Image

പ്രേതബാധ (സുധീർ പണിക്കവീട്ടിൽ)

Published on 29 October, 2024
പ്രേതബാധ (സുധീർ പണിക്കവീട്ടിൽ)

Happy Halloween

"മുജേ പാൻ ഖിലാവോ, മീട്ടാ മീട്ടാ പാൻ. ഫിർ ബാത് കരോ" എനിക്ക് മുറുക്കാൻ തരു, നല്ല മധുരമുള്ള മുറുക്കാൻ.  എന്നിട്ട് സംസാരിക്കു. ഓഫിസിലെ ദഫ്ത്തരി (മുതിർന്ന ശിപായി) പന്നലാൽ വായിൽ നിന്നും ഒഴിയാത്ത മുറുക്കാൻ ചുണ്ടിലൂടെ ഒലിപ്പിച്ചുകൊണ്ട് പാടുന്ന  പല്ലവിയാണത്. അയാളെക്കൊണ്ട് എന്തെങ്കിലും കാര്യം സാധിക്കാൻ മുറുക്കാൻ പൊതി കൊടുത്താൽ മതി.

അവർ മൂന്നുപേര്, മൂന്നും മാനേജ്‌മെന്റ് ട്രെയിനികൾ അവരുടെ സൂപ്പർവൈസർ പറഞ്ഞതനുസരിച്ച് കുറെ മീട്ടാ പാനും കൊണ്ട് പന്നലാലിന്റെ മുന്നിലെത്തിയപ്പോഴും അയാൾ അത് തന്നെ പറഞ്ഞു. സാബ് പറഞ്ഞിരുന്നു. നിങ്ങൾക്ക് താമസിക്കാൻ ഒരിടം വേണം. ശരിയാക്കാം. അയാൾ മൂന്നുപേരെയും അടിമുതൽ മുടി വരെ നോക്കി. ഈ മൂന്ന് ചെറുപ്പക്കാരും   ത്രീ മസ്ക്കെറ്റിയേഴ്‌സിനെ പോലെ വിവിധ  സ്വഭാവക്കാരാണ്. ആൻഡ്രുസ് ലേഡീസ് മാൻ ആണ്. സുന്ദരനാണ്. സ്ത്രീകളുടെ കൂടെ സമയം ചിലവഴിക്കുന്നത് ഏറെ പ്രിയം. അശോകൻ എന്നാണു കോളേജ് കുമാരികൾ വിളിച്ചിരുന്നത്.  ആ പേര് വടക്കേ ഇന്ത്യയിൽ വന്നപ്പോൾ സഹായകമായി.  രാജേഷ് നല്ല വസ്ത്രങ്ങൾ  ഇഷ്ടപ്പെടുന്ന, തണുത്ത ബിയർ ഇഷ്ടപെടുന്നയാൾ. സുനീഷ് എഴുത്തുകാരനാണ്. പ്രണയമാണ് വിഷയം. സുന്ദരിമാർ ഇയാളെ പ്രേമിച്ചിരുന്നു. 

പന്നലാൽ ചോദിച്ചു. "ഖാത്താ പീത്താ ഹേ". പുസ്തകങ്ങളിൽ നിന്ന് മാത്രം ഹിന്ദി പഠിച്ചിട്ടുള്ള രാജേഷിനു സംസാരഭാഷ വശമില്ല. എന്നാലും തിന്നുകയും കുടിക്കുകയും ചെയ്യുമോ എന്നല്ലേ ചോദിച്ചത്  എന്ന ധാരണയിൽ  "പിന്നില്ലിയോ" എന്ന് വളരെ കൂളായി പറഞ്ഞുകൊണ്ട് തലയാട്ടി. പന്നലാൽ നെറ്റിചുളിക്കുന്നത് കണ്ട് ആൻഡ്രുസ് ഇടപെട്ടു.  പന്നലാൽ ചോദിച്ചത് മദ്യവും മാംസവും കഴിക്കുമോ എന്നാണു. ഇവൻ ദില്ലിയിൽ ആദ്യമായിട്ടാണ്. ഭാഷ വലിയ പിടിയില്ല. ഞങ്ങൾ കുടിക്കുകയോ വലിക്കുകയോ മാംസം കഴിക്കുകയോ ചെയ്യുന്നവരല്ല. 
“ഒരിക്കലും പാടില്ല.” കാരണം ഞാൻ കാണിക്കാൻ പോകുന്ന വീടിന്റെ താഴത്തെ നിലയിൽ ഒരു മദിരാശി കുടുംബമാണ്.  ബ്രാഹ്മണരാണ്.  വീടിന്റെ ഉടമസ്ഥനും ഒരു ശർമ്മയാണ്. അയാൾക്കും ഖാത്താ പീത്താ ആളുകളെ ഇഷ്ടമല്ല.

അടുത്ത ചോദ്യം "ചൊക്കരിയോം കോ ലൈൻ മാർത്ത ഹേ ". ആൻഡ്രുസും സുനീഷും പൊട്ടിപ്പൊട്ടി ചിരിച്ചപ്പോൾ അർത്ഥം    മനസ്സിലാകാതെ രാജേഷ് വിഷണ്ണനായി.   എടേ പെൺകുട്ടികളെ ലൈൻ അടിക്കുമോ എന്നാണു അയാൾ ചോദിച്ചത്. വിവരം മനസ്സിലാക്കിയപ്പോൾ രാജേഷ് ഞങ്ങളോട് മന്ത്രിച്ചു. ആൻഡ്രുസ്സിനെ ഉദ്ദേശിച്ചായിരിക്കും. ആ വക കുഴപ്പങ്ങൾ ഒന്നുമില്ലാത്ത നല്ല സൽസ്വഭാവികളായ ചെറുപ്പക്കാരാണ് ഞങ്ങൾ എന്ന് സുനീഷ് പന്നലാൽജിയെ അറിയിച്ചു.

“അങ്ങനെ ആകണം.” കാരണം ധാരാളം പെൺകുട്ടികൾ ശർമ്മ സാറിന്റെ വീട്ടിലും നിങ്ങൾ താമസിക്കാൻ പോകുന്ന വീടിന്റെ താഴത്തെ നിലയിലും ഉണ്ട്. താഴത്തെ നിലയിൽ താമസിക്കുന്നത് ശ്രീനിവാസ അയ്യർ ആണ്. അയാൾക്ക് കോളേജിൽ പോകുന്ന രണ്ട് പെൺകുട്ടികൾ ഉണ്ട്.
ദില്ലിയിലെ ചൂടിൽ അൽപ്പം ബീയർ കഴിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്തിനു ജോലി ചെയ്യുന്നു. രാജേഷ് തന്റെ ദുഃഖം  പ്രകടിപ്പിച്ചു. ആൻഡ്രുസ് സമാധാനിപ്പിച്ചു. നിനക്ക് ബാറിൽ പോയി കുടിക്കാം. എന്റെ കാര്യമാണ് കഷ്ടമാകാൻ പോകുന്നത്. ചുറ്റിലും സുന്ദരിമാരായ പെൺകുട്ടികൾ പക്ഷെ അവരെ നോക്കാനോ സംസാരിക്കാനോ പാടില്ല. എന്തായാലും അവിടെ ചെല്ലട്ടെ. പട്ടരെ ആദ്യം വളയ്ക്കാൻ നോക്കാം.

