പ്രസിഡൻഷ്യൽ കാമ്പെയ്‌നിനായി $1 ബില്യണിലധികം സമാഹരിച്ചിട്ടും, എതിരാളി ചെലവഴിച്ച ഡോളറിൻറെ ഇരട്ടിയിലധികം പ്രചാരണത്തിനായി ചിലവാക്കിയിട്ടും, അമ്പരപ്പിക്കുന്ന തോൽവി കമല ഹാരിസ് ഏറ്റുവാങ്ങിയതിലൂടെ, ഡോളർ വോട്ടുകളായി വിവർത്തനം ചെയ്യപ്പെടുന്നില്ലെന്നും, പണമോ സമ്മാനമോ മോഹന സുന്ദര വാഗ്ദാനങ്ങളോ നൽകിയാലും വാങ്ങാൻ കഴിയാത്ത വലിയൊരു വിഭാഗം പൗരന്മാർ ഉണ്ടെന്നും തെളിഞ്ഞു.
ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഉറക്കെ വിളിച്ചു പറഞ്ഞത്, ബാലറ്റിൻറെ ശക്തിയിലൂടെ അവർ വിജയം സമ്മാനിച്ചത് ജനങ്ങളെ കേൾക്കുന്ന നേതൃത്വത്തിനാണ്, പ്രവർത്തിക്കും എന്ന് പ്രതീക്ഷിക്കുന്ന നേതൃത്വത്തിനാണ്! വോട്ട് ചെയ്ത ആളുകൾ, ചെയ്യാത്തവർ പോലും, നേതൃത്വത്തിൻറെ ചുമലിൽ വലിയൊരു പ്രതീക്ഷയുടെ ഭാരമാണ് വെച്ചിരിക്കുന്നത്; ഈ രാഷ്ട്രത്തെ സുരക്ഷിതമാക്കാനുള്ള ഉത്തരവാദിത്തം അവർ പുതിയ നേതാവിനെ ഏൽപ്പിച്ചിരിക്കുന്നു, ആ ലക്ഷ്യത്തോടുള്ള പൂർണമായ പ്രതിബദ്ധതയിൽ കുറഞ്ഞതൊന്നും അമേരിക്കൻ ജനത പ്രതീക്ഷിക്കുന്നുമില്ല.
അമേരിക്കയുടെ 47-മത്തെ പ്രസിഡന്റായി ഡോണൾഡ് ജോൺ ട്രംപ് വൈറ്റ് ഹൗസിലേക്ക് കാലെടുത്തുവെക്കുമ്പോൾ, സുവർണ്ണ വിജയം താലത്തിൽ നൽകി, മാറ്റത്തിനായുള്ള ഒരു നിയോഗമായി ലോകം അതിനെ കാണുമ്പോൾ, പക്ഷപാതത്തിന് അതീതമായി ഉയരാൻ കഴിയുന്ന, എല്ലാ പശ്ചാത്തലത്തിലുള്ള ആളുകളെയും ഒന്നിപ്പിക്കാൻ കഴിയുന്ന, രാജ്യത്തെ ഒരുമിച്ചുകൊണ്ടുവരാൻ കഴിയുന്ന ഒരു പ്രസിഡൻറിനെയാണ് പൗരന്മാരും ആഗ്രഹിക്കുന്നത്.
പുതിയ ഭരണത്തിൻറെ ആദ്യ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മുൻഗണന നൽകുകയും പ്രവർത്തനക്ഷമമാക്കുകയും ചെയ്യുമെന്ന് വോട്ടർമാർ പ്രതീക്ഷിക്കുന്ന നിർണായക പ്രവർത്തനങ്ങളും നയങ്ങളും:-
1. അമേരിക്കയുടെ 175 ബില്യൺ പ്രോക്സി യുദ്ധം:
ഒരു പ്രാദേശിക സംഘർഷത്തിൻറെ പേരിൽ ആഗോള സമാധാനം അപകടത്തിലാക്കുന്നത് മൂല്യവത്താണോ എന്ന് അമേരിക്ക ചിന്തിക്കേണ്ട സമയമായി! അമേരിക്കയുടെ ഇടപെടൽ, പ്രത്യേകിച്ച് ഉക്രെയ്‌നിന് അത്യാധുനിക ആയുധങ്ങളുടെ വിതരണം, ഒരു പ്രോക്സി യുദ്ധമാക്കി മാറ്റിയിരിക്കുന്നു.
ആയിരക്കണക്കിന് ജീവനുകൾ നഷ്ടപ്പെട്ടു; ദശലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യപ്പെട്ടു; മുഴുവൻ നഗരങ്ങളും നശിപ്പിക്കപ്പെട്ടു! ഉക്രെയ്നിലെ ജനങ്ങൾ സമാധാനത്തിന് അർഹരാണ്; റഷ്യയിലെ ജനങ്ങൾ സമാധാനത്തിന് അർഹരാണ്!! ഏതെങ്കിലും ഒരു പക്ഷം പിടിക്കുന്നത് യു.എസ്. അവസാനിപ്പിക്കണം.
മനുഷ്യാവകാശങ്ങളെക്കുറിച്ചും നിരപരാധികളായ സിവിലിയൻമാരുടെ ക്ഷേമത്തെക്കുറിച്ചും യുഎസിന് യഥാർത്ഥ താൽപ്പര്യമുണ്ടെങ്കിൽ, അക്രമം തുടരുന്നതിന് ആയുധങ്ങൾ നൽകുന്നത് നിർത്തി, എരിതീയിൽ എണ്ണ ഒഴിക്കുന്നത് നിർത്തി, സംഭാഷണത്തിനും വെടിനിർത്തലിനും ചർച്ചകൾക്കും വേണ്ടി രണ്ട് രാജ്യങ്ങളേയും പ്രേരിപ്പിക്കുകയാണ് അമേരിക്ക ചെയ്യേണ്ടത്.
ട്രംപ് അധികാരത്തിൽ വന്ന് 24 മണിക്കൂറിനുള്ളിൽ, രണ്ടാം വർഷത്തിലേക്ക് നീളുന്ന ഉക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിച്ച്, സന്തോഷത്തോടെ പരസ്പരം കൈകൊടുത്ത് ഉക്രെയ്നും റഷ്യയും പുറകോട്ട് മാർച്ചു ചെയ്യും എന്ന് ആരെങ്കിലും കരുതിയാൽ അത് വെറും ബാലിശമായിരിക്കും! സൈനിക വിജയങ്ങൾ അപൂർവ്വമായി മാത്രമേ നിർണായകമാകൂ എന്നും, യുദ്ധങ്ങൾ പലപ്പോഴും അവസാനിക്കുന്നത് ഒരു പക്ഷത്തിൻറെ സമ്പൂർണ്ണ പരാജയത്തിലൂടെയല്ല, മറിച്ച് ചർച്ചകളിലൂടെയും വിട്ടുവീഴ്ചയിലൂടെയും ആണെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്.
2. "മെക്സിക്കോയിൽ തുടരുക" നയം പുനഃസ്ഥാപിക്കുക:
തീവ്രവാദം, മയക്കുമരുന്ന് കാർട്ടലുകൾ, തുടങ്ങിയ ഭീഷണികളിൽ നിന്ന് യുഎസ് പൗരന്മാരെ സംരക്ഷിക്കേണ്ടതിൻറെ ആവശ്യകത ഊന്നിപ്പറയുന്ന, ദേശീയ സുരക്ഷ ഉറപ്പുവരുത്തുന്ന അതിർത്തി നയങ്ങൾ രൂപപ്പെടുത്തണം.
അനധികൃത കുടിയേറ്റം, മനുഷ്യക്കടത്ത്, മയക്കുമരുന്ന് കടത്ത് എന്നിവ തടയുന്നതിനുള്ള നടപടിയെന്ന നിലയിൽ, "മെക്സിക്കോയിൽ തുടരുക" എന്ന ഫലപ്രദമായ പ്രതിരോധ നടപടികൾ പുനഃസ്ഥാപിക്കണം. യുഎസിൽ താമസിക്കുന്ന ക്രിമിനൽ പശ്ചാത്തലമുള്ള അനധികൃത കുടിയേറ്റക്കാരെ, നാടുകടത്തുന്നത് വേഗത്തിലാക്കണം. നിയമപരമായ തൊഴിലാളികളെ മാത്രം നിയമിക്കുന്നുവെന്ന് ഉറപ്പാക്കാൻ തൊഴിലുടമകൾക്ക് ഇ-വെരിഫൈ സംവിധാനം നിർബന്ധമാക്കാം.
3. അമേരിക്ക ഫസ്റ്റ്:
ചൈനയെയും മറ്റ് വിദേശ വിതരണക്കാരെയും വളരെയധികം ആശ്രയിക്കാതെ, നിർണായക വസ്തുക്കളുടെ ആഭ്യന്തര ഉത്പാദനം ഉറപ്പാക്കേണ്ടതുണ്ട്, യുഎസിനെ ആഗോളതലത്തിൽ കൂടുതൽ മത്സരാധിഷ്ഠിതമാക്കേണ്ടതുണ്ട്!
അമേരിക്കൻ തൊഴിലാളികളെ ദ്രോഹിക്കുമെന്ന് വിശ്വസിക്കുന്ന ട്രേഡ് ഡീലുകളിൽ നിന്ന് പിൻവലിയുകയും, യുഎസ് താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന ഉഭയകക്ഷി ഇടപാടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യാം. യുഎസിലേക്ക് ജോലികൾ തിരികെ കൊണ്ടുവരുന്ന കമ്പനികൾക്ക്, നികുതി ക്രെഡിറ്റുകളോ കിഴിവുകളോ വാഗ്ദാനം ചെയ്ത് ചൈനയിലേക്കും ഇൻഡ്യയിലേക്കും പോയ ജോലികൾ തിരികെ കൊണ്ടുവരിക. അമേരിക്കൻ ബിരുദധാരികൾക്ക് അവർ അർഹിക്കുന്ന ജോലികൾ അമേരിക്കയിൽ തന്നെ കണ്ടെത്താനുള്ള അവസരം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.
4. പുനരുജ്ജീവിപ്പിക്കേണ്ട റൂറൽ അമേരിക്ക:
കാർഷികമേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണം, ചെറുപട്ടണങ്ങളിലേക്ക് ജോലികൾ തിരികെ കൊണ്ടുവന്ന് ഗ്രാമീണ തൊഴിലില്ലായ്മ കുറയ്ക്കാൻ ശ്രമിക്കണം. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള തടസ്സങ്ങളായി കാണുന്ന നിയന്ത്രണങ്ങൾ പിൻവലിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് ഉൽപ്പാദനം, ഊർജം, കൃഷി തുടങ്ങിയ മേഖലകളിൽ.
സോളാർ, കാറ്റാടിയന്ത്രങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ പോലുള്ള വ്യവസായങ്ങളും ഹരിത ഊർജ്ജ ജോലികളും പ്രോത്സാഹിപ്പിക്കുമ്പോൾ തന്നെ എണ്ണ, വാതകം, കൽക്കരി ഉൽപ്പാദനം വിപുലീകരിക്കുന്നതിന് എതിരായ പാരിസ്ഥിതിക നിയന്ത്രണങ്ങളിൽ ഇളവ് വരുത്തേണ്ടതുണ്ട്. ഊർജ കയറ്റുമതിക്കാരനായി യു.എസിനെ പ്രമോട്ട് ചെയ്താൽ അത് എക്‌സ്‌ട്രാക്‌ഷൻ, റിഫൈനിംഗ്, ഡിസ്ട്രിബ്യൂഷൻ എന്നിവയിൽ ധാരാളം ജോലികൾ കൊണ്ടുവരും.
5. ടെക്, ഹൈ-സ്‌കിൽ ജോലികൾക്കുള്ള പിന്തുണ:
ഇന്നൊവേഷൻ ഹബുകൾ സൃഷ്ടിക്കുന്ന പുതിയ സ്റ്റാർട്ടപ്പുകൾക്കും നൂതന സാങ്കേതികവിദ്യകളിൽ ഏർപ്പെട്ടിരിക്കുന്ന ബിസിനസുകൾക്കും (ആർട്ടിഫിഷ്യൽ ഇൻറലിജൻസ് AI, ക്വാണ്ടം കമ്പ്യൂട്ടിംഗ്, റോബോട്ടിക്‌സ്) നികുതി ഇളവുകൾ വാഗ്ദാനം ചെയ്ത്, ഉയർന്ന ശമ്പളവും സുസ്ഥിരവുമായ ജോലികൾ സൃഷ്ടിക്കാൻ കഴിയുന്ന മേഖലയിൽ യുഎസിനെ ആഗോള നേതാവാക്കി ഉയർത്താം.
ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ!