Image

‘കേരളത്തില്‍ എല്ലാ വര്‍ഗീയ ശക്തികളും ഒരേ സ്വരത്തില്‍ എല്‍ഡിഎഫിനെ എതിര്‍ക്കുകയാണ്’: മുഖ്യമന്ത്രി

Published on 20 October, 2024
‘കേരളത്തില്‍ എല്ലാ വര്‍ഗീയ ശക്തികളും ഒരേ സ്വരത്തില്‍ എല്‍ഡിഎഫിനെ എതിര്‍ക്കുകയാണ്’: മുഖ്യമന്ത്രി

തലശ്ശേരി: കേരളത്തില്‍ എല്ലാ വര്‍ഗീയ ശക്തികളും ഒരേ സ്വരത്തില്‍ എല്‍ഡിഎഫിനെ എതിര്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരുഭാഗത്ത് ആര്‍എസ്എസും സംഘപരിവാറും, ബിജെപിയും എന്‍ഡിഎയും ശക്തമായ എതിര്‍പ്പാണ് ഞങ്ങള്‍ക്കെതിരേ ഉയര്‍ത്തുന്നത്. അവരുടെ അജണ്ട ഇവിടെ നടപ്പാക്കാന്‍ കഴിയുന്നില്ല. അയ്യോ, ഞങ്ങള്‍ ഇവിടത്തെ ജമാഅത്തെ ഇസ്ലാമിയാണേ, ഇന്ത്യയ്ക്ക് പുറത്തുള്ള ജമാഅത്തെ ഇസ്ലാമി അല്ലെന്നാണ് അവര്‍ ഇടയ്ക്കിടെ പറയുന്നത്. പക്ഷെ ശുദ്ധമായ വര്‍ഗീയതയാണ് കൈകാര്യം ചെയ്യുന്നത്. ഒക്കെചങ്ങായി ആയി എസ്ഡിപിഐയും ഉണ്ട്. അവര്‍ക്കും എല്‍ഡിഎഫിനേയും സര്‍ക്കാരിനേയും ശക്തമായി എതിര്‍ക്കാനാണ് താല്‍പര്യം.

എല്‍ഡിഎഫും എല്‍ഡിഎഫ് സര്‍ക്കാരും ശരിയായ നിലപാട് സ്വീകരിക്കുന്നതുകൊണ്ടാണ് എല്ലായ്പ്പോഴും അവര്‍ എല്‍ഡിഎഫിനെതിരേ നിലകൊള്ളുന്നത്. വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമ്പോള്‍ ആര്‍എസ്എസ്സിനും സംഘപരിവാറിനും പൊള്ളുന്നു, ജമാഅത്തെ ഇസ്ലാമിക്കും പൊള്ളുന്നു. നിങ്ങള്‍ക്ക് പൊള്ളുന്നു എന്നത് ഞങ്ങളുടെ പ്രശ്നമല്ല, ഞങ്ങള്‍ ഇതേ നിലപാടാണ് പണ്ടും സ്വീകരിച്ചിട്ടുള്ളത്. അത് തന്നെയാണ് ഇനിയും സ്വീകരിക്കുക. വര്‍ഗീയ ശക്തികളോട് ഞങ്ങള്‍ക്ക് ഇപ്പോള്‍ പറയാനുള്ളതും അതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചിലര്‍ വിചാരിച്ചാല്‍ എല്ലാവരേയും എല്‍ഡിഎഫിനെതിരേ ഒന്നിപ്പിക്കാനാവുമെന്നാണ് കരുതുന്നത്. ഇത്തരം ഭീഷണികളൊക്കെ ഒരുപാട് കണ്ടതാണ്, അതൊന്നും പുതുമയുള്ള കാര്യമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിനെതിരേയും യുഡിഎഫിനെതിരേയും നിശ്ശിതമായ വിമര്‍ശനവും മുഖ്യമന്ത്രി ഉയര്‍ത്തി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക