എന്നെ എപ്പോഴും ആശയ കുഴപ്പത്തിലാക്കുന്ന ചില വാക്കുകളിൽ ഒന്നാണ് പ്രവാസി യും പ്രവാസവും . കഴിഞ്ഞ ദിവസം പള്ളിയിൽ കൺവെൻഷൻ പ്രസംഗികനായി വന്ന അച്ചൻ പറഞ്ഞ ഒരു കാര്യം എന്നെ വളരെ ആകർഷിച്ചു . ഇവിടെ അമേരിക്കയിൽ നമ്മൾ പ്രവാസികൾ അല്ല മറിച്ചു ഡയസ്പൊറ, "ചിതറി പാർക്കപ്പെട്ടവർ " ആണ് എന്നാണ് അച്ചൻ കാല യവനികക്കുള്ളിൽ മറഞ്ഞ ഒരു ബിഷപ്പിനെ ഉദ്ധരിച്ചു കൊണ്ട് പറഞ്ഞത് . ഈ വാക്കിന്റെ വേര് മാന്തി നോക്കിയാൽ അതിൽ തന്നെ ഒരു ചിതറിപ്പാർക്കൽ ഉള്ളതായി തോന്നും, ഗ്രീക്ക് ഭാഷയിൽ നിന്നും ഇംഗ്ലീഷ് ഭാഷയിലേക്ക് . തന്നെയല്ല ഡയസ്പൊറ എന്ന വാക്കിന് എന്തോ ഒരു ദൈവാംശം ഉള്ളത് പോലെ എനി ക്കും തോന്നി.
ഇവിടെ ചിതറി പാർക്കപ്പെട്ടവർക്കൊക്കെ ചിതറിപ്പാർക്കലിന്റെ ഒരു കഥ പറയാൻ കാണും അല്ലെ ? ഞാൻ എങ്ങനെ ചിതറി പാർക്കപ്പെട്ടു ? എന്റെ ചേട്ടന്റെ വാലിൽ തൂങ്ങി ഞാൻ ഇവിടെ വന്നു എന്ന് വേണമെങ്കിൽ പറയാം . എന്റെ കൂട്ടത്തിൽ ഭാര്യയും പത്തു മാസം പ്രായമുള്ള മകളും അടങ്ങിയ എന്റെ കുടുംബവും എന്റെ സഹോദരിയും ഭർത്താവും കുഞ്ഞും അടങ്ങിയ കുടുംബവും ഒന്നിച്ചാണ് സ്വസ്ഥമായി കഴിഞ്ഞിരുന്ന എന്റെ ചേട്ടന്റെ വീട്ടിലേക്കും കുടുംബ ജീവിതത്തിലേക്കും കുടിയേറി പാർത്തത് . അല്ലെങ്കിൽ ചിതറി പാർക്കുവാൻ എറിയപ്പെട്ടത്.
ഏഴു മക്കൾ ഉണ്ടായിരുന്ന ചെറുതല്ലാത്ത ഒരു ഇടത്തരം കുടുംബമായിരുന്നു ഞങ്ങളുടേത് . ശീമോൻ ,കർത്താവിന്റെ കുരിശു ചുമക്കാൻ ഹെൽപ് ചെയ്തത് പോലെ ഓരോരുത്തരും അവനോന് ആകുന്നതു പോലെ സഹായിച്ചു ജീവിതം മുമ്പോട്ടു പോകുന്ന സമയം . അഞ്ചു പെൺമക്കൾ ഉണ്ടായതിന് ശേഷം ആണ് എന്റെ ചേട്ടന്റെ ജനനം . അതിനു ശേഷം ആയിരുന്നു ഈ എന്റെ അവതാരം . സഹോദരിമാർ മത്സരിച്ചു ചേട്ടനെ കൊഞ്ചിച്ചു , ഓമനിച്ചു വളർത്തി. വലിയ മൃഷ്ടാന ഭോജനവും മട്ടൂ റിയ വീഞ്ഞും ഒന്നും ഉള്ള തീൻ മേശ ഞങ്ങൾക്കില്ലായിരുന്നു പക്ഷെ ഞങ്ങളുടെ പ്രാർഥനയുടെ മുറി സൊപ്രാനോ യും , ആൾട്ടോയും ,ടെനറും , ബാസ്സും എല്ലാം കൊണ്ട് സമ്പുഷ്ടമായ പാട്ടുകൾ കൊണ്ട് സമ്പന്നമായിരുന്നു. ജർമ്മൻ മിഷനറി വി . നാഗിലിന്റെ ക്രിസ്തുവിന്റെ സൈന്യത്തിലെ യോദ്ധാവാകുവാൻ ചേർന്നെന്നു ഉറക്കെ പാടി മുകളിലിരിക്കുന്ന മാലാഖമാരുടെ ഉറക്കം വരെ ഞങ്ങൾ കെടുത്തുമായിരുന്നു . പ്രാർഥനയുടെ അവസാന ഇനം ഒടേ തമ്പുരാനെ വിളിച്ചു താഴെ ഇറക്കി കാര്യങ്ങളൊക്കെ ബോധിപ്പിക്കുന്ന ഞങ്ങളുടെ അമ്മയുടെ പ്രാർഥന ആണ് . അമ്മ ഇന്ന് ഞങ്ങളുടെ കൂടെയില്ല , അമ്മയുടെ പ്രാർഥന മാത്രം ഞങ്ങളുടെ കൂടെ ജീവശ്വാസം പോലെ 'എപ്പോഴും ഉണ്ട്.
ഒരു മിനിറ്റു പോലും അടങ്ങിയിരിക്കാത്ത സ്ഥിരോത്സാഹി ആയിരുന്നു എന്റെ ചേട്ടൻ . ഞാനത്രയതും പോരാ. ബാലജന സഖ്യത്തിന്റെ ഓണത്തിന് ഒരു പറ
നെല്ല് പോലുള്ള പരിപാടിയില്ലെല്ലാം ചേട്ടൻ ചാടി വീഴും . അപ്പന് നെല്ല് വാങ്ങി പുഴുങ്ങി വെയിലത്തു ഇട്ടു ഉണങ്ങി മില്ലിൽ കൊണ്ടുപോയി കുത്തിച്ചു അരിയാക്കി വിൽക്കുന്ന തൊഴിൽ ഒരു സമയത്തു ഉണ്ടായിരുന്നു . ചേട്ടൻ അതിന്റെ ഒരു പ്രധാന ജോലിക്കാരൻ / സൂപ്പർവൈസർ ആയിരുന്നു . ഞാനും എന്റെ കഴിവ് പോലെ സഹായിക്കും . എന്റെ സുഹൃത്ത് ജെയിംസ് ഇതു കേൾക്കുമ്പോൾ ചിരിക്കും കാരണം ഞാൻ നാക്കു കൊണ്ടാണ് ഹെൽപ് ചെയ്യുന്നത് എന്നാണ് പുള്ളിക്കാരൻ എപ്പോഴും പറയാറുള്ളത് . പക്ഷെ നെല്ല് പുഴുങ്ങുവാനുള്ള വലിയ ചെമ്പിനു താഴെ ഉമിയിട്ടു ആളി കത്തിക്കുന്ന ചൂളയിൽ നിന്നും ചിലപ്പോൾ ബഹിർഗമിക്കുന്ന അഗ്നി നാവുകളുടെ ദംശനമേറ്റു എന്റെ മുട്ടിന് താഴെയുള്ള രോമമെല്ലാം കത്തി കരിഞ്ഞിരുന്നത് ആർക്കും അറിയില്ലെങ്കിലും എന്റെ ചേട്ടനും അമ്മയ്ക്കും അറിയാം .
കോളേജിൽ വള്ളം കളി ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു ചേട്ടൻ . വർഷാവസാനം കോളേജ് ഡേ ആഘോഷത്തിനിടയിൽ ടീം ക്യാപ്റ്റനെ ആദരിക്കാൻ പേര് വിളിച്ചപ്പോൾ ക്യാപ്റ്റൻ അവിടെ ഇല്ല . അങ്ങേര് ഞങ്ങളുടെ കൂടെ വീട്ടിൽ നെല്ല് ഉണ ക്കു കയായിരുന്നു .
ഞങ്ങളുടെ അമ്മാച്ചന് അന്ന് ഒരു ട്രാവൽ ഏജൻസി ഉണ്ട് . അതിന്റെ ഓഫീസ് അമ്മാച്ചന്റെ വീടിനോടു ചേർന്നു തന്നെയാണ്. വിദേശ യാത്രക്കുള്ള ടിക്കറ്റുകളും വിസ അപേക്ഷകളും ഒക്കെ തരപ്പെടുത്തുന്നതാണ് പ്രധാനമായും ഉത്തരവാദിത്തത്തോടു കൂടി ചെയ്തു കൊടുക്കുന്ന ട്രാവൽ ഏജൻസിയുടെ പ്രധാന ജോലി . കേരളത്തിന്റെ വിദൂര സ്ഥലങ്ങളിൽ നിന്നെല്ലാം വിദേശ ജോലി മോഹികൾ അമ്മാച്ചനെ മുഖം കാണിക്കാൻ വരും നാട്ടിൽ നിന്നും നഴ്സുമാരെ അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഒക്കെ കയറ്റി വിടാറുണ്ട് . അക്കൂട്ടത്തിൽ വേണ്ടപ്പെട്ട ചിലരെയൊക്കെ ബൈബിൾ പഠനാർത്ഥം അമേരിക്കയിലേക്കും വിട്ടിട്ടുണ്ട് .
അങ്ങനെ എന്റെ ചേട്ടനും ഞങ്ങളുടെ ഒരു കസിനും നറുക്കു വീണു . ചേട്ടനാണ് ആദ്യം പോകാൻ അവസരം കിട്ടിയത് . വിസ വന്നു ഇനി ടിക്കറ്റിനുള്ള കാശു കൂടി ശരിയായാൽ മതി ചിട്ടി പിടിച്ചും അളിയനോട് കടം വാങ്ങിയും ചേട്ടൻ അമേരിക്കയിലേക്ക് വിമാനം കയറി . അന്ന് കൊച്ചി വില്ലിങ്ടൺ ഐലൻഡ് എയർപോർട്ടിൽ നിന്നും ബോംബെ , ഏതൻസ് വഴി ന്യൂയോർകിലേക്കു പോകുന്ന TWA യുടെ ഒരു കൂറ്റൻ യന്ത്ര കഴുകൻ. 22 വയസ്സുള്ള ഒരു ചെറുപ്പക്കാരന്റെ, അവൻ വളർന്ന കൊച്ചു ഗ്രാമത്തിന്റെയും , പഠിച്ച പട്ടണത്തിന്റെയും അപ്പുറത്തേക്കുള്ള ലോകം കാണാനുള്ള കന്നി യാത്ര . അമ്മ യെ യും അപ്പനെയും കൂ ടെ പ്പിറപ്പുകളെയും വിട്ടുള്ള ആദ്യത്തെ ദൂര
യാത്ര ! അമ്മാച്ചൻ ബൈബിൾ പഠനത്തിനയച്ച വേറൊരു നസ്രാണി പയ്യനും കൂട്ടിനുണ്ടായിരുന്നു .
