Image

നെഹ്‌റുവിയൻ പാരമ്പര്യം തുടച്ചുനീക്കുന്നതിൽ മോഡി വിജയിക്കുമോ? (ജോർജ്ജ് എബ്രഹാം)

Published on 16 November, 2024
നെഹ്‌റുവിയൻ പാരമ്പര്യം തുടച്ചുനീക്കുന്നതിൽ മോഡി വിജയിക്കുമോ? (ജോർജ്ജ് എബ്രഹാം)

'നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി' എന്നുള്ളത് 'പ്രൈംമിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി' എന്ന് പുനർനാമകരണം ചെയ്തതിനെ കുറിച്ച് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി പ്രതികരിച്ചത് ഇപ്രകാരമാണ്:// ഭയത്തിന്റെയും അപകർഷതയുടെയും  അരക്ഷിതത്വത്തിന്റെയും വലിയ ഭാരമാണ് നരേന്ദ്ര മോഡിക്കുള്ളത്, പ്രത്യേകിച്ചും നമ്മുടെ ആദ്യത്തെയും ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിക്കുകയും ചെയ്തതായ  പ്രധാനമന്ത്രിയുടെ കാര്യം വരുമ്പോൾ.  നെഹ്‌റുവിനെയും നെഹ്‌റുവിയൻ പൈതൃകത്തെയും  നിഷേധിക്കുക, വളച്ചൊടിക്കുക, അപകീർത്തിപ്പെടുത്തുക, ഉന്മൂലനംചെയ്യുക  എന്ന ഒരൊറ്റ ബിന്ദുവിൽ കേന്ദ്രീകൃതമായ അജണ്ടയാണ് മോഡിക്ക് എക്കാലവും ഉണ്ടായിരുന്നത്... // എന്നാൽ, സ്വാതന്ത്ര്യസമരത്തിലും ശാസ്ത്രീയ മുന്നേറ്റത്തിലും നെഹ്‌റു നൽകിയ മഹത്തായ സംഭാവനകളും കൈവരിച്ച നേട്ടങ്ങളും  ഒരിക്കലും  തുടച്ചുനീക്കാനാവില്ല. ഇന്ത്യൻ ദേശീയ രാഷ്ട്രത്തിൽ ജനാധിപത്യത്തിനും മതേതരത്വത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും അദ്ദേഹം നൽകിയ അടിത്തറ ഇളക്കാനാണ് മോഡിയും അയാളുടെ സ്തുതിപാടകരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ചരിത്രത്തിൻ്റെ താളുകളിൽ നിന്ന് ജവഹർലാൽ നെഹ്‌റുവിൻ്റെ പൈതൃകത്തെ അവഹേളിക്കാനും മായ്‌ച്ചുകളയാനും നശിപ്പിക്കാനും വ്യക്തിപരമായി മോഡി വളരെയധികം സമയം ചിലവഴിച്ചിട്ടുണ്ട്. നെഹ്രുവിന്റെ ദേഹവിയോഗത്തിന് അറുപത് വർഷങ്ങൾക്കിപ്പുറവും ആധുനിക ഇന്ത്യയുടെ ശില്പിയായ അദ്ദേഹത്തിന്റെ മഹത്തായ പൈതൃകം ചരിത്രത്തിൻ്റെ താളുകളിൽ നിന്ന് മണ്മറയുന്നത് കാണുക എന്നുള്ളത് നിലവിലെ പ്രധാനമന്ത്രി ഒരു ലക്ഷ്യവും ആഗ്രഹവുമായി കൊണ്ടുനടക്കുന്നു എന്നത് തികച്ചും ആശ്ചര്യകരമാണ്. ആ ശ്രമം വിജയിക്കുമോ? രാജ്യത്തെ അടിച്ചമർത്തലിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്കും ആധുനികതയിലേക്കും സ്വാശ്രയത്വത്തിലേക്കും കൊണ്ടുവന്ന ദീർഘദർശിയെ ഇന്ത്യയിലെ ജനങ്ങൾ എന്നെങ്കിലും മറക്കുമോ?വ്യത്യസ്ത മതങ്ങളിലും ഭാഷകളിലും വംശങ്ങളിലും ജാതികളിലും പെട്ട ആളുകൾ ഐക്യത്തോടെ ജീവിക്കുന്ന ഒരു വൈവിധ്യമാർന്ന സമൂഹമായി ഇന്ത്യ നിലകൊള്ളണമെന്നുള്ള  നെഹ്‌റു മുന്നോട്ടുവച്ച ആശയത്തോടും  നെഹ്‌റുവിയൻ ദർശനത്തോടുള്ള വെറുപ്പാണ്, മോഡിയുടെ വിട്ടുമാറാത്ത ഈ അഭിനിവേശത്തിനും പൈശാചിക മനോഭാവത്തിനും പിന്നിലെന്ന് നിസ്സംശയം പറയാം.

2024 നവംബർ 14-ന് ജവഹർലാൽ നെഹ്‌റുവിൻ്റെ 135-ാം ജന്മവാർഷികം ആഘോഷിക്കുന്ന വേളയിൽ, ഇന്ത്യ സ്വാതന്ത്ര്യം കൈവരിച്ചതിനും ബഹുസ്വര വീക്ഷണമുള്ള ഇന്ത്യയ്‌ക്ക് ശക്തമായ അടിത്തറ പാകുന്നതിനും അദ്ദേഹം നൽകിയ സംഭാവനകൾ ഓർക്കുമ്പോൾ നാം അമ്പരന്നുപോകും. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ, വിഭജനത്തെത്തുടർന്ന് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളുടെ ഫലമായി വലിയ വെല്ലുവിളികൾ ഉയർന്നിരുന്നു. 60 ലക്ഷം അഭയാർത്ഥികളെ പുനരധിവസിപ്പിക്കുകയും കൂടുതൽ അക്രമങ്ങൾ പടരുന്നത് തടയുകയും ചെയ്യുക എന്നതായിരുന്നു ആ സമയത്ത് നേതൃത്വം അഭിമുഖീകരിച്ച അടിയന്തര ദൗത്യം. അക്രമം പരിമിതപ്പെടുത്താനും ഉപേക്ഷിക്കപ്പെട്ടവരും തട്ടിക്കൊണ്ടുപോയവരുമായ സ്ത്രീകളെയും കുട്ടികളെയും രക്ഷിക്കാനും വീണ്ടെടുക്കാനും സർദാർ തർലോക് സിംഗ്, സരോജിനി നായിഡു, എസ്.കെ.ഘോഷ് എന്നീ ദേശസ്നേഹികൾ ഉൾപ്പെടുന്ന സംഘത്തെ നിയോഗിക്കുകയും ചെയ്തു.

ബ്രിട്ടീഷുകാർ ഇന്ത്യ വിടുമ്പോൾ, നെഹ്‌റുവിൻ്റെ നേതൃത്വത്തിലുള്ള ഗവൺമെൻ്റ് അഭിമുഖീകരിച്ച മറ്റൊരു പ്രധാന വെല്ലുവിളി 562 നാട്ടുരാജ്യങ്ങളുടെ ദേശീയ ഏകീകരണമായിരുന്നു. നെഹ്‌റുവിനൊപ്പം സർദാർ വല്ലഭായ് പട്ടേലിൻ്റെ നിർണ്ണായക നേതൃത്വത്തിൽ പുതുതായി സൃഷ്ടിച്ച ഒരു സംസ്ഥാന വകുപ്പ്, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ രാജ്യത്തിൻ്റെ ഏകീകരണം ഉറപ്പാക്കി. നമുക്ക് ഒരു നിമിഷം ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കാം. ഡോ. ബി.ആർ.അംബേദ്കർ, എസ്.പി. മുഖർജി, ജോൺ മത്തായി, സി.എച്ച്. ഭാഭ, ഷൺമുഖം ചെട്ടി എന്നിങ്ങനെ   വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളിലുള്ള അസാധാരണ വ്യക്തിത്വങ്ങളെ  നെഹ്‌റു എങ്ങനെ ഒരുമിച്ച് കൊണ്ടുവന്നുവെന്ന് നമ്മൾ അതിശയിക്കും.  ഭരണഘടനാ അസംബ്ലിയിൽ  മതേതരവും ബഹുമുഖവുമായ സ്വഭാവത്തിൻ്റെ പ്രതിഫലനമായിരുന്നു അത്. തങ്ങൾ സൃഷ്ടിക്കാൻ പോകുന്ന ഭരണഘടന ഇന്ത്യൻ ജനതയുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുമെന്ന വാഗ്ദാനമാണ് കോൺഗ്രസ് പാർട്ടി നിറവേറ്റിയത്.

395 ആർട്ടിക്കിളുകളും 9 ഷെഡ്യൂളുകളും ഉള്ള ഇന്ത്യൻ ഭരണഘടന ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനകളിൽ ഒന്നാണ്. എല്ലാ പൗരന്മാർക്കും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ സുരക്ഷിതമാക്കാനുള്ള ഇന്ത്യയിലെ ജനങ്ങളുടെ അടിസ്ഥാന തത്വശാസ്ത്രവും ദൃഢനിശ്ചയവും ആമുഖത്തിൽ തന്നെ  വ്യക്തമാക്കുന്നുണ്ട്. അംബേദ്കറുടെ അകമഴിഞ്ഞ സഹായത്തോടും പിന്തുണയോടും കൂടി ഭരണഘടനയുടെ രൂപരേഖ തയ്യാറാക്കിയതിലൂടെ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ ശാക്തീകരിക്കാനുള്ള അദ്ദേഹത്തിൻ്റെ ദാർശനികതയാണ് നെഹ്‌റു സാക്ഷാത്കരിച്ചത്.

സാധാരണ പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി കോൺഗ്രസ് പാർട്ടിയുടെ ബാനറിൽ ദേശീയ ആസൂത്രണ സമിതി രൂപീകരിച്ചുകൊണ്ട് 1938-ൽ തന്നെ സാമൂഹ്യനീതിയും ബഹുജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കാൻ നെഹ്‌റു പ്രതിജ്ഞാബദ്ധനായിരുന്നു. വരുമാനത്തിൻ്റെയും സമ്പത്തിൻ്റെയും തുല്യമായ വിതരണം ഉറപ്പാക്കുന്നതിന് നീതിയുക്തമായ ഒരു സാമൂഹിക ക്രമം സ്ഥാപിക്കുന്നതിനായി നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ്  ആസൂത്രണ കമ്മീഷൻ രൂപീകൃതമായത്. ഈ വിഷയങ്ങളിലെ നെഹ്രുവിൻ്റെ പ്രവർത്തനങ്ങൾ അദ്ദേഹത്തെ ഒരു സോഷ്യലിസ്റ്റായി ചിത്രീകരിക്കും. ദരിദ്രമായ ഒരു രാജ്യത്തിൻ്റെ വികസന ആവശ്യങ്ങൾക്ക് കൃത്യമായ ആസൂത്രണവും അത് മികച്ച രീതിയിൽ കൈകാര്യം ചെയ്യേണ്ടതും അനിവാര്യമാണെന്ന്  അദ്ദേഹം ഉറച്ചു വിശ്വസിച്ചു,

ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ വലിയ പ്രശ്‌നമായിരുന്ന ഭൂമിയിലെ അസമത്വത്തെക്കുറിച്ചും അദ്ദേഹം ആശങ്കാകുലനായിരുന്നു. സ്വാതന്ത്ര്യാനന്തരം, ഈ വിഷയത്തിന് മുൻഗണന നൽകുകയും  1949 ആയതോടെ  വിവിധ സംസ്ഥാനങ്ങളിൽ 'ജമീന്ദാരി' സമ്പ്രദായം നിർത്തലാക്കുന്നതിനും ഗ്രാമീണ കർഷകരെ ശാക്തീകരിക്കുന്നതിനുമായി ഭൂപരിഷ്‌കരണ നിയമങ്ങൾ പാസാക്കുകയും ചെയ്തു.

നെഹ്‌റു സ്വാശ്രയത്വത്തിൻ്റെ ശക്തമായ വക്താവായിരുന്നു, സാങ്കേതിക പുരോഗതിയുടെ അഭാവമാണ് അവികസിതാവസ്ഥയുടെ കാരണമെന്ന് അദ്ദേഹം വ്യക്തമായി തിരിച്ചറിഞ്ഞു. തൽഫലമായി, പ്രധാന വ്യവസായങ്ങൾ വികസിപ്പിക്കുന്നതിനായി ഒരു പുതിയ വ്യവസായ നയം പ്രാബല്യത്തിൽ വരുത്തുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യ അതിൻ്റെ ശൈശവാവസ്ഥയിലിരിക്കുമ്പോൾ തന്നെ വൈദ്യുതി, ഉരുക്ക് ഉൽപ്പാദനം എന്നിവയിലൂടെ  സ്വയംപര്യാപ്തതയ്ക്കുള്ള മാർഗങ്ങൾ അദ്ദേഹം കണ്ടെത്തി. മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് ഇന്ത്യ റൂർക്കേല (ഒറീസ്സ), ഭിലായ് (മധ്യപ്രദേശ്), ദുർഗാപൂർ (പശ്ചിമ  ബംഗാൾ) എന്നിവിടങ്ങളിൽ സ്റ്റീൽ പ്ലാൻ്റുകൾ നിർമ്മിച്ചു. പഞ്ചാബിലെ ഭാക്ര നംഗലിലെ മുൻനിര അണക്കെട്ട് ഉൾപ്പെടെ ജലവൈദ്യുത ഉൽപാദനത്തിനായി വിവിധ സ്ഥലങ്ങളിൽ അണക്കെട്ട് പദ്ധതികളും നടപ്പാക്കി. വ്യാവസായികവൽക്കരണത്തിലേക്കുള്ള മറ്റൊരു കുതിച്ചുചാട്ടമെന്ന നിലയിൽ 1962 ൽ അസമിലെ നൂൻമതിയിൽ ആദ്യത്തെ എണ്ണ ശുദ്ധീകരണശാലയ്ക്ക് തുടക്കംകുറിക്കുകയും  ചെയ്തു. നെഹ്‌റു അവയെ 'ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങൾ' എന്നാണ് വിശേഷിപ്പിച്ചത്.

ഒരു 'ശാസ്ത്രീയ മനോഭാവം' വളർത്തിയെടുക്കാനുള്ള  നെഹ്‌റുവിന്റെ  തീരുമാനമാണ് നിരവധി പുതിയ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കുന്നതിൽ നേതൃത്വം നൽകാൻ ചാലകശക്തിയായത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട  പ്രീമിയർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അടക്കം അഞ്ചെണ്ണം  ആരംഭിച്ചത് 1957 നും 1964 നും ഇടയിലാണ്. ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന് യൂണിവേഴ്സിറ്റി പദവി നല്കിയതിലൂടെയും  കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ് ഓർഗനൈസേഷൻ എന്നിവ സ്ഥാപിച്ചതിലൂടെയും  ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻ്റൽ റിസർച്ചിന് തറക്കല്ലിട്ടത്തിലൂടെയും പ്രകടമാകുന്നത് നെഹ്രുവിന്റെ ദീർഘവീക്ഷണമാണ്. 'പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിൻ്റെയും നമ്മുടെ ജനങ്ങൾക്ക് ജീവനും ഉപജീവനവും നൽകുന്നതിൻ്റെയും ദൃശ്യമായ പ്രതീകങ്ങളായി' ഇവ മാറുമെന്നും നെഹ്‌റു തന്നെ പ്രസ്താവിച്ചിട്ടുമുണ്ട്.

സ്വാതന്ത്ര്യം ലഭിച്ചയുടനെ, വിനാശകരമല്ലാത്ത ആവശ്യങ്ങൾക്കായി ആണവശേഷി വികസിപ്പിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ ഒരു ആണവ പരിപാടി ആരംഭിച്ചു. ഇപ്പോൾ നമുക്കറിയാവുന്നതുപോലെ, ഈ മേഖലയിൽ ഇന്ത്യയുടെ കഴിവുകൾ വർധിപ്പിക്കുന്നതിന്  ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ ഡോ. വിക്രം സാരാഭായിയെ  ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം സ്ഥാപിക്കാൻ സഹായിച്ചതും നെഹ്രുവാണ്.

ശാക്തീകരണത്തിനുള്ള  ഉപകരണമെന്ന നിലയിൽ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യവും  അദ്ദേഹം തിരിച്ചറിഞ്ഞു. ഡോ.എസ്.രാധാകൃഷ്ണൻ്റെ അധ്യക്ഷതയിൽ യൂണിവേഴ്സിറ്റി എജ്യുക്കേഷൻ കമ്മീഷനും ഡോ.എ.എൽ.മുദലിയാരുടെ നേതൃത്വത്തിൽ  സെക്കൻഡറി എജ്യുക്കേഷൻ കമ്മീഷനും സ്ഥാപിച്ചുകൊണ്ട് ഉന്നതവിദ്യാഭ്യാസത്തിനുള്ള അടിത്തറ പാകുകയും ചെയ്തു. കൂടാതെ, ഡോ.മൗലാനാ ആസാദിൻ്റെ കീഴിൽ ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിലേഷൻസ്  സ്ഥാപിച്ചുകൊണ്ട് ഇന്ത്യയുടെ ബാഹ്യ സാംസ്കാരിക ബന്ധങ്ങളുമായി ബന്ധപ്പെട്ട നയങ്ങൾ പ്രോത്സാഹിപ്പിച്ചു.

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഇന്ത്യയുടെ വിദേശനയം രൂപപ്പെടുത്തുന്നതിൽ ചേരിചേരാ പ്രസ്ഥാനത്തിന്റെ  നേതാവെന്ന നിലയിലും നെഹ്‌റു നിർണായക പങ്ക് വഹിച്ചു . അദ്ദേഹത്തിൻ്റെ വശ്യതയാർന്ന  വ്യക്തിത്വവും രാജ്യത്തെയും ലോകത്തെയും കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും വികസ്വര രാജ്യങ്ങളുടെ ഫലപ്രദമായ വക്താവാകാനും ലോകമെമ്പാടുമുള്ള വിമോചന പ്രസ്ഥാനങ്ങളുടെ നേതാവാകാനും അദ്ദേഹത്തെ പ്രാപ്തമാക്കി.

കാലാതീതമായി  നിലകൊള്ളുന്ന സ്ഥാപനങ്ങൾ കെട്ടിപ്പടുക്കാൻ നെഹ്‌റു ഒട്ടേറെ സഹായങ്ങൾ ചെയ്തു. ആ കാലഘട്ടത്തിൽ വളർന്നുവന്ന രാജ്യങ്ങളായ യുഗോസ്ലാവിയ, ഈജിപ്ത്, ഘാന എന്നിവ ഇക്കാര്യത്തിൽ പരാജയപ്പെട്ടതിൻ്റെ കാരണങ്ങൾ  നമുക്കെല്ലാവർക്കും വളരെ വ്യക്തമാണ്. നെഹ്‌റുവിൻ്റെ ദർശനവും നേതൃപാടവവും ഇന്ന് നമുക്കറിയാവുന്ന ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ നിർണായകമായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവായ ആനന്ദ് ശർമ്മ എഡിറ്റുചെയ്ത 'ജേർണി ഓഫ് എ നേഷനിൽ' പറഞ്ഞിരിക്കുന്നതുപോലെ, '  ഉൽപ്പാദനക്ഷമവും സ്വാശ്രയവും ആത്മവിശ്വാസവുമുള്ള ഇന്ത്യയ്ക്ക്  അടിത്തറയിട്ട നെഹ്‌റു, അതിനായി രാജ്യത്ത് നിരവധി സ്ഥാപനങ്ങൾ സൃഷ്ടിക്കുകയും അതിൻ്റെ എല്ലാ മേഖലകളിലും മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്തു.

നെഹ്‌റുവിയൻ പൈതൃകം ഉന്മൂലനം ചെയ്യാനും രാഷ്ട്രത്തിൻ്റെ ആത്മാവ് അടിച്ചമർത്തപ്പെട്ട ആ ഇരുണ്ട കാലഘട്ടത്തിലേക്ക് നമ്മെ തിരികെ കൊണ്ടുപോകാനുമുള്ള പിന്തിരിപ്പൻ ശക്തികൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഖേദകരമെന്നു പറയട്ടെ, നെഹ്‌റുവിൻ്റെ വിദ്യാഭ്യാസ ദർശനത്തിൻ്റെ ഗുണഭോക്താക്കളും വിദേശത്ത് വിജയത്തിൻ്റെ പടവുകൾ കയറുന്നവരുമായ ചിലർ അദ്ദേഹത്തിൻ്റെ പാരമ്പര്യത്തെ അപകീർത്തിപ്പെടുത്തുകയും അദ്ദേഹത്തിൻ്റെ സംഭാവനകളെ നിസ്സാരവത്കരിക്കുകയും ചെയ്യുന്ന പിന്തിരിപ്പൻ ഘടകങ്ങളുടെ അവിശുദ്ധ കൂട്ടുകെട്ടിന് ഒത്താശ ചെയ്യുന്നതായി  കാണപ്പെടുന്നു. എന്നാൽ,വിവേകപൂർവ്വം ചിന്തിക്കുന്ന ഇന്ത്യക്കാർക്കിടയിൽ, പ്രത്യേകിച്ച് എൻആർഐ-കൾക്കിടയിൽ, നെഹ്‌റുവിനെതിരെയുള്ള നീക്കം വിപരീതഫലമാണ് ഉണ്ടാക്കിയതെന്ന് തിരിച്ചറിയേണ്ട സമയമാണിത്. ജനാധിപത്യ നടപടിക്രമങ്ങളോടും എല്ലാവരെയും ഉൾക്കൊള്ളുന്ന കാഴ്ചപ്പാടുകളോടുമുള്ള നെഹ്‌റുവിൻ്റെ ആദരം പ്രസക്തമായി നിലനിൽക്കും, ഇല്ലെങ്കിൽ  ആധുനിക ഇന്ത്യ തന്നെ ഇല്ലാതായേക്കാം! 'നെഹ്‌റു, ദി ഇൻവെൻഷൻ ഓഫ് ഇന്ത്യ' എന്ന ഗ്രന്ഥത്തിൽ  രചയിതാവ് ശശി തരൂർ കുറിച്ചിരിക്കുന്നതുപോലെ, //  "നമ്മൾ സമ്മതിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തിൻ്റെ പൈതൃകം നമ്മുടേതാണെന്ന ബോധ്യം നമ്മിലുണ്ടാകണം.  ഇന്നത്തെ ഇന്ത്യയിൽ കാണുന്ന നല്ലതും ചീത്തയുമായ എല്ലാത്തിനും നമ്മൾ അളവറ്റ രീതിയിൽ  ജവഹർലാൽ നെഹ്‌റു എന്ന മഹാമനുഷ്യനോട്‌ കടപ്പെട്ടിരിക്കുന്നു."//
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക