Image

നഗരത്തിന്റെ ദീപക്കാഴ്ചകൾ (രാജൻ കിണറ്റിങ്കര)

Published on 29 October, 2024
നഗരത്തിന്റെ ദീപക്കാഴ്ചകൾ (രാജൻ കിണറ്റിങ്കര)

പുഷ്പങ്ങളാലും നിറങ്ങളാലും അലംകൃതമായ മഹാനഗരത്തിന്റെ
വീഥികളിൽ മറ്റൊരു ദീപാവലി നിശാ യാത്രക്ക് തയ്യാറെടുക്കുന്നു. ദീപങ്ങളുടെ
ഉത്സവം മാത്രമല്ല ദീപാവലി, അത് പൂക്കളുടെ ഉത്സവമാണ്, നിറങ്ങളുടെ
ഉത്സവമാണ്, മധുരങ്ങളുടെ ഉത്സവമാണ്, പൊട്ടിച്ചിതറുന്ന പടക്കങ്ങളുടെ
ഉത്സവമാണ്, തീക്കനൽ കൊണ്ട് മായാജാലം തീർക്കുന്ന പൂത്തിരികളുടെയും
മേശപ്പൂവുകളുടെയും തലചക്രങ്ങളുടെയും ഉത്സവമാണ്.
അവധിക്കാലത്തിന്റെ ഉത്സവമാണ്. ദീപാവലിക്ക് ഇനിയും
ദിവസങ്ങളുണ്ടെങ്കിലും തെരുവീഥികളും മാർക്കറ്റുകളും ഓഫീസുകളും
ആഘോഷ നിറവിലാണ്. പൂജകൾക്കായി ഒരുങ്ങുന്ന പലവർണ്ണ പൂക്കളും
ഹാരങ്ങളും. ഉമ്മറപ്പടിയിൽ കോലങ്ങളെഴുതാൻ പല നിറങ്ങളിലുള്ള
പൊടികൾ. അകം നിറഞ്ഞ് കടകൾക്ക് പുറത്തെ റോഡിലേക്ക് ഏന്തി
നിൽക്കുന്ന മിഠായി പെട്ടികൾ. കരിമരുന്നു കൊണ്ട് കലകൾ തീർക്കുന്ന
ശിവകാശിയുടെ മറ്റൊരു ചിത്രം പോലെ മുംബൈയിലെ തെരുവീഥികൾ.

കുറച്ച് കാലം മുന്നേ വരെ ദീപാവലി എത്തിയാൽ നഗരത്തിന്
ഒഴിവുകാലത്തിന്റെ പ്രതീതിയായിരുന്നു. പക്ഷെ, അന്യമാകുന്ന ബന്ധങ്ങളോ,
സ്വാർത്ഥമാകുന്ന ലോകമോ എന്തോ, ഇപ്പോൾ അധികമാരും സ്വന്തം വേരുകൾ
തേടി അവധിയാത്രകൾ ചെയ്യാറില്ല. എനിക്ക് നീയും നിനക്ക് ഞാനും എന്ന
സെൽഫി യുഗത്തിന്റെ പുതിയ ആപ്ത വാക്യങ്ങളിൽ നഗരം സ്വയം
ഉള്ളിലേക്കൊതുങ്ങുന്നു. സുഖങ്ങളും ദുഖങ്ങളും ഒറ്റമുറിയിലെ നാല്
ചുമരുകൾക്കുള്ളിൽ, സന്തോഷവും സന്താപവും ഇവിടെ തന്നെ. വർധിച്ചു
വരുന്ന യാത്ര ചെലവുകളും നാട്ടിലേക്ക് ടിക്കറ്റ് കിട്ടാത്തതും ഒരുപക്ഷെ ഈ
അന്യഥാ ബോധത്തിന് മറ്റൊരു കാരണമായിരിക്കാം.

നഗരം നവവധുവായി അണിഞ്ഞൊരുങ്ങുന്നത് ദീപാവലിക്കാണ്, എല്ലാ
വീടുകളുടെയും മുന്നിലും ബാൽക്കണിയിലും സന്ധ്യയായാൽ തെളിഞ്ഞു
കത്തുന്ന നക്ഷത്ര വിളക്കുകൾ. അണഞ്ഞും കത്തിയും മിന്നിമറയുന്ന ചൈനീസ്
ബൾബുകൾ. അരിക്കോലങ്ങൾക്ക് ചുറ്റും ഉമ്മറപ്പടികളിൽ തെളിഞ്ഞു കത്തുന്ന
മൺചെരാതുകൾ.


ഇന്ന് പുലർച്ചെ ദാദറിലെ പൂവ് മാർക്കറ്റിലൂടെ ഒന്ന് കറങ്ങി. നേരം
ആറരമണി ആയിട്ടേ ഉള്ളു.  നേരത്തെ ആയതിനാൽ ട്രെയിനിൽ സീറ്റ്
കിട്ടും എന്ന എന്റെ ധാരണ തെറ്റി.  സീറ്റുകളിൽ മാസ്കും മഫ്ളറും
കെട്ടി പരിസര ബോധമില്ലാതെ ഉറക്കം തൂങ്ങുന്നവർ.   ഇടക്ക് ഞെട്ടി
ഉണർന്ന് ജനാല കമ്പികൾക്കിടയിലൂടെ എവിടെ എത്തി എന്ന്
നോക്കുന്നു.  വീണ്ടും ഉറക്കത്തിലേക്ക്. അടുത്ത് നിൽക്കുന്നവരുടെ
കൈയോ കാലോ ദേഹത്ത് തട്ടുമ്പോൾ അസ്വസ്ഥരാകുന്നവർ.
പുലർച്ചെ മൂന്ന് മണിക്ക് ഉണരുന്ന ദാദർ പൂവ് മാർക്കറ്റ്,  വിവിധ ഇനം
പൂക്കളും ഇലകളും മാലകളും പൂജാദ്രവ്യങ്ങളും കൊണ്ട് സജീവമായ
മാർക്കറ്റിൽ സമയം കടന്നു പോകുന്തോറും തിരക്ക് കൂടി വരും. പിന്നെ
ആ ആൾക്കൂട്ടത്തിൽ പെട്ടാൽ പുഴയിൽ ഒഴുകുന്ന പൊങ്ങുതടി
പോലെയാണ്. ചെളി പുരളാത്ത ശുദ്ധമായ പൂവുകൾ  മിതമായ
വിലയിൽ കിട്ടും എന്നതാണ് ആളുകൾ ഇവിടേക്ക് ഒഴുകി വരാൻ
കാരണം.  ചില ചിത്രങ്ങൾ പകർത്തി ഞാനും ആൾക്കൂട്ടത്തിൽ ഒരാളായി
ഒഴുകി.  ആരും ആരെയും ശ്രദ്ധിക്കുന്നില്ല, വിൽക്കുന്നവർക്ക്
വിൽപ്പനയിലും വാങ്ങുന്നവർക്ക് വില പേശലിലും പൂക്കൾ
തിരയുന്നതിലുമാണ് ശ്രദ്ധ.     അരക്കിലോ  25 (അർദ്ധ കിലോ പച്ചീസ്)
കിലോ 50 (ഏക് കിലോ പചാസ്) എന്ന് വിളിച്ചു പറയുന്ന പൂക്കാരന്
മുംബൈയുടെ മനശാസ്ത്രമറിയാം, അവന്റെ പൾസറിയാം.  അരക്കിലോ
25 രൂപ ഉള്ള സാധനത്തിന് കിലോ 50 ആണെന്നത് ഒരു ഓഫറോ
ആദായ വിൽപ്പനയോ അല്ല, അത് സിംപിൾ കണക്ക് മാത്രമാണ് , പക്ഷെ
ആ വിളിച്ചു പറയലിൽ മുംബൈയുടെ മനസ്സ് അങ്ങോട്ട് അടുക്കും
എന്നത് നഗരം പഠിപ്പിച്ച  കച്ചവടതന്ത്രം.  


പൂക്കളെയും ജനങ്ങളെയും വഴഞ്ഞ് മാറ്റി ഞാൻ പുറത്തെ
റോഡിലേക്കിറങ്ങി. അവിടെ വലിയ കച്ചവടക്കാരോട്
മത്സരിക്കാനാകാത്ത ചില ചില്ലറ വിൽപ്പനക്കാർ നിലത്ത് വിരിച്ച
തുണികളിൽ പൂക്കൾ വച്ച് അന്നത്തെ അന്നത്തിൻറെ ഭാഗ്യം തേടുന്നു. 
 ചിലർ ഏതോ ദൂരെയുള്ള തടാകത്തിൽ നിന്നും പൊട്ടിച്ച് കൊണ്ടുവന്ന
താമരയും ആമ്പലും വിൽക്കുന്നു. വിരിഞ്ഞു നിൽക്കുന്ന ആമ്പൽ
പൂവുകൾ തണ്ടോടെ പറിക്കാൻ ഭട്ടി കായലിൻറെ ആഴങ്ങളിലേക്ക്
നീന്തിപ്പോയ ഒരു ബാല്യം നഗര മധ്യത്തിൽ ഓർമ്മകളുടെ പങ്കായം
തുഴഞ്ഞ് നിൽക്കുന്നു.


റോഡിനിരുവശത്തെയും കടത്തിണ്ണകളിൽ തലേന്നത്തെ കെട്ടിറങ്ങാത്ത
ചിലർ എന്തൊക്കെയോ സ്വയം പുലമ്പികൊണ്ട് ഉടുതുണിയെ പുതപ്പാക്കി
അതിനുള്ളിലേക്ക് നുഴഞ്ഞു കയറുന്നു. തലചായ്ക്കാൻ ഒരു കൂരയില്ലാത്ത
മറ്റൊരു കൂട്ടരും കടത്തിണ്ണയിലും വരാന്തകളിലും രാത്രിയെ
പകലാക്കുന്നത് കാണാം.   ഒമ്പത് മണിക്ക് കടകൾ തുറക്കും മുന്നെ ഒരു
അര രാവിൻറെ ഉറക്കം തേടുന്ന ഹതഭാഗ്യർ,  മുന്നിലെ ഭിക്ഷാപാത്രം
നീട്ടി വഴിയാത്രക്കാരുടെ മുഖത്തേക്ക് ദൈന്യതയോടെയും
പ്രതീക്ഷയോടെയും നോക്കുന്ന വേറൊരു കുട്ടർ .  സമ്പന്നമായ
നഗരത്തിന്റെ പൊയ്മുഖമില്ലാത്ത ചില കരി പുരണ്ട ചിത്രങ്ങൾ.
വിളക്കുകൾ അണയാത്ത , ചലനം നിലയ്ക്കാത്ത മുംബൈ
മഹാനഗരത്തിൻറെ ഒഴുകിയെത്തുന്ന ജനസമുദ്രത്തിലേക്ക്  ദീപക്കാഴ്ചകൾ
ലഹരി പകരുന്ന ദീപാവലിയുടെ അലങ്കാര രാവിലേക്ക് നഗര വഴികൾ
ദ്രുത സഞ്ചാരം ചെയ്യുമ്പോൾ കാഴ്ചകളുടെ ഭംഗിയും വേദനയും
നിസ്സംഗതയും പേറി ഞാനും തിരിഞ്ഞു നടന്നു, അടുത്ത ലക്ഷ്യത്തിലേക്ക്.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക