Image

ദേഹഭാഷ (കവിത: വേണുനമ്പ്യാർ)

Published on 22 October, 2024
ദേഹഭാഷ (കവിത: വേണുനമ്പ്യാർ)

നീ നീയായി അവിടെ ഇരുന്നാലും
ഞാൻ ഞാനായി ഇവിടെ ഇരുന്നാലും
അസ്തിത്വത്തിന്റെ ഉടലിനു ഒരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല.

നിന്റെ പൊക്കക്കൂടുതൽ
എന്റെ കുറിയ പൊക്കത്തെ
അളക്കാനാകരുത്
ഒരു കണക്കിനു
നമുക്കിടയിൽ ഒരളവിന്റെയും
വളവിന്റെയും ആവശ്യമില്ല.

നോട്ടം കൊണ്ട് എന്റെ കണ്ണിൽ
കുത്തേണ്ട
കണ്ണോട് കണ്ണും നോക്കി
കുറച്ചു നേരം വെറുതെയിരിക്കാം
കണ്ണുകൾക്ക് ഒരിക്കലും
ദർശിക്കാനാവാത്ത
ആ ലോകത്തിലേക്ക് നിഷ്ക്രമിക്കാം.

അടുത്തു വന്നാൽ കൂട്ടി മുട്ടും
അകന്നു നിന്നാൽ
മുള്ളു കൊണ്ട ബലൂൺ  പോലെ
ഹൃദയം.........

മഴയൊ
സൂര്യനൊ
മഞ്ഞുതുള്ളിയൊ
ചേമ്പിലയിൽ
നിന്റെ   വൈഡൂര്യഹൃദയം
കളഞ്ഞു വെച്ചതാര്?

നിശ്ശബ്ദതകളെ
പെട്ടെന്ന് നിറയ്ക്കേണ്ട
അല്പനേരം
നിശ്ശബ്ദതയെ പുണർന്നിരിക്കാം
നിശ്ശബ്ദതയെ മിണ്ടാൻ വിടാം
കടലോളം പ്രണയത്തെക്കുറിച്ച്
പ്രകീർത്തിക്കുവാൻ
നിശ്ശബ്ദതയെ മിണ്ടാൻ വിടാം.

എന്റെ കരിനാക്ക്
സൂക്ഷിച്ചു വെക്കാൻ
നിന്റെ വായിൽ
ഇത്തിരി ഇടം കാണുമൊ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക