മഴവിൽ നിറങ്ങളാൽ
പൊട്ടു കുത്തിക്കാമെന്നു
പൊന്നു തട്ടിപ്പറിച്ച
ചുവരുകൾ.
കാർമേഘം കൊണ്ട്
കണ്ണെഴുതിക്കാമെന്ന്
തുലാമാസത്തിലെ
ആകാശം.
വെയിലാട
ഞൊറിഞ്ഞുടുപ്പിക്കാമെന്നു
മേഘങ്ങളിൽ
മുഖം മറച്ച
സൂര്യൻ.
കുന്തിയല്ലിവൾ
സൂര്യനെ പ്രണയിച്ചു
വീണ്ടുമൊരു
കർണ്ണനെ പെറ്റ്
പുഴയിൽ
ഒഴുക്കാനെന്നു
ഞാൻ.
പിന്നെയീ ഞാൻ
ആരാണെന്ന്
തിരയവേ
നീയല്ലേ ഞാനെന്നു
മഴവിൽപൊട്ടു മാഞ്ഞ
ചുവരിൽ
കളിയാക്കിച്ചിരിച്ച
നിലക്കണ്ണാടി.