അവർ രണ്ടുപേർ ഉണ്ടായിരുന്നത് ഒരു ചെറിയ ആശ്വാസമായിരുന്നെങ്കിലും " ഉത്കണ്ഠ " എന്ന ഒരു വലിയ ഉൽക്ക നെഞ്ചിൽ ഇരുന്നു പുകയുന്നുണ്ടായിരുന്നു . ഏതെൻസ് വഴി ന്യൂയോർക്കിൽ വന്നു . സ്വാതന്ത്ര്യ ത്തിന്റെ മാലാഖ കടൽക്കരയിൽ നിന്നും അവരെ അഭിവാദ്യം ചെയ്തു. ന്യൂയോർക്കിൽ നിന്നും നോർഫോക് , വെർജീനിയ യിലേക് . നോർഫോക് , യൂ എസ് നേവിയുട ഒരു വലിയ ബേസും വൻ തുറുമുഖ നഗരവും ഒക്കെ ആയിരുന്നു . നോർഫോക് എയർപോർട്ടിൽ ബൈബിൾ കോളേജിന്റെ ഡീൻ ആ രണ്ടു വിദേശ വേദ ശാസ്ത്ര കുതുകി കളെ സ്വീകരിച്ചു . അവിടെ നിന്നും ഗോതമ്പ് പാടങ്ങൾ ഇരു വശവും കണ്ണെത്താത്ത ദൂരത്തിൽ കിടക്കുന്ന വിശാലമായ ഹൈവേ യിലൂടെ ചെസാപ്പിക് എന്ന താരതമ്യേന ചെറിയ ഒരു പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ബൈബിൾ കോളേജിന്റെ ഡോർമെറ്ററി യിൽ എത്തി . അവിടെ സഹപാഠികളായ കുറെ വെള്ളക്കാർ ഉണ്ടായിരുന്നു . ട്വ യ് റ്റ് , ജിം ,ഡേവ് , സാം അങ്ങനെ ചെമ്മീന്റെ തൊലി പൊളിച്ചതുപോലെ വെളുത്തു ചുവന്ന സഹപാഠികൾ . പിറ്റേ ദിവസം ക്ലാസ്സിൽ പോകണം . പുഴുങ്ങിയ മീനും , ക്യാരറ്റും , ഉരുളക്കിഴങ്ങും വിശപ്പു കൂട്ടി വാരി തിന്നു . ആദ്യമായി "ബങ്ക് ബെഡ് " എന്ന കിടക്ക സംവിധാനം എന്താണെന്നു കണ്ടറിഞ്ഞു . രാവിലെ ബൈബിൾ സ്കൂളിന്റെ ബസിൽ ഡോർമിൽ നിന്നും കോളേജിലേക്ക് . സഹ പാഠികൾ തങ്ങളുടെ വിദേശിയരായ “ബ്രൗൺ” തൊലിക്കാരെ മൃഗ ശാലയിലെ അത്ഭുത ജീവികളെ കാണുന്നത് പോലെ സാകൂതം നോക്കി ചിരിച്ചു . ചിലർ " സാവേജ് " എന്ന് ഓമന പേരിട്ടു വിളിക്കാനും മടിച്ചില്ല. വേദ വിശാരദനായ പ്രൊഫസർ ക്ലാസ്സിൽ എല്ലാവരെയും പുതിയ "വചന കുതുകികളെ " പരിചയപ്പെടുത്തി .
മനുഷ്യനെ എല്ലാവരെയും ഒന്ന് പോലെ സ്നേഹിക്കണമെന്നും അടുത്ത് നിൽക്കുന്ന സഹോദരനെ കാണാൻ പറ്റാത്തവന് അദൃശ്യനായ ദൈവത്തെ എങ്ങനെ കാണാൻ പറ്റും എന്നൊക്കെയാണ് വേദപുസ്തകം ചോദിക്കുകയും പഠിപ്പിക്കുകയും ചെയുന്ന തെങ്കിലും തങ്ങളിൽ നിന്നും വ്യത്യസ്തരായവരെ കാണുമ്പോൾ മുഖം തിരിക്കുകയും നെറ്റി അറിയാതെ ചുളിയുകയും ചെയ്യുന്ന യാഥാർഥ്യം എന്ന കയ്പ്പുള്ള ഒട്ടും ഭംഗിയില്ലാത്ത വസ്തു ധാരാളമായി രുചിച്ചറിയുവാൻ ആ യുവാക്കൾക്ക് കഴിഞ്ഞു . ഇവരുടെ ബൈബിൾ പ്രാവീണ്യം ടെസ്റ്റ് ചെയ്യാൻ തീരുമാനിച്ച പ്രൊഫസർ ഒരു സിമ്പിൾ കൊ സ്റ്റിയ ന് ചോദിച്ചു . കർത്താവിന്റെ ശിഷ്യന്മാർ എത്ര പേര് ആണ് ? എന്റെ ചേട്ടായി ചാടി കയറി ഉത്തരം പറഞ്ഞു “12”. ഒരു ഒളിമ്പിക്സ് ജേതാവിനെ പോലെ അഭിമാനത്തിന്റെ പുഞ്ചിരിയുമായി ചേട്ടൻ നിൽക്കുമ്പോൾ അവർ ആരൊക്കെ ആണെന്ന അടുത്ത ചോദ്യം മറ്റേ അതിഥി വിദ്യാർഥിയോടായി. പുള്ളിക്കാരൻ പരുമി . വേദ പാഠ ക്ലാസ്സിൽ മേരി ടീച്ചർ പഠിപ്പിച്ച ശിഷ്യന്മാരുടെ പേര് പറഞ്ഞാൽ ഇവന്മാർക്ക് മനസ്സിലാകുമോ ആവോ . എന്നാലും
മലയാളിയുടെ ആസ്ഥാന കലയായ പൂഴിക്കടകൻ കോപ്പിയടി ഓര്മ വന്നു . ഇംഗ്ലീഷ് ബൈബിൾ കൈയിലുള്ളത് ഓർത്തു . ആരും കാണാതെ തള്ള വിരൽ കൊണ്ട് കവർ പേജ് മറിച്ചു പുതിയ നിയമത്തിലെ ഇൻഡക്സ് നോക്കി മെല്ലെ പറഞ്ഞു തുടങ്ങി , മാത്യു , മാർക്ക് , ലൂക്ക് , ജോൺ , ആക്ട്സ് , റോമൻസ് , കോറിന്തിൻസ് .... പ്രൊഫസറുടെ കണ്ണ് തള്ളി പോയി ! വിവേകാനന്ദന്റെ നാട്ടിൽ നിന്നും വന്ന ഇവൻ അവിവേകം പറയുകയാണോ ? അതോ ഇവരെ ഇങ്ങനെയാണോ തോമാശ്ലീഹാ പറഞ്ഞു പഠിപ്പിച്ചത് ! വേദ പഠനം അങ്ങനെ ഹരി ശ്രീ കുറിച്ച് തുടങ്ങി . ഞായറാഴ്ച ബാപ്റ്റിസ്റ്റ് പള്ളിയിൽ പോകണം . ആരെങ്കിലും വന്നു കൊണ്ടുപോകും . ലഞ്ച് ചിലപ്പോൾ പള്ളിയിലെ എൽഡേഴ്സിന്റെ വീടുകളിൽ ആയിരിക്കും . അങ്ങനെ ഇരിക്കെ പള്ളി പെയിന്റ് ചെയ്യാൻ അതിഥി "കുട്ടികളെ " നിയോഗിച്ചു . അതിന് പ്രതിഫലമായി കിട്ടിയതിൽ നിന്ന് വീട്ടിലേക്ക് 50 ഡോളർ അയച്ചു തന്നു. ഞാനാണത് ബാങ്കിൽ കൊണ്ടുപോയി മാറിയത് . ഒരാഴ്ച എടുത്തു അത് മാറി വരാൻ . ഒരു ഡോളറിന് 6രൂപ 80 പൈസ വച്ച് കിട്ടി . ഞങ്ങളുടെ വീട്ടിൽ അത് കിട്ടിയപ്പോൾ വലിയ ആഘോഷം ആയിരുന്നു . ഇതു ഡോളർ പ്രവാഹത്തിന്റെ ഒരു ചെറിയ തുടക്കം മാത്രമാണെന്ന് ഞങ്ങൾ വിശ്വസിച്ചു . പക്ഷെ അത് ഒരു വിശ്വാസം മാത്രമായിരുന്നു . പെയിന്റ് അടിയുടെ വിശേഷം കൊണ്ടോ എന്തോ ചേട്ടനും കൂട്ടുകാരനും വേറെ പണി ഒന്നും കിട്ടിയില്ല . ഡോർമിന്റെ അടുത്തുള്ള അയൽവാസികൾ സ്നേഹത്തോടെ " കളേർഡ് ഗയ്‌സ് " എന്ന് മങ്ങിയ നിറമുള്ള ആ സഹോദരന്മാരെ വിളിച്ചു വല്ലാതെ സ്നേഹിച്ചു ! അങ്ങനെ ഇരിക്കെ ഞങ്ങളുടെ കസിനും അമേരിക്കയിലെത്തി . ടെൻവെർ കൊളറാഡോ യിൽ ഉള്ള ഒരു ബൈബിൾ കോളേജിൽ ആയിരുന്ന പുള്ളിക്കാരൻ ചേട്ടനെ അങ്ങോട്ട് വിളിച്ചു അവിടെ അഡ്മിഷൻ തരപ്പെടുത്തി കൊടുത്തു . അത് ചേട്ടന്റെ ജീവിതം തന്നെ മാറ്റി മറിച്ചു . സ്നേഹം എന്ന വില കൊടുത്താൽ കിട്ടാത്ത അമൃത് , ഡെൻവറിൽ ചേട്ടന് ധാരാളം കിട്ടി . ഒരു പറ്റം സ്വന്തക്കാരെയും നാട്ടുകാരെയും തദ്ദേശീയരെയും എല്ലാം അവിടെ വച്ച് കണ്ടു മുട്ടുവാനും ഇടപഴകുവാനും ഒക്കെ സാധിച്ചു. റസ്റ്ററന്റിൽ ഷെഫ് അസിസ്റ്റന്റ് ആയിട്ട് ജോലിയും . ഫാബ്രിക്കേഷൻ പഠിക്കാൻ സ്കൂളിലും ഒക്കെ പോകാൻ തുടങ്ങി . ഞങ്ങൾക്കുള്ള ഡോളർ പ്രവാഹം അല്ലെങ്കിലും ഒരു ചെറിയ അരുവി ആയെങ്കിലും ഒഴുകാൻ തുടങ്ങി . ഞങ്ങളെ സംബന്ധിച്ചടത്തോളം ഞങ്ങളുടെ എസ്റ്റേറ്റും ഫാക്ടറിയും എല്ലാം ചേട്ടൻ ആയിരുന്നു . എന്റെ അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ " അവനെ പോലെ ഒരു മകൻ മതി , പത്തു മക്കളുടെ ഫലം കിട്ടാൻ " . ദൈവം ആ മകനെ , അമ്മയുടെ കണ്ണുനീർ ഒപ്പിയ ആദ്യജാതനെ ,എന്റെ സഹോദരനെ കൈ നീട്ടി അനുഗ്രഹിച്ചു . ഒരു മൾട്ടി നാഷണൽ കമ്പനിയുടെ മാനേജർ ആയി വിവിധ രാജ്യങ്ങളിൽ ഒക്കെ പോയി തന്റെ പ്രാവീണ്യം തെളിയിക്കാനും , വിജയകരമായി ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കാനും ദൈവം സഹായിച്ചു . സ്മാർട്നെസ്സ്,
പ്രൊഫഷണലിസം , പെർഫെക്ഷൻ എന്നീ വാക്കുകൾക്ക് ഞങ്ങളുടെ ആദ്യത്തെയും അവസാനത്തെയും അർത്ഥo എന്റെ ചേട്ടൻ ആണ് . അത് പത്തര മാറ്റായി തമ്പുരാൻ നില നിർത്തട്ടെ ! നന്ദിയുടെ നന്ദിയുടെ പനിനീർ പൂക്കൾ കൊരുത്ത സ്നേഹമാല്യം ദൈവത്തിനും ചേട്ടനും !