ഒതുക്കിയ മൂർച്ചയുടെ നാമത്തിൽ
നഖം നന്ദി പറയുമൊ
നഖംവെട്ടിയോട്?
കുത്തിയെടുത്തു കളഞ്ഞ
അളിഞ്ഞ മാംസത്തുണ്ടിന്റെ പേരിൽ
പല്ല് നന്ദി പറയുമൊ
പല്ലുകുത്തിയോട്?
അഹോരാത്രം
പണിയെടുക്കുന്ന
പഞ്ചേന്ദ്രിയവർഗ്ഗത്തോട്
നീ നന്ദി പറയുമൊ
മായികസുഖത്തിന്റെ പേരിൽ?
ഞാൻ നന്ദി കെട്ട
വർഗ്ഗത്തിൽ പെട്ടു പോയി
തിന്മകളുടെ ബന്ദി
ഇരുട്ടിന്റെ ആരാധകൻ.
നിന്റെ ആത്മാവിനു
നന്ദി വെളിച്ചമത്രെ
എനിക്ക് വെളിച്ചം അലർജിയാണേ!
നിന്റെ കരിമിഴിയിലെന്നെ
മൂടണം പ്രേമവായ്പിൽ
മൂളണം സമ്മതം നുണയുവാൻ
നിൻ പ്രണയത്തിന്നാഴവും പരപ്പും.
നിന്റെ നന്മകളെ
സഹിക്കുന്ന
എന്നെ നീ അകമഴിഞ്ഞ്
സ്നേഹിക്കണം
നമ്മുടെ പ്രണയം ഒരിക്കലും
ഒരു കപടനാടകമാകരുത്
കല്ലറയിൽ അവസാനിക്കാനുള്ള
ഒരു പാരസ്പര്യം മാത്രമാകരുത്.
കേൾക്കാതെ നീ
കേൾക്കുമെങ്കിൽ
നന്ദി പറയാതെ
നന്ദി ചൊല്ലിടാം ഞാൻ!
സൗമനസ്യങ്ങൾക്കും
സൗജന്യങ്ങൾക്കും
നമസ്ക്കാരത്തിനും
തിരസ്ക്കാരത്തിനും
പോരിമയ്ക്കും പോരായ്മക്കും
നന്ദി ചൊല്ലിടാം ഞാൻ!
കേന്ദ്രവും പരിധിയുമില്ലാത്ത
ഹൃദയം കണക്കെ
വിശാലമായ ഒരു നന്ദി!
അകമഴിഞ്ഞു നന്ദി ചൊല്ലുമ്പോൾ
പറയുന്ന ഞാനെവിടെ
കേൾക്കുന്ന നീയെവിടെ?
ഇനിയും
നന്ദികേടിന്റെ പേരിൽ
നീ എന്നെ പഴിച്ചു കൊണ്ടേയിരിക്കരുത്!