നീലച്ചിറകിൽ
വെള്ളക്കുത്തുകളുള്ള ഒരു പൂമ്പാറ്റ
ഒരു വസന്തത്തിൽ
മുല്ലസോപ്പിന്റെ മണം പരന്ന
കുളിമുറിയുടെ ചുവരിൽ
ഏഴു കാലുള്ള
ഒരെട്ടുകാലിയെ കണ്ടു.
ഒരു കൗതുകത്തിന്
എട്ടാമത്തെ കാല് തേടി
പൂമ്പാറ്റ
കുളിമുറിക്ക് വെളിയിലെത്തി.
തറയോരത്തെ
ഉറുമ്പിൻ മാളത്തിനു മീതെ
അത് വട്ടമിട്ട് പറന്നു
നീറുകൾ എട്ടാമത്തെ കാല്
നുറുക്കിയിട്ടിടത്ത്
അത് വിശ്രമിക്കാനിറങ്ങി
നിമിഷങ്ങൾ
പൂമ്പൊടി പോലെ പൊഴിഞ്ഞു
വീണു കൊണ്ടിരുന്നതിനിടെ
ഓർക്കാപ്പുറത്ത്
കടിച്ചു കീറപ്പെട്ടു
പൂഞ്ചിറകുകൾ.
ഏകദൃക്സാക്ഷി
പിച്ചിച്ചീന്തപ്പെട്ടു.
അവൾ അഭയയായി
നിർഭയയായി വസന്തങ്ങളെ
അതിജീവിച്ചു.
2
പൂമ്പാറ്റയില്ലാത്ത പൂന്തോട്ടം
ഒരു ഇംപ്രഷനിസ്റ്റ് പെയിന്റിങ്ങായി
സ്വീകരണ മുറിയിലെ
സോഫകൾക്കു മീതെ
ഫാനിന്റെ അഞ്ചാം നമ്പർ കാറ്റിൽ
ആടിയിളകി.
പെയിന്റിങ്ങിന്റെ മറുപുറത്ത്
പോസ്റ്റ്മോർട്ടത്തിനു വന്ന പല്ലികൾ
ഒരു പറക്കും കൂറയുടെ
അവശിഷ്ടങ്ങൾ
കൊറിച്ചു തുടങ്ങി.
3
കിടപ്പുമുറിയുടെ ചുവരിൽ
ജീർണ്ണിച്ച ഒരു ജാലകം
ജീവിച്ചിരിപ്പുണ്ട്
അതിനു പിറകെ ബന്ദിയായി
ഒരു കുറിയ നിഴലും.
മോഹിപ്പിക്കാൻ
വിസ്മയിപ്പിക്കാൻ
പ്രത്യാശ പകരാൻ
വിദൂരതയിലുമില്ല
ഒരു ഏകാന്തതാരകം.
4
സന്ധ്യക്ക് തൊടിയിൽ
ഉണങ്ങിയ തെങ്ങോലക്ക്
മീതെ ഒരു അരണ
മറ്റൊരു അരണയോട്
ചെയ്യുന്നതു കണ്ടിട്ട്
ശുഭവസ്ത്രധാരിണിയായ വിധവ പൂജാമുറിയിലേക്കോടി!
ധ്യാനത്തിൽ വിധവയെ
ഇണയരണകൾ വേട്ടയാടി.
5
അയൽവീട്ടിലെ വാട്ടർ ടാങ്കിന്റെ
മുകളിൽ ഒറ്റപ്പെട്ടു പോയ ഒരു മയിൽ മേഘങ്ങൾക്കെതിരെ പീലി വിരുത്തി
വിലപിച്ചു.
വെറുങ്കയ്യോടെ
തിരിച്ചെത്തിയ മാറ്റൊലി
അതിന്റെ കാതിലും കരളിലും
എഴുതുന്നുണ്ടാവാം
ഒരു ദുരന്തദുഃഖഗീതിക.
6
ബോധാലയം വഴി
മദിരാലയത്തിലേക്ക് ചെന്നു
പാനം ചെയ്യാതെ പാനം ചെയ്തു
ഗ്ലാസ്സിൽ പതയുടെ
പളുങ്കുബീജങ്ങൾ നുരഞ്ഞു പൊന്തി
കുടിക്കാതെ കുടിച്ചു
എങ്ങുമില്ലാത്തൊരൂരാണെന്റെ
ആലയം
ആരെത്തിക്കുമെന്നെയവിടെ
മദിരാലയത്തിന്റെ ലഹരിയിലും
ആ ആലയത്തിന്റെ ഓർമ്മ
എന്നെ നിരന്തരം വേട്ടയാടി.
7
ഗൃഹപാഠം ചെയ്യാതെ
അമ്പലം വഴി
ചുടലയിലേക്ക് ചെന്നാൽ
നഷ്ടപ്പെടുക
നിഷ്കളങ്കതയുടെ സമമിതി!