Image

രണ്ടിൽ ശനി (ഇമലയാളി കഥാമത്സരം 2024: സാംജീവ്)

Published on 02 November, 2024
രണ്ടിൽ ശനി (ഇമലയാളി കഥാമത്സരം 2024: സാംജീവ്)

ഭോപ്പാലിൽ വച്ചാണ് സംഭവം. എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥികൾ അവരുടെ അഖിലേന്ത്യാ പഠനയാത്രയുടെ ഭാഗമായി ഭോപ്പാലിൽ എത്തിയതാണ്. നാല്പത് അംഗങ്ങളുള്ള വിദ്യാർത്ഥിസംഘത്തിന് നേതൃത്വം നല്കാനായി മൂന്ന് അദ്ധ്യാപകരുണ്ട്, രണ്ട് പുരുഷന്മാരും ഒരു വനിതയും.
“എല്ലാ ആൺകുട്ടികളും ഡിലൈറ്റ് ഹോട്ടലിന്റെ കോൺഫറൻസ് ഹാളിലേയ്ക്ക് ഉടനെ വരണം.”
ഗ്രൂപ്പിന്റെ പ്രധാന അദ്ധ്യാപകനായ മാത്യു ജോൺസാറിന്റെ ഒരു അറിയിപ്പ് കിട്ടി.
“അത്യാവശ്യമാണ്. ആരും വരാതെയിരിക്കരുത്.”
ആൺകുട്ടികൾ മുപ്പത് പേരുണ്ട്. 
“നിങ്ങൾക്കെതിരായി ഗുരുതരമായ ഒരു ആരോപണം ഉയർന്നുവന്നിരിക്കുന്നു. ഭോപ്പാൽ പോലീസിലെ രണ്ട് ഉദ്യോഗസ്ഥന്മാർ ഹോട്ടലിൽ വന്നിട്ടുണ്ട്. അവരുടെ ആരോപണമിതാണ്.”
“ഇന്നലെ ചൌക്കാബസാറിൽ വച്ച് രണ്ട് ആൺകുട്ടികൾ സ്ത്രീകളോട് അപമര്യാദയായി സംസാരിച്ചു. ലൈംഗികച്ചുവയുള്ള അവരുടെ സംഭാഷണം സ്ത്രീത്വത്തെ അപമാനിക്കുന്നതാണ്. അവർക്കെതിരെ പോലീസിന് പരാതി കിട്ടിയിട്ടുണ്ട്.”
“ഇന്നലെ വൈകിട്ട് ആരൊക്കെയാണ് ചൌക്കബസാറിൽ പോയത്?” 
മാത്യു ജോൺസാർ ചോദിച്ചു.
മാധവൻകുട്ടിയുൾപ്പടെ പതിനഞ്ച് കുട്ടികൾ കൈയുയർത്തി.
“ഞങ്ങളാരും സ്ത്രീകളോട് അപമര്യാദയായി സംസാരിച്ചിട്ടില്ല.” 
എല്ലാവരും ഒറ്റ സ്വരത്തിൽ പ്രതിവചിച്ചു.

മാത്യു ജോൺസാറും സുകുമാരൻസാറും ഹോട്ടൽ മാനേജരുടെ മുറിയിലേയ്ക്ക് പോയി. അവരുടെ മുഖത്തെ അസ്വസ്ഥത പ്രകടമായിരുന്നു.
ഡിലൈറ്റ് ഹോട്ടലിന്റെ മാനേജരും പ്രശ്നത്തിൽ ഇടപെട്ടു. സത്യദേവൻ സിൻഹാ എന്നാണയാളുടെ പേര്.
സിൻഹാ പറഞ്ഞു.
“മിസ്റ്റർ മാത്യു ജോണും മിസ്റ്റർ സുകുമാരനും അല്പനേരം വെളിയിൽ നില്ക്കൂ. ഞാൻ പോലീസ് ആപ്പീസറന്മാരോട് ഒന്നു സംസാരിച്ചു നോക്കട്ടെ.”
പത്ത് മിനിറ്റ് നേരം സിൻഹാ പോലീസ് ഉദ്യോഗസ്ഥന്മാരോട് സംസാരിച്ചു. അതിനുശേഷം അയാൾ വെളിയിൽ വന്നു. അയാൾ പറഞ്ഞു.
“കാര്യം വളരെ ഗ൱രവമുള്ളതാണ്. പോലീസ് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവുന്നില്ല. ഞങ്ങളുടെ അതിഥികൾ എന്ന നിലയിൽ നിങ്ങളെ സഹായിക്കേണ്ടത് ഞങ്ങളുടെ ആവശ്യമായി തീർന്നിരിക്കുന്നു.”
“ഞങ്ങളുടെ കുട്ടികൾ അത്തരക്കാരല്ല. അവർ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവരല്ല.”
മാത്യു ജോൺസാർ പറഞ്ഞു.
“അത് നിങ്ങളുടെ പക്ഷം. പോലീസ് പറയുന്നത് മറിച്ചാണ്.” സിൻഹ.
“ഇത് ഏതോ തെറ്റിദ്ധാരണ മൂലം ഉണ്ടായതായിരിക്കാം. ഞങ്ങൾ മലയാളം സംസാരിക്കുന്നവരാണ്. ഇംഗ്ലീഷും അറിയാം. കുട്ടികൾ ആരോ ഹിന്ദിയിൽ സംസാരിച്ചപ്പോൾ എന്തോ പിശക് എവിടെയോ സംഭവിച്ചതായിരിക്കാം.”
സുകുമാരൻ നായർസാർ പറഞ്ഞു.
“എനിക്കും അത് തോന്നി. പക്ഷേ പോലീസ് അത് നിഷേധിക്കുന്നു. അവർ പറയുന്നത് ലൈംഗികച്ചുവയുള്ള ഭാഷണം മാത്രമല്ല;  മ്ലേച്ഛമായ അംഗവിക്ഷേപങ്ങളും കുറ്റവാളികളായ ആൺകുട്ടികൾ കാണിച്ചുവെന്നാണ്.” സിൻഹാ.
മാത്യു ജോൺസാറിനും സുകുമാരൻ നായർസാറിനും ഉത്തരം മുട്ടി. അവർ മുഖത്തോടുമുഖം നോക്കി.
“ഇനി എന്താ ചെയ്ക?”
അല്പനേരത്തെ മ൱നത്തിനുശേഷം സിൻഹ പറഞ്ഞു.
“Gentlemen, we can solve this problem legally or illegally.”
“സാറന്മാരെ, ഈ പ്രശ്നം നമുക്ക് നിയമപരമായി തീർക്കാം. അല്ലാതെയും പരിഹരിക്കാം.” എന്നാണ് സിൻഹ പറഞ്ഞതിന്റെ മലയാളം.
അതിന്റെയർത്ഥം പോലീസിന് കൈക്കൂലി കൊടുത്ത് പ്രശ്നം പരിഹരിക്കാമെന്നാണ്.
നിയമപരമായി പരിഹരിക്കാമെന്നു പറഞ്ഞാൽ കേസിനെ നേരിടണമെന്നാണ്. അപ്പോൾ അറസ്റ്റുണ്ടാകും. കുട്ടികൾ ആരായാലും ജയിലിൽ പോകേണ്ടിവരും. പിന്നെ കോടതികയറ്റം. ഒക്കെ പുലിവാലാകും.
“എന്തു ചെയ്യും?”
“എന്തു ചെയ്യണം?”
മാത്യു ജോൺസാറും സുകുമാരൻ നായർസാറും മാധവിയമ്മ ടീച്ചറും തലപുകഞ്ഞാലോചിച്ചു.
“പോലീസിന് വല്ല നക്കാപ്പിച്ചയും കൊടുത്ത് രക്ഷപ്പെടാം.”
അവർ തീരുമാനമെടുത്തു.
“നിയമപരമല്ലാത്ത പരിഹാരമാണ് ഞങ്ങൾക്ക് താല്പര്യം.”
അവർ സത്യദേവൻ സിൻഹായെ അറിയിച്ചു. അയാൾ മദ്ധ്യസ്ഥനായി പോലീസ് ഉദ്യോഗസ്ഥന്മാരെ കാണാൻ മുറിയിലേയ്ക്ക് പോയി. കുറച്ചുകഴിഞ്ഞ് അയാൾ മടങ്ങിവന്നു. അയാൾ പറഞ്ഞു.
“അവർ പതിനായിരം രൂപയാണ് ആവശ്യപ്പെടുന്നത്. ഇതുതന്നെ ഞാൻ വളരെ ‘അവതാ’ പറഞ്ഞതിനുശേഷമാണ് അവർ സമ്മതിച്ചത്.”
“പതിനായിരം രൂപയോ? അത് വളരെ കൂടുതലാണ്. ഞങ്ങൾക്ക് ഈ പരിഹാരം സമ്മതമല്ല.”
അദ്ധ്യാപകർ ഒരുമിച്ചുപറഞ്ഞു.
“എന്നാൽ നിയമപരമായി പോകട്ടെ.”
സത്യദേവൻ സിൻഹ പറഞ്ഞു.
ഭോപ്പാൽ പോലീസ് സ്റ്റേഷന്റെ വരാന്തയിൽ 15 കുട്ടികൾ നിരന്നുനിന്നു. തിരിച്ചറിയൽ പരേഡാണ്. രണ്ട് സ്ത്രീകൾ കടന്നുവന്നു. അവരുടെ കൂട്ടത്തിൽ ഹോട്ടലിലേയ്ക്ക് വന്ന പോലീസ് ഉദ്യോഗസ്ഥന്മാരുമുണ്ടായിരുന്നു.
സ്ത്രീകളിൽ ഒരാളെ മാധവൻകുട്ടി തിരിച്ചറിഞ്ഞു. തലേദിവസം ചൌക്കബസാറിൽ വച്ച് ഇളയ സഹോദരിക്കുവേണ്ടി ഒരു ഹാൻഡ്ബാഗ് വാങ്ങി. അത് വാങ്ങാൻ തന്നെ സഹായിച്ച സെയിൽസ്ഗേളാണവൾ. 
മാധവൻകുട്ടിയുടെ സമീപം വന്നപ്പോൾ ആ സ്ത്രീ പറഞ്ഞു.
“ഇതാ, ഇയാളാണ്.”
രണ്ടാമത്തെ ആളിനെ ചൂണ്ടിക്കാട്ടാൻ അവർക്ക് കഴിഞ്ഞില്ല.
“ഞാനോ?”
മാധവൻകുട്ടി ചോദ്ച്ചു.
അതൊരു നിലവിളിയായിരുന്നു.
മാധവൻകുട്ടിയെ ഭോപ്പാൽ പോലീസ് അറസ്റ്റുചെയ്തു. കൈയിൽ കൈയാമം വച്ചു. സാറന്മാർ നിസ്സഹായരായി നോക്കിനിന്നു.
“ഞാൻ നിരപരാധിയാണ്. ഞാൻ നിരപരാധിയാണ്.”
മാധവൻകുട്ടി ഉറക്കെ വിളിച്ചുപറഞ്ഞു. അയാളുടെ നിലവിളി വനരോദനങ്ങളായി.

ഭോപ്പാൽ പോലീസ് ഒരു ദാക്ഷണ്യം കാണിച്ചു. അവർ സ്റ്റേഷൻ ജാമ്യത്തിൽ മാധവൻകുട്ടിയെ വിട്ടയച്ചു. രണ്ട് സാറന്മാരും ജാമ്യക്കാരായി.
“ഇനിമേൽ ഈ പണിക്ക് ഞാനില്ല. ഈ വഷളന്മാര് പിള്ളാരെയും കൊണ്ട് ടൂർ പോകാൻ ഞാനില്ല.”
മാത്യു ജോൺസാർ പറഞ്ഞു.
“വഷളൻ.”
ആ പ്രയോഗം മാധവൻകുട്ടിയുടെ ഹൃദയത്തിൽ കൂരമ്പായി തറച്ചു.
“ആ പാവത്താനായി നടക്കുന്ന അയാളിത് ചെയ്തല്ലോ.”
കൂട്ടത്തിലുണ്ടായിരുന്ന ഷേർലി ജോൺ എന്ന സഹവിദ്യാർത്ഥിനി പറഞ്ഞു.
“മിണ്ടാപ്പൂച്ച കലമുടയ്ക്കും.”
“ഈ പാവത്താന്മാരെയാ സൂക്ഷിക്കേണ്ടത്.”
“അയ്യോ, ഒന്നുമറിയാത്ത ഒരു പൈതൽ.”
കമന്റുകൾ കൂടുതലായി വന്നുകൊണ്ടിരുന്നു.

“എന്റെ മോൻ അത് ചെയ്കയില്ല. ഞാനവനെ അങ്ങനെയാ വളർത്തിയത്. ആരോ ചതിച്ചതാവണം.”
മാധവൻകുട്ടിയുടെ പിതാവ് ഗോവിന്ദൻമാഷ് പറഞ്ഞു. 
അദ്ദേഹം ഫോണിൽ അദ്ധ്യാപകരുമായി ബന്ധപ്പെട്ടു.
“എല്ലാ തന്തമാരും അങ്ങനേ പറയൂ.”
പൊതുജനാഭിപ്രായം അതായിരുന്നു.

ഒരുമാസം കഴിഞ്ഞ് കേസ് ഭോപ്പാൽ കോടതിയിൽ വന്നു. മാധവൻകുട്ടിയും അച്ഛനും കോടതിയിൽ ഹാജരായി. 
പ്രോസിക്യുഷൻ വാദത്തിനുശേഷം ജഡ്ജി മാധവൻകുട്ടിയെ ചോദ്യം ചെയ്തു. ഒടുവിൽ നീതിമാനായ ജഡ്ജി പറഞ്ഞു.
“ഈ കേസ് തള്ളിയിരിക്കുന്നു. ഈ കേസ് കെട്ടിച്ചമച്ച ഒരു കേസാണ് എന്നാണെനിക്ക് തോന്നുന്നത്. പോലീസിലും ക്രിമിനലുകൾ ഉണ്ട്. ഒരു നിരപരാധി ക്രൂശിക്കപ്പെടാൻ ഞാൻ അനുവദിക്കുകയില്ല. ഞാനൊരു പീലാത്തോസല്ല”.

ഹോസ്റ്റലിന്റെ 13-ാം നമ്പർ മുറിയിൽ സുഖസുഷുപ്തിയിലായിരുന്നു മാധവൻകുട്ടി. വാതിലിൽ ഭയങ്കരമായ തട്ടും മുട്ടും കോലാഹലവും കേട്ടാണ് അയാൾ ഞെട്ടിയുണർന്നത്.
“ഇറങ്ങിവാടാ കഴുകേറീടെ മോനേ. കതക് തുറക്കെടാ.”
ബഹളം കേട്ട് മാധവൻകുട്ടി ഹോസ്റ്റൽമുറിയുടെ വാതിൽ തുറന്നു. 
ഒരു സംഘം പോലീസുകാർ മുറിയുടെ വാതില്ക്കൽ  നില്ക്കുന്നു. അവർ ക്ഷുഭിതരാണ്.
“എന്താണ്? എന്താണ്? എന്താണു സംഭവം?”
മാധവൻകുട്ടി പരിഭ്രാന്തനായി അന്വേഷിച്ചു.
“അയ്യോ പാവം, ഒന്നുമറിഞ്ഞില്ല.”
ഒരു പോലീസുകാരൻ കളിയാക്കി.
“ബസ്സിന് തീവച്ചശേഷം വന്നുകിടന്ന് ഉറങ്ങുന്നത് കണ്ടില്ലേ? കള്ളൻ, തെമ്മാടി.”
മറ്റൊരു പോലീസുകാരന്റെ പുളിച്ച തെറിവർഷം.
“ബസ്സിന് തീവച്ചോ? ആര്? ഏത് ബസ്സിന്? ഞാനൊന്നുമറിഞ്ഞില്ല. ഞാൻ നിരപരാധിയാണ്.”
“അതൊക്കെ സ്റ്റേഷനിൽ ചെന്ന് പറയാം. വാടാ, കേറെടാ വാനിൽ.”
പോലീസുകാർ ആക്രോശിച്ചു.
“അയ്യോ ഞാനൊന്നുമറിഞ്ഞില്ലേ, എന്നെ ഉപദ്രവിക്കല്ലേ.”
ഒരു പോലീസുകാരന്റെ ബലിഷ്ഠമായ കൈത്തലം മാധവൻകുട്ടിയുടെ കവിളിൽ പതിച്ചു. 
“അയ്യോ ഞാൻ വേഷമൊന്ന് മാറിക്കോട്ടെ, ഞാൻ വരാം.”
മാധവൻകുട്ടി യാചിച്ചു.
“ങ്ഹാ, നിന്നെ അണിയിച്ചൊരുക്കാം ഞങ്ങള്. പുതുമണവാളനല്യോ. നിന്റെ പെണ്ണ് അവിടെ കാത്തിരിക്കുന്നുണ്ട്, പുതുമണവാളനെ തേടി.”
പിന്നെ പോലീസുകാർ മാധവൻകുട്ടിയെ തെറിവാക്കുകൾകൊണ്ട് അഭിഷേകം ചെയ്തു.

പത്തുപതിനഞ്ചുപേർ പോലീസ് സ്റ്റേഷന്റെ വരാന്തയിൽ നിരന്നുനിന്നു. അവരിൽ എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികളും അല്ലാത്തവരും ഉണ്ടായിരുന്നു. തിരിച്ചറിയൽ പരേഡാണ്. ബസ്സിന് തീവച്ചവരെ കണ്ടുപിടിക്കാനാണ് തിരിച്ചറിയൽ പരേഡ്. പോലീസ് കൊണ്ടുവന്ന യാത്രക്കാരികളിൽ രണ്ടുപേരാണ് ബസ്സിന് തീവച്ച സാമൂഹ്യദ്രോഹികളെ ചൂണ്ടിക്കാണിക്കാൻ നിയോഗിക്കപ്പെട്ടത്. അവർ വരാന്തയിൽ നിരന്നുനില്ക്കുന്ന ഓരോരുത്തരേയും സമീപിച്ചു.
“ഇയാളല്ല.”
“ഇയാളല്ല.”
“ഇയാളുമല്ല.”
മാധവൻകുട്ടിയുടെ സമീപത്തേയ്ക്ക് യാത്രക്കാരികൾ വന്നു. ഒരു സ്ത്രീ അയാളുടെ കണ്ണുകളിലേയ്ക്ക് തുറിച്ചുനോക്കി; പിന്നീടവൾ മറ്റേ സ്ത്രീയുടെ മുഖത്തേയ്ക്കും.
“ഇയാളാണോ?”
“ഇയാളല്ലേ?”
“അയാൾക്ക് നെറ്റിയിൽ ഒരു മറുക് ഉണ്ടായിരുന്നില്ലേ?”
“അയാളെപ്പോലെയിരിക്കുന്നു, ഇയാളും.”
അവർ അടുത്തുനിന്ന പോലീസുകാരന്റെ മുഖത്തേയ്ക്ക് നോക്കി.
അയാൾ തലയാട്ടി.
“മാറി നില്ക്കടാ, നായീന്റെ മോനേ.”
പിന്നെ പുളിച്ച തെറിയും.
മാധവൻകുട്ടി അറസ്റ്റ് ചെയ്യപ്പെട്ടു. ലോക്കപ്പിലായി. പോലീസിന്റെ മർദ്ദനവും സഹിക്കേണ്ടിവന്നു.
അച്ഛൻ വന്ന് മകനെ ജാമ്യത്തിലിറക്കി.
“എന്റെ മോനിത് ചെയ്കയില്ല. ഞാനവനെ അങ്ങനെയാണ് വളർത്തിയത്.”
ഗോവിന്ദൻമാഷ് നാടുമുഴുവൻ പറഞ്ഞുനടന്നു. ആര് വിശ്വസിക്കാൻ!

കേസ് കോടതിയിൽ വന്നു. പ്രോസിക്യുഷൻ വക്കീൽ പറഞ്ഞു.
“ഈ മാധവൻകുട്ടി എന്ന പ്രതി ക്രിമിനൽ വാസനയുള്ളവനാണ്. ഭോപ്പാലിൽ വച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറി. അവിടെ അയാൾ അറസ്റ്റ് ചെയ്യപ്പെട്ടു. ഉറങ്ങുന്ന അഗ്നിപർവ്വതംപോലെയാണ് അയാളുടെ ക്രിമിനൽ മനസ്സ്. ചിലപ്പോഴൊക്കെ ആ സ്വഭാവം പുറത്തുവരും. ഭോപ്പാലിൽ അത് സ്ത്രീകളോടുള്ള അതിക്രമമായിരുന്നുവെങ്കിൽ ഇവിടെ അത് സമൂഹത്തോടുള്ള അതിക്രമമാണ്. രണ്ടിന്റെയും മൂലകാരണം ഒന്നുതന്നെ, അയാളുടെ ക്രിമിനൽ മനസ്സ്.”
വടക്കേപ്പറമ്പിലെ ഒരേക്കർ പുരയിടം വിറ്റാണ് മാധവൻകുട്ടിയുടെ അച്ഛൻ കേസ് പറഞ്ഞത്. കൊച്ചിയിൽനിന്ന് പേരുകേട്ട വക്കീലിനെ കൊണ്ടുവന്നു.
ഏതായാലും രക്ഷപ്പെട്ടു. ജഡ്ജി ഉത്തരവിട്ടു.
“പ്രതി കുറ്റം ചെയ്തുവെന്ന് സംശയാതീതമായി സ്ഥാപിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. സംശയത്തിന്റെ ആനുകൂല്യം നല്കി ഞാൻ പ്രതിയെ വെറുതെ വിടുന്നു.”

അമ്പത് കൊല്ലങ്ങൾക്കുശേഷം മോഹൻദാസ് എന്ന ഒരു പഴയ സുഹൃത്ത് മാധവൻകുട്ടിയുടെ ഭവനത്തിൽ അതിഥിയായെത്തി. എഞ്ചിനിയറിംഗ് കോളേജിൽ സതീർത്ഥ്യനായിരുന്നു. ഇൻഡ്യൻ പോലീസ് സർവ്വീസിൽ നിന്നും റിട്ടയർ ചെയ്തയാളാണ് മോഹൻദാസ്. സംഭാഷണവേളയിൽ മാധവൻകുട്ടി ചോദിച്ചു.
“നിരപരാധിയായ ഞാൻ എന്തുകൊണ്ട് രണ്ടുതവണ ജയിലിലായി? എന്തുകൊണ്ട് ഞാൻ കുറ്റവാളിയായി മുദ്രയടിക്കപ്പെട്ടു? നിയമവാഴ്ചയുള്ള ഒരു രാഷ്ട്രവ്യവസ്ഥിതിയിൽ എന്തുകൊണ്ട് ഞാൻ പീഡിപ്പിക്കപ്പെട്ടു. എനിക്ക് ഭരണഘടന വാഗ്ദാനം ചെയ്യുന്ന നീതിയെവിടെ? എന്റെ മനുഷ്യാവകാശമെവിടെ?”
അരശതാബ്ദത്തിനുശേഷവും മാധവൻകുട്ടിയുടെ ഹൃദയത്തിലെ മുറിവുണങ്ങിയിട്ടില്ല.
അല്പം ജോത്സ്യം അറിയാമെന്ന് അഭിമാനിക്കുന്ന മോഹൻദാസ് പറഞ്ഞു.
“തന്റെ ജാതകത്തിൽ ‘രണ്ടിൽ ശനി’ എന്നൊരു പ്രതിഭാസം ഉണ്ടെന്നാണെനിക്ക് തോന്നുന്നത്. ശനി അപകടകാരിയാണ്. എന്നാൽ കർമ്മങ്ങൾക്ക് ശരിയായ ഫലം നല്കുന്ന ഗ്രഹമാണ് ശനി. മാതാപിതാക്കളുടെ പുണ്യം തലമുറയെ പിന്തുടരും. താൻ രണ്ടുതവണയും രക്ഷപ്പെട്ടത് തന്റെ മാതാപിതാക്കളുടെ സുകൃതം കൊണ്ടാണെന്ന് കരുതിയാൽ മതി.”
“എനിക്ക് ജോത്സ്യത്തിലൊന്നും വിശ്വാസമില്ല.”
മാധവൻകുട്ടി പറഞ്ഞു. അയാൾ തുടർന്നു.
“നിരപരാധി കുറ്റവാളിയാണെന്ന് സാക്ഷി പറയുന്നവൻ സാഡിസ്റ്റ് ആണ്. എന്താണ് സാഡിസ്റ്റ് എന്ന ഇംഗ്ലീഷ്പദത്തിന്റെ അർത്ഥം?”
“മറ്റുള്ളവരുടെ വേദനയിൽ ആഹ്ലാദിക്കുന്നവനാണ് സാഡിസ്റ്റ്.” 
മോഹൻദാസ് പറഞ്ഞു.
“നോക്കൂ, ഇന്നത്തെ പത്രത്തിൽ വന്നയൊരു വാർത്ത. ഇരുപത്തഞ്ച് കൊല്ലത്തെ ജയിൽവാസത്തിനുശേഷം ഒരാൾ നിരപരാധിയെന്ന് തെളിഞ്ഞിരിക്കുന്നു, ചിക്കാഗോയിൽ.”
മോഹൻദാസ് കൂട്ടിച്ചേർത്തു.
“ഞാനും ഏതാണ്ട് അതിനടുത്തെത്തിയതാണ്. ഭാഗ്യവശാൽ രക്ഷപ്പെട്ടു. ഇൻഡ്യൻ നിയമവ്യവസ്ഥിതിക്ക് സ്തുതി. ഒരു സാഡിസ്റ്റിന്റെ മൊഴികേട്ട് നിരപരാധിയെ കുറ്റവാളിയാക്കുന്ന ജഡ്ജിയും ജൂറിയും പ്രോസിക്യുഷനുമെല്ലാം ശിക്ഷിക്കപ്പെടണം. അതിനെവിടെയെങ്കിലും നിയമമുണ്ടോ?”
മാധവൻകുട്ടിയുടെ നീറുന്ന ഹൃദയസ്പന്ദനങ്ങൾ വാക്കുകളായി പുറത്തുവന്നു.
“മനുഷ്യരുണ്ടാക്കുന്ന എല്ലാ നിയമത്തിനും പോരായ്മകളുണ്ട്. ഇനി മാധവൻകുട്ടിയോട് ഞാനൊരു രഹസ്യം പറയട്ടെ. അതീവരഹസ്യം. അമ്പതു കൊല്ലം ഞാൻ മനസ്സിൽ സൂക്ഷിച്ച രഹസ്യം.”
മോഹൻദാസ് ചിരിച്ചുകൊണ്ട് പറഞ്ഞു.
“രഹസ്യമോ? എന്താണത്?” 
മാധവൻകുട്ടി ആരാഞ്ഞു.
“ആ കുറ്റവാളി ഞാനായിരുന്നു. ബസ്സിന് തീവച്ചത് ഞാനായിരുന്നു. സാഡിസ്റ്റ് ആയതുകൊണ്ടൊന്നുമല്ല, സർക്കാർ എഞ്ചിനീയർമാരുടെ സമരത്തെ പിന്തുണയ്ക്കാൻ ചെയ്തതാണ്.”
മോഹൻദാസ് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
“എന്ത് താനാണോ അത് ചെയ്തത്? നെറ്റിയിൽ മറുകുള്ള ഒരാളാണ് തീ വച്ചത് എന്നാണല്ലോ സാക്ഷിമൊഴി.”
“എന്നെ തിരിച്ചറിയാതിരിക്കാൻ ഞാൻ എല്ലാ മുൻകരുതലുകളും എടുത്തിരുന്നു.”
മോഹൻദാസ് വീണ്ടും പൊട്ടിച്ചിരിച്ചു.
ആ പൊട്ടിച്ചിരിയിൽ പങ്കുചേരാൻ മാധവൻകുട്ടിക്ക് കഴിഞ്ഞില്ല.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക