Image

ദീപമാലിക (രമാ പിഷാരടി)

Published on 30 October, 2024
ദീപമാലിക (രമാ പിഷാരടി)

മഞ്ഞുപൂവേ കെടാതെ നീ സൂക്ഷിച്ച-
മൺ വിളക്ക് തെളിയുന്ന സന്ധ്യയിൽ
മുന്നിലുണ്ടൊരു നേർത്ത മിന്നൽത്തരി
കണ്ണുലുണ്ടതിൻ പ്രാപഞ്ചികദ്യുതി

പാതിരാവും കടന്നു പോകും പനി-
നീരലക്കാറ്റ്, ഗന്ധർവ്വകിന്നരം
ഗൂഢമേതോ ലയം കടൽത്തീരത്ത്-
വീണവായിച്ചിരിക്കും ചിദംബരം

ആധിതീർത്ത് നിശാവനമൊന്നിലായ്
കൂട് വച്ച കടുത്ത നിരാശകൾ
കോറിയിട്ട  കനത്ത  നിഴലിൻ്റെ-
ഹോമപാത്രം നിറച്ച കരിങ്കനൽ

രാവ് തീവെട്ടിയാകുന്ന നാടകക്കാവ്
പാടും പുരാവൃത്തഗാനങ്ങൾ
ആവനാഴിക്കകത്ത് നിന്നാത്മീയ-
സാധകം ചെയ്തുറങ്ങുന്നൊരമ്പുകൾ

പാതിനിർത്തിയെഴുതിയുപേക്ഷിച്ച-
ജീവഗന്ധക്കണക്കിൻ്റെ പത്രിക
പൂ,വിലകൾ കൊഴിഞ്ഞ മരങ്ങളിൽ
പാടുവാനായിരിക്കുന്നു പക്ഷികൾ-

രാവ് നിശ്ചലമെങ്കിലും മുന്നിലെ-
ലോകമാകെ,യമാവാസി മൂടിലും
ദീപമാലികയേറ്റും വിളക്കുകൾ
ഭൂമി വീണ്ടും തെളിക്കുന്നു മുന്നിലായ്..

Join WhatsApp News
Jayan varghese 2024-11-01 02:27:14
ഇന്ന് ജീവിച്ചിരിക്കുന്ന മലയാള കവികളിൽ ഏറ്റവും മുന്നിലുള്ളവരുടെ കൂട്ടത്തിൽ ഒരാളാണ് പ്രിയ കവയത്രി രാമാ പിഷാരടി . ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക