വീഞ്ഞ് നീ
വീഞ്ഞുശാല നീ
വിളമ്പുകാരി നീ
നീയാം വീഞ്ഞുകോപ്പയിൽ
നീന്തിത്തുടിക്കും വെറുമൊരീച്ച ഞാൻ
വട്ടമിട്ടിങ്ങനെ നീന്തിയാൽ
എവിടെയുമെത്തില്ലെന്ന്
നിങ്ങൾ പറഞ്ഞേക്കും
എന്നാൽ എനിക്കുറപ്പാണ്
ചൈതന്യത്തിന്റെ ചലനാത്മകതയിലൂടെ
ഞാൻ ഒരു നാൾ
കിഴക്കിന്റെ പച്ചച്ചുവപ്പാർന്ന
ആ മുന്തിരിത്തോപ്പിലെത്താതിരിക്കില്ല !
2
വേറിട്ട് നിൽക്കാനായി അറിയില്ല
വിട്ട ഭാഗത്തല്ല, വിട്ടു കളയാത്ത ഭാഗത്തെവിടെയെങ്കിലും
തിരുകിക്കയറി
നിലയുറപ്പിക്കാൻ
സാധിച്ചാൽ ധന്യമായി
ഈ വിസ്മൃതചൈതന്യം.
3
നിന്നെക്കാളും നീയായി
ഈ ഭൂമിയിൽ
ഒരാളെങ്കിലും ജീവിച്ചിരുപ്പുണ്ട്
അത് ഞാനല്ലാതെ മറ്റാര്
നിന്റെ നിശ്ശബ്ദ സ്നേഹതരംഗം
സംഗീതമറിയാത്ത
ഈ ഹൃദയത്തെപ്പോലും
ഒരു പുല്ലാങ്കുഴലാക്കി മാറ്റുന്നുവല്ലോ!
4
ആരോഹണസ്വപ്നങ്ങളെ
താലോലിച്ചു കഴിയുന്ന
ഒരു കരിമ്പാറ ഞാൻ
എനിക്ക് നിന്റെ ആകാശം വേണം
നിന്റെ അനുഗ്രഹം വേണം
പൊന്നിന്റെ ഒരു അരിമ്പാറയാകാൻ!
5
പൊട്ടിത്തെറിക്കാത്ത
ഊർജ്ജബീജങ്ങൾ
അരിമ്പാറയിൽ അടയിരുന്നു;
നാലാം കാലത്തിൽ
മരണാനന്തര ലോകത്തിലൂടെ
അപാരതയിലേക്കുള്ള
സഹജയാനം തുടർന്നു.