അങ്ങനെയിരിക്കെ...
പിന്നെയും
വേലിയേറ്റവും വേലിയിറക്കവുമുണ്ടായി
കടൽ പുഴയെ കട്ടു കൊണ്ടു പോയതാണെന്ന്
കാറ്റ് തീരത്തോട്
പിന്നെയും കള്ളം പറഞ്ഞു.
തീരമത് വീണ്ടും വിശ്വസിച്ചു..
വരണ്ട ചെളിപ്പാതയും നോക്കി
കരഞ്ഞ കരയെ കണ്ടു
മഴ മേഘമൊന്ന് കരയെ മുത്തി
പുഴച്ചാലിൽ ഓളം വെട്ടി..
പുഴയങ്ങനെ പിന്നെയുമൊഴുകി..
കര പിന്നേയും പാട്ടു പാടി
കുളിരു പുതച്ചു കാറ്റിലാടി..
കടലിനെ മടുത്ത പഴയ ഓളങ്ങൾ
തിരികെ കയാറാനാവാതെ
അഴിമുഖത്തൊരു ചുഴി വെട്ടിയിറങ്ങി
പുതിയ പുഴയും പഴയ കടലും
തമ്മിൽ തമ്മിൽ നോക്കി നിൽക്കെ
പിന്നെയും വേലിയിറക്കമുണ്ടായി..
കാറ്റ് പിന്നെയും
പഴയ കഥയുമായി
കരയിലേക്ക് പറന്നു..