ബാല്യത്തിലെന്റെ
ഉറ്റതോഴർ
ആകാശ വിശാലതയിൽ
കളിയോടമായ്
പുഴയോളമായ്
തിരമാലകളായ്
പുകച്ചുരുളായ്
കൂറ്റൻ പാറയായ്,
മദയാനയായ്
മാമ്പുള്ളിമാനായ്
മുയൽക്കിടാവായ്
വെള്ളക്കരടിയായ്
സർക്കസ് കോമാളിയായ്
കാർട്ടൂൺ മായാവിയായ്
മാലാഖയായ്
അടിയ്ക്കടി വേഷങ്ങൾ രൂപങ്ങൾ മാറി
വിസ്മയജാലങ്ങൾ കാട്ടും
മേഘങ്ങളായിരുന്നു.
യൗവ്വനത്തിലും,
പിന്നെ വാർദ്ധക്യത്തിന്റെ
പടവുകൾ കയറിപ്പോരുമ്പോഴും
അതിരില്ലാവാനം
നിറയെ പൂക്കും നക്ഷത്രജാലങ്ങളും
മാൻകിടാവിനെ
മാറോടുചേർത്തുറക്കും
പൗർണ്ണമിനാളിലെ
മുഴുതിങ്കളും
നേർത്തുനേർത്തു
തേങ്ങാപ്പൂൾകണക്കായി
സ്വർണ്ണവളയത്തിൽ
ഇരുളിനെ ആവാഹിക്കും
അമാവാസിയും,
പുലരിക്കു തുടുപ്പേറ്റിയെഴുന്നെള്ളി
ഉച്ചിയിൽ കനലെരിയിച്ച്
പടിഞ്ഞാറു ചായുന്ന സൂര്യനും,
ചക്രവാളച്ചരിവുകളും
കവിതയ്ക്കു വിഷയമാകുമ്പോൾ
ആകാശമെനിക്കതി വിശാലമാം കാൻവാസാകുന്നു..
നീലയും കറുപ്പും ചുവപ്പും മഷികളാൽ
വാക്കുകൾക്കു നിറംകൊടുക്കാൻ
കഴിയുന്നു
ഭാവനകൾക്ക്
ചിറകു വിടർത്താൻ കഴിയുന്നു..