Image

കപടനാടകം (കവിത: വേണുനമ്പ്യാർ)

Published on 11 November, 2024
കപടനാടകം (കവിത: വേണുനമ്പ്യാർ)

നന്നായി തിന്നണം
നന്നായി പുണരണം

ഈ രണ്ടു ക്രിയകൾക്കു മുമ്പ്
വാചകത്തിൽ എവിടെയൊ
ഒളിഞ്ഞിരിക്കുന്ന ഇല്ലാത്ത കർത്താവ് 
എല്ല് മുറിയെ പണിയെടുക്കണം

നന്നായി ഉറങ്ങണം
നന്നായി ഉണരണം

ഈ രണ്ടു അവസ്ഥകൾക്കിടെ
കർമ്മസാക്ഷിയായ കർത്താവ്, 
കർമ്മണിപ്രയോഗദ്വാരാ
ദൈവം കാണിക്കും സ്വപ്നങ്ങൾ 
വെടിപ്പായി കാണണം

ഉണരാതെയുള്ള ഉണർച്ചയിൽ
സ്വപ്നങ്ങളൊക്കെ ഉപബോധമനസ്സിലെ
പ്രതീകങ്ങളിലൂടെ അരിച്ചിറങ്ങിയ
നാറ്റക്കേസുകളാണെന്നറിഞ്ഞ് വിരാടവിരമാനന്ദ ലഹരിയിൽ
ആറാടണം

പിശാചിന്റെ അജണ്ടയിൽ
കുടുങ്ങാതിരിക്കണം

മൂരി നിവരണം
മുൻവിധികളുടെയും തീർപ്പുകളുടെയും മലബന്ധമകറ്റണം

സൂര്യനമസ്കാരം ചെയ്യും മുമ്പ്
നാറുന്ന തേറ്റകൾ
പ്രക്ഷാളനം നടത്തി മൂർച്ച കൂട്ടണം

പ്രാതലിനു മുന്നെ
കാലബോധമില്ലാതെ 
കാലൻ മുട്ടി വിളിക്കുമ്പോൾ
ചന്തിക്കെ പൊടിയും തട്ടി
പടിയിറങ്ങണം

അതിനു മുമ്പ് ദുരിതവും
ജീവിതശൈലീരോഗങ്ങളും
ബാങ്കിന്റെ ജപ്തി നോട്ടീസും
ഗുരുകാരണഭൂതർ വാഴും
കൊട്ടിലകത്ത് ഉപേക്ഷിക്കണം

കറുത്ത നാൽക്കാലിയോട്
പറയണം, മൃഗമേ നീ
ഒരു കെട്ടുകഥയാണെന്ന്

ഉള്ളിൽ
ഈ പരേതനൊരു
ചിരഞ്ജീവിയാണെന്ന്

ഊർജ്ജകണികകളുടെ
ഉഗ്രതാണ്ഡവം
ഒരിക്കലും അവസാനിക്കില്ലെന്ന്

എങ്കിലും നിന്റെ  
ദുരന്തപര്യവസായിയായ
ഈ കപടനാടകം 
മനോഹരമായി
അരങ്ങേറട്ടെയെന്ന്!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക