Image

ബലിയാടുകൾ (കഥ : രമണി അമ്മാൾ)

Published on 14 November, 2024
ബലിയാടുകൾ (കഥ : രമണി അമ്മാൾ)

"ചേച്ചിയങ്ങോട്ടിറങ്ങിയ ഉടനെ ആ കുഞ്ഞാച്ചൻ ചേച്ചിയെ
അന്വേഷിച്ചു വന്നിരു
ന്നു.. ഞാൻ പറഞ്ഞു ടൗണിൽ പോയതാണെന്ന്.
കുറച്ചുനേരം കറങ്ങി നിന്നിട്ടൊക്കെയാ പോയത്..."
ആഴ്ചയിൽ രണ്ടു ദിവസമാണ് എനിക്കൊരു സഹായത്തിന് സുഭാഷിണി വരാറുളളത്...
സുഭാഷിണി വരുന്ന ദിവസങ്ങളിലാണ് ഞാൻ വണ്ടിയെടുത്തു പുറത്തുപോയി വീട്ടിലേക്കാവശ്യമുളള സാധനങ്ങൾ വാങ്ങിവരാറുളളതും.. 
മോളു നൈറ്റ്ഡ്യൂട്ടി കഴിഞ്ഞുവന്നുളള 
ഉറക്കത്തിലായിരുന്നു.
കാശു കടം ചോദിക്കാൻ തന്നെയാവും കുഞ്ഞാച്ചന്റെ വരവ്.. 
തിരിച്ചുകിട്ടാത്ത കടം..!
എപ്പോൾ വീടിനു പുറത്തേക്കിറ
ങ്ങിയാലും, നട്ടുച്ചയ്ക്കുപോലും, വഴിയിലെവിടെയെങ്കിലുംവച്ച് കുഞ്ഞാച്ചനെ കണ്ടിരിക്കും..
ജംങ്ഷനിലെ
വെയ്റ്റിംഗ് ഷെഡിലാവും
മിക്കവാറും ഇരിപ്പുണ്ടാവുക...
അലക്കിത്തേച്ച മുണ്ടും ഷർട്ടുമൊക്കെയിട്ട്, ഡൈചെയ്തു കറുപ്പിച്ച മുടി നികക്കെ എണ്ണതേച്ച്  പുറകോട്ടു ചീകിവച്ച്, 
കട്ടിയിൽ  പൗഡറും പൂശി
എവിടേക്കോ പോകാൻ ബസ്സു കാത്തിരിക്കുന്നതുപോലെ..
ഇന്നും അവിടെയിരിപ്പുണ്ടായിരുന്നു..
തന്റെ വണ്ടി കടന്നുപോയതു ശ്രദ്ധയിൽപ്പെട്ടു കാണില്ല...

കുഞ്ഞാച്ചന്റെ  മകന് വിദേശത്തു നല്ല ജോലിയുണ്ട്.. മാസാമാസം കാശ്  ഭാര്യയുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കാറുണ്ട്.. കള്ളുകുടിച്ചു കളയുമെന്നു പറഞ്ഞ് അതീന്നൊരു ചില്ലിക്കാശുപോലും
കുഞ്ഞാച്ചന് അവരു കൊടുക്കാറില്ല.
കള്ളുകുടിച്ചില്ലെങ്കിൽ കുഞ്ഞാച്ചനു കയ്യു വിറയ്ക്കുമ്പോലും... പരിചയമില്ലാത്തവരോടുപോലും
കുഞ്ഞാച്ചൻ കാശു കടം ചോദിക്കും..ഒരു മാന്യൻ അത്യാവശ്യംപറഞ്ഞു മുന്നിൽവന്നു കൈനീട്ടുമ്പോൾ ഒരുവട്ടമൊക്കെ ആരും കൊടുത്തുപോകും..
കാശുകിട്ടിയാൽ അതുംകൊണ്ട് കുഞ്ഞാച്ചൻ ഒരൊറ്റ പോക്കാണ്.. ഷാപ്പിലേക്ക്...

 കക്ഷി ഈ അടുത്തകാലംവരെ 
പെയിന്റിംഗ് ജോലിക്കു പോകുമായിരുന്നു...
ഇപ്പോൾ കുഞ്ഞാച്ചനെ അറിയാവുന്നവരാരും വിളിക്കാതായി..
ഒരു ജോലി ഏറ്റെടുത്താൽ കൃത്യസമയത്തു തീർക്കാതെ കൂലി മുൻകൂർവാങ്ങി മുങ്ങും. 
ജോലി തുടങ്ങുന്ന ദിവസം
എട്ടുമണിയാവുമ്പോൾ പണിസ്ഥലമെത്തും..
ഒരു പത്തരയാവുമ്പോൾ
കയ്യും കാലുമൊക്കെ
കഴുകി റഡിയാവും..
"ഒരു പത്തുമിനിറ്റ്, വീടുവരെയൊന്നു പോയേച്ച് ഇപ്പം വരാം.."  കൂട്ടു  പണിക്കാരോടു പറഞ്ഞിറങ്ങും..
കള്ളുകുടിക്കാനാണീ പോക്കെന്ന് അവർക്കും അറിയാം.. 
പിന്നെ കുഞ്ഞാച്ചനെ കാണണമെങ്കിൽ ഉച്ചകഴിണം..
"അമ്മയേംകൊണ്ട് ഹോസ്പിറ്റലിൽ പേകേണ്ടിവന്നു.. ഭാര്യ തൊഴിലുറപ്പിനുപോയേ.."
തലചൊറിഞ്ഞ്, കുഞ്ഞാച്ചൻ ഒന്നു ചിരിക്കും.. അടുത്ത ഒന്നുരണ്ടു ദിവസങ്ങളിൽ കൃത്യനിഷ്ടയോടെ
ജോലിക്കെത്തും...
അടുക്കള ജന്നലിനപ്പുറം കുഞ്ഞായന്റെ നിഴലനക്കം കണ്ടാലറിയാം
ഇടയ്ക്കു മുങ്ങാനുളള തയ്യാറെടുപ്പാണെന്ന്..
"ഒരത്യാവശ്യമുണ്ടായിരുന്നു,  പെണ്ണുമ്പിള്ള ഇപ്പൊൾ വിളിച്ചാരുന്നു.. അമ്മയെ ആശുപത്രിയിൽ കൊണ്ടുപോണം.. കയ്യിലാണെങ്കിൽ ഒരു പൈസയില്ല..
ഒരായിരംരൂപ വേണം
പണിക്കൂലിയിൽ അഡ്ജസ്റ്റു ചെയ്യാം...."
അന്ന് ആയിരം രൂപ വാങ്ങി പോയതാണ്..
ആഴ്ചയൊന്നു കഴിഞ്ഞിട്ടും കുഞ്ഞാച്ചനെ കണ്ടില്ല..
മറ്റേ രണ്ടു പണിക്കാരുളളത് ഉഴപ്പന്മാരല്ലാത്തതു കാരണം പെയിന്റിംഗ് പണി പൂർത്തിയായി ട്ടുണ്ട്..
പണി തീരുന്ന ദിവസം..
വൈകിട്ട് പണിക്കാർക്ക് കൂലി കൊടുക്കുന്ന സമയം കുഞ്ഞാച്ചന്റെ തല ഗേറ്റിനു വെളിയിൽ പ്രത്യക്ഷപ്പെടും!
ആയിരം രൂപ വാങ്ങിപ്പോയിട്ടു ആളിന്റെ പൊടിപോലും പരിസരത്തെങ്ങുമില്ലാതിരുന്നതാണ്.. മൈന്റുചെയ്യാൻ പോയില്ല...വീടിനു വെളിയിലേക്കിറങ്ങാനും
പോയില്ല..
കുറച്ചുനേരം  ചുറ്റിപ്പറ്റിനിന്നിട്ട് തിരികെപ്പോയി..

