മറ്റൊരു പ്രമുഖ പത്രം കൂടി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആരെയും പിന്തുണയ്ക്കില്ലെന്നു പ്രഖ്യാപിച്ചു: 'യുഎസ്എ ടുഡേ.' പത്രത്തിന്റെ ഉടമകളായ ഗാനറ്റ് കമ്പനിക്കു അമേരിക്കയിൽ പല ഭാഗത്തായുള്ള ഇരുനൂറോളം പ്രസിദ്ധീകരണങ്ങളും ഈ തീരുമാനത്തിനൊപ്പം നിൽക്കും.
വാഷിംഗ്‌ടൺ പോസ്റ്റ്, ലോസ് ആഞ്ചലസ് ടൈംസ് എന്നീ പത്രങ്ങൾ ഇതേ നിലപാട് സ്വീകരിച്ചതിനു പിന്നാലെ തീരുമാനം പ്രഖ്യാപിച്ച ഗാനറ്റ് പറയുന്നത് പ്രാദേശികമായി ഇറങ്ങുന്ന ഇരുനൂറോളം പ്രസിദ്ധീകരണങ്ങൾ പ്രാദേശിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യും എന്നാണ്. അവയ്ക്കു സംസ്ഥാന-പ്രാദേശിക തലത്തിൽ പിന്തുണ നല്കാൻ അനുമതിയുണ്ട്.
"യുഎസ്എ ടുഡേ നെറ്റ്‌വർക്കിലുള്ള ഒരു പ്രസിദ്ധീകരണവും പ്രസിഡൻഷ്യൽ-ദേശീയ തിരഞ്ഞെടുപ്പുകളിൽ ഒരു സ്ഥാനാർഥിയെയും പിൻതുണയ്ക്കില്ല," പത്രത്തിന്റെ വക്താവ് ലാർക്-മേരി ആന്റൺ പറഞ്ഞു. പ്രാദേശിക പ്രസിദ്ധീകരണങ്ങൾ മിക്കതും സ്ഥാനാർഥികളെ തുണയ്ക്കുന്നതിനു പകരം സുപ്രധാന പ്രാദേശിക-സംസ്ഥാന പ്രശ്നങ്ങളിൽ നിലപാടെടുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
"അമേരിക്കയുടെ ഭാവി പ്രാദേശിക മത്സരങ്ങളിലാണ് തീരുമാനിക്കുന്നത് എന്നാണ് ഞങ്ങളുടെ വിശ്വാസം. 200ലേറെ പ്രസിദ്ധീകരണങ്ങൾ രാജ്യത്തുള്ളപ്പോൾ വായനക്കാർക്കു തീരുമാനം എടുക്കാൻ സഹായിക്കുന്ന കൃത്യമായ വിവരങ്ങൾ നൽകേണ്ടത് ഞങ്ങളുടെ ചുമതലയാണ്."
യുദ്ധഭൂമി സംസ്ഥാനങ്ങളിൽ ഗാനറ്റ് ഗ്രൂപ്പിന് പ്രധാനപ്പെട്ട പ്രാദേശിക പത്രങ്ങളുണ്ട്: അരിസോണ റിപ്പബ്ലിക്ക്, ഡിട്രോയിറ്റ് ഫ്രീ പ്രസ് തുടങ്ങിയവ.
USA Today will not endorse anyone