എന്തെങ്കിലും കേൾക്കുമ്പഴേക്കും രണ്ടുപേരും മനസ്സിൽ മനപായസ്സം ഉരുളിയോടെ തയ്യാറാക്കും. എന്നിട്ട് കുടിക്കാൻ പറ്റുമോ എന്നാലോചിച്ച് വിഷമിക്കും.  സുനീഷ് അവരെ കളിയാക്കി പന്നലാലിനോട് "ചലോ യാർ" എന്ന് പറഞ്ഞു. രാജേഷ് എന്താണെന്ന് ആംഗ്യം കാട്ടി.  "പോകാം ചങ്ങാതിയെന്നു" സുനീഷ് വിവരിച്ചു.  ആൻഡ്രുസ് പന്നാലാലിനോട് സംശയം ചോദിച്ചു. തമിഴത്തികൾക്ക് മലയാളം അറിയോ? എന്തായാലും രാജേഷ് ഹിന്ദിയറിയാതെ കഷ്ടപ്പെടും. നീ കഥകളി പഠിക്കാൻ നോക്ക്.എല്ലാവരും ശ്രീനിവാസ അയ്യരുടെ വസതിയുടെ മുകളിലെ നിലയിലേക്ക് പുറപ്പെട്ടു.
നടക്കുന്നതിനിടയിൽ പന്നലാൽ പാൻ തിന്നുകൊണ്ട് പറഞ്ഞു. ശർമ്മ സാഹിബിനു നാല് പെൺകുട്ടികൾ, രണ്ടെണ്ണം കോളേജിൽ മറ്റേത് സ്‌കൂളിൽ , അയ്യർ സാഹിബിനു രണ്ട് പെൺകുട്ടികൾ. ആൻഡ്രുസ് എരുവ് വലിക്കുന്ന പോലെ ശബ്ദം ഉണ്ടാക്കി. പന്നലാൽ അത് ശ്രദ്ധിക്കാതെ മൂന്നുപേരെയും ഉപദേശിച്ചു. നല്ല അച്ചടക്കമുള്ളവരാകണം. ഓഫീസിലെ സാഹേബ് പറഞ്ഞതുകൊണ്ടാണ് നിങ്ങൾക്ക് ഇത് ഒപ്പിച്ചുതരുന്നത്. 

രാജേഷിനു അതുകേട്ട് നിക്കക്കള്ളിയില്ലാതായി. അവൻ ആൻഡ്രുസിനോട് പറഞ്ഞു "അളിയോ ഇവളുമാരെ വളയ്ക്കാൻ കോളേജ് കാലത്തെ പരിശീലനം പോരായിരിക്കും.  എഴുത്തുകാരൻ അതിനോട് ഉടനെ പ്രതികരിച്ചു. പെമ്പിള്ളേരെ വളയ്ക്കരുത്.. മന്ദഹാസ പൂക്കൾ നീട്ടികൊണ്ട്, അനുരാഗലോലരായി അവർ അടിവച്ചടിവച്ച് വരണം. അപ്പോഴാണ് കാമദേവൻ പൂവും പ്രസാദവും വർഷിക്കുന്നത്.  So many beautiful women and so little time എന്ന് പറഞ്ഞ പോലെയാകും നമ്മുടെ താമസം.
മൂന്നുപേരെയുംകൊണ്ട് വീടിന്റെ മുകളിലെ മുറികൾ കാണിക്കാൻ എത്തിയപ്പോൾ ശ്രീനിവാസ അയ്യരും ഭാര്യ തൈലാംബാളും ഇറങ്ങിവന്നു. പന്നലാൽ അവരോട് നമസ്കാരം പറഞ്ഞു. മൂന്നുപേരെ ചൂണ്ടിക്കൊണ്ട് " യെ ചൊക്രാ ലോക് ഉപർ രഹേഗ" ആ പറഞ്ഞതത്തിന്റെ അർത്ഥം രാജേഷിനു മനസ്സിലായില്ലെങ്കിലും മറ്റുള്ളവർക്ക് മനസ്സിലായി. ഈ പിള്ളേര് മുകളിൽ താമസിക്കും എന്ന് മലയാളത്തിൽ തർജ്ജിമ ചെയ്യുമ്പോൾ കുഴപ്പമില്ലെങ്കിലും ചൊക്രാ എന്ന വാക്ക് സാധാരണ വേലക്കാരൻ ചെക്കന്മാരെ ഉദ്ദേശിച്ചാണ്. പന്നലാൽ ഒരു കിഴവനായതുകൊണ്ട് അവർ ക്ഷമിച്ചു. ശ്രീനിവാസ അയ്യർ "വണക്കം" പറഞ്ഞു. മലയാളത്തുകാരാണ് അല്ലെ എന്ന് ചോദിച്ചു.

മേലെ മുറിയെല്ലാം കണ്ടിട്ട്  വരിക. നല്ല മണീസ് കാപ്പി കുടിക്കാം. മേലെ മുറി നോക്കുന്നതിനേക്കാൾ അയൽവീട്ടിലെ  ശർമ്മാജിയുടെ പെണ്മക്കൾ കൺവെട്ടത്തുണ്ടോ എന്നായിരുന്നു ചെറുപ്പക്കാർ ശ്രദ്ധിച്ചിരുന്നത്. പന്നലാൽ പറഞ്ഞതൊന്നും അവർ കേട്ടില്ല. കറുത്ത് നീണ്ടുള്ള നയനങ്ങൾ കടാക്ഷമെറിയുന്നുണ്ടോ, ജാലക തിരശീലകൾ ഇളകുന്നുണ്ടോ, കൈവളകൾ കിലുങ്ങുന്നുണ്ടോ, ചുണ്ടിൽ നിന്നും ചിരിമണികൾ പൊഴിയുന്നുണ്ടോ എന്നൊക്കെ അവർ ഉത്സാഹത്തോടെ നോക്കി.  മുറികൾ നോക്കിയെന്നു വരുത്തി അവരെല്ലാവരും അയ്യരുടെ ക്ഷണം സ്വീകരിച്ചെത്തി. കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോൾ അവരുടെ മക്കളിൽ മൂത്ത അലമേലു എത്തി നോക്കി പോയി. ആൻഡ്രുസ്സിന്റെ കണ്ണുകളിൽ ഒരു ഇടിവാൾ മിന്നി. 

ചന്ദന നിറമുള്ള, നല്ല ഉയരമുള്ള, സുന്ദരനായ ആൻഡ്രുസ് ഒരു നമ്പൂതിരിയാണെന്നാണ് അയ്യർ കരുതിയത്. അതുകൊണ്ട് അശോകൻ എന്നത് ചുരുക്കി അച്യുതൻ നമ്പൂതിരിയെന്ന് അയാൾ വിളിച്ചു . അശോകൻ അത് തിരുത്താൻ പോയില്ല. അതുകൊണ്ട് ഒരു ചെറിയ ഉപദ്രവമുണ്ടായി."തിരുമേനിക്ക് ഈ ബാധയൊക്കെ ഒഴിപ്പിക്കാൻ അറിയോ? എന്റെ മകളുടെ ദേഹത്ത് ഒരു ബാധ കൂടിയിട്ടുണ്ട്. എന്റെ വീട് തഞ്ചാവൂർ. അവിടെ കഴിഞ്ഞ അവുധിക്ക് പോയപ്പോൾ എന്റെ പാട്ടി മരിച്ചുപോയി. അലമേലുവിനു ഒത്തിരി ഇഷ്ടമായിരുന്നു അവരെ.അവരുടെ മരണാന്തരകർമ്മങ്ങൾ കഴിഞ്ഞു ഞങ്ങൾ തിരിച്ചെത്തിയ രാത്രി അലമേലു പൊട്ടിക്കരഞ്ഞു. പാട്ടി അവളുടെ അടുത്ത് ഇരിക്കുന്ന പോലെ തോന്നിയത്രേ. അതിനുശേഷം അവൾ മൂകയായി ഇരിക്കുകയും, ചിരിക്കുകയും, കരയുകയും ഒക്കെ പതിവായി. പല മന്ത്രവാദികളെയും കാണിച്ചു. ഒരു ആശ്വാസവുമുണ്ടായില്ല.

ഇത് തന്നെ തരമെന്നു കരുതിയ ആൻഡ്രുസ് താൻ നമ്പൂതിരിയല്ലെന്നു പറഞ്ഞില്ല. തന്നെയുമല്ല ഇല്ലത്ത് അഫന്റെ കൂടെ ചില മന്ത്രവാദങ്ങൾ ചെയ്ത പരിചയമുണ്ടെന്നും അയ്യരോട് പറഞ്ഞു. കൂട്ടുകാരായ രാജേഷും, സുനീഷും  കൂടി ചില പ്രേതങ്ങളെ ഒഴിപ്പിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ടു. രണ്ടാഴ്ച്ച്ചക്കാലം ബാധയേറ്റ പെൺകുട്ടിയുമായി ഇടപഴകണം. ഞങ്ങൾ മുകളിൽ താമസിക്കുന്നത്കൊണ്ട് അത് പ്രശ്നമല്ല. പിന്നെ ഒരു പൂജ അതോടെ ബാധ അപ്രത്യക്ഷ്യമാകും. അതുകേട്ട് സംതൃപ്തനായ അയ്യർ പൂജക്കായി ഒരുക്കങ്ങൾ ആരംഭിക്കാമെന്നു സമ്മതം മൂളി. അതിന്റെ പ്രാരംഭ നടപടിക്കായി അലമേലുവുമായി സംസാരിച്ചു. 

“ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ ഇനിയും നിൻ കഥ പറയു”...എന്ന് പാടി പ്രേമം തലക്ക് പിടിച്ചവനായി അലമേലു ഇനി പറയാൻ പോകുന്ന കഥകൾ  ഓർത്ത് ആൻഡ്രുസ് കൂട്ടുകാരെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചു. നമ്മുടെ മുന്നിൽ ഒരു ദൗത്യം ഉണ്ട്. താഴെ അലമേലുവിനു പ്രേതബാധയുണ്ടെന്നു അയ്യർ സാർ പറയുന്നു. ഞാൻ, അതായത് അച്യുതൻ നമ്പൂതിരി അത് ഒഴിപ്പിക്കുന്നു. അതിനായി രണ്ടാഴ്ച്ച അലമേലുവുമായി സഹൃദം. അവളുടെ വീട്ടിൽ വച്ച് തന്നെ. നിങ്ങൾ സഹകരിക്കണം. മന്ത്രവാദത്തിന്റെ ചുക്കും ചുണ്ണാമ്പും അറിയാത്ത നീ എന്ത് ചെയ്യാൻ പോകുന്നു. രാജേഷിൻറെ പരിഹാസം. ആൻഡ്രുസ് സംഗതികൾ  വിവരിച്ചു."പ്രണയത്തിന്റെ ചുക്കും ചുണ്ണാമ്പും എനിക്കറിയാമല്ലോ. നമ്മുടെ സുനീഷിന്റെ ഒരു കഥയിൽ അവൻ ഒരു ബാധ ഒഴിപ്പിക്കുന്ന കാര്യം പറയുന്നുണ്ട്. അത് നമുക്ക് ഇവിടെ പ്രായോഗികമാക്കാം. എന്റെ കഥ വായിച്ച് പുലിവാലിൽ പോയി പിടിക്കണ്ടെന്നു സുനീഷ് മുന്നറിയിപ്പ് നൽകി. "നിങ്ങൾ കൂടെ നിൽക്കുക, ബാക്കി കാര്യം ഞാൻ ഏറ്റു". ആൻഡ്രുസ് സുനീഷിനോട് മന്ത്രവാദത്തിനുള്ള സാമഗ്രികളുടെ ലിസ്റ്റ് ഉണ്ടാക്കി അയ്യർ സാറിനെ ഏൽപ്പിക്കാൻ പറഞ്ഞു. അലമേലുവുമായി ദിവസത്തിൽ രണ്ട് നേരം സംസാരിച്ചു. ബാധ ഒഴിപ്പിക്കലിന്റെ ഭാഗമായി നടത്തുന്ന ഈ കൂടിക്കാഴ്ച്ച്ചകൾക്ക് അവളുടെ കുടുംബം പിന്തുണ നല്കിയിരുന്നത്കൊണ്ട് ആൻഡ്രസ്സിന്റെ പ്രേമനൗകയിൽ അലമേലു ഉല്ലാസവതിയായി സഞ്ചരിച്ചു.

പൂജാ ദിവസം സമാഗതമായി. സുനീഷ് ചാർത്തികൊടുത്ത ലിസ്റ്റ് പ്രകാരം നാനാവർണ്ണത്തിലുള്ള പൊടികൾ, സാംബ്രാണി, കർപ്പൂരം ചുവന്ന പട്ടിന്റെ കഷ്ണം തുടങ്ങി എല്ലാം അയ്യർ ഒരുക്കി. ആൻഡ്രുസ്സിനൊപ്പം മറ്റു മൂന്നുപേരും പൂജാരികൾ മുണ്ടു ഉടുക്കുന്ന പോലെ ഉടുത്ത് മേലാസകലം ഭസ്മവും ചന്ദനവും പൂശി  അയ്യരുടെ വീട്ടിൽ എത്തി. അലമേലുവിനു രണ്ട് ദിവസമായി ബാധ ഉപദ്രവം കൂടുതലായിരുന്നു. വെറുതെ ചിരിക്കുക, ദൂരേക്ക് നോക്കി സംസാരിക്കുക, പിന്നെ കരയുക. അയ്യരും കുടുംബവും പൂജയിൽ വിശ്വാസം അർപ്പിച്ചിരിക്കയാണ്. കഥയെഴുതുന്ന സുനീഷിന്റെ സഹായത്തോടെ ആൻഡ്രുസ് ഒരു കളമെഴുതി. നിലവിളക്കുകൾ കത്തിച്ച് വച്ചു. ഇടക്കിടെ മണിയടിച്ച് പുഷ്പദളങ്ങൾ വിതറി. കർപ്പൂരം കൊണ്ട് അലമേലുവിനെ ആർത്തി ഉഴിഞ്ഞു. അലമേലുവിന്റെ കണ്ണുകളുടെ ഭാവം മാറുന്നു. പ്രണയത്തിന്റെ തുഷാരബിന്ദുക്കളല്ല മറിച്ച് രൗദ്ര ഭാവമാണ്. അത് ആൻഡ്രുസ്സിനെ ഭയപ്പെടുത്തുന്നുണ്ട്. ഇടവും വലവും കൂട്ടുകാർ ഉള്ള ഉറപ്പിൽ അയാൾ മന്ത്രം ജപിച്ചു.

മന്ത്രങ്ങളുടെ ABC അറിയാത്ത ആൻഡ്രുസ് മന്ത്രം എന്ന പേരിൽ ചുണ്ടനക്കുന്നത് " പെരിയാറേ പെരിയാറേ പർവത നിരയുടെ പനിനീരെ എന്ന പാട്ടാണ്. അലമേലുവിനോട് ആൻഡ്രുസ് പറഞ്ഞു. "ഇതാ പാട്ടി നിങ്ങളിൽ പ്രവേശിച്ചിരിക്കയാണ്. അവരെ ഞാൻ ആവാഹിക്കാൻ പോകുന്നു. അലമേലു പൊട്ടിപൊട്ടിച്ചിരിച്ചപ്പോൾ രാജേഷ് ഓർത്തു. "നീ പോടാ ചെക്കാ, എന്നെ നീ ആവാഹിക്കെ" എന്ന് പാട്ടി തള്ള പറയുകയായിരിക്കും. ആൻഡ്രുസ് അർദ്ധനിമീലിത നേത്രങ്ങളോടെ മുന്നിൽഅഗ്നികുണ്ടിൽ കുറച്ച് കർപ്പൂരം അർപ്പിച്ച്. കർപ്പൂരം ആളിക്കത്തി. സുഗന്ധം പരന്നു.സുനീഷ് കൈകൊണ്ട് അടച്ചുപിടിച്ചിരിക്കുന്ന കുടുക്ക ആൻഡ്രുസ് വാങ്ങി.തന്റെ കൈപ്പടങ്ങൾ കൊണ്ട് അതിനെ പൊത്തിപ്പിടിച്ചു. പിന്നെ അത് അലമേലുവിന്റെ ദേഹത്ത് ഉഴിഞ്ഞു. അലമേലുവിനോട് പറഞ്ഞു. " ഇതാ പാട്ടിയെ ഞാൻ ആവാഹിക്കുന്നു. അയാൾ വീണ്ടും മന്ത്രം ഉരുവിട്ടു, കടലിനക്കരെ പോണോരെ...ചുറ്റും കൂടിയവർ ഏതോ മന്ത്രം ഉരുവിടുകയാണെന്നു ധരിച്ചു. ആൻഡ്രുസ് അലമേലുവിന്റെദേഹത്തോക്ക് ഭസ്മം എറിഞ്ഞു. തീയിൽ കർപ്പൂരം അർപ്പിച്ച് പുകയുണ്ടാക്കി. ഇതാ പാട്ടി ഈ കുടുക്കയിൽ. രാജേഷ്, ആ ചുവന്ന പട്ടു തുണി തരു. അതുകൊണ്ട് അയാൾ കുടുക്കയുടെ വായ കെട്ടി. കൂടിനിന്ന എല്ലാവരെയും നോക്കി. ഞാൻ പാട്ടിയെ ഈ കുടുക്കയിലാക്കി. . അലമേലു കൗതുകത്തോടെ നോക്കി. ഇതാ ഈ കുടുക്കക്കുള്ളിൽ പാട്ടിയുണ്ടെന്ന് നിങ്ങളെ വിശ്വസിപ്പിക്കാം. അയാൾ കുടുക്കയുടെ വായ കെട്ടിയ പട്ടു തുണി അൽപ്പം കീറി അതിലേക്ക് പൂജക്കായി വച്ചിരുന്ന കനൽക്കട്ടകൾ ഇട്ട് കുടുക്ക താഴെ വച്ചു . കുടുക്ക വട്ടം കറങ്ങാൻ തുടങ്ങി. ആൻഡ്രുസ് പറഞ്ഞു അലമേലു ഇനി പേടിക്കണ്ട. പാട്ടി ഈ കുടുക്കയിലുണ്ട്. ഇത്  ഞങ്ങൾ കൊണ്ടുപോയി കടലിൽ ഒഴുക്കും. അലമേലുവിനു വിശ്വാസമായി.. ചെറുപ്പക്കാരുടെ ആ സൂത്രം ഫലിച്ചു. പൂജയിൽ സംബന്ധിച്ചവരൊക്കെ ഇനിയും ബാധകൾ ഒഴിപ്പിക്കാൻ ഇവരെ തന്നെ വിളിക്കണമെന്ന് നിശ്ചയിച്ചുറപ്പിച്ചു.

അയ്യർ സാർ ഒരുക്കിയിരുന്ന വിഭവ  സമൃദ്ധമായ സദ്യയും അയ്യർ നൽകിയ ദക്ഷിണയും സ്വീകരിച്ച് ആൻഡ്രുസും കൂട്ടുകാരും അവരുടെ മുറിയിലേക്ക് പോയി. അയ്യർ മകളോട് ചോദിച്ചു. എങ്ങനെ തോന്നുന്നു. സുഖം തോന്നുന്നു അപ്പാ.
ഒരാഴ്ച്ച കഴിഞ്ഞപ്പോൾ അയ്യർ വീണ്ടും ആൻഡ്രുസ്സിനെ സമീപിച്ചു. അലമേലുവിനെ പാട്ടി പൂർണ്ണമായും വിട്ടുപോയിട്ടില്ലെന്നു തോന്നുന്നു. ഇപ്പോഴും അവൾ ഓർത്ത് ചിരിക്കയും, ആലോചനാമഗ്നയായി ഇരിക്കയും ചെയ്യുന്നു. ചിലപ്പോൾ ഞങ്ങൾ വിളിച്ചാൽ പോലും കേൾക്കുന്നില്ല. രാജേഷ്  അയ്യർ സാറിനോട് പറഞ്ഞു. ഇപ്പോൾ ബാധ പാട്ടിയുടെ അല്ല. ഇപ്പോൾ ദാ ഇവന്റെ ബാധയാണ് കൂടിയിരിക്കുന്നത്. മകളെ അച്യുതൻ നമ്പൂതിരിക്ക് വേളി കഴിച്ചുകൊടുത്താൽ എല്ലാം ശുഭമാകും. പിന്നെ കുടുക്ക ഉരുണ്ടത് ആൻഡ്രസ്സിന്റെ മന്ത്രവാദ ശക്തിയൊന്നുമല്ല. അതിൽ അവൻ ജീവനുള്ള ഒന്ന് രണ്ടു തവളകളെ ഇട്ടിരുന്നു. കനൽ വീണപ്പോൾ ആ പാവങ്ങൾ അനങ്ങിയതാണ്. ഇതൊക്കെ മന്ത്രവാദത്തിന്റെ ചില പൊടികൈകൾ.

ശുഭം
 

Join WhatsApp News
Abdul 2024-10-29 18:43:35
Sudheer brings college nostalgic feelings, along with interesting Manthravadam.
Santhosh 2024-10-29 23:05:36
അലമേലുവിന്റെ ശരീരത്ത് തവളകളുടെ പ്രേതം കേറാതിരുന്നത് നന്നായി.🤣 മന്ത്രങ്ങൾക്കായി തിരഞ്ഞെടുത്ത പാട്ടുകൾ ഗംഭീരം,
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക