പ്രണയം ആദ്യം വിടരുന്നതു മിഴികളിലാണെന്നു കവി മതം . പ്രണയമുള്ള മിഴികൾ ഒരായിരം കളിത്തുമ്പികൾക്ക് ഒളിഞ്ഞിരിക്കാവുന്നിടത്തോളം വിശാലമാകും .
" ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ
ഒരായിരം കളിത്തുമ്പികൾ
ചിരിച്ചിപ്പിചോരും ഇളം മുത്തിലൊന്നിൽ കൊരുത്തുള്ളൂ ചുണ്ടിൽ മാപ്പു നീ തരൂ .. തരൂ.."
ബിച്ചു തിരുമലയുടെ വരികൾ രവീന്ദ്ര സംഗീതവുമായ് ഗാന ഗന്ധർവ്വന്റെ ശബ്ദത്തിലൂടെ കാതുകളിലേയ്ക്കു പതിക്കുമ്പോൾ അതവിടെ നിന്നു മെല്ലെ ഹൃദയത്തിലേയ്ക്കിറങ്ങുന്നു . അവിടെയൊരു പൂമൊട്ടു വിരിഞ്ഞു വരാൻ വെമ്പുന്ന പോലൊരു സുഖം . തളിരിലകൾ പൂക്കും .
കുട്ടനാടൻ ഗ്രാമഭംഗിയിൽ ഇതൾ വിരിഞ്ഞ മനോഹരമായൊരു പ്രണയ ഗാനം . മായമില്ലാത്ത മധുരതരമായൊരു മലയാള ഗാനം .
" പായിപ്പാട്ടെ ഓടിവള്ളമായൊരെൻ മോഹക്കായൽ മോടി വള്ളമാണു നീ... മുഴക്കോലുപോലും കൂടാതെന്നേ നിന്നെ ഞാൻ അളന്നിട്ടു പെണ്ണേ എന്നോടെന്താണീ ഭാവം: മിനുങ്ങുന്നൊരെൻ നുണുങ്ങോളമേ ..."
ഭാവ സൗന്ദര്യം കൊണ്ടു മനസ്സു കീഴടക്കുകയും കാവ്യഭംഗിയുടെ ലാവണ്യം ചോർന്നുപോകാതെയും ബിച്ചു തിരുമല ഭംഗിയായി വരികളെ ചേർത്തു വച്ചിരിക്കുന്നു . ' 'ആഭേരി ' രാഗത്തിൽ രവീന്ദ്രൻ മാഷ് ചിട്ടപ്പെടുത്തിയ ഈ പാട്ട് നല്ലൊരു റൊമാന്റിക് മെലഡിയായി ഉള്ളിൽ നിറഞ്ഞിരിക്കുന്നു .
പ്രണയം അളക്കുവാനുള്ള ഉപകരണം കണ്ടുപിടിച്ചിട്ടുണ്ടോ? കുന്നോളം സ്നേഹം , കാക്കത്തൊള്ളായിരം ഇഷ്ടം , ആകാശത്തോളം , കടലോളം , എന്നൊക്കെ അനന്തതയെ പ്രണയം അളക്കാനുള്ള വസ്തുതകളായി കണക്കാക്കാറുണ്ടല്ലോ .
ആശാരിമാരുടെ ജീവിത സാഹചര്യവുമായി വന്ന ചമ്പക്കുളം തച്ചൻ സിനിമയിലെ പ്രണയത്തെയും പെണ്ണിനെയും അളക്കാൻ കവിക്ക് മുഴക്കോൽ തന്നെ കൂട്ടു പിടിക്കേണ്ടി വന്നു . എന്നാൽ മുഴക്കോലിന്റെ സഹായമില്ലാതെ തന്നെ മന:ക്കണ്ണിൽ അളന്നിട്ടൊരു പ്രണയം ചമ്പക്കുളം കായലിനെ കീറിമുറിച്ച് തുഴയെറിഞ്ഞു വന്നപ്പോൾ കണ്ണുകൾ കൊണ്ടും കാതുകൾ കൊണ്ടും നമ്മൾ മലയാളികൾ അതിനെ ഇരു കൈയും നീട്ടി സ്വീകരിച്ചു .
പഴയ തച്ചൻ മാരുടെ കലാവിരുതിന്റെ മകുടോദാഹരണമായ 'പെരുന്തച്ച ' നിലൂടെ കടന്നു വന്ന മലയാള സിനിമ പക്ഷേ ഗതിമാറി ഒഴുകിയ കൂട്ടത്തിൽ തച്ചുശാസ്ത്ര വിദഗ്ധർ , ശില്പികൾ ഒക്കെ പാർശ്വവൽക്കരിക്കപ്പെട്ടോ , അന്യം നിന്നു പോയോന്നൊക്കെ ഒരു കുഞ്ഞു സംശയം , തോന്നൽ .
ഈയിടെ വീണ്ടും ശ്രീപത്മനാഭ സ്വാമി ക്ഷേത്രം കാണാൻ പോയപ്പോൾ ഞാനാലോചിച്ച ഒരു കാര്യം എന്നാണെന്നു വച്ചാൽ , അന്നത്തെ ആ ശില്പികളുടെയൊക്കെ പിൻ തലമുറക്കാർ എവിടെ ?
കുതിരമാളികയിലൂടെ കയറിയിറങ്ങിയപ്പോൾ വീണ്ടും കാണാനിടയായ ഒരു കാര്യം , അവിടുത്തെ ഒരു ചെറിയ കിളിവാതിലിലൂടെ നോക്കിയാൽ അങ്ങകലെയുള്ള കിളിവാതിലുകൾ അതിനുള്ളിലൂടെ കാണാൻ കഴിയും എന്നുള്ളതാണ് . അവരുടെ പിഴയ്ക്കാത്ത കണക്കുകളുടെ നേർ രേഖ കണ്ട് അവരെയൊക്കെ ഒന്നു നമിക്കാൻ കൈകൾ വെമ്പിയുയർന്നു . വേണ്ടത്ര അംഗീകാരമോ , വേതനമോ കിട്ടാത്തതു കൊണ്ടായിരിക്കുമോ അവരൊക്കെ അവർക്കു ജന്മസിദ്ധമോ , പകർന്നു കിട്ടിയതോ ആയ വിദ്യകൾ അവരുടെ മക്കൾക്കു പകർന്നു കൊടുക്കാതെയും അവരെ ഈ മേഖലയിലേക്കു കൊണ്ടു വരാതിരിക്കുകയും ചെയ്തത് ? ഇവരുടെയൊന്നും പേരുകൾ എവിടേയും എഴുതി വച്ചിട്ടുമില്ലല്ലോ . എങ്കിൽ അതെങ്കിലും വായിച്ച് സ്മരണയെങ്കിലും നിലനിർത്താമായിരുന്നു . കൊട്ടാരമെല്ലാം അറിയപ്പെടുന്നതൊക്കെ രാജാക്കൻമാരുടെ പേരിൽ മാത്രമല്ലേ ?
എവിടെപ്പോയാലും എന്തു കണ്ടാലും അതിനെയൊക്കെ കുറിച്ച് ചിന്തിച്ചു ചിന്തിച്ച് കാടുകയറിയിറങ്ങി വേറെയേതോ തുമ്പിൽ ചെന്നെത്തുന്ന ഞാൻ അങ്ങനെ ഈ യാത്രയിൽ കണ്ടതിന്റെ അറ്റം ചെന്നെത്തിയത് ഈ പാട്ടിൻ തുമ്പത്താണ് . ആ തുമ്പിൽ പിടിച്ചു കയറി ചമ്പക്കുളം കായലോളങ്ങളിൽ വിനീതിനും രംഭ യ്ക്കുമൊപ്പം ഞാനും തുഴക്കൈകൾ എറിഞ്ഞു . തത്ക്കാലം ആ കുളിരണിഞ്ഞ് ഞാൻ എന്റ ഈ വക സന്ദേഹങ്ങളെ മറക്കാനൊരു ശ്രമം .
അമ്പിളി കൃഷ്ണകുമാർ
____________________
ഒളിക്കുന്നുവോ... മിഴിക്കുമ്പിളിൽ...
ഓരായിരം കളിത്തുമ്പികൾ...
ചിരിച്ചിപ്പി ചോരും ഇളംമുത്തിലൊന്നേ
കൊരുത്തുള്ളു തുമ്പിൽ മാപ്പു നീ തരൂ.. തരൂ..തരൂ..
പായിപ്പാട്ടെ ഓടിവള്ളമായൊരെൻ
മോഹക്കായൽ മോടിവള്ളമാണു നീ..
മുഴക്കോലും പോലും കൂടാതെന്നേ നിന്നെ ഞാൻ
അളന്നിട്ടു പെണ്ണേ എന്നോടെന്താണീ ഭാവം..
മിനുങ്ങുന്നൊരെൻ നുണുങ്ങോടമേ..
(ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ...)
പാലച്ചോട്ടിൽ കാത്തുനിന്നതെന്തിനോ
നീലപ്പൂവേ നീ കുടന്ന മഞ്ഞുമായ്..
നിറഞ്ഞ നിൻ മൗനം പാടും പാട്ടിൻ താളം ഞാൻ
ഒരിക്കൽ നിൻ കോപം പൂട്ടും നാദം മീട്ടും ഞാൻ
മണിക്കൂട്ടിലേ മണിപ്പൈങ്കിളീ...
(ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ...
___________________
Read More: https://emalayalee.com/writer/297