Image

കനലായെരിയുന്ന ജീവിത ചിത്രങ്ങൾ...(പുസ്തക അവലോകനം:നൈന മണ്ണഞ്ചേരി)

Published on 04 November, 2024
കനലായെരിയുന്ന ജീവിത ചിത്രങ്ങൾ...(പുസ്തക അവലോകനം:നൈന മണ്ണഞ്ചേരി)

പ്രശസ്ത   എഴുത്തുകാരനും പത്രപ്രവർത്തകനുമായ ശ്രീ. ഷാനവാസ് പോങ്ങനാടിന്റെ ഏറ്റവും പുതിയ നോവലാണ് ‘’ഗന്ധയാമിനി’’ . മനുഷ്യ മനസ്സിൽ ഇന്നും  തീരാത്ത നൊമ്പരമായി അവശേഷിക്കുന്ന ഗുജറാത്ത് കലാപം പശ്ചാത്തലമായ ഈ നോവൽ വായനയ്ക്ക് ശേഷവും മനസ്സിൽ അസ്വസ്ഥ ചിന്തകളുടെ നെരിപ്പോടുകളുണർത്തുന്ന ഭാവതീവ്രമായ അനുഭവമാണ്.

കലാപത്തിൽ നിന്നും രക്ഷപെട്ട് സ്വന്തം നാട്ടിലേക്ക് ഓടിപ്പോരുന്ന കനകരാജനിലൂടെയാണ് കഥ വികസിക്കുന്നത്. കേരളീയരായ മാതാപിതാക്കളുടെ മകനായി ഗുജറാത്തിൽ ജനിച്ച് അവിടെ തന്നെ പഠിച്ച് ജോലി നേടിയ പ്രൊഫസർ കനകരാജൻ. ഇടയ്ക്കിടെയുണ്ടാകുന്ന വർഗ്ഗീയ കലാപങ്ങൾ ഒരു തീക്കനലായി ഗുജറാത്തിന്റെ ഉറക്കം കെടുത്തുന്നതിൽ അസ്വസ്ഥനാണ് ഏതൊരു മതേതര ചിന്തഗതിക്കാരനെപ്പോലെ കനകരാജനും..അയാളുടെ ജീവിതവും അവിചാരിതമായ സംഭവഗതികളിൽ മാറിമറിയുന്നു,. വർഗ്ഗീയവാദികളുടെ കൊലക്കത്തിയിൽ ജീവൻ നഷ്ടപ്പെട്ട ഒരാളുടെ ഭാര്യയെ അയാൾക്ക് ജീവിത സഖിയാക്കേണ്ടി വന്നു. അങ്ങനെയാണ് റഹാന എന്ന മുസ്ലിം പെൺകുട്ടി അയാളുടെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്നത്.അവളുടെ കുട്ടി അയാളുടെ പ്രിയപ്പെട്ട അപർണ്ണയായി..

അന്യമതസ്ഥയാൽ ഒരു പെൺകുട്ടിയെയെയും അവളുടെ മകളെയും സംരക്ഷിക്കാൻ തയ്യാറായതിലൂടെ അയാൾ വർഗ്ഗീയ വാദികളുടെ കണ്ണിലെ കരടായി മാറുന്നു.ഒടുവിൽ മാനവും മനസ്സും മനുഷ്യരും ചുട്ടെരിക്കപ്പെട്ട കലാപത്തിൽ കനകരാജ്ന്റ ഭാര്യയും ഇരയാക്കപ്പെടുന്നു. അവിടുന്ന് ഓടിരക്ഷപെട്ട് അച്ഛന്റെ നാട്ടിലേക്കെത്തുകയാണ് അയാളും മകളും..ഡോ. കനകരാജനു കീഴിൽ ഗവേഷണ വിദ്യാർത്ഥിയായിരുന്ന സുധീശനും അദ്ദേഹത്തോടൊപ്പം രക്ഷപെട്ടു.

അയാളുടെ പ്രിയപ്പെട്ട മാധുരിയെക്കുറിച്ചുള്ള ഓർമ്മകൾ അപ്പോഴും അയാളെ പിന്തുടർന്നു.  നാട്ടിൽ പോയി തിരിച്ച് വന്ന്  ഗോദ്ര റെയിൽവേ സ്റ്റേഷനിൽ ഇറങ്ങേണ്ടിയിരുന്ന അവളെക്കുറിച്ച് പിന്നെ ഒരു വിവരവും ഉണ്ടായിരുന്നില്ല. നിർഭാഗ്യകരമായ ഗോധ്ര കലാപം നടന്ന ദിവസമാണ് മാധുരിയും അതിനിടയിൽ വന്നു പെട്ടത്. അതു കൊണ്ടു തന്നെ അവളും കലാപത്തിന് ഇരയാക്കപ്പെട്ടു എന്ന് അയാൾ വിശ്വസിച്ചു..വിവാഹം വരെ ഉറപ്പിച്ചു വെച്ചിരിക്കെ ഉണ്ടായ അപ്രതീക്ഷിത ആഘാതവുമായാണ് അയാൾ അദ്ധ്യാപകനായ കനകരാജൻ സാറുമായി നാട്ടിലേക്ക് രക്ഷപെട്ടു പോന്നത്.

എത്രയോ വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തപ്പെട്ട ഡോ.കനകരാജൻ തൈക്കാട് ദിവാകരന്റെ  മകനാണെന്ന് നാട്ടുകാരെ ബോദ്ധ്യപ്പെടുത്തിയപ്പോഴേയ്ക്കും നാട്ടിൽ ചരിത്രം സൃഷ്ടിച്ച ദിവാകരന്റെ തിരോധാനത്തിന്റെ ചരിത്രം തിരയുകയായിരുന്നു പഴയ തലമുറ. അപ്രതീക്ഷിതമായ സംഭവങ്ങൾളൊക്കൊടുവിൽ ഗുജറാത്തിലേയ്ക്ക് നാടു വിട്ടു പോയ ദിവാകരനെപ്പറ്റി പിന്നെ ഇപ്പോൾ മകനിലൂടെയാണ് പുതിയ തലമുറ അറിയുന്നത്.

എങ്കിലും ഉന്നത ബിരുദധാരിയായ ഒരാളെന്നോ ഗുജറാത്തിലെ സർവ്വകലാശാലയിലെ അദ്ധ്യാപകനായിരുന്നെന്നോ ഒന്നും  ഒരിക്കലും ഡോക്ടർ കനകരാജൻ ആരോടും പറഞ്ഞില്ല. എപ്പോഴും സ്വന്തം ദു;ഖങ്ങളിൽ  മുഴുകി സംസാരം കുറച്ച് പുസ്തക രചനയിൽ വ്യാപൃതനായി അദ്ദേഹം കഴിഞ്ഞു കൂടി. അതിനിടയിൽ കടന്നു വരുന്ന അവിസ്മരണീയരായ നിരവധി കഥാപാത്രങ്ങളിലൂടെയാണ് നോവൽ വികസിക്കുന്നത്.

നാടിന്റെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറഞ്ഞു നിന്ന പൊന്നപ്പൻപിള്ള അവിസ്മരണീയമായ ഒരു കഥാപാത്രമാണ്. പകൽ രാഷ്ട്രീയ പ്രവർത്തനവും രാത്രിയുടെ മറവിൽ തിന്മയുടെ പ്രതീകവുമായി ജീവിക്കുന്ന പൊന്നപ്പൻപിള്ള അപചയത്തിൽ അഭിരമിക്കുന്ന ആധുനിക രാഷ്ടീയത്തിന്റെ നേർചിത്രമാണ്. അയാളുടെ ക്രൂതകൾക്കിരയാകുന്ന സുജാതയും അമ്മയുമൊക്കെ  നേരിടുന്ന യാതനകളുടെ ചിത്രങ്ങൾ അനുവാചക മനസ്സിനെ പിടിച്ചുലയ്ക്കുന്ന രീതിയിൽ നോവലിസ്റ്റ് വരച്ചിടുന്നു. ഏറെ പരിശ്രമത്തിലൂടെ നേടിയ ജോലി വേണ്ടെന്ന് വെക്കുന്ന സുജാത വായനക്കാരുടെ മനസ്സിലെ നൊമ്പരക്കാഴ്ച്ചയാണ്..അവസാനം,അനിവാര്യമായ ദുരന്തത്തിലേയ്ക്ക് നീങ്ങിയ പൊന്നപ്പൻപിള്ളയെ ഓർത്ത് സഹതപിക്കാൻ പോലും ആരുമുണ്ടായില്ല.

സുജാതയുടെത് ഉൾപ്പെടെ ദു;ഖം ഘനീഭവിച്ചു കിടക്കുന്ന പല ഫയലുകളുടെയും  ചുവപ്പു നാട അഴിക്കാനാവാതെ വീർപ്പുമുട്ടുന്ന സർക്കാർ ജീവനക്കാരുടെ പ്രതീകമായ രഞ്ജിനി ഉൾപ്പെടെ മിഴിവാർന്ന ഒട്ടേറെ കഥാപാത്രങ്ങൾ നമ്മുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടുന്നു.അപ്രതീക്ഷിതമായ വഴിത്തിരിവിൽ നോവൽ അവസാനിക്കുമ്പോൾ ഗുജറാത്ത് കലാപവും അതിന്റെ വേദനാജനകമായ അനുബന്ധ ചിത്രങ്ങളും വായനക്കാരുടെ മനസ്സിൽ തീരാത്ത നൊമ്പരമായി അവശേഷിക്കുന്നു. എത്ര മായ്ച്ചാലും മായാത്ത വർഗ്ഗീയതയുടെ ഉറഞ്ഞുതുള്ളലായി അതിന്റെ പുക പടലങ്ങൾ ഇപ്പോഴും നിറഞ്ഞു നിൽക്കുകയാണല്ലോ?

ഗുജറാത്ത് കലാപത്തിന് കേരളീയ മാനം നൽകി അവിസ്മരണീയ കഥാപാത്രങ്ങളിലൂടെ, ഹൃദയസ്പർശിയായി  ആവിഷ്ക്കരിക്കുന്നതിൽ ശ്രീ, ഷാനവാസ് പോങ്ങനാട് വിജയിച്ചിരിക്കുന്നു എന്നതിൽ സംശയമില്ല. ‘’ഗന്ധയാമിനി’’ യിൽ  ഗുജറാത്ത് കലാപം മാത്രമല്ല, അതിന്റെ പശ്ചാത്തലത്തിൽ പ്രണയത്തിന്റെ കഥയുണ്ട്, നിസ്സഹായരായ സ്ത്രീകൾ എവിടെയും നേരിടേണ്ടി വരുന്ന പീഡനത്തിന്റെ ചിത്രമുണ്ട്, രാഷ്ട്രീയ മൂല്യച്യുതികൾക്കെതിരെയുള്ള രോഷമുണ്ട്, സർക്കാർ ഓഫീസുകളിലും മറ്റ് അധികാരകേന്ദ്രങ്ങളിലും സാധാരണക്കാരൻ നേരിടേണ്ടി വരുന്ന അവഗണനയ്ക്കെതിരെയുള്ള പ്രതിഷേധമുണ്ട്. അവിസ്മരണീയമായ ഒരു വായനാനുഭവമാണ് ഗ്രന്ഥകാരൻ വായനക്കാർക്ക് പകർന്നു നൽകുന്നത്.

പ്രശസ്ത ചിത്രകാരൻ ഗോപിദാസിന്റെ ആകർഷകമായ ചിത്രങ്ങൾ  പുസ്തകത്തിന് മാറ്റു കൂട്ടുന്നു.

പ്രസിദ്ധീകരണം- മെലിൻഡ ബുക്സ്, തിരുവനന്തപുരം

വില—330 രൂപ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക