങ്ങലിലൂടെ, സ്വാതന്ത്ര്യസമരകാലത്ത് തിരികൊളുത്തിയ ആ സമരജ്വാല ആളിപ്പടരുകയായിരുന്നു.

കുട്ടനാട്ടിലെ നെല്‍വയലുകള്‍ നികത്തി ടൂറിസ്റ്റ് ബംഗ്ലാവുകള്‍ പണിത് തുടങ്ങിയപ്പോഴുണ്ടായ വെട്ടിനിരത്തല്‍ സമരം, മതികെട്ടാനിലെ ഭൂമികൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ പ്രശ്നങ്ങള്‍ പൊതുജനശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ വി.എസ് നിര്‍ണായക പങ്ക് വഹിച്ചു. ഇടമലയാര്‍ അഴിമതികേസില്‍ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് കാരാഗൃഹ വാസമൊരുക്കിയതിനു പിന്നില്‍ വി.എസാണ്. കേരളം സാക്ഷ്യം വഹിച്ച സോളാര്‍ കേസ്, ബാര്‍കോഴ, മൂന്നാറിലെ തേയിലത്തോട്ടം തൊഴിലാളികളുടെ 'പെമ്പിളൈ ഒരുമ' സമരം, ഭൂമി പതിച്ചു നല്‍കല്‍ തുടങ്ങി നിരവധി പ്രശ്നങ്ങളിലും വി.എസിന്റെ പോരാട്ട വീര്യമുണ്ടായിരുന്നു.

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ആശുപത്രി മുതലാളിമാര്‍ക്കൊപ്പം നിലയുറപ്പിച്ചപ്പോഴും നേഴ്സുമ്മാര്‍ രാത്രിയിലും മഴയത്തും ആത്മഹത്യാ ഭീഷണി സമരം നടത്തിയപ്പോഴും പുതുതലമുറയിലെ സമരയൗവനങ്ങള്‍ക്ക് വിശ്വാസ്യതയുള്ള ഏക നേതാവ്  അസാധാരണനായ സംഘാടകന്‍ വി.എസ് ആയിരുന്നു.

പാര്‍ട്ടിക്കുള്ളിലും സന്ധിയില്ലാ സമരത്തിന്റെ തീപ്പൊരിയായി അദ്ദേഹം. പിണറായി വിജയനുമായുള്ള അഭിപ്രായ വ്യത്യാസം പരസ്യപ്രസ്താവനയിലൂടെ പ്രകടിപ്പിച്ചതിന്റെ പേരില്‍ വി.എസിനെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് 2007-ല്‍ പുറത്താക്കി കേന്ദ്ര കമ്മറ്റിയിലേയ്ക്ക് തരം താഴ്ത്തി. പക്ഷേ, മുഖ്യമന്ത്രിയായി തുടര്‍ന്നു. 2012-ല്‍ ചേര്‍ന്ന കേന്ദ്രകമ്മറ്റി അച്ചടക്ക ലംഘനത്തിന്റെ പേരില്‍ അച്യുതാനന്ദനെ പരസ്യമായി ശാസിക്കാനുള്ള പോളിറ്റ് ബ്യൂറോ തീരുമാനം അംഗീകരിച്ചു.

ഈയിടെ അന്തരിച്ച സി.പി.എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി വി.എസിനെ വിശേഷിപ്പിച്ചത് 'കേരള കാസ്ട്രോ' എന്നാണ്. ക്യൂബയിലെ ഫിദല്‍ കാസ്ട്രോ പ്രവര്‍ത്തിക്കുന്നതുപോലെ വിപ്ലവ പ്രസ്ഥാനത്തിന്റെ വഴികാട്ടിയായി വി.എസ് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ യെച്ചൂരിയുടെ കോംപ്ലിമെന്റ്. അടിസ്ഥാനവര്‍ഗ്ഗ വിഭാഗങ്ങളും പുതു തലമുറയിലെ പരിഷ്‌ക്കാരികളും പാര്‍ട്ടിയില്‍ നിന്ന് അകന്നുപോകുവാന്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം പാര്‍ട്ടിക്കും ജനങ്ങള്‍ക്കും ഇടയില്‍ അപൂര്‍വ കണ്ണിയായി വി.എസ് പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയ നിരീക്ഷകര്‍ക്ക് എന്നും അത്ഭുതമായിരുന്നു.

പാര്‍ട്ടി, മുന്നണി, അല്ലെങ്കില്‍ സര്‍ക്കാര്‍ വഴിതെറ്റിയാല്‍ അതിന് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും വിമര്‍ശനങ്ങളും ഇടപെടലുകളും വി.എസിന്റെ ഭാഗത്തു നിന്നുണ്ടാവും. ആ ജനകീയ ജാഗ്രതയാണ് അദ്ദേഹത്തിന്റെ എക്കാലത്തെയും കരുത്ത്. 2016-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കേരള നിയമസഭയില്‍ ഇടത് എം.എല്‍.എമാരുടെ അംഗബലം കൂട്ടാന്‍ 92-ാം വയസ്സിലും തിരഞ്ഞെടുപ്പ് മത്സര രംഗത്ത് അദ്ദേഹം അവിരാമം നിലയുറപ്പിച്ചത് നാം കണ്ടതാണ്. അന്ന് ദിവസേന വ്യത്യസ്ത മണ്ഡലങ്ങളില്‍ മൂന്നോളം സ്റ്റേജുകളില്‍ മണിക്കൂറുകള്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയം പ്രസംഗിക്കുവാന്‍ വി.എസിന് കഴിഞ്ഞു.

ഏത് പ്രതികൂല കാലാവസ്ഥയിലും അസമയത്തും വി.എസ് പറയുന്നത് ആദ്യവസാനം കേട്ടുനില്‍ക്കാന്‍ ജനങ്ങളും ഉണ്ടാവുന്നുവെന്നത് അദ്ദേഹത്തിന്റെ ജനകീയതയുടെ തെളിവാണ്. കണ്ണൂര്‍ ജില്ലയിലും സാക്ഷാല്‍ പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തും അച്യുതാനന്ദന്‍ അന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയിരുന്നു. വി.എസ് ശൈലിയെ രാഷ്ട്രീയ തന്ത്രങ്ങളും കാപട്യങ്ങളുമായി വിലയിരുത്തി വിമര്‍ശിക്കുന്നവരുണ്ടെങ്കിലും പകരം വെയ്ക്കുവാനോ തുലനം ചെയ്യുവാനോ മറ്റൊരു നേതാവ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇല്ലാത്തിടത്തോളം കാലം, ജീവിച്ചിരിക്കുന്ന വി.എസ് നാലു തലമുറകളുടെ വിപ്ലവാവേശമാണ്.

മരണത്തില്‍ നിന്ന്, അല്ല കൊലക്കളത്തില്‍ നിന്ന് അത്ഭുതമായി രക്ഷപെട്ട വ്യക്തിയാണ് അച്യൂതാനന്ദന്‍. മുന്നേറ്റത്തിലും തിരിച്ചടിയിലും വി.എസിനെ കരുത്താര്‍ജിച്ച് നിര്‍ത്തുന്നത് ഐതിഹാസികമായ ആ പുന്നപ്ര വയലാര്‍ സമരത്തിന്റെ തീക്ഷ്ണാനുഭവങ്ങളായിരിക്കാം. സമരത്തിന്റെ മുഖ്യകണ്ണിയും സൂത്രധാരനുമായ വി.എസിനെ പോലീസ് പിന്‍തുടര്‍ന്നു. കോട്ടയം ജില്ലയിലെ പൂഞ്ഞാറിലെ ഒരു ബീഡി തൊഴിലാളിയുടെ വീട്ടില്‍ നിന്നും പാലാ പോലീസ് വി.എസിനെ അറസ്റ്റ് ചെയ്തു. ആലപ്പുഴയില്‍ നിന്നും പാലായില്‍ എത്തിയ പോലീസ് സംഘത്തിന്റെ തലവന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ വാസുപിള്ള ആയിരുന്നു.

സമരത്തിലെ മറ്റു നേതാക്കളായ ഡി സുഗതനേയും സൈമണേയും പിടികൂടിയതിനൊപ്പം വി.എസിനെ പിടികൂടാന്‍ കഴിയാതിരുന്നതിനാല്‍ സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ട പോലീസുകാരന് വി.എസിനോടുള്ള വൈരാഗ്യം ചെറുതായിരുന്നില്ല. പക തീര്‍ക്കാന്‍ സബ് ഇന്‍സ്പെക്ടര്‍ ഇടിയന്‍ നാരായണ പിള്ളയെ ഏര്‍പ്പാടാക്കിയിട്ടാണ് വാസുപിള്ള പാലായില്‍ നിന്ന് ആലപ്പുഴയ്ക്ക് തിരിച്ചത്. ലോക്കപ്പിന്റെ അഴികള്‍ക്കിടയിലൂടെ രണ്ടുകാലുകളും പുറത്തെടുത്ത് പാദങ്ങള്‍ക്ക് മുകളിലും താഴെയും രണ്ട് ലാത്തികള്‍ കയറുകൊണ്ട് കെട്ടിയ ശേഷം കാല്‍വെള്ളയില്‍ ലാത്തികൊണ്ടുള്ള അടി. ഒപ്പം ബയണറ്റ് കൊണ്ടുള്ള കുത്തും ക്രൂരമര്‍ദ്ദനവും. ആ പൈശാചിക പീഡനങ്ങള്‍ ഏറ്റ ശരീരമാണ് 101-ലും ഊര്‍ജസ്വലമായി ചലിക്കുന്നത്.

പോളിറ്റ് ബ്യൂറോയിലേക്ക് ഉയര്‍ത്തപ്പെടുമ്പോഴും പിന്നീട് താഴ്ത്തപ്പെട്ടപ്പോഴും സമരങ്ങളുടെ വീറും വാശിയും കൈവെടിയാതെ നിലകൊള്ളാനാവുന്നത് ഈ തീഷ്ണമായ ജീവിതാനുഭവങ്ങളും സമരമുന്നേറ്റങ്ങളുമായിരിക്കാം. കുറച്ചു നാള്‍ മുമ്പുള്ള വി.എസിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത് ഇങ്ങനെയായിരുന്നു...

''ഇതുവരെയുള്ള എന്റെ പോരാട്ടങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. അഴിമതിക്കും വര്‍ഗീയതയ്ക്കും എതിരായ പോരാട്ടങ്ങള്‍...കേരളത്തിന്റെ മണ്ണും പ്രകൃതിയും മാനവും സംരക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടങ്ങള്‍...'' അതെ, വിപ്ലവത്തിന്റെ ചൂരും ജനകീയതയുടെ ചൂരുമുള്ള ആ പോരാട്ടങ്ങള്‍, ഒരുപക്ഷേ ഒറ്റയാള്‍ സമരങ്ങള്‍ തീഷ്ണമായി, അചഞ്ചലമായി തന്നെ തുടരും...പുതുതലമുറയ്ക്കുള്ള പ്രത്യയശാസ്ത്ര പാഠാവലിയായി...

ലാല്‍ സലാം...സഖാവേ...ലാല്‍സലാം...
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക