സംഘടനകൾ കൊട്ടിഘോഷിച്ചു കൊണ്ടാടുന്ന ആഘോഷങ്ങളിൽ കൈവിട്ടുപോകുന്ന മാനുഷികമൂല്യങ്ങൾ പ്രസ്ഥാനങ്ങളുടെയോ അതോ നേതൃത്വത്തിലേക്ക് വരുന്നവരുടെ മൂലച്യുതിയെയാണോ എടുത്തു കാട്ടുന്നത്?
മനുഷ്യനന്മയ്ക്ക് എന്ന പേരിൽ ജന്മമെടുത്ത പ്രസ്ഥാനങ്ങൾ ഇന്ന് വെറുക്കപ്പെട്ടവരുടെ കൈകളിലേക്കാണോ എത്തിപ്പെടുന്നത് എന്ന് തോന്നുകയാണ്. പൊയ്മുഖങ്ങളുമായി സംഘടനകളുടെ നേതൃത്വവും ഭരണവും പിടിച്ചെടുക്കുവാനും അതുവഴി അംഗങ്ങളുടെ പോക്കറ്റിൽനിന്ന് കയ്യിട്ടുവാരുവാനും പിടിച്ചു പറിക്കുവാനും വ്യഗ്രത കാട്ടുന്നവരെ തിരഞ്ഞെടുക്കുന്ന ഓരോ സംഘടനാ അംഗങ്ങളുമാണ് ഇതിനൊക്കെ ഉത്തരവാദി!
ഈ വർഷം ഡൊമിനിക്കൻ റിപ്പബ്ലിക്കനിൽ നടത്തപ്പെട്ട കൺവൻഷനിൽ പങ്കെടുക്കുവാനെത്തിയ ആയിരം പേരിൽ ഒരുവനായി ഈയുള്ളവനുമുണ്ടായിരുന്നു, ആളൊഴിഞ്ഞ വേദികളും ബോറടിപ്പിക്കുന്ന നിലവാരമില്ലാത്ത പ്രകടനങ്ങളും കണ്ടു മടുത്ത ജനം പകലന്തിയോളം സെവൻ സ്റ്റാർ റിസോർട്ടിന്റെ പേരും നിലവാരവും പറഞ്ഞു കബളിപ്പിച്ചു പൈസ വാങ്ങിയിട്ട് ടു സ്റ്റാർ നിലവാരം പോലുമില്ലാത്ത ഒരു പിഞ്ഞിപ്പറിഞ്ഞ പഴയ ഹോട്ടലിൽ എത്തിചു. ജനം കിട്ടുന്ന നാലാം കിട കള്ളും ഫുഡും ഗതികേടുകൊണ്ട് കഴിച്ചു കൂട്ടി
അവസാനദിവസം രാത്രി ഒരു റെസ്റ്റോറന്റിന്റെ അടുത്ത് മുഴങ്ങുന്ന പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന ഒരു കൂട്ടം മലയാളികളടക്കമുള്ള ആളുകൾക്കിടയിൽ നിന്ന് ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ് ഓടിയിറങ്ങി വരുന്നത് കണ്ടു, കൂട്ടുകാരുമൊത്തു സംസാരിച്ചിരുന്ന എന്റെയടുത്തേക്ക് വന്ന ജെയിംസ് അകത്തു ഒരാൾ വീണു കിടക്കുന്നു ഒന്ന് വരൂ എന്ന് പറഞ്ഞു, ഞാൻ ജയിംസിന്റെ കൂടെ അകത്തേക്ക് ഓടി, അവിടെ ചെല്ലുമ്പോൾ ഒരാൾ നിലത്തിരിപ്പുണ്ട്. ഒടിഞ്ഞ കാലിൽ ചോരയൊലിപ്പിച്ചു കൊണ്ട്, ആരോ ചവിട്ടിയതാണ്, കാലു നടുവേ ഒടിഞ്ഞിട്ടുണ്ട്, ഞാൻ ആ കാലിൽ പതിയെ പിടിച്ചു നേരെയാക്കി, ആൾക്ക് നല്ല വേദനയുണ്ട് താനും. അപ്പോഴേക്കും വീൽ ചെയർ എത്തി, ആളിനെ അതിൽ താങ്ങിയിരുത്തി ഞാൻ ഒടിഞ്ഞ കാൽ നേരെ പിടിച്ചു കൊണ്ട് കൂടെ നടന്നു. എല്ലുകൾ പൊട്ടി പുറത്തു വന്ന നിലയിലായിരുന്നു,
മിനിറ്റുകൾ നടന്നു അവസാനം അകത്തു തന്നെയുള്ള ഒരു ക്ലിനിക്കിലേക്ക് സെക്യരിറ്റി വീൽചെയർ എത്തിച്ചു. അപ്പോളേക്കും ലൊസൻ ബിജുവിനെ ആരോ വിളിച്ചു വരുത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സ് അപ്പോൾ തന്നെ വേണ്ട പ്രാഥമികമായി ചെയ്യേണ്ടതൊക്കെ ചെയ്തു ഹോട്ടലിന് വെളിയിലുള്ള ഒരു ഹോസ്പിറ്റലിലേക്ക് മാറ്റുവാൻ തീരുമാനമായി. ആംബുലൻസ് വന്നു. അപ്പോളേക്കും സുബിനും മാത്യുവും ഷിബുവുമൊക്കെ ഫോൺ വിളിച്ചെത്തി. മാത്യുവിന്റെ ബന്ധുവായിരുന്നു പരിക്കുപറ്റിയ തോമസ്. ഈ സംഭവം നടക്കുന്നത് രാത്രി 12 മണിക്ക് ശേഷമാണെന്ന് തോന്നുന്നു. രാവിലെ ആറുമണിക്ക് തിരിച്ചു പോവേണ്ടവരായിരുന്നു തോമസും ഷിബുവും മാത്യുവുമൊക്കെ,
ആംബുലൻസെത്തി, സഹായവുമായി ലോസൻ ബിജുവും സുബിൻ കുമാറും കൂടെയുണ്ടായിരുന്നു. മാത്യു ഹോസ്പിറ്റലിലേക്ക് പോകുവാൻ തയാറായി, കൂടെ ഒരാൾക്ക് കൂടി കയറാം എന്ന് ഡ്രൈവർ പറഞ്ഞു. ഞാനും കൂടെ കയറി, ഞങ്ങളെ തന്നെ വിടുവാൻ ജെയിംസ് തയാറായില്ല. ഡ്രൈവറിനോട് സംസാരിച്ചു, ആൾ സമ്മതിച്ചു. അങ്ങനെ ജെയിംസും കൂടെ വന്നു. 20 മിനിറ്റോളം ഓടിയ ആംബുലൻസ് ഞങ്ങളെയും കൊണ്ട് അവിടെയുള്ള ഒരു ഹോസ്പിറ്റലിൽ എത്തിച്ചു. രാത്രിയായതിനാൽ എല്ലാവരും ഉറക്കമാണ്. ആകെയുള്ള ഒന്നോ രണ്ടോ സ്റ്റാഫ് തോമസിനെ അഡ്മിറ്റ് ചെയ്തു. അപ്പോൾ തന്നെ ഡോക്ടറിനെയും മറ്റു സ്റ്റാഫുകളെയും വിളിച്ചു വരുത്തി. എല്ലാവരും തന്നെ അവരവരുടെ വീടുകളിൽ നിന്ന് എത്തുകയായിരുന്നു എന്ന് തോന്നി കാരണം മണിക്കൂറുകൾ എടുത്തു ഒരു എക്സ് റേ മെഷീൻ കൊണ്ടുവന്ന് എക്സ് റേ എടുക്കുവാൻ. വേദനകാരണം തോമസ് നിലവിളിക്കുന്നുണ്ടായിരുന്നു
ഡോക്ടർ എത്തി അപ്പോളേക്കും നേഴ്സ് വേദനയ്ക്കുള്ള മരുന്ന് കൊടുത്തിരുന്നു. എല്ലാവരുടെയും മാന്യമായ പേരുമാറ്റവും കെയറും, എന്തായാലും എത്തി മൂന്നു മണിക്കൂറിനു ശേഷം കിട്ടിയ എക്സ് റേ റിപ്പോർട്ടിൽ നാല് ഒടിവുകൾ ഉണ്ട്. ഒടിഞ്ഞ എല്ലുകൾ വെളിയിലേക്ക് വന്നതിനാൽ സർജറി വേണ്ടിവരുമെന്ന് ഡോക്ടർ അറിയിച്ചു. അപ്പോളേക്കും തോമസിന്റെ വീട്ടിൽ ആകെ പരിഭ്രാന്തിയായി, എല്ലാവരും വിളിച്ചു. അവർ ഡി ആറിലേക്ക് വരുവാൻ തീരുമാനിച്ചു. ഡോക്ടറിനോട് ഒന്നുകൂടി സംസാരിച്ചിട്ട് വിളിക്കാമെന്ന് പറഞ്ഞു ഞങ്ങൾ അവരെ അങ്ങോട്ട് യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കി. ശേഷം ജെയിംസും ഞാനും ചേർന്ന് ഡോക്ടറുമായി അവിടെ സർജറി ചെയ്താലുണ്ടാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും സാമ്പത്തികമായും കുടുംബത്തിലെ അംഗങ്ങൾക്ക് അങ്ങോട്ട് വരുന്നതിനുള്ള ബുദ്ധിമുട്ടുകളും അവരെ ബോധ്യപ്പെടുത്തി. ഏതാണ്ട് 35000 ഡോളർ ചിലവും എട്ടു ദിവസം കഴിഞ്ഞേ യാത്ര സാധിക്കുകയുള്ളൂവെന്നും പറഞ്ഞയിടത്തു നിന്നും ഇന്ന് തന്നെ ഹ്യുസ്റ്റണിലേക്ക് കൊണ്ട് പോയി സർജറി ചെയ്യുവാൻ സാധിക്കുകയാണെങ്കിൽ കൊണ്ടുപൊയ്ക്കൊള്ളുവാൻ അവർ സമ്മതിച്ചു.
അങ്ങനെ തോമസിനെ ട്രാൻസ്പോർട്ട് ചെയ്യുവാൻ തക്കവിധത്തിൽ കാലിൽ പ്ലാസ്റ്ററിടുകയും യാത്രയിലുടനീളമുള്ള മരുന്നുകളടക്കം ഉള്ള സൗകര്യങ്ങളും അവർ ചെയ്തുതന്നു. നല്ല നഴ്സും ഡോക്ടറും, ആവശ്യമുള്ള സഹായമൊക്കെ അവർ ചെയ്തു തന്നു. രാവിലെ എട്ടു മണിയോട് കൂടെ ഞങ്ങൾ ഹോട്ടലിലേക്ക് തിരികെ പോയി. ജയിംസ് കുടുംബവുമൊത്താണ് എത്തിയിരുന്നത്. തോമസിന്റെ ഹൈ സ്കൂളിൽ ആണെന്ന് തോന്നുന്നു, പഠിക്കുന്ന മകൻ തോമസിനും മാത്യുവിനുമുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്ത് അയച്ചു കൊടുത്തു. നേരിട്ടുള്ള ഫ്ലൈറ്റുകളിൽ ടിക്കറ്റുകൾ ഇല്ലായിരുന്നു. അടുത്ത ദിവസം ഉച്ചയോടു കൂടിയാണ് അവർക്ക് ഹ്യുസ്റ്റണിലേക്ക് യാത്ര ചെയ്യുവാൻ സാധിച്ചത്. ഹോസ്പിറ്റലുകാർ എല്ലാ സൗകര്യവും ചെയ്തു കൊടുത്തിരുന്നു. ആംബുലൻസിൽ എയർപോർട്ടിൽ എത്തിക്കുകയും മറ്റു സൗകര്യങ്ങൾ എല്ലാം തന്നെ ചെയ്തു കൊടുക്കുകയും ചെയ്തു. ഹ്യുസ്റ്റണിൽ എത്തിയപ്പോഴേക്കും വീട്ടുകാരും മറ്റും എയർപോർട്ടിൽ എത്തിയിരുന്നു. ഇമിഗ്രേഷൻ അടക്കം ഫ്ലൈറ്റിലെ സീറ്റിൽ വച്ച് തന്നെ എയർപോർട്ട് അതോറിറ്റി ചെയ്യുവാൻ സൗകര്യമൊരുക്കി എന്നതാണ് എടുത്തു പറയേണ്ട കാര്യം. ഒരു പ്രൈവറ്റ് ആംബുലൻസുമായി ഒരു മലയാളി എത്തി. പക്ഷെ അവസാനം 911 വിളിച്ചു ആംബുലൻസ് വരുത്തി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി, അവിടെ സുബിൻ അടക്കമുള്ള പലരും സഹായവുമായിട്ട് എത്തിയിരുന്നു,
എന്നാൽ അപകടം സംഭവിച്ചത് മുതൽ അമേരിക്കയിലെ ആശുപത്രിയിൽ എത്തുന്നത് വരെ ആർക്കുവേണ്ടി ഈ മനുഷ്യൻ വോട്ടു ചെയ്യുവാൻ പോയോ, ആരെ വിശ്വസിച്ചു ഇത്രയും ദൂരം യാത്ര ചെയ്തു പോയോ അവർ ആരും ഒരു സഹായവുമായി എത്തിയില്ല എന്നതാണ് സത്യം. നിലവിലുള്ള ഭാരവാഹികൾ, തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ തുടങ്ങി ആരും ഒന്ന് തിരിഞ്ഞു നോക്കിയില്ല. ആകെയുണ്ടായിരുന്നത് ജെയിംസ് മാത്രമായിരുന്നു.
ഇതിനു പുറകെ നടക്കുന്നവർക്കൊക്കെ, എന്തെങ്കിലും സംഭവിച്ചാൽ അവനവന്റെ ഭാര്യക്കും മക്കൾക്കും കുടുംബങ്ങൾക്കും ആണ് നഷ്ടം, i
ഇനിയെങ്കിലും തിരഞ്ഞെടുക്കുമ്പോൾ കഴിവുള്ളവരെയും നല്ല മനസുള്ളവരെയും തിരിച്ചറിഞ്ഞു വേണം വോട്ടു ചെയ്യുവാൻ, കൂടാതെ ഡെസ്റ്റിനേഷൻ കൺവൻഷനു കൾക്ക് പോകുന്നവർ കർശനമായും ട്രാവൽ ഇൻഷ്വറൻസ് എടുത്തിരിക്കണം.