പരിചയമില്ലാത്ത നമ്പരിൽനിന്ന് കോളുവന്നാൽ സാധാരണ എടുക്കാറില്ലാത്ത ഞാൻ അന്നെടുത്തു..
"എന്റെ ചേട്ടൻ ജോലിചെയ്ത കൂലിയെന്താ നിങ്ങളു കൊടുക്കാഞ്ഞേ..
ചേട്ടനിവിടെവന്നിരുന്നു സങ്കടപ്പെടുന്നു.."
കുഞ്ഞാച്ചന്റെ ഭാര്യ..
"നിങ്ങടെ ചേട്ടൻ, ആയിരംരൂപ മുൻകൂറു വാങ്ങി മുങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞു, 
എന്തുപണി ചെയ്ത കൂലിയാ  കൊടുക്കേണ്ടത്.."
അവരുടെ ഫോൺ കട്ട്. !
അന്നതിൽപ്പിന്നെ  
എന്റെ വണ്ടി ദൂരേന്നു വരുന്ന കണ്ടാൽ കുഞ്ഞാച്ചൻ മാറിക്കളയുമായിരുന്നു..!

ഊണുകഴിഞ്ഞ് വെറുതേയൊന്നു കിടന്നതാണ്..
ഉറങ്ങിപ്പോയി..
നിർത്താതെ
കാളിംഗ്ബെൽ..!
അഴിഞ്ഞ മുടി വാരിക്കെട്ടാതെ എഴുന്നേറ്റുചെന്നു...ഗേറ്റിനുവെളിയിൽ കുഞ്ഞാച്ചൻ....
."എന്താ.." ചോദ്യം കടുപ്പത്തിലായിപ്പോയി..
"അതേ..ആന്റീ.. അമ്മയ്ക്കു തീരെ സുഖമില്ല, ആശുപത്രീൽ കൊണ്ടുപോകണം..
ഒരായിരം രൂപാ തരണം. എപ്പഴും വാങ്ങുന്നപോലല്ല..
ഇത് അടുത്തയാഴ്ച തിരിച്ചു തരും.." 
"തന്റെ സമ്പാദ്യമൊക്കെ എന്നെയാണോ ഏല്പിച്ചിരിക്കുന്നത്..?"
എടുത്തവായിലെ ചോദിച്ചുപോയി.
"അമ്മയ്ക്കു കൂടുതലാ.."
"അമ്മയ്ക്കല്ല, തനിക്കാ കൂടുതൽ...
താൻ രാവിലെയും എന്നെത്തിരക്കി വന്നെന്നു കേട്ടല്ലോ....അപ്പഴും അമ്മയ്ക്കസുഖമായിരുന്നില്ലേ.. അസുഖം കൂടുതലായിരുന്നിട്ടും..
ആശുപത്രീൽ കൊണ്ടുപോകാൻ എന്നെ കാത്തിരിക്കുവായിരുന്നോ...?ഓരോ വിളച്ചിലുംകൊണ്ടിങ്ങിറങ്ങും. കള്ളുകുടിക്കാൻ.. കാശു ചോദിച്ചോണ്ട്
മേലാൽ ഈ വഴി വന്നുപോകരുത്.."

"എന്തിനാമ്മാ ഇങ്ങനൊക്കെ പറയുന്നത്.. കാശുകൊടുക്കാതിരുന്നാൽ പോരേ.."
മകൾ..
ശരിയാണ്..ഇത്തിരി കടുത്തുപോയി...!
കുഞ്ഞാച്ചൻ കാശു കടംചോദിച്ചുകൊണ്ട്
ഇനിയും വന്നുകൂടായ്കയില്ല..
ശമ്പളംകിട്ടുന്നതുമുഴുവൻ കൂട്ടുകാരുകൂടി
കുടിച്ചു കൂത്താടി
നട്ടപ്പാതിരയ്ക്കും വെളുപ്പാംകാലത്തും ആരെങ്കിലും ചുമന്നുകൊണ്ടുവരാറുളള
അച്ഛന്റെ രൂപമാണ്
കുഞ്ഞാച്ചനെ കാണുമ്പോഴൊക്കെ ഓർമ്മയിൽ..
കുടിച്ചുകുടിച്ചു ബോധംകെട്ടു വഴിയിൽ വീണുകിടന്നു
മരിച്ച അച്ഛൻ..!

 

Join WhatsApp News
Shiju krishnan 2024-12-11 01:37:48
ഒട്ടു മിക്കവാറും സംഭവിക്കുന്ന സാധാരണക്കാരന്റെ ജീവിതം.... വളരെ മികച്ച രീതിയിൽ എഴുതി. 👍👍👍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക