Image

ബെർഗെൻ കൗണ്ടി കമീഷണറായി മൈക്കിൾ ജോസഫ് വിജയ പാതയിൽ; നമുക്കും പിന്തുണയ്ക്കാം

Published on 30 October, 2024
ബെർഗെൻ  കൗണ്ടി കമീഷണറായി മൈക്കിൾ ജോസഫ്  വിജയ പാതയിൽ; നമുക്കും പിന്തുണയ്ക്കാം

ന്യു ജേഴ്‌സി: ന്യു ജേഴ്‌സിയിൽ ഏറ്റവും വലുതും ഇന്ത്യാക്കാർ തിങ്ങിപ്പാർക്കുന്നതുമായ ബെർഗെൻ  കൗണ്ടി കമ്മീഷണർ സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന  22-കാരനായ മലയാളി മൈക്കിൾ  ജോസഫിനെ നമുക്ക്  വിജയിപ്പിക്കാം.  നമ്മുടെ ഒരാൾ ഈ സ്ഥാനത്തേക്ക് വരുന്നത് തികച്ചും അഭിമാനകരം.

20 -കാരനായ ഡേവിഡ് പ്ലോട്ട്കിൻ എന്ന സുഹൃത്തിനൊപ്പമാണ് മൈക്കൽ ജോസഫ് മത്സരിക്കുന്നത്. ഇരുവരെയും നേരത്തെ  ബെർഗൻ കൗണ്ടി റിപ്പബ്ലിക്കൻ പോളിസി കമ്മിറ്റി യോഗം പാർട്ടി സ്ഥാനാര്ഥികളായി അംഗീകരിച്ചിരുന്നു.

പ്രചാരണം നല്ല  രീതിയിൽ നടക്കുന്നു എന്ന് മൈക്കിൾ  പറഞ്ഞു. ഫ്ലയർ തപാലിൽ അയക്കുന്നതിനു പുറമെ വീടുകളിലും മറ്റും പോയി ആളുകളെ നേരിട്ട് കാണുകയാണ്. സ്റ്റോറുകളിലും റയിൽവേ സ്റ്റേഷനുകളിലുമൊക്കെ  ചെല്ലുന്നു.  നല്ല പ്രതികരണമാണ് ഇത് വരെ ലഭിച്ചിട്ടുള്ളത്.

ഇതിനകം ന്യു ജേഴ്‌സിയിൽ വലിയ തോതിൽ ഏർലി വോട്ടിംഗ് നടന്നു. അതിൽ റിപ്പബ്ലിക്കൻ പാർട്ടിയാണ് മുന്നിൽ എന്നത് ഇത്തവണത്തെ  പ്രത്യേകതയാണ്. എങ്കിലും 80 ശതമാനത്തോളം റിപ്പബ്ലിക്കൻ വോട്ടർമാർ വോട്ടിംഗ് ദിനമായ നവംബർ 5 നു വോട്ടു ചെയ്യുന്നവരാണ്.  

അതിനാൽ വിജയ സാധ്യത ഏറെയാണ്. മൊത്തത്തിൽ റിപ്പബ്ലിക്കൻ പാർട്ടിക്കും ട്രംപിനും അനുകൂലമാണ് സ്റ്റേറ്റിലെ കാലാവസ്ഥ എന്ന്  കരുതുന്നു.

ഇന്ത്യാക്കാരൻ എന്നത് ഒരു പ്രശ്നമായി ആരും കാണുന്നില്ല. അതൊരു മികവായിട്ടാണ് കൗണ്ടിയിൽ കാണുന്നത്. ധാരാളം ഇന്ത്യാക്കാർ ഉള്ള സ്ഥലമാണല്ലോ ബർഗൻ  കൗണ്ടി. ഒരു ഇന്ത്യാക്കാരൻ സ്ഥാനാർഥി ആയി കാണുന്നതിൽ പല ഇന്ത്യാക്കാരും  ആവേശഭരിതരാണ്.

ദേശീയ തലത്തിൽ ട്രംപ് വിജയിക്കുമെന്ന് തന്നെയാണ് മൈക്കിൾ കരുതുന്നത്. നല്ലൊരു വിഭാഗം  മുസ്ലിംകളും യഹൂദരും ട്രമ്പിന്  അനുകൂലമാണ്.

