കഴുകൻ
കണ്ണ് കൊത്തും വരെ
കാഴച മരിച്ചിരുന്നില്ല.
നെഞ്ചത്തു കൂടി
ഒരുകൂട്ടം പാറ്റൻടാങ്കുകൾ
കടന്നുപോകുമ്പോൾ
ജീവനുണ്ടായിരുന്നു.
നെഞ്ചത്തേക്കൊരു
പർവ്വതം കടപുഴകി വീണപ്പോൾ
ഞങ്ങൾ
മനുഷ്യരായിരുന്നു.
നെഞ്ചത്തു കൂടി
ഒരു വാഹനം ഇടിച്ചു
തെറിപ്പിച്ചപ്പോൾ ഞങ്ങൾ
മൃതപ്രായരായി
മാറിയിരുന്നു
ശ്മശാനത്തിലെ
വേവ് നിറച്ചിട്ട്
പച്ച മാംസത്തിന്റെ ഗന്ധം
നിറഞ്ഞപ്പോളും
ശ്വാസം നിലച്ചിരുന്നില്ല.
വേലികെട്ടി
കാഴ്ചയെ മറച്ചപ്പോൾ
മാധ്യമങ്ങൾ
കണ്ണുകെട്ടിക്കളിച്ചപ്പോൾ
ജാതി
ഉച്ചനീചത്തം തിരികെ
വാഴുത്തുമ്പോളാണ്
ഞങ്ങൾ
ശവങ്ങളും
നിങ്ങൾ
ശവം തീനികളുമായ്
പെയ്യെപ്പെയ്യെ പരിണമിക്കുന്നത്.
കുരങ്ങിൽ നിന്നും
മനുഷ്യർ പരിണമിച്ചെന്ന്
ഇപ്പോഴു നമ്മൾ വിശ്വസിച്ചു
കൊണ്ടിരിക്കുന്നു
നീറ്റിലിട്ട കക്ക പോലെ
നാം
നീറി നീറി
രസിച്ചു കൊണ്ടിരിക്കുന്നു.