ചങ്ങനാശേരി:അതിരൂപതയുടെ ആർച്ച് ബിഷപ്പായി മാർ തോമസ് തറയിൽ അഭിഷിക്തനായി. കത്തീഡ്രൽ ദേവാലയാങ്കണത്തിൽ പ്രത്യേകം ഒരുക്കിയ ദേവാലയത്തിൽ നടന്ന ശുശ്രൂഷ ഏൽക്കൽ ചടങ്ങിൽ സഭാധ്യക്ഷൻ മാർ റാഫേൽ തട്ടിൽ മുഖ്യകാർമികനായി. രാവിലെ 8.45ന് അരമനയിൽനിന്ന് നിയുക്ത ആർച്ച് ബിഷപ്പും ബിഷപ്പുമാരും കത്തീഡ്രൽ ദേവാലയാങ്കണത്തിൽ എത്തി. തുടർന്ന് അവർ തിരുവസ്ത്രങ്ങളണിഞ്ഞ് ഘോഷയാത്രയായി സ്ഥാനാരോഹണ ശുശ്രൂഷ വേദിയിലേക്ക് ആഗതരായി. ഈ സമയം നൂറ്റൊന്ന് ആചാര വെടികളും പള്ളിമണികളും മുഴങ്ങി. ഒൻപതരയോടെ ചടങ്ങുകൾ തുടങ്ങി. ചങ്ങനാശേരി ആർച് ബിഷപ് മാർ ജോസഫ് പെരൂന്തോട്ടം സ്വാഗതമോതി. ഇത്രയും കാലം സഭയും സമൂഹവും നൽകിയ പിന്തുണയ്ക്കു നന്ദിയും പറഞ്ഞു.
നിയുക്ത ആർച്ച് ബിഷപ്പിനെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. അംശവടിയും നൽകി പ്രത്യേകം തയാറാക്കിയ സിംഹാസനത്തിൽ ഇരുത്തി. തുടർന്ന് അതിരൂപതയിലെ 18 ഫെറോനകളിലെയും നേതൃസ്ഥാനത്തെ വൈദികർ എത്തി അദ്ദേഹത്തോടു വിധേയത്വം പ്രഖ്യാപിക്കുന്ന ചടങ്ങു നടന്നു. തുടർന്ന് ആർച്ച് ബിഷപ് മാർ തോമസ് തറയിലിന്റെ മുഖ്യ കാർമിത്വത്തിൽ കുർബാന അർപ്പണം നടന്നു. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് പെരുന്തോട്ടം എന്നിവർ സഹകാർമികരായി. ആർച്ച്ബിഷപ് ഡോ. തോമസ് ജെ.നെറ്റോ സന്ദേശം നൽകും. കുർബാനയ്ക്കുശേഷം ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ലിയോപോൾദോ ജിറെല്ലി പ്രസംഗിക്കും. പതിനായിരത്തോളം പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള പന്തൽ നിറഞ്ഞുകവിഞ്ഞ നിലയിൽ വിശ്വാസിസമൂഹം ചടങ്ങുകൾക്കു സാക്ഷികളായി.
പിന്നീട് നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. അതിരൂപതയുടെ അധ്യക്ഷസ്ഥാനത്തുനിന്നു വിരമിക്കുന്ന ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിനുള്ള നന്ദിപ്രകാശനച്ചടങ്ങും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. സമ്മേളനത്തിൽ സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ, മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി.എൻ.വാസവൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ പ്രസംഗിക്കും.