നാല് തവണ ഡെമോക്രാറ്റിക് ടിക്കറ്റിൽ  വിജയിച്ച  ട്രേസി സിൽന സൂർ, സ്റ്റീവൻ ടാനെല്ലി എന്നിവരെയാണ്  മൈക്കിളും  പ്ലോട്ട്കിനും നേരിടുന്നത്. ഒരു മില്യൺ കുടുംബങ്ങളാണ് ബെർഗൻ  കൗണ്ടിയിലുള്ളത്.  മൂന്നരലക്ഷം വോട്ടർമാർ. സാധാരണ രണ്ടു ലക്ഷം പേർ എങ്കിലും വോട്ട് ചെയ്യും. ഇത്തവണ അത് മൂന്നു ലക്ഷമാകാം.

കൗണ്ടി എക്സിക്യു്ട്ടിവും ഏഴംഗ കമ്മീഷണർമാരുമാണ് ബെർഗെൻ കൗണ്ടിയിൽ ഭരണം നടത്തുന്നത്. മറ്റു ചില കൗണ്ടികളിലെ ലെജിസ്ളേറ്റർ/ഫ്രീഹോൾഡർ എന്നൊക്കെ പറയുന്ന സ്ഥാനം തന്നെയാണ് ഇവിടെ കമ്മീഷണർ.

കേരള സമാജം ഓഫ് ന്യു ജേഴ്‌സി പ്രസിഡണ്ടും കോതമംഗലം കോലഞ്ചേരി കുടുംബാംഗവുമായ  ജിയോ ജോസഫിന്റെയും തൊടുപുഴ  കല്ലറക്കൽ  കുടുംബാംഗം ലിഷയുടെയും പുത്രനാണ് മൈക്കിൾ ജോസഫ്. ഇളയ സഹോദരിയുണ്ട്.

ററ്റ്‌ഗേഴ്സ് യൂണിവേഴ്‌സിറ്റിയിൽ മൂന്നാം  വർഷ നിയമ വിദ്യാർത്ഥിയാണ് മൈക്കിൾ.

പ്രൈമറി ഇലക്ഷൻ സമയത്തും  കൗണ്ടിയിൽ വിവിധ നഗരങ്ങളിൽ പ്രചാരണവുമായി തങ്ങൾ  രംഗത്തുണ്ടായിരുന്നുവെന്ന് മൈക്കിൾ പറഞ്ഞു. മുഴുവൻ ചെറുപ്പക്കാരായിരുന്നു   പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. പ്രചാരണ സമയത്തെ ജനപിന്തുണ കണ്ടാവണം മിക്ക എതിരാളികളും പിന്മാറി. അവശേഷിച്ചത് ലിൻഡ ബാർബ എന്ന വനിതാ നേതാവാണ്. എന്നാൽ പാർട്ടിയുടെ പോളിസി കമ്മിറ്റിയിൽ വോട്ടിനിട്ടപ്പോൾ മൈക്കിളിനു 57, പ്ലോട്ട്കിനു 56 , ബാർബക്ക് 5 എന്നിങ്ങനെ ആയിരുന്നു വോട്ട്. അതോടെ പാർട്ടിയുടെ അംഗീകാരം യുവ നേതാക്കൾക്കായി.

ഇരുവർക്കും പരിചയക്കുറവുണ്ടെന്നു ബാർബ ചൂണ്ടിക്കാട്ടിയിരുന്നു. ന്യൂ മിൽഫോർഡിൽ നിന്നുള്ള ഒരു കൗണ്ടി കമ്മറ്റി അംഗമാണ്  മൈക്കിൾ. പ്ലോട്ട്ൻകിൻ   റിവർ എഡ്ജ് ബറോ കൗൺസിലിൽ മത്സരിച്ചിരുന്നു.

എന്നാൽ പ്രായം ഒരു പ്രശ്നമല്ലെന്ന് മൈക്കിൾ പറഞ്ഞു. ചെറുപ്പക്കാർ വരാനാണ് പാർട്ടി നേതൃത്വം ആഗ്രഹിക്കുന്നത്. തങ്ങളുടെ സുഹൃത്തുക്കൾ പലയിടത്തും അസംബ്ലിയിലടക്കം വിജയിക്കുന്നു. ജെൻ-സി (gen z) പ്രതിനിധികളാണ് തങ്ങൾ.

തനിക്കു പ്രത്യേക രാഷ്ട്രീയമില്ലെന്നും കുടുംബത്തിൽ ആരും രാഷ്ട്രീയക്കാർ ഇല്ലെന്നും ജിയോ ജോസഫ് പറഞ്ഞു. എങ്കിലും ചെറുപ്പം മുതൽ മൈക്കിളിനു രാഷ്ട്രീയ കാര്യങ്ങളിലായിരുന്നു താല്പര്യം.

കുടിയറ്റക്കാർ പൊതുവെ ഡമോക്രാറ്റുകളായിരിക്കുമ്പോൾ എന്തുകൊണ്ട് റിപ്പബ്ലിക്കനായി എന്ന ചോദ്യത്തിനും മൈക്കിളിനു ഉത്തരമുണ്ട്. ഏഷ്യക്കാരും മറ്റും  ഈ സമൂഹത്തിൽ  അലിഞ്ഞു ചേരുകയാണ് ചെയ്യുന്നത്. ഇംഗ്ലീഷ് പഠിക്കുകയും ഇവിടത്തെ വസ്ത്രങ്ങൾ ധരിക്കുകയും ഈ രാജ്യക്കാരായി മാറുകയുമാണ് അവർ ചെയ്യുന്നത്. എന്നാൽ അതിനു മുതിരാത്ത  വിഭാഗങ്ങളുണ്ട്. അവർ വേറിട്ട് നിൽക്കാൻ ആഗ്രഹിക്കുന്നു. ഇംഗ്ലീഷ് പഠിക്കുക പോലും ചെയ്യുന്നില്ല.

ഒരു ജോലിക്ക് താൻ ശ്രമിച്ചപ്പോൾ സ്പാനിഷ് അറിയാത്തതിനാൽ  കിട്ടിയില്ല. അഭിമുഖം നടത്തിയ മാനേജർക്ക് അത് തർജ്ജുമ ചെയ്തു കൊടുക്കേണ്ടി വന്നു. അത് പോലെ നിയമങ്ങൾ പാലിക്കാതെ  ആളുകൾ രാജ്യത്ത്  കയറി വരുന്നു. യുവാക്കളുടെ ജോലി സാധ്യത ഇല്ലാതാകുന്നു. തെരുവുകളിൽ അരാജകത്വം ഉണ്ടാകുന്നു. വിദ്യാഭാസ രംഗത്തും ക്രമാസമാധാനരംഗത്തും പ്രശ്നങ്ങൾ ഉണ്ടാവുന്നു. ചുരുക്കത്തിൽ അമേരിക്കൻ ഡ്രീം എന്ന സങ്കൽപം അകലെയാകുന്നു.

ഈ സാഹചര്യമൊക്കെയാണ് തന്നെ  റിപ്പബ്ലിക്കൻ ആക്കിയതെന്നു മൈക്കിൾ പറയുന്നു. കരുത്തുറ്റതും സമ്പന്നവും നിയമവും ക്രമസമാധാനവും പാലിക്കുന്ന അമേരിക്ക ലക്ഷ്യമിട്ടാണ് പാർട്ടിയിൽ ചേർന്നത്.

രാഷ്ട്രീയ രംഗത്തു തുടരുകയാണ് ഭാവി ലക്ഷ്യം. സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ നിയമത്തിനും കോടതിക്കും കഴിയും. അതിനാലാണ്   നിയമപഠനം ലക്ഷ്യമിടുന്നത്.

എന്തായാലും മൈക്കിളിന്റെ സ്ഥാനാർത്ഥിത്വം മലയാളി സമൂഹത്തിനു അഭിമാനകരമാണ്. പാർട്ടി അല്ല നമ്മുടെ ആളുകൾ വിജയിക്കുക എന്നതാണ് പ്രധാനം. അതിനാൽ   മൈക്കിളിനെ വിജയിപ്പിക്കാൻ നമുക്ക് രംഗത്തിറങ്ങാം.  

ന്യു യോർക്ക് സ്റ്റേറ്റിൽ സോഷ്യൽ വർക്ക് മാനേജരാണ് ജിയോ ജോസഫ്. ലീഷ ജോസഫ്  കൊളംബിയ പ്രിസ്ബിറ്റീരിയനിൽ ആർ.എൻ  

 

Join WhatsApp News
daniel 2024-10-31 13:42:47
wishing you all the